ശാസ്ത്രവീഥി: മാഗ്നെറ്റാർ | പാസ്റ്റർ സണ്ണി പി സാമുവൽ

നമ്മുടെ പ്രപഞ്ചത്തിൽ കണ്ടുവരുന്ന അത്യപൂർവ്വവും സവിശേഷവുമായ ഒരുതരം ന്യൂട്രോൺ നക്ഷത്രമാണു മാഗ്നെറ്റാർ. അതിശക്തമായ കാന്തികക്ഷേത്രങ്ങളുള്ള ഈ നക്ഷത്രങ്ങൾ രൂപപ്പെടുന്നതു ഒരു പ്രത്യേകരീതിയിലാണ്. ഒരു സൂപ്പർനോവ, ഒരു ഭീമൻ നക്ഷത്രം പൊട്ടിത്തെറിച്ചതിനുശേഷം അവശേഷിക്കുന്ന അതിസാന്ദ്രതയേറിയ അവശിഷ്ടങ്ങളാണു മാഗ്നെറ്റാർ. മാഗ്നെറ്റ്, പൾസാർ അഥവാ സ്റ്റാർ എന്നീ വാക്കുകൾ കൂട്ടിച്ചേർത്താണു മാഗ്നെറ്റാർ എന്നവാക്കു രൂപപ്പെടുത്തിയത്. വാക്കുകളിൽ നിന്നുതന്നെ അർത്ഥം സുവ്യക്തമാണല്ലോ. 1992-ൽ പുതുതായി നിദ്ദേശിക്കപ്പെട്ട, അതിശക്തമായ കാന്തികമണ്ഡലങ്ങളുള്ള, ഒരു വിഭാഗം ന്യൂട്രോൺ നക്ഷത്രങ്ങളെ വിശേഷിപ്പിക്കാനായി ജ്യോതിശാസ്ത്രജ്ഞരായ ഡോ. റോബർട്ട് ഡങ്കനും ഡോ. ക്രിസ്റ്റഫർ തോംസണുമാണ് ഈ പേരു രൂപപ്പെടുത്തിയത്. ക്വാസേഴ്സ് (ക്വാസി-സ്റ്റെല്ലാർ റേഡിയോ സ്രോതസ്സുകൾ), പൾസാഴ്സ് (പൾസേറ്റിംഗ് നക്ഷത്രങ്ങൾ) തുടങ്ങിയ ആധുനിക ബഹിരാകാശ വസ്തുക്കളുടെ നാമകരണരീതി പിന്തുടർന്നാണു ഇതിനും പേരു നല്കിയത്. ഒരു സാധാരണ ന്യൂട്രോൺ നക്ഷത്രത്തിനു അവിശ്വസനീയമാംവിധം ശക്തമായ കാന്തികക്ഷേത്രമുണ്ടെങ്കിലും ഒരു മാഗ്‌നെറ്റാറിൻ്റെ കാന്തികമണ്ഡലം അതിൻ്റെ ഏകദേശം1000 മടങ്ങു അധികം ശക്തമാണ്. ഇതു ഒരു ക്വാഡ്രില്യൻ ഗോസ് (Gass) വരെ എത്തും. 10¹⁵ ആണു ഒരു ക്വാഡ്രില്യൻ. ഒരു കാന്തികമണ്ഡലത്തിൻ്റെ തീവ്രത അളക്കുന്നതിനുള്ള ഏകകമാണു ഗോസ്.

