ആത്മമാരിക്കായി മഞ്ഞാടി ബിഷപ്പ് എബ്രഹാം നഗർ ഒരുങ്ങി : സെൻ്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ജനറൽ കൺവെൻഷൻ നാളെ മുതൽ

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 65-ാമത് ജനറൽ കൺവൻഷൻ നാളെ മുതൽ തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്തെ ബിഷപ്പ് ഏബ്രഹാം നഗറിൽ തയ്യാറാക്കിയ പന്തലിൽ ആരംഭിക്കും.ഫെബ്രുവരി 1ന് സമാപിക്കും.

നാളെ വൈകിട്ട് 6.30-ന് പ്രിസൈഡിംഗ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് ഡോ.ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിക്കും. ബിഷപ്പ് ഡോ.സി.വി.മാത്യു,റവ ഡോ.അശോക് ആൻഡ്രൂസ്, ബ്രദർ ജോർജ് ഫിലിപ്പ്, റവ.ജെറീഷ് വർഗീസ്, റവ ഡോ.പ്രകാശ് എബ്രഹാം മാത്യു എന്നിവരാണ് മുഖ്യ പ്രസംഗകർ.

പ്രതിനിധി സഭാ അധ്യക്ഷൻ റവ. ഡോ.ജോൺ മാത്യു, ബിഷപ്പ് ഡോ. എം.കെ.കോശി, ബിഷപ്പ് ഡോ. ടി. സി. ചെറിയാൻ, ബിഷപ്പ് എ. ഐ. അലക്സാണ്ടർ, വികാരി ജനറൽമാരായ വെരി. റവ. ടി.കെ. തോമസ്, വെരി. റവ. സി.കെ. ജേക്കബ് എന്നിവർ വിവിധ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

തിങ്കൾ രാവിലെ 9 ന് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി പ്രിസൈഡിംഗ് ബിഷപ്പ് ഡോ.തോമസ് ഏബ്രഹാം ദേശീയ പതാക ഉയർത്തും.രാഷ്ട്രത്തിനുവേണ്ടി പ്രത്യേക പ്രാർത്ഥനയും നടക്കും.9.30 ന് സഭാദിന സ്തോത്ര ശുശ്രൂഷയും സമ്മേളനവും നടക്കും. ചൊവ്വ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30 മുതൽ 8.30 വരെ നടത്തപ്പെടുന്ന ബൈബിൾ ക്ലാസിന് റവ ഡോ. അശോക് ആൻഡ്രൂസ് നേതൃത്വം നൽകും.

തിങ്കളാഴ്ച്ച മുതൽ ബുധനാഴ്ച്ച വരെ രാവിലെ 10നും ഉച്ചക്ക് ശേഷം 2-നും സഭയിലെ പ്രവർത്തകരുടെയും, മിഷനറിമാരുടെയും യോഗം,ബുധനാഴ്ച്ച രാവിലെ 10ന് സഭയിലെ സജീവ സേവനത്തിൽ നിന്ന് വിരമിക്കുന്ന വൈദീകർ, സുവിശേഷകർ, സേവിനിമാർ എന്നിവർക്കുള്ള ആദരവ്, ദിവസവും രാവിലെ 9.30 മുതൽ 10 വരെ മധ്യസ്ഥപ്രാർത്ഥന എന്നിവ നടക്കും.

എല്ലാ ദിവസവും വൈകിട്ട് 6.30ന് നടക്കുന്ന പൊതുയോഗങ്ങൾ കൂടാതെ വ്യാഴം മുതൽ രാവിലെ 10നും ഉച്ചക്ക് ശേഷം 2-നും പൊതുയോഗങ്ങൾ എന്നിവയും നടക്കും. സുവിശേഷ പ്രകാശിനി, വെല്ലൂർ ശാലോം ഭവൻ, പ്രകാശപുരം ആശ്രമം, സേവിനി സമാജം, ഹിന്ദി ബെൽറ്റ് മിഷൻ, ചെന്നൈ ജൂബിലി മെമ്മോറിയൽ ബൈബിൾ കോളേജ്, യുവജന പ്രവർത്തന – സണ്ടേസ്കൂൾ പ്രവർത്തന ബോർഡുകൾ, ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസ്, വിദ്യാഭ്യാസ ബോർഡ്, ദുബായ് ഇവാൻജലിക്കൽ ബിലിവേഴ്സ് സ്കോളർഷിപ്പ്, ബൈബിൾ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള പ്രത്യേക യോഗങ്ങൾ നടക്കും.

ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.സമാപന ദിവസമായ ഫെബ്രുവരി 1-ന് ഞായറാഴ്ച്ച രാവിലെ 7.30-ന് സഭയിലെ ബിഷപ്പന്മാരുടെ നേതൃത്വത്തിൽ തിരുവത്താഴ ശുശ്രൂഷയും തുടർന്ന് സുവിശേഷ പ്രവർത്തന ബോർഡിൻ്റെ മിഷിനറി യോഗവും സമാപന സമ്മേളനവും നടക്കും.

വിവിധ യോഗങ്ങളിൽ ബോർഡ് സെക്രട്ടറിമാരായ റവ. സി. പി. മാർക്കോസ് , റവ. ഷിജു മാത്യു, റവ. കെ. എസ്. ജെയിംസ്, മേരി സഖറിയ, പ്രൊഫ. ഡോ. ജോസി വർഗീസ്, സുവിശേഷ പ്രകാശിനി ചീഫ് എഡിറ്റർ പ്രൊഫ. ഡോ. മാത്യൂസ് എം. ജോർജ്, റവ. അനിഷ് തോമസ് ജോൺ എന്നിവർ റിപ്പോർട്ട് അവതരിപ്പിക്കും.

ജനറൽ കൺവീനർ സഭാ സെക്രട്ടറി സജി മാത്യു, പ്രതിനിധി സഭാ ഉപാധ്യക്ഷൻ കെ.ഒ. രാജുക്കുട്ടി, വൈദീക ട്രസ്റ്റി റവ. സജി ഏബ്രഹാം, അത്മായ ട്രസ്റ്റി പ്രൊഫ. ഏബ്രഹാം ജോർജ് തുടങ്ങിയവർ നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.