പുറമറ്റം ഫിലദെൽഫ്യ സഭയ്ക്ക് പുതിയ ആരാധനാലയം; സമർപ്പണ ശുശ്രൂഷ നടന്നു
പുറമറ്റം: ഫിലഡൽഫിയ ചർച്ച് ഓഫ് ഗോഡിന്റെ പുറമറ്റം സഭയ്ക്ക് പുതിയ ആരാധനാലയം ലഭിച്ചു. കഴിഞ്ഞ 25 വർഷത്തിലധികമായി വാടക കെട്ടിടത്തിലായിരുന്നു കൂട്ടായ്മകൾ നടന്നിരുന്നത്.
പുറമറ്റം ജംഗ്ഷനിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പുതിയ സഭാ കെട്ടിടം ആരാധനയ്ക്കും കൂട്ടായ്മകൾക്കും അനുയോജ്യമായ സൗകര്യങ്ങളോടുകൂടിയാണ് സജ്ജീകരിച്ചിരിക്കുന്നത്.
2026 ഫെബ്രുവരി 8-ാം തീയതി, ഞായറാഴ്ച നടന്ന ശുശ്രൂഷയിൽ ഫിലഡൽഫിയ ചർച്ച് ഓഫ് ഗോഡ് ഇൻ്റർനാഷണൽ പ്രസിഡൻ്റ് പാസ്റ്റർ എൻ. എ. ഫിലിപ്പ്, നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ കെ. കെ. സാമുവേൽ, ഡയറക്ടർ പാസ്റ്റർ വർഗീസ് ജേക്കബ്, ജനറൽ സെക്രട്ടറി പാസ്റ്റർ വി. ജീ. ഈശോ എന്നിവർ ചേർന്ന് സഭാ പ്രതിഷ്ഠയും പ്രാർത്ഥനയും നിർവഹിച്ചു.
സഭായോഗാനന്തരമായി നടന്ന പ്രത്യേക ശുശ്രൂഷയിൽ വിവിധ രാഷ്ട്രീയ സാമൂഹ്യ മേഖലകളെ പ്രതിനിധീകരിച്ച് വാർഡ്/ബ്ലോക്ക് മെമ്പർമാരായ ഷിനു പി. കുരുവിള, ശോശാമ്മ ജോസഫ്, രാധാകൃഷ്ണൻ, ശോഭിക എന്നിവർ പങ്കെടുത്തു. ചർച്ച് സെക്രട്ടറി പി. കെ. രാജു സ്വാഗതവും ഷാജി വർഗീസ് നന്ദിയും രേഖപ്പെടുത്തി.
പുതിയ സഭയുടെ സാമ്പത്തിക കാര്യങ്ങൾക്ക് പാസ്റ്റർ കെ. കെ. സാമുവേൽ കുടുംബവും പ്രത്യേകിച്ച് മകൻ ശീലാസ് സാമുവേലും നൽകിയ പിന്തുണയാണ് പ്രധാനമായും ആലയം യാഥാർത്ഥ്യമാകുവാൻ കാരണമായത്.
ഏകദേശം 25-ലധികം കുടുംബങ്ങൾ അംഗങ്ങളായിരിക്കുന്ന പുറമറ്റം സഭയിൽ കഴിഞ്ഞ 14 വർഷത്തിലധികമായി പാസ്റ്റർ കെ. ഇ. മാത്യു കുടുംബമായി ശുശ്രൂഷ നടത്തി വരുന്നു.
പുതിയ ആരാധനാലയത്തിന്റെ സമർപ്പണം പ്രദേശത്തെ വിശ്വാസികൾക്ക് ആത്മീയ ഉണർവ്വിനും ശക്തമായ കൂട്ടായ്മകൾക്കും പുതുമയേകും.

- Advertisement -



Comments are closed, but trackbacks and pingbacks are open.