ലേഖനം: ചതിച്ചു വാങ്ങിയത് | രാജൻ പെണ്ണുക്കര
മറ്റാരുടെയും പ്രേരണയില്ലാതെ സക്കായി എടുത്ത തീരുമാനത്തെ സ്വന്തം തെറ്റുകൾ തിരിച്ചറിഞ്ഞതിന്റെ കുറ്റബോധവും അതിൽനിന്നുള്ള മാനസാന്തരവും ആയി വ്യാഖ്യാനിക്കാം.

“കർത്താവേ, ഞാൻ വല്ലതും ചതിവായി വാങ്ങിയിട്ടുണ്ടെങ്കിൽ നാലുമടങ്ങ് മടക്കിക്കൊടുക്കുന്നു.”
സക്കായി പറഞ്ഞ “നാലുമടങ്ങ്” എന്ന വാക്കിന്റെ ആത്മീയ ഗൗരവം ചിന്തിക്കുമ്പോൾ, ചതിയിലൂടെ നേടുന്നതിന് ഒരുനാൾ അതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന ശക്തമായ മുന്നറിയിപ്പ് അതിൽ കാണാം.
ഹൃദയത്തിൽ ജനിക്കുന്ന ചതിവിന്റെ ചിന്ത ആദ്യം ചിന്തയെ സ്വാധീനിക്കുന്നു. പിന്നീട് അത് മനോഭാവമായി മാറുന്നു; മനോഭാവം വാക്കുകളായി പുറത്തുവരുന്നു; ഒടുവിൽ അത് പ്രവർത്തികളിൽ അവസാനിക്കുന്നു.
ഏദൻതോട്ടത്തിൽ ആരംഭിച്ച ചതിയുടെ പരമ്പര ഇന്നും ജീവിതത്തിന്റെ പല മേഖലകളിലും, പ്രത്യേകിച്ച് ആത്മീയലോകത്തുപോലും, കാണുമ്പോൾ മനസ്സ് നോവുന്നു.
ചതിവിലൂടെ നേടുന്നതെല്ലാം “യഹോവയുടെ അനുഗ്രഹം”, “ദൈവത്തിന്റെ ദാനം” എന്ന പട്ടികയിൽ ഉൾപ്പെടുത്തി, പിന്നീട് അതിനെ ദൈവത്തിന്റെ പൊതുമാപ്പിന്റെ പരിധിയിൽ കൊണ്ടുവന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നവരുമുണ്ട്. എന്നാൽ മനുഷ്യന്റെ കണക്കിൽ ന്യായീകരിക്കപ്പെടുന്നതെല്ലാം ദൈവസന്നിധിയിൽ അംഗീകരിക്കപ്പെടണമെന്നില്ല. കാരണം ചതിയും വഞ്ചനയും യഹോവ വെറുക്കുന്നു.
വചനത്തിൽ വരച്ചുകാട്ടുന്ന ചതിയുടെ പരമ്പരയിൽ ശ്രദ്ധേയമായ ചില സംഭവങ്ങളുണ്ട്.
ദൈവിക സാന്നിധ്യമായിരുന്ന ഏദനിൽനിന്ന് ഹവ്വയെ വഴിതെറ്റിക്കാൻ സർപ്പം ഉപായപൂർവം പ്രയോഗിച്ച ചതി; മറ്റൊരാളുടെ അവകാശമായിരുന്നതിനെ സ്വന്തമാക്കാൻ അമ്മയുടെ സഹായത്തോടെ യാക്കോബ് നടത്തിയ വഞ്ചന; ഊരീയാവിന്റെ ഭാര്യയെ സ്വന്തമാക്കാൻ ദാവീദ് നടത്തിയ ചതിയും അതിനുപിന്നിലെ ആസൂത്രണവും; സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ് യേശുവിനെ വഞ്ചിച്ച യൂദാ—ഇവയെല്ലാം ചതിയുടെ വ്യത്യസ്ത മുഖങ്ങളാണ്.