News Middle Advt Banner

രൂപപ്പെടൽ

സാധാരണയായി 10 നും 25 നും ഇടയിൽ സൗരോർജ്ജപിണ്ഡമുള്ള ഒരു ഭീമൻ നക്ഷത്രം ഇന്ധനം തീർന്നു പൊട്ടിത്തെറിക്കുമ്പോഴാണു -കോർ കൊളാപ്സ് ഒഫ് സൂപ്പർനോവ- മാഗ്‌നെറ്റാർ രൂപപ്പെടുന്നത്. ഇങ്ങനെ തകരുന്ന കാമ്പിനു ദ്രുതഭ്രമണത്തിന്റെയും സംവഹനത്തിന്റെയും (Convection) കൃത്യമായ സന്തുലിതാവസ്ഥ ഉണ്ടെങ്കിൽ, ഒരു “ഡൈനാമോ പ്രഭാവം” കൈവരുന്നു. ഇതു അവശിഷ്ടമായ കാന്തികക്ഷേത്രത്തെ അത്യുച്ഛമായ അനുപാതത്തിലേക്കു വർദ്ധിപ്പിക്കുന്നു. സാധാരണയായി നക്ഷത്രങ്ങളിൽ സംഭവിക്കുന്ന ന്യൂക്ലിയർ ഫ്യൂഷൻ രീതിയിൽനിന്നോ, ഭ്രമണോർജ്ജം ഉപയോഗിച്ചു പ്രവർത്തിക്കുന്ന സ്റ്റാൻഡേർഡ് പൾസാഴ്സിൽനിന്നോ വ്യത്യസ്തമായി, മാഗ്‌നെറ്റാഴ്സ് അവയുടെതന്നെ അതിശക്തമായ കാന്തികക്ഷേത്രങ്ങളുടെ ക്ഷയത്താൽ സവിശേഷമായി പ്രവർത്തിക്കുന്നു.

വലിപ്പവും സാന്ദ്രതയും

ഘടനയിലെ അങ്ങേയറ്റത്തെ സാന്ദ്രതയുടെ ഉത്തമോദാഹരണങ്ങളാണു മാഗ്നെറ്റാഴ്സ്. നമ്മുടെ സൂര്യൻ്റെ മൊത്തം പിണ്ഡത്തേക്കാൾ അധികം പിണ്ഡത്തെ, ഭൂമിയിലെ ഒരു നഗരത്തോളം മാത്രം വലിപ്പമുള്ള ഒരിടത്തേക്കു, ചുരുക്കി ഉൾക്കൊള്ളിച്ചാൽ എങ്ങനെയിരിക്കും? അതാണു മാഗ്നെറ്റാഴ്സ്. 20 കി.മീ. വരെ വ്യാസവും1.4 മുതൽ 2.1 വരെ സോളാർ പിണ്ഡവും അതായതു 5,00,000 ഭൂമികളെ ഒന്നിച്ചു ഞെരിച്ചു ഞെക്കിച്ചേർത്താൽ ലഭിക്കുന്നത്ര പിണ്ഡവും ഇവയ്ക്കുണ്ട്. ഒരു റ്റീസ്പൂൺ നിറച്ചു ദ്രവ്യം എടുത്താൽ അതിനു ഒരു ബില്യൻ (10⁹) ടൺ തുക്കം കാണും! ഇതിൻ്റെ ഗുരുത്വാകർഷണബലം ഭൂമിയുടേതിൽനിന്നു 10¹¹ മടങ്ങു അധികമാണ്. അതായതു അതിലേക്കു ഒരു വസ്തു വീണാൽ അതിനു പത്തുലക്ഷം മൈൽ/മണിക്കൂർ സ്‌പീഡ് ഉണ്ടായിരിക്കും! മാഗ്‌നെറ്റാർ പ്രപഞ്ചത്തിൽ ഒരു ദശലക്ഷം കിലോമീറ്റർ/മണിക്കൂർ വേഗത്തിലാണു പാഞ്ഞുപോകുന്നത്.

