കേരളത്തിലെ പെന്തകോസ്തിന്റെ പ്രാരംഭകാലംമുതൽ സുവിശേഷസത്യങ്ങൾക്കും വേദോപദേശസത്യങ്ങൾക്കും വേണ്ടി നിലനിന്ന കുടുംബമാണ് ലുയിസ്കുട്ടിച്ചായന്റേത്. ആ പൈതൃകത്തിലും അതിന്റെ അന്ത:സത്തയിലും അടിയുറച്ചു വിശ്വസിച്ചും അതു പഠിപ്പിച്ചും എഴുതിയും പ്രചരിപ്പിച്ചും മുന്നേറിയ ലൂയിസ്കുട്ടിയച്ചായനോടൊപ്പം എന്നും കൈത്താങ്ങായാണ് കുഞ്ഞിമോളാന്റി നിന്നത്. അമേരിക്കയിൽ ആയിരിക്കുമ്പോഴും ഭാരതത്തിലെ മിക്ക സ്റ്റേറ്റുകളിലും സഞ്ചരിച്ചു മിഷനറി പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ അവർ മുൻപന്തിയിൽ ആയിരുന്നു.
അവരോടൊരുമിച്ചു ഫാമിലി സെമിനാറുകളിൽ പങ്കെടുക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്. എന്നാൽ ഐ.സി.പി.എഫ് ന്റെ ജനറൽ സെക്രട്ടറിയായി ലൂയിസ്കുട്ടി സാർ നിയമിതനായതു മുതലാണ് അവരെ രണ്ടുപേരെയും അടുത്തറിയാൻ ഇടയായത്. ശ്രേണീ തിരിവില്ലാതെ സഹപ്രവർത്തകരെ സ്നേഹിക്കുകയും അവരുടെ വ്യക്തിത്വത്തെ മാനിക്കുകയും, അഭിപ്രായങ്ങൾ അറിഞ്ഞു കൂട്ടായി തീരുമാനമെടുക്കയും ചെയ്തിരുന്നു. അതിൽ ആന്റിക്കും വലിയ പങ്കുണ്ട്. ഇളമ്പലിലുള്ള ഭവനത്തിൽ വെച്ച് നടന്നിട്ടുള്ള ഐ.സി. പി.എഫ് റീജിയണൽ സ്റ്റാഫ് കോൺഫറൻസുകൾ, കേരള സ്റ്റാഫ് മീറ്റിംഗുകൾ, അതൊക്കെ കൂട്ടായ്മാബോധം ഉണർത്തുന്നതായിരുന്നു. അതു കൂടാതെ മിക്ക വർഷങ്ങളിലും പ്രിയ അച്ചായനും ആന്റിയും വിദ്യാർഥികൾക്കുവേണ്ടി നടത്തിവന്ന സമ്മർ ക്യാമ്പുകളിലും എനിക്കു പങ്കെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ഒരു ഓപ്പൺ ഹോം ആയിരുന്നു ആ ഭവനം. വ്യക്തിപരമായി എനിക്ക് ഒരുപാട് ഓർമ്മകളുണ്ട്. ആന്റിയുടെ സ്നേഹനിർഭരമായ ആതിഥ്യവും നല്ല പ്രോത്സാഹനങ്ങളും മറക്കാൻ കഴിയില്ല. എല്ലാവരോടും സൗമ്യമായി മാത്രം ഇടപെടുന്ന ആന്റി, വലിയൊരു സാക്ഷ്യജീവിതം ശേഷിപ്പിച്ചാണ് യാത്രയാകുന്നത്. ഒരു മാതൃകാ കുടുംബജീവിതത്തിന്റെ എല്ലാ നന്മകളും മറ്റുള്ളവരിലേക്ക് പരത്തുവാൻ ആ കുടുംബത്തിനു കഴിഞ്ഞിട്ടുണ്ട്.
അവരുടെ മാതൃസഭയായ ഇളമ്പൽ ദൈവസഭയിൽ (church of God) പലപ്പോഴും ശുശ്രുഷക്കുവേണ്ടി എനിക്ക് അവസരം തന്നിട്ടുണ്ട്. പ്രിയ ആന്റിയുടെ രോഗാവസ്ഥയിൽ ഞങ്ങൾക്കു കുടുംബമായി സന്ദർശിക്കുവാൻ കഴിഞ്ഞിട്ടുണ്ട്. കടുത്ത വേദനയിലും പുഞ്ചിരിക്കുന്ന മുഖം ഞങ്ങളുടെ മുന്നിൽ മായാതെ നിൽക്കുന്നു. ഒടുവിൽ , ബിലിവേഴ്സ് ഹോസ്പിറ്റലിൽ മരണത്തോട് അടുക്കുന്ന നിമിഷങ്ങളും പ്രത്യാശാ നിർഭരമായിരുന്നു. വേർപാട് വേദനയാണെങ്കിലും മനസ്സിന് ആശ്വാസം നൽകുന്നത് ക്രിസ്തീയ പ്രത്യാശയാണ്.
ദുഖത്തിലായിരിക്കുന്ന ലുയിസ്ക്കുട്ടിച്ചായനേയും മറ്റു കുടുംബാംഗങ്ങളെയും സർവ്വാശ്വാസങ്ങളുടെ ദൈവം ആശ്വസിപ്പിക്കുകയും ദൈവീക പ്രത്യാശയാൽ നിറക്കുകയും ചെയ്യട്ടെ. നല്ല മാതൃകയോടെ ജീവിച്ച പ്രിയ കുഞ്ഞുമോളാന്റി ഞങ്ങൾക്ക് എല്ലാവർക്കും മാതൃകയാണ്. ദൈവം ദിവ്യസമാധാനകൊണ്ട് എല്ലാവരെയും നിറക്കട്ടെ. തേജ്ജസിന്റെ പൊൻപുലരിയിൽ വേണ്ടും കാണാമെന്ന പ്രത്യാശയോട് തൽക്കാലത്തേക്ക് വിടചൊല്ലുന്നു.
ഐ സി പി എഫ് കേരള സ്റ്റേറ്റു കൗൺസിലിന്റെയും വ്യക്തിപരവുമായ പ്രത്യാശാവാക്കുകൾ അറിയിക്കുന്നു.
ഉമ്മൻ പി ക്ലമെൻസൺ (ഐ സി പി എഫ് കേരള സ്റ്റേറ്റ് സെക്രട്ടറി)


- Advertisement -



Comments are closed, but trackbacks and pingbacks are open.