ഇവിടെയെല്ലാം ഒരു കാര്യം ശ്രദ്ധിക്കാം: ചതിവ് ഒരു ഘട്ടത്തിൽ വിജയിക്കുന്നതായി തോന്നാം. അതോടെ ദൈവം തങ്ങളുടെ പക്ഷത്താണെന്നുപോലും ചിലർക്ക് തോന്നിയേക്കാം. എന്നാൽ ദൈവം തന്റെ സ്വഭാവം ഒരിക്കലും മാറ്റുന്നില്ല. മനുഷ്യരുടെ കണ്ണിൽ വിജയം നേടിയെന്നു തോന്നിയാലും ദൈവത്തിന്റെ മുമ്പിൽ സത്യം മറയ്ക്കാനാവില്ല.
ഓരോ ചതിയുടെയും പിന്നിൽ ചുക്കാൻ പിടിക്കുന്നത്, യഥാർത്ഥ മുഖം മറച്ചുവെച്ച ഒരു മുഖംമൂടിക്കാരനായ മനുഷ്യനാണ്. എന്നാൽ മുഖംമൂടികൾ മനുഷ്യരുടെ കണ്ണുകളെ വഞ്ചിച്ചേക്കാം; ദൈവത്തിന്റെ കണ്ണുകളെ വഞ്ചിക്കാനാവില്ല.
ചതിവിലൂടെ നേടിയെടുക്കുന്ന താൽക്കാലിക വിജയങ്ങളുടെ പര്യവസാനം പലപ്പോഴും വളരെ പരിതാപകരമായിരിക്കില്ലേ?
യാക്കോബ് തന്റെ സഹോദരനായ ഏശാവിനെ ചതിച്ചു. എന്നാൽ പിന്നീട് അവനും പലവിധത്തിൽ ചതിക്കപ്പെട്ടു. ദാവീദ് ഊരീയാവിനെ വഞ്ചിച്ച് മരണത്തിലേക്ക് നയിച്ചു; എന്നാൽ തന്റെ പ്രവൃത്തിയുടെ ഗുരുതരമായ പ്രത്യാഘാതങ്ങളും ദൈവത്തിന്റെ ശിക്ഷണവും അവനും കുടുംബവും നേരിടേണ്ടിവന്നു. യൂദാ സ്നേഹത്തിന്റെ ഭാവം നടിച്ച് വഞ്ചിച്ചു; എന്നാൽ അവന്റെ ജീവിതം ദാരുണമായ അന്ത്യത്തിലെത്തി.
ഇവിടെയെല്ലാം ജീവിതം നമ്മെ പഠിപ്പിക്കുന്ന ഒരു സത്യമുണ്ട്:
എല്ലാ ചതിവിനും ഇന്നല്ലെങ്കിൽ നാളെ വന്നെത്തുന്ന പ്രത്യാഘാതത്തിന്റെ (Impact) അളവും ശക്തിയും നാം ഊഹിക്കുന്നതിലും ഭീകരമായിരിക്കാം.
പലപ്പോഴും നേരിട്ട് വിജയിക്കാൻ കഴിയാത്ത സന്ദർഭങ്ങളിലും സാഹചര്യങ്ങളിലുമാണ് ചതിയെ ഒരു ആയുധമായി ഉപയോഗിക്കുന്നത്. നേരിന്റെ വഴിയിലൂടെ നേടാൻ കഴിയാത്തത് വഞ്ചനയിലൂടെ നേടിയെടുക്കാമെന്ന് മനുഷ്യൻ കരുതുന്നു.
എന്നാൽ ചതിയിലൂടെ നേടിയ വിജയം യഥാർത്ഥ വിജയമല്ല. കാരണം അതിന്റെ അടിത്തറ സത്യത്തിലും നീതിയിലും ന്യായത്തിലും പണിതതല്ല.