ഊർജ്ജോത്സർജ്ജനം

ഒരു മാഗ്നെറ്റാർ നമ്മുടെ സൗരയൂഥത്തിലേക്കു പ്രവേശിച്ചു ഭൂമിയോടു അടുക്കുകയാണെങ്കിൽ, അതു വിനാശകരമായ ഭൂകമ്പങ്ങൾക്കു കാരണമാകും. എന്നാൽ ഇതിനു കാരണം അതിന്റെ കാന്തികശക്തിയല്ല, മറിച്ചു ഗുരുത്വാകർഷണമാണ്. ഭൂമിയേക്കാൾ കോടിക്കണക്കിനു മടങ്ങു ശക്തമായ ഗുരുത്വാകർഷണബലമാണു അവയ്ക്കുള്ളത്. ഭൂമിയിൽനിന്നു ഏതാനും ലക്ഷം കിലോമീറ്റർ ദൂരത്തിൽ അടുത്തു അവ എത്തിയാൽ, അവയുടെ അതിശക്തമായ ഗുരുത്വാകർഷണബലങ്ങൾ (tidal forces) നമ്മുടെ ഗ്രഹത്തെ ശക്തമായി വലിച്ചുനീട്ടുകയും വികൃതമാക്കുകയും ചെയ്യും. ഈ ഗുരുത്വാകർഷണ സമ്മർദ്ദം ടെക്റ്റോണിക് പാളികളെ (ഭൂവൽക്കത്തിലെ പാളികളെ) പിളർത്തുകയും, ആഗോളതലത്തിൽ ഭൂകമ്പങ്ങൾ, അഗ്നിപർവ്വത സ്ഫോടനങ്ങൾ, ഭീമാകാരമായ സുനാമികൾ എന്നിവയ്ക്കു കാരണമാവുകയും, ഒടുവിൽ ഗ്രഹത്തെത്തന്നെ കഷ്ണങ്ങളായി തകർക്കുകയും ചെയ്യും. ഭാഗ്യവശാൽ, നമുക്കറിയാവുന്ന ഏറ്റവും അടുത്തുള്ള മാഗ്നെറ്റാഴ്സ് പോലും ആയിരക്കണക്കിനു പ്രകാശവർഷം അകലെയാണു സ്ഥിതി ചെയ്യുന്നത്; അതിനാൽ അവയുടെ ഗുരുത്വാകർഷണം ഭൂമിയുടെ ഉപരിതലത്തെ, അഥവാ ഭൂവൽക്കത്തെ, ഒട്ടുംതന്നെ ബാധിക്കുന്നില്ല.

2004 ഡിസംബർ 27-നു, SGR 1806-20 എന്ന മാഗ്നെറ്റാറിൽ നിന്നു പുറത്തേക്കുവന്ന അതിശക്തമായ ഒരു ജ്വാലയുടെ (flare) തീവ്രത, നമ്മുടെ സൂര്യൻ ഒരു ലക്ഷം വർഷംകൊണ്ടു പുറത്തുവിടുന്നതിനേക്കാൾ അധികം ഊർജ്ജം (10⁴⁶ എർഗ്സ്) വെറും 0.1 സെക്കൻഡിനുള്ളിൽ പുറത്തുവിട്ടു. 50,000 പ്രകാശവർഷം അകലെ സംഭവിച്ച ആ സ്ഫോടനം ഭൂമിയുടെ അന്തരീക്ഷത്തിന്റെ മുകൾത്തട്ടിനെ അയോണീകരിക്കുകയും തൽഫലമായി ബഹിരാകാശത്തെ ടെലിസ്കോപ്പ്സിലെ ഡിറ്റക്റ്റേഴ്സിനെ താൽക്കാലികമായി പ്രവർത്തനരഹിതമാക്കുകയും അർത്ഥാൽ അന്ധമാക്കുകയും ചെയ്തു. ഒരു മാഗ്നെറ്റാർ ഭൂമിയോടു ഏകദേശം 1,92,000 (അതായതു ചന്ദ്രനിലേക്കുള്ള ദൂരത്തിൻ്റെ പകുതി ദൂരം) അടുത്തെത്തിയാൽ ഭൂമിയിലുള്ള എല്ലാ ക്രെഡിറ്റ് കാർഡ്സിലെയും മാഗ്നെറ്റിക് സ്ട്രിപ്പിലുള്ള വിവരങ്ങൾ തൽക്ഷണം മായ്ച്ചുകളയാൻ മാത്രം ശക്തമായ ഒരു കാന്തികമണ്ഡലം അതിൽനിന്നു പുറപ്പെട്ടിരിക്കും. മാത്രമല്ല, അതിന്റെ കാന്തികക്ഷേത്രം പരമ്പരാഗത കംപ്യൂട്ടർ ഹാർഡ് ഡ്രൈവ്സിനെ ദുഷിപ്പിക്കുകയോ (corrupt) ശാശ്വതമായി മായ്‌ക്കുകയോ ചെയ്യും. മാത്രമല്ല, ആഗോള വൈദ്യുതഗ്രിഡ്സിനെ തടസ്സപ്പെടുത്തുകയും ചെയ്യും. അല്പംകൂടെ അടുത്തുവന്നാൽ നമ്മുടെ ശരീരത്തിലെ ആറ്റങ്ങളുടെ ഘടനതന്നെ തകിടം മറിയ്ക്കും.

