ഫീച്ചർ: കേരളത്തിൽ പെന്തക്കോസ്ത് സണ്ടേസ്കൂൾ പ്രസ്ഥാനം നൂറാം വർഷത്തിലേക്ക്: മുളക്കുഴയിൽ ചരിത്ര കോൺക്ലേവ് | പാസ്റ്റർ ലിജോ ജോസഫ് തടിയൂർ

കേരളത്തിലെ വേർപെട്ട സഭകളുടെ സണ്ടേസ്കൂൾ പ്രസ്ഥാനത്തിന് നൂറു വർഷങ്ങളുടെ അനുഗ്രഹിതമായ ചരിത്രമുണ്ട്.കാലം മാറുമ്പോഴും ദൗത്യം മാറുന്നില്ല. ഇന്ന് അത് പുതിയ തലമുറയുടെ കരങ്ങളിൽ കൈമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു.

റോബർട്ട് ഫെലിക്സ് കുക്ക് എന്ന വിദേശ മിഷനറി മുളക്കഴ ചർച്ച് ഓഫ് ഗോഡ് സീയോൻകുന്ന് ബംഗ്ലാവിൽ ആരംഭിച്ച സണ്ടേസ്കൂൾ പ്രസ്ഥാനം കുട്ടികളുടെ ഹൃദയങ്ങളിൽ ദൈവവചനം നട്ടുവളർത്തി. ഈ പ്രസ്ഥാനം അനേകം തലമുറകളെ വിശ്വാസത്തിൽ ഉറപ്പിക്കുകയും ആത്മീയ ജീവിതത്തിലേക്ക് നയിക്കുകയും ചെയ്തു.

സണ്ടേസ്കൂൾ വെറും പഠനകേന്ദ്രമല്ല. ഇത് വിശ്വാസത്തിന്റെ വിത്തിടുന്ന വയലാണ്. കുട്ടികൾ ബൈബിൾ കഥകൾ കേൾക്കുന്നു. സ്തുതി പാടുന്നു. പ്രാർത്ഥന പഠിക്കുന്നു. ക്രിസ്തീയ ജീവിത മൂല്യങ്ങൾ ഉൾക്കൊള്ളുന്നു. അനേകം ശുശ്രൂഷകരും ആത്മീയ നേതാക്കളും അവരുടെ ആദ്യ വിളി കേട്ടത് സണ്ടേസ്കൂളിൽ നിന്നാണ്.

കഴിഞ്ഞ നൂറു വർഷങ്ങളുടെ അനുഗ്രഹങ്ങൾ:

ദൈവവചനത്തിൽ ഉറച്ച തലമുറകൾ വളർന്നു. സഭയുടെ ആത്മീയ വളർച്ചയ്ക്ക് ശക്തമായ അടിത്തറയായി. മിഷൻ ചിന്തയും സുവിശേഷ ഭാരവും കുട്ടികളുടെ ഹൃദയങ്ങളിൽ നട്ടു. ഗാനങ്ങൾ, വചന പഠന ക്യാമ്പുകൾ എന്നിവ ആത്മീയ ഉണർവ് സൃഷ്ടിച്ചു. ഈ നൂറു വർഷങ്ങൾ നമ്മെ പഠിപ്പിക്കുന്ന സത്യം അതാണ് . കുട്ടികളിൽ നിക്ഷേപിക്കുന്ന വിശ്വാസം ഒരിക്കലും വ്യർത്ഥമാകില്ല.

അടുത്ത തലമുറകളിലേക്കുള്ള ദർശനം:

കാലം മാറുന്നു, പക്ഷേ ദൈവവചനം മാറുന്നില്ല. കുട്ടികൾക്ക് കഥകൾ മാത്രം അല്ല, വചനത്തിന്റെ അർത്ഥവും ജീവിതത്തിൽ പ്രയോഗവും പഠിപ്പിക്കണം. പ്രാർത്ഥനയും സ്തുതിയും പരിശുദ്ധാത്മാവിന്റെ നേതൃത്വവും പ്രധാനമാക്കണം. ഡിജിറ്റൽ കാലഘട്ടത്തിൽ സാങ്കേതിക വിദ്യയുടെ നല്ല ഉപയോഗം വേണം. സണ്ടേസ്കൂൾ കുട്ടികൾ നാളെയുടെ സാക്ഷികൾ ആകണം. കുടുംബവും സഭയും ചേർന്ന് കുട്ടികളുടെ ആത്മീയ വളർച്ചയ്ക്ക് പിന്തുണ നൽകണം.