ആർക്കും സംശയം തോന്നാത്ത രീതിയിൽ, അതീവ രഹസ്യമായി നടത്തുന്ന പ്രവർത്തനമാണ് പലപ്പോഴും ചതിവ്. “ആരും കാണുന്നില്ല, ആരും അറിയുന്നില്ല” എന്ന ചിന്തയാണ് അതിന് ധൈര്യം നൽകുന്നത്. എന്നാൽ ഈ ധൈര്യം പലപ്പോഴും അമിത ആത്മവിശ്വാസമായി മാറുന്നു; അമിത ആത്മവിശ്വാസം ഒടുവിൽ പരാജയത്തിലേക്കും പതനത്തിലേക്കും നയിച്ചേക്കാം.
“നിങ്ങൾ ഇരുട്ടത്തു പറഞ്ഞതു എല്ലാം വെളിച്ചത്തു കേൾക്കും; അറകളിൽവെച്ചു ചെവിയിൽ മന്ത്രിച്ചതു പുരമുകളിൽ ഘോഷിക്കും” എന്ന കർത്താവിന്റെ വാക്കുകൾ ഇവിടെ ഏറെ പ്രസക്തമാണ്.
മനുഷ്യരുടെ കണ്ണിൽനിന്ന് മറച്ചുവെച്ചതെല്ലാം ദൈവത്തിന്റെ കണ്ണിൽനിന്ന് മറയ്ക്കാനാവില്ല. ഇരുട്ടിൽ രഹസ്യമായി ചെയ്യുന്ന പ്രവർത്തികളെ ഒരുനാൾ പകൽവെളിച്ചത്തിലേക്ക് കൊണ്ടുവരുന്നത് ദൈവിക നീതിയുടെ ഭാഗമാണ്.
അതുകൊണ്ട് “ആരും കാണുന്നില്ല, ആരും അറിയുന്നില്ല” എന്ന ചിന്തയിൽ ചതിയുടെ വഴിയിലേക്ക് കടക്കരുത്.
മനുഷ്യർ അറിയാതിരുന്നാലും ദൈവം എല്ലാം നന്നായി അറിയുന്നു. മനുഷ്യരുടെ നീതിയിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞാലും ദൈവത്തിന്റെ നീതിയിൽനിന്ന് രക്ഷപ്പെടാനാവില്ല.
ചതിച്ചു വാങ്ങിയ ജയവും സമ്പത്തുമെല്ലാം സ്വന്തമായതുപോലെ തോന്നിയേക്കാം; പക്ഷേ അതിന്റെ വില ഒരുനാൾ കൊടുക്കേണ്ടിവരും.
മനുഷ്യരുടെ കണ്ണിൽനിന്ന് മറയ്ക്കാൻ കഴിയുന്ന പലതും ദൈവത്തിന്റെ കണ്ണിൽനിന്ന് മറയ്ക്കാനാവില്ല. അതുകൊണ്ട് മറ്റൊരാളെ ചതിച്ച് എന്തെങ്കിലും നേടുന്നതിനുമുമ്പ് സ്വന്തം ഹൃദയത്തോട് ഒരു ചോദ്യം ചോദിക്കാം:
“ഞാൻ നേടുന്നത് മനുഷ്യരുടെ കണ്ണിൽ വിജയമാണോ, അതോ ദൈവത്തിന്റെ മുമ്പിൽ അനുഗ്രഹമാണോ?”
അവിടെത്തന്നെയാണ് സത്യത്തിന്റെയും ചതിയുടെയും വഴികൾ വേർപിരിയുന്നത്.
ചതിവിലൂടെ നേടിയെടുക്കുന്നതിനെക്കാൾ, സത്യത്തിലൂടെ നഷ്ടപ്പെടുന്നതാണ് ദൈവസന്നിധിയിൽ ഏറ്റവും വിലയേറിയത്.
കാരണം മനുഷ്യർ കാണുന്ന നേട്ടം താൽക്കാലികമായിരിക്കാം;
എന്നാൽ ദൈവം കാണുന്ന നേരാണ് യഥാർത്ഥ വിജയവും സമ്പത്തും.
രാജൻ പെണ്ണുക്കര

- Advertisement -


Comments are closed.