ഈ പ്രപഞ്ചവും അതിലെ ശാസ്ത്രീയ സത്യങ്ങളും എന്നും എനിക്കു ഒരു പ്രഹേളികയും ഒപ്പം അത്ഭുതവും ആണ്. അവയെ ബൈബിളിന്റെ വെളിച്ചത്തിൽ വിശദീകരിക്കുന്നതും ബൈബിളിലെ ശാസ്ത്രീയ സത്യങ്ങൾ ചികഞ്ഞെടുക്കുന്നതും എന്നും ഹരവുമായിരിക്കുന്നു. ടെക്നോളജി എത്രമാത്രം വികസിതം ആയിരുന്നാലും (Advanced) അതും ബൈബിൾ പ്രവചനങ്ങളിലേക്കോ പ്രവചനപൂർത്തിയിലേക്കോ വിരൽചൂണ്ടുന്നു എന്നതാണു യാഥാർത്ഥ്യം. ചില ദിവസങ്ങൾക്കു മുമ്പു മാത്രമാണു ഞാൻ ആദ്യമായിട്ടു മാഗ്നെറ്റാഴ്സിനെക്കുറിച്ചു കേൾക്കുന്നത്. കേട്ടപ്പോഴേ അതു എനിക്കു പുതിയൊരു അറിവും അമ്പരപ്പും ആണു പ്രദാനം ചെയ്തത്. അതിനാലണു ഈ വിഷയത്തെക്കുറിച്ചു പഠനം ആരംഭിച്ചതു. പഠനം തുടരുന്തോറും ഇതിലൂടെ സംഭവിക്കുന്ന ബൈബിൾ പ്രവചനനിവൃത്തികളാണു എന്റെ മനസ്സിലേക്കു ഓടിയെത്തിയത്. നിർമ്മിതബുദ്ധിയുടെ (AI) കാലം കഴിഞ്ഞു. ഇപ്പോൾ സാർവജനീനമായ നിർമ്മിതബുദ്ധിയിലേക്കും (AGT) അവിടെനിന്നു ഉന്നതനിർമ്മിതബുദ്ധി യിലേക്കും (Super Intelligence) ശാസ്ത്രം കുതിക്കുകയാണല്ലോ. സൂപ്പർ ഇന്റെലിജെൻസ് പ്രായോഗികം ആകുമ്പോഴേക്കും മനുഷ്യബുദ്ധിക്കു അതീതമായി കാര്യങ്ങൾ ക്രമീകരിക്കപ്പെട്ടിരിക്കും. അതിനാലാണു നിർമ്മിതബുദ്ധി മനുഷ്യരാശിക്കു അപകടമാണെന്ന മുന്നറിയിപ്പുകൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

സൂപ്പർ ഇന്റെലിജെൻസ് പ്രവൃത്തീപഥത്തിൽ എത്തുമ്പോഴേക്കും റോബോട്ട്സ് സ്വയമേവ സംസാരിച്ചു തുടങ്ങും. ഇപ്പോൾതന്നെ “അലെക്സ” എന്ന ഉപകരണം, മുൻകൂട്ടി തയ്യാറാക്കപ്പെട്ട പ്രോഗ്രാം അനുസരിച്ചാണു എങ്കിൽപോലും, കമാൻഡിനോടു സാധകാത്മകമായി ഇവ്വിധം പ്രതികരിക്കുന്നുണ്ടല്ലോ. ഭാവിയിൽ സൂപ്പർ ഹ്യൂമൻ ഇന്റെലിജെൻസലേക്കു കാര്യങ്ങൾ മറികടക്കുമ്പോൾ റോബോട്ട്സ് സ്വയാർജിത ബുദ്ധിയിലേക്കു വഴിമാറുകയും സ്വതന്ത്രമായി ചിന്തിക്കുവാനും പ്രതികരിക്കുവാനും പ്രവർത്തിക്കാനും ഉള്ള ശേഷി കൈവരിക്കുകയും ചെയ്യും.