നമ്മുടെ ഉത്തരവാദിത്തം:

ഇന്ന് നാം വിതയ്ക്കുന്ന ആത്മീയ വിത്തുകൾ ശുദ്ധവും ശക്തവുമായിരിക്കണം. അധ്യാപകരുടെ സമർപ്പണവും മാതാപിതാക്കളുടെ പ്രാർത്ഥനയും സഭയുടെ പിന്തുണയും അനിവാര്യമാണ്. അങ്ങനെ സണ്ടേസ്കൂൾ പ്രസ്ഥാനം കൂടുതൽ മഹത്വത്തോടെ മുന്നേറും. പുതിയ നൂറു വർഷങ്ങളിലേക്ക് കടക്കുന്ന ഈ പ്രസ്ഥാനം കുട്ടികളുടെ ഹൃദയങ്ങളിൽ ക്രിസ്തുവിനെ സ്ഥാപിക്കുന്ന ദൗത്യം തുടരും. വരും തലമുറകൾ ദൈവ മഹത്വത്തിന് സാക്ഷികളായി ഉയരും.

“കുഞ്ഞിനെ അവൻ പോകേണ്ട വഴിയിൽ പരിശീലിപ്പിക്ക;

അവൻ വൃദ്ധനായാലും അതിൽ നിന്നു വിട്ടുമാറുകയില്ല.”

(സദൃശ്യവാക്യങ്ങൾ 22:6)

ഇതിനോട് അനുബന്ധിച്ച് മുളക്കുഴയിൽ പെന്തക്കോസ്ത് സണ്ടേസ്കൂൾ നേതൃത്വം ഒന്നിച്ചുകൂടി സൺഡേ സ്കൂൾ പ്രസ്ഥാനം ഒരു നൂറ്റാണ്ട് പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായി കുക്കു സായിപ്പിൻ്റെ മുളക്കുഴയിലെ ബംഗ്ലാവിൽ സംഘടിപ്പിച്ച സൺഡേ സ്കൂൾ ലീഡേഴ്സ് കോൺക്ലേവ് ചരിത്രത്തിൻ്റെ ഭാഗമായി.

ചർച്ച് ഓഫ് ഗോഡ്, ഐ.പി.സി, എ.ജി മലബാർ, ശാരോൻ ഫെലോഷിപ്പ്, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്, ഐ.പി.എ , ചർച്ച് ഓഫ് ഗോഡ് കല്ലുമല, സീയോൻ അസംബ്ലി, പി.എം.ജി ചർച്ച്. തുടങ്ങിയ സഭകളുടെ സൺഡേസ്കൂൾ സംസ്ഥാന നേതൃത്വങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു.

2026 ഫെബ്രുവരി 9 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 1.30 വരെ നടന്ന കോൺക്ലേവ് ചർച്ച് ഓഫ് ഗോഡ് സംസ്ഥാന ഓവർസിയർ പാസ്റ്റർ വൈ. റെജി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പെന്തക്കോസ്ത് ചരിത്രത്തിൽ ഇത്തരത്തിൽ സംഘടിപ്പിക്കപ്പെട്ട ആദ്യത്തെ സമ്മേളനമായിരുന്നു ഇത്.

കേരളത്തിൽ സണ്ടേസ്ക്കൂൾ 100 വർഷം പിന്നിടുമ്പോൾ പുതുതലമുറയെ വിശ്വാസത്തിൽ നിലനിർത്തുവാൻ എന്തൊക്കെ പുതിയ സ്ട്രാറ്റജികൾ അവലംബിക്കണം, ബാലസൗഹൃദ സൺഡേ സ്കൂളും സഭയുമായി നമ്മുടെ സംവിധാനങ്ങളെ മാറ്റുവാൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യാൻ കഴിയും, വിശ്വാസപ്രമാണ കൈമാറ്റങ്ങളിൽ സഭയുടെയും ശുശ്രൂഷകന്മാരുടെയും മാതാപിതാക്കളുടെ പങ്ക് എങ്ങനെ ഉറപ്പാക്കാൻ കഴിയും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ഡോ. ജയ്സൺ തോമസ്, ഡോ. പി.ആർ.ഡി. പ്രഭു, ഡോ. ആനി ജോർജ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

തുടർന്ന് നടന്ന ചർച്ചയിൽ ഉത്തരാധുനിക യുഗത്തിലെ കുട്ടികൾക്കായി സഭാ വ്യത്യാസം ഇല്ലാതെ ഒന്നിച്ച് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത സമ്മേളനം അംഗീകരിച്ചു. ചർച്ച് ഓഫ് ഗോഡ്സണ്ടേ സ്ക്കൂൾ ജുബലിയുടെ ഭാഗമായി ചർച്ച് ഓഫ് റോഡ് സ്കൂൾ പ്രസിഡൻ്റ് പാസ്റ്റർ വി.പി. തോമസിൻ്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ നോബിൾ ജേക്കബ്, സൺഡേ സ്കൂൾ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാലു വർഗീസ് എന്നിവർ മോഡിറേറ്റർമാരായിരുന്നു.

 

പാസ്റ്റർ ലിജോ ജോസഫ് തടിയൂർ

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.