ലോകപ്രശസ്തമായ 131-മത് മാരാമൺ കൺവെൻഷന് പമ്പാ മണൽപ്പുറത്ത് അനുഗ്രഹീത തുടക്കം

മാരാമൺ: പമ്പാ മണൽപ്പുറത്ത് ലോകപ്രശസ്തമായ 131-മത് മാരാമൺ കൺവെൻഷന് അനുഗ്രഹീത തുടക്കം. എട്ട് ദിവസം നീളുന്ന മഹായോഗം ഞായറാഴ്ച ആരംഭിച്ചു; 15-ന് ഞായറാഴ്ച സമാപിക്കും. ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭ പരമാധ്യക്ഷനും മലങ്കരയുടെ 22-ാം മാർത്തോമ്മായുമായ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പാ അധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യു.എസ്.എ) ഉദ്ഘാടന സന്ദേശം നൽകി.

മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരോടൊപ്പം പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറു (യു.എസ്.എ.), റവ. മോളോ വിൽസൻ മെസവാൻഡിലേ (ദക്ഷിണാഫ്രിക്ക), ബിഷപ്പ് ഡോ. പോൾ സ്വരൂപ് (ന്യൂഡൽഹി) എന്നിവർ മുഖ്യപ്രഭാഷകരായിരിക്കും. വിവിധ ദിവസങ്ങളിലെ യോഗങ്ങളിൽ സഹോദരി സഭകളിലെ ബിഷപ്പുമാരും പ്രഭാഷകരും നേതൃത്വം നൽകും.

തിങ്കൾ മുതൽ ശനി വരെ രാവിലെ 7.30-ന് ബൈബിൾ ക്ലാസുകൾ നടക്കും. തിങ്കൾ മുതൽ ബുധൻ വരെ പ്രൊഫ. ഡോ. ക്ലിയോഫസ് ജെ. ലാറുവും, വ്യാഴം മുതൽ ശനി വരെ ബിഷപ്പ് ഡോ. പോൾ സ്വരൂപും ക്ലാസുകൾക്ക് നേതൃത്വം നൽകും. കുട്ടികൾക്കായുള്ള പ്രത്യേക യോഗങ്ങൾ സി.എസ്.എസ്.എം.യുടെ നേതൃത്വത്തിൽ കുട്ടിപ്പന്തലിൽ നടക്കും. സായാഹ്നയോഗങ്ങൾ വൈകിട്ട് 6-ന് ആരംഭിച്ച് 7.30-ന് സമാപിക്കും.

ബുധനാഴ്ച രാവിലെ 10-ന് നടക്കുന്ന എക്യുമെനിക്കൽ സമ്മേളനത്തിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവ മുഖ്യ സന്ദേശം നൽകും. വ്യാഴം മുതൽ ശനി വരെ യുവവേദി, മിഷൻ ഫീൽഡ് കൂട്ടായ്മകൾ, മദ്ധ്യസ്ഥ പ്രാർത്ഥനകൾ, സേവികാസംഘം, സന്നദ്ധ സുവിശേഷസംഘം തുടങ്ങിയ പ്രത്യേക യോഗങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

15-ന് ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ സമാപന സന്ദേശം നൽകും. എല്ലാ യോഗങ്ങളും എം.ടി.ഇ.എ. മീഡിയ യൂട്യൂബ് ചാനലിലൂടെയും മാർത്തോമ്മാ വിഷൻ വഴിയും തത്സമയം സംപ്രേഷണം ചെയ്യും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.