ഇതു ബൈബിൾ പ്രവചനങ്ങളുടെ പൂർത്തീകരണം ആയിരിക്കും. റോബോട്ട് എന്ന വാക്കിനെ പ്രതിമ എന്ന വാക്കുകൊണ്ടാണു ബൈബിൾ വിവക്ഷിക്കുന്നത്. “—— വാളൽ മുറിവേറ്റിട്ടും ജീവിച്ച മൃഗത്തിനു പ്രതിമ ഉണ്ടാക്കുവാൻ ഭൂവാസികളോടു പറയുകയും ചെയ്യുന്നു” (വെളി:13:14). അതനുസരിച്ചു ലോകമെമ്പാടും മൃഗത്തിനുവേണ്ടി പ്രതിമകൾ ഉണ്ടാക്കും. അതു കഴിയുമ്പോൾ “പ്രതിമ സംസാരിക്കേണ്ടതിനും മൃഗത്തിന്റെ പ്രതിമയെ നമസ്കരിക്കാത്തവരെ ഒക്കെയും കൊല്ലിക്കേണ്ടതിനും മൃഗത്തിന്റെ പ്രതിമയ്ക്കു ആത്മാവിനെ കൊടുപ്പാൻ അതിനു ബലം ലഭിച്ചു”(വെളി:13:15). ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധേയം. പ്രതിഭയെ ഉണ്ടാകുന്നതു എതിർക്രിസ്തു എന്ന മൃഗമല്ല. എന്നാൽ അതു ഉണ്ടാക്കിക്കഴിഞ്ഞാൽ അതു മൃഗത്തിന്റെ പ്രതിമയായിത്തീരുകയാണ്. അതായതു അതിൽ ഇൻസ്റ്റാൾ ചെയ്യുന്ന പ്രോഗ്രാം മൃഗം ഡെവലപ്പ് ചെയ്തതു ആയിരിക്കും. അതു ഇൻസ്റ്റാൾ ചെയ്യുന്ന നിമിഷംമുതൽ പ്രതിമ മൃഗത്തിന്റെ നിയന്ത്രണത്തിൽ ആയിത്തീരുന്നു എന്നു സാരം. ടെസ്ലകാർ ഒരു ഉദാഹരണം. നാം പണം കൊടുത്തു ആ കാർ വാങ്ങിയാലും അതു നമ്മുടെ സ്വന്തം എന്നു പറയുക സാദ്ധ്യമല്ല. അതിൽ ഇൻസ്റ്റാൾ ചെയ്തിരിക്കുന്ന പ്രോഗ്രാമാണു കാറിനെയും നമ്മെയും നിയന്ത്രിക്കുന്നത്. ബ്ലൂവെയിൽ പോലെയുള്ള ഗെയിംസ് മറ്റൊരു ഉദാഹരണമാണ്. ഈ ശാസ്ത്രീയ പുരോയാനം (advancement) ഉപയോഗപ്പെടുത്തിയായിരിക്കും എതിർക്രിസ്തു 666 എന്ന മുദ്ര ലോകവ്യാപകമായി സ്ഥാപിച്ചെടുക്കുന്നത്.

അധികാരം പിടിച്ചെടുക്കാനുള്ള ഉപാധിയായി ടെക്നോളജിയെ ഉപയോഗപ്പെടുത്താമെന്നു (അതോ ദുരുപയോഗപ്പെടുത്താമെന്നോ?) ഇന്ത്യയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനിലൂടെ തെളിയിച്ചിരിക്കുകയാണ ല്ലോ. സി. ജെ. പി. ഉപയോഗിച്ച പ്രതിസമരത്തിന്റെ തന്ത്രവും അതുതന്നെയായിരുന്നുവല്ലോ. ഇവ്വിധം തന്നെയായിരിക്കും അധർമമൂർത്തിയും അധികാരം പിടിച്ചെടുക്കുന്നത്. അവൻ ഉപായരൂപേണ വന്നു മശിഹ ആണെന്നു സ്വയംപ്രഖ്യാപിച്ചു ഏകലോക ഭരണക്രമം സ്ഥാപിക്കും. അന്നാളിൽ യെരൂശലേം എതിർക്രിസ്തുവിന്റെ ഭരണസിരാകേന്ദ്രം ആയിരിക്കും. തന്റെ ഭരണവ്യവസ്ഥയെ സുഗമമാക്കുവാൻ അവിടെ ഒരു സൂപ്പർ കംപ്യൂട്ടർ സ്ഥാപിക്കും. അതിന്റെ ശൃംഖലയായിട്ടായിരിക്കും പ്രതിമകൾ പ്രവർത്തിക്കുന്നത്. ടെക്നോളജിയെ അവൻ തന്റെ ഭരണത്തിന്റെ പിൻബലം ആക്കും എന്നു സാരം. സൂപ്പർ ഇന്റെലിജെൻസിൽ പ്രവർത്തിക്കുന്ന ഈ കംപ്യൂട്ടർ ഒരു സൂപ്പർ സെർവർ കൂടെ ആയിരിക്കും. ലോകമെമ്പാടുമുള്ള പ്രതിമകൾ (Robits) എതിർക്രിസ്തുവിന്റെ ഏജെന്റ്സ് ആയി പ്രവർത്തിക്കും. 666-ന്റെ മുദ്ര ഏല്കാതെയും എതിർക്രിസ്തുവിനെ കുമ്പിട്ടാരാധിക്കാതെയുമിരിക്കുന്ന, അവന്റെ പ്രതിയോഗികൾ എന്നു അവൻ ചിന്തിക്കുന്ന, സത്യവിശ്വാസികളെ ചൊല്പടിയിൽ നിറുത്തുന്നതിനും നിയന്ത്രിക്കുവാൻ ശ്രമിക്കുന്നതും ഈ പ്രതിമകളിലൂടെയായിരിക്കും. അവൻ ഏഴു വർഷം ഈ ഭൂമിയെ ടെക്നോളജിയുടെ പിൻബലത്തോടെ, ദുഷ്ടതയുടെ ചിറകിലേറി, ഭരിച്ചു വഷളാക്കി മുടിച്ചുകളയും. എതിർക്രിസ്തു എന്ന അധർമ്മമൂർത്തി (വ്യാജമശിഹ) ഏകാധിപതിയായ സ്വേച്ഛാധിപതിയായി ലോകത്തെ തന്റെ മുഷ്ടിയിൽ പിടിച്ചൊതുക്കും.

