പ്രശസ്ത മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ ഒക്ടോബർ 18ന് ചിക്കാഗോയിൽ പ്രസംഗിക്കും
ചിക്കാഗോ: പ്രശസ്ത മാധ്യമപ്രവർത്തകനും തെഹൽക്കയുടെ മുൻ ചീഫ് എഡിറ്ററുമായ മാത്യു സാമുവൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ പ്രഭാഷണം നടത്തും. ഇന്ത്യയുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ക്രൈസ്തവ സഭകളുടെ പ്രവർത്തനങ്ങൾ വരുത്തിയ മാറ്റങ്ങൾ, സഭകൾ നേരിടുന്ന വെല്ലുവിളികൾ, മതപീഡനങ്ങൾ, വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്.സി.ആർ.എയിലെ മാറ്റങ്ങൾ തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം പ്രഭാഷണങ്ങളിൽ അവതരിപ്പിക്കും.

ഒക്ടോബർ 16ന് ഒഹായോയിലെ സിൻസിനാറ്റിയിൽ ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് മാത്യു സാമുവൽ പ്രസംഗിക്കും.
ഒക്ടോബർ 18 ഞായറാഴ്ച വൈകിട്ട് അഞ്ചിന് ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സമ്മേളനം ഡെസ് പ്ലെയിൻസിലെ സയോൻ ക്രിസ്റ്റ്യൻ ചർച്ചിൽ നടക്കും. തുടർന്ന് ഒക്ടോബർ 24ന് ടെന്നസിയിലും 25ന് ഡാളസിലും വിവിധ സംഘടനകൾ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കും.
ഇന്ത്യയിലെ ക്രൈസ്തവ സഭകൾ നേരിടുന്ന വെല്ലുവിളികൾ, ക്രൈസ്തവർക്കെതിരായ ആക്രമണങ്ങൾ, എഫ്.സി.ആർ.എ. നിയമത്തിലെ കർശനമായ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾക്കും പ്രഭാഷണങ്ങൾക്കും സമ്മേളനങ്ങൾ വേദിയാകും.
വാർത്ത: കുര്യൻ ഫിലിപ്പ്

- Advertisement -


Comments are closed.