ലേഖനം: നോഹക്കു ലഭിച്ച ദൈവത്തിന്റെ കൃപ | സിബി ബാബു, യു.കെ
ലോകം പാപത്തിലും അകൃത്യത്തിലും നിറഞ്ഞിരുന്ന കാലഘട്ടത്തിലാണ് നോഹ എന്നെ ദൈവ മനുഷ്യൻ ജീവിച്ചിരുന്നത്. മനുഷ്യരുടെ ചിന്തകളും പ്രവൃത്തികളും ദൈവത്തിന് അനിഷ്ടമായിരുന്ന ഒരു കാലഘട്ടം. അതായത് മനുഷ്യരുടെ പാപം ഭൂമിയിൽ അത്യന്തം വർധിച്ചു വന്ന ഒരു കാലം. എന്നാൽ ആ ഇരുണ്ട കാലഘട്ടത്തിനിടയിൽ ദൈവം ഒരു മനുഷ്യനെ കണ്ടു, ആ മനുഷ്യന്റെ പേരാണ് “നോഹ”. നോഹയുടെ ജീവിതം ദൈവത്തിന്റെ കണ്ണിൽ പ്രസാദകരമായി തോന്നി. അതുകൊണ്ടാണ് തിരുവചനത്തിൽ പറയുന്നത്:“എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.”(ഉല്പത്തി 6:8). ലോകം മുഴുവൻ ദൈവത്തോട് വിരോധമായി നടന്നാലും, ദൈവത്തെ ഭയപ്പെടുന്ന ഒരാളെ ദൈവം ശ്രദ്ധിക്കാതെ പോകുകയില്ല എന്നത് ഇവിടെ വ്യക്തമാണ്. അതായത് ലോകം മുഴുവൻ ദൈവത്തിൽ നിന്ന് അകന്നുപോയപ്പോഴും ദൈവത്തിന്റെ കണ്ണ് നോഹയെ കണ്ടെത്തി.
ദൈവം മനുഷ്യരുടെ പുറമേ അല്ല നോക്കുന്നത്; അവൻ മനുഷ്യരുടെ ഹൃദയങ്ങളെ ആണ് നോക്കുന്നത്, നോഹയുടെ കാലത്ത് ശക്തന്മാരും ധനികരും ജ്ഞാനികളും ആയ ആളുകൾ ഉണ്ടായിരുന്നുവെങ്കിലും, ദൈവം തിരഞ്ഞെടുത്തത് ദൈവഭക്തിയോടെ ജീവിച്ചിരുന്ന നോഹയെ ആയിരുന്നു. നോഹയുടെ ജീവിതം ദൈവത്തോടുള്ള ഭയവും വിശ്വാസവും നിറഞ്ഞതായിരുന്നു.
ദൈവത്തോടൊപ്പം നടന്ന ഒരു ജീവിതം ആയിരുന്നു നോഹയുടേത്. ബൈബിൾ പറയുന്നു: “നോഹ ദൈവത്തോടുകൂടെ നടന്നു.” (ഉല്പത്തി 6:9). ദൈവത്തോടുകൂടെ നടക്കുന്നത് ഒരു മതാചാരമല്ല; അത് ഒരു ബന്ധമാണ്. അത് ദിവസേന ദൈവത്തെ ആശ്രയിച്ചുള്ള ഒരു ജീവിതമാണ്. ലോകം പാപത്തിലേക്ക് ഓടുമ്പോൾ നോഹ ദൈവത്തോടൊപ്പം നടന്നു. മനുഷ്യർ തന്റെ സൃഷ്ടാവായ ദൈവത്തെ മറന്നുപോയ കാലത്ത് നോഹ തന്റെ സൃഷ്ടാവായ ദൈവത്തെ മറന്നില്ല. അവൻ തന്റെ സൃഷ്ടാവായ ദൈവത്തെ ഓർത്തു, അവൻ തന്റെ ജീവിതം ദൈവത്തിന് പ്രസാദകരമാക്കാൻ ശ്രമിച്ചു. ഇന്നും നാം ഈ കാണുന്ന ലോകം അന്യായത്തിലും അകൃത്യത്തിലും, പാപത്തിലും നിറഞ്ഞിരിക്കാം. പക്ഷേ ദൈവം അന്വേഷിക്കുന്നത് ദൈവത്തെ ഭയപ്പെടുന്ന, ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ഹൃദയമാണ്. ദൈവം ഇന്നും അന്വേഷിക്കുന്നത് ദൈവത്തോടൊപ്പം നടക്കാൻ ആഗ്രഹം ഉള്ളവരെ ആണ്. ദൈവത്തോടൊപ്പം നടക്കാൻ ആഗ്രഹിക്കാൻ തീരുമാനിക്കുന്നവരുടെ ജീവിതത്തിൽ ദൈവത്തിന്റെ കൃപ പ്രത്യക്ഷമാകും. ദൈവത്തിന്റെ കൃപ എല്ലാവർക്കും തുറന്നിരിക്കുന്നുവെങ്കിലും, ദൈവത്തോടുകൂടെ നടക്കാൻ തീരുമാനിക്കുന്നവരാണ് അത് അനുഭവിക്കുന്നത്.
ദൈവത്തോട് അനുസരണയുള്ള ജീവിതം ആയിരുന്നു നോഹയുടേത്. ദൈവം നോഹയോട് ഒരു പെട്ടകം നിർമ്മിക്കാൻ കല്പിച്ചു. ആ കാലത്തുള്ള മനുഷ്യർ ഇത് കേട്ടിട്ട് നോഹയെ നോക്കി പരിഹസിച്ചിരിക്കാം, ചിരിച്ചിരിക്കാം. പക്ഷേ നോഹ ദൈവത്തിന്റെ വാക്കിൽ വിശ്വസിച്ചു. നോഹ ദൈവത്തെ ചോദ്യം ചെയ്തില്ല; നോഹ മനുഷ്യരുടെ വാക്ക് കേട്ടില്ല; നോഹ ദൈവത്തെ അനുസരിച്ചു. “ദൈവം കല്പിച്ചതുപോലെ തന്നേ നോഹ ചെയ്തു.” (ഉല്പത്തി 6:22). ദൈവത്തിന്റെ കൃപ ലഭിച്ചവർ ദൈവത്തിന്റെ വാക്ക് കേൾക്കുകയും അനുസരിക്കുകയും ചെയ്യും എന്നതാണ് ഈ വാക്യത്തിൽ നമുക്ക് മനസ്സിൽ ആകുന്നതു. അതായത് വിശ്വാസം എന്നത് വെറും വാക്കുകളിൽ മാത്രം ഒതുങ്ങുന്നതല്ല; അത് നമ്മുടെ പ്രവർത്തിയിൽ പ്രകടമാകും എന്നതാണ്. പ്രിയ ദൈവ ജനമേ ദൈവത്തോടുള്ള അനുസരണം തന്നെയാണ് ദൈവത്തിന്റെ അനുഗ്രഹത്തിന് വാതിൽ തുറക്കുന്നത്.
നോഹക്ക് ദൈവത്തിന്റെ കൃപ ലഭിച്ചത് കൊണ്ട്, ദൈവത്തെ വിശ്വസിച്ചത് കൊണ്ട്, ദൈവത്തിന്റെ കൂടെ നടന്നത് കൊണ്ട്, ദൈവത്തെ അനുസരിച്ചത് കൊണ്ട്, ദൈവം ഒരുക്കി വെച്ച ദൈവത്തിന്റെ രക്ഷ അനുഭവിച്ച ജീവിതം ആയിരുന്നു നോഹയുടേത്. ദൈവം പറഞ്ഞ മഴയാലുള്ള പ്രളയം വന്നപ്പോൾ ലോകം മുഴുവൻ നശിച്ചു. എന്നാൽ ദൈവത്തിന്റെ കൃപ നോഹയെയും അവന്റെ കുടുംബത്തെയും രക്ഷിച്ചു.
ഈ സംഭവം നമ്മെ ഓർമ്മിപ്പിക്കുന്നത് ഒരു വലിയ ആത്മീയ പാഠമാണ്, ദൈവത്തിന്റെ കൃപ ലഭിച്ചവരെ, ദൈവത്തെ അനുസരിച്ചു ദൈവത്തിന്റെ കൂടെ നടക്കുന്ന മനുഷ്യരെ ദൈവം ന്യായവിധിയിൽ നിന്ന് രക്ഷിക്കുന്നു. ഇത് ഇന്നത്തെ വിശ്വാസികൾക്കുള്ള ഒരു മുന്നറിയിപ്പും പ്രത്യാശയും കൂടിയാണ്. ലോകം എത്ര ഇരുണ്ടാലും, പാപത്തിൽ നിറഞ്ഞാലും ദൈവത്തെ ഭയപ്പെടുന്ന ഒരാളെ ദൈവം കാണാതെ പോകില്ല. ദൈവത്തിന്റെ കൃപ മനുഷ്യനെ കണ്ടെത്തും. ഇന്ന് നമ്മൾ ദൈവത്തോടുകൂടെ നടക്കാൻ തീരുമാനിച്ചാൽ, നോഹയ്ക്ക് ലഭിച്ച കൃപ നമ്മുടെ ജീവിതത്തിലും പ്രവർത്തിക്കും. ഇന്ന് നമ്മളും നമ്മളോട് തന്നെ ചോദിക്കേണ്ട ഒരു ചോദ്യം ഉണ്ട്: നമ്മുടെ ജീവിതം നോഹയുടെ ജീവിതം പോലെ ദൈവത്തിന് പ്രസാദകരമാണോ? ലോകം എന്ത് ചെയ്താലും ദൈവം അന്വേഷിക്കുന്നത് അവനെ ഭയപ്പെടുന്ന ഒരു ഹൃദയമാണ്. അങ്ങനെ ജീവിക്കുന്നവർക്കാണ് ദൈവത്തിന്റെ കൃപ ലഭിക്കുന്നത്. എങ്കിലും പാപം പെരുകിയേടത്തു കൃപ അത്യന്തം വർദ്ധിച്ചു. (റോമർ 5:20) ഈ വാക്യത്തിന്റെ അർഥം ഈ ലോകം എത്ര പാപം നിറഞ്ഞതാണെങ്കിലും കർത്താവിന്റെ കൃപയുടെ വർദ്ധനവ് കൊണ്ടു പാപം ചെയ്യാതെ നമുക്ക് ഈ ലോകത്തിൽ ജീവിക്കാം എന്നുള്ളതാണ്, അത് നമ്മുടെ സ്വന്തം കഴിവ് കൊണ്ടല്ല ദൈവത്തിന്റെ കൃപ ഒന്ന് കൊണ്ടു മാത്രം. ഈ ലോകത്തിൽ പാപം കൂടാതെ ജീവിക്കാൻ പരിശുദ്ധത്മാവിന്റെ നിറവും, ദൈവത്തിന്റെ കൃപയും ഓരോ ദിവസവും നാം എത്ര അധികം ദൈവത്തോട് ചോദിയ്ക്കേണ്ടി ഇരിക്കുന്നു.
നോഹയെ കണ്ട ദൈവം ഇന്നും, ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്മാർ ആയ മനുഷ്യരെ അന്വേഷിക്കുന്നു. നോഹയെ രക്ഷിച്ച ദൈവം ഇന്നും തന്നിൽ വിശ്വാസം അർപ്പിച്ചവരെ രക്ഷിക്കുന്നു. നോഹക്കു ലഭിച്ച കൃപ ഇന്നും ദൈവത്തെ അന്വേഷിക്കുന്നവരുടെ ജീവിതത്തിൽ വെളിപ്പെടുന്നു. നോഹയെ കണ്ടെത്തിയ ദൈവത്തിന്റെ കൃപ ദൈവത്തോടുകൂടെ നടക്കാൻ തീരുമാനിക്കുന്ന ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഇന്നും പ്രവർത്തിക്കും.
പ്രിയരേ, ലോകം എത്രത്തോളം പാപത്തിൽ ഇരുണ്ടാളും ദൈവത്തിന്റെ കണ്ണുകൾ നീതിമാന്മാരെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. പാപം നിറഞ്ഞ ഒരു കാലഘട്ടത്തിൽ പോലും നോഹ ദൈവത്തിന്റെ കൃപ കണ്ടെത്തി. അതുപോലെ തന്നെ ഇന്നും ദൈവം അവനെ ഭയപ്പെടുന്ന ഹൃദയങ്ങളെ അന്വേഷിക്കുന്നു.
നമ്മുടെ ചുറ്റുമുള്ള ലോകം എങ്ങനെയായാലും, ദൈവത്തോടുകൂടെ നടക്കാൻ നാം തീരുമാനിക്കുമ്പോൾ ദൈവത്തിന്റെ കൃപ നമ്മുടെ ജീവിതത്തിലും പ്രത്യക്ഷമാകും. മനുഷ്യരുടെ കണ്ണിൽ നമ്മൾ ചെറുതായിരിക്കാം, പക്ഷേ ദൈവത്തിന്റെ കണ്ണിൽ വിശ്വസ്തരായി ജീവിക്കുന്നവർ വലിയവരാണ്.
അതുകൊണ്ട് നമുക്ക് ദൈവത്തോട് കൂടെ ചേർന്നു ജീവിക്കാം. ദൈവത്തിന്റെ വാക്ക് അനുസരിച്ച് നടക്കാം. അപ്പോൾ നോഹയെ രക്ഷിച്ച ദൈവ കൃപ നമ്മുടെ ജീവിതത്തെയും രക്ഷിക്കും, നമ്മുടെ ജീവിതത്തിലും ദൈവം അത്ഭുതം പ്രവർത്തിക്കും.
സിബി ബാബു, യു.കെ

- Advertisement -



Comments are closed, but trackbacks and pingbacks are open.