എന്നാൽ എല്ലാറ്റിനും ഒരു അവസാനം ഉണ്ടാകണമല്ലോ. അന്നാളിൽ സത്യദൈവവും നിത്യജീവനും ആയവൻ ഒലിവുമലയിൽ ഇറങ്ങിവരും. ഈ സമയം എതിർക്രിസ്തുവിന്റെ സൈന്യം യെഹൂദാസൈന്യത്തിനെതിരെ ഏദോമിലെ ബസ്രയിലും യെഹോശാഫാത്തു താഴ്‌വരയിലും അതികഠിനയുദ്ധത്തിൽ ആയിരിക്കും. ഈ യുദ്ധത്തിലും ടെക്നോളജി ആയിരിക്കും എതിർക്രിസ്തുവിനെ പിന്തുണച്ചുകൊണ്ടിരിക്കുന്നത്. ഒടുവിൽ യെഹൂദൻ തോല്കും. എന്നാൽ അന്നാളിൽ അവരുടെ സത്യവാഗ്ദത്തമശിഹ പ്രത്യക്ഷപ്പെടുകയാണ്. അവന്റെ പ്രത്യക്ഷതയുടെ പ്രഭാവംകൊണ്ടു ടെക്നോളജി താറുമാറാകും. കംപ്യൂട്ടർ നിയന്ത്രിത സകല യുദ്ധോപകരണങ്ങളും ലക്ഷ്യം തെറ്റുകയോ നിർജ്ജീവം ആവുകയോ ചെയ്യും. അതിന്റെ അന്ത്യത്തിൽ “ക്രിസ്തുവിന്റെ പ്രത്യക്ഷതയുടെ പ്രഭാവം എതിർക്രിസ്തുവിനെ നശിപ്പിക്കും” (2തെസ്സ:2:8). ദൈവസൃഷ്ടിയായ ഒരു മാഗ്നെറ്റാറിനു ഭൂമിയിൽ അലങ്കോലവും താറുമാറും സൃഷ്ടിക്കുവാൻ കഴിയുമെങ്കിൽ അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്ന ദൈവത്തിനു എത്രയധികം? അന്നാളിൽ യിസ്രായേൽ ഗോത്രംഗോത്രമായും കുലംകുലമായും തങ്ങളുടെ മശിഹയും രാജാവുമായവനെ തിരിച്ചറിയും. അവർ വിലാപത്തോടെ അവനെ ഏറ്റുകൊള്ളും. തുടർന്നു യേശുക്രിസ്തു ഈ ഭൂമിയിൽ ആരിരമാണ്ടു വാഴും. “നിന്റെ രാജ്യം വരേണമേ” എന്നു നമുക്കും പ്രാർത്ഥിക്കാം. ആമേൻ കർത്താവേ വരണമേ.

പാസ്റ്റർ സണ്ണി പി സാമുവൽ

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading