ദൈവസ്നേഹത്തിനു മാത്രമേ മനുഷ്യനു വിശ്രമം നൽകാനാകൂ : ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു

പെന്തെക്കോസ്തു മിഷൻ ചെന്നൈ കൺവൻഷന് സമാപനം

ചെന്നൈ: ദൈവത്തിനു മനുഷ്യനോടുള്ള തീക്ഷ്ണമായ സ്നേഹത്തിനു മാത്രമേ നമുക്കു വിശ്രമം നൽകുകയുള്ളൂ എന്നു
ദി പെന്തെക്കൊസ്ത് മിഷൻ ചീഫ് പാസ്റ്റർ ഏബ്രഹാം മാത്യു പ്രസ്താവിച്ചു.
ചെന്നൈ താമ്പരത്തിനടുത്ത് ഇരുമ്പല്ലിയൂർ കൺവെൻഷൻ ഗ്രൗണ്ടിൽ നടന്ന ദി പെന്തെക്കോസ്ത് മിഷൻ സഭകളുടെ ഏറ്റവും വലിയ ആത്മീയസംഗമമായ ചെന്നൈ രാജ്യാന്തര കൺവൻഷൻ്റെ സമാപനദിന സംയുക്ത ആരാധനയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ കുറവുകൾ പരിഗണിക്കാതെ അവിടുന്നു നമ്മെ നിരന്തരം സ്നേഹിക്കുന്നു. ആ സ്നേത്തിൻ്റെ തണലിലാണു മനുഷ്യന് ആത്യന്തിക സമാധാനം ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാസ്റ്റർ എം.റ്റി.തോമസിൻ്റെ പ്രാർഥനയോടെയാണ് സംയുക്ത ആരാധന ആരംഭിച്ചത്. വിവിധ പ്രാദേശിക ഭാഷകളിൽ മിഷൻ പ്രവർത്തകർ കൺവെൻഷൻ ഗാനങ്ങൾ ആലപിച്ചു. വൈകിട്ട് നടന്ന പ്രത്യേക രോഗശാന്തി ശുശ്രൂഷയിൽ പാസ്റ്റർ എസ്.ഏബ്രഹാം അഡയാർ പ്രസംഗിച്ചു.
കൺവെൻഷനിൽ സ്തോത്രാരാധന, ബൈബിൾ ക്ലാസ്, പൊതുയോഗം, ഉണർവ് യോഗം, യുവജനസമ്മേളനം, സുവിശേഷപ്രസംഗം ,
അനുഭവസക്ഷ്യങ്ങൾ, സ്നാന ശുശ്രൂഷ എന്നിവ നടത്തി.

ഡെപ്യൂട്ടി ചീഫ് പാസ്റ്റർ എം.റ്റി.തോമസ്, അസോസിയേറ്റഡ് ഡെപ്യൂട്ടി ചീഫ് പാസ്റ്റർ ജി.ജെയം, പാസ്റ്റർ എസ്. രാജേന്ദ്രൻ (മലേഷ്യ), പാസ്റ്റർ പി.മാത്യൂ ജോൺ ( യു.എസ്) എന്നിവർ പ്രസംഗിച്ചു. പ്രസംഗങ്ങൾ തത്സമയം വിവിധ പ്രാദേശിക ഭാഷകളിലേക്കു പരിഭാഷപ്പെടുത്തി.

16ന് രാവിലെ സഭയുടെ വാർഷിക ജനറൽ ബോഡിയോഗവും വൈകിട്ട് നടന്ന പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന യോഗത്തിൽ 20 പേരെ ബ്രദർമാരായും 55 പേരെ സിസ്റ്റർമാരായും തിരഞ്ഞെടുത്തു. 37 പേർക്കു പാസ്റ്റർമാരായി സ്ഥാനക്കയറ്റം നൽകി. കേരളം അടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും ലക്ഷത്തിൽപരം വിശ്വാസികളും ശുശ്രൂഷകരും കൺവെൻഷനിൽ പങ്കെടുത്തു.

വാർത്ത: ചാക്കോ കെ തോമസ് , ബെംഗളൂരു

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.