അനുസ്മരണം: ഐപിസി സൺഡേ സ്കൂളിൻ്റെ മുൻ അമരക്കാരന് പ്രത്യാശയോടെ വിട… | പാസ്റ്റർ വർഗ്ഗീസ് മത്തായി

ഐപിസി സൺഡേ സ്കൂൾസ് അസോസിയേഷൻ മുൻ ജനറൽ ഡയറക്ടർ പാസ്റ്റർ പ്രൊഫസർ ടി സി കോശിയെ അദ്ദേഹത്തോടൊപ്പം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച, മുൻ ജനറൽ ഡയറക്ടർ പാസ്റ്റർ വർഗീസ് മത്തായി അനുസ്മരിക്കുന്നു.

 

ഐപിസി സൺഡേ സ്കൂളിൻ്റെ ആകമാന വളർച്ചയിൽ പാസ്റ്റർ ടി സി കോശിയുടെ സംഭാവന വിസ്മരിക്കാനാവാത്തതാണ്. പൊതു വിദ്യാഭ്യാസ രംഗത്തും സഭാ പ്രവർത്തനങ്ങളിലും എഴുത്തിന്റെ മേഖലയിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെങ്കിലും തൻ്റെ പ്രധാന പ്രവർത്തന മേഖല സൺഡേസ്കൂൾ ആയിരുന്നു.



കൃമീകൃതമായ രീതിയിൽ പാഠപുസ്തകം തയ്യാറാക്കുന്നതിനും, താലന്തു പരിശോധന നടത്തുന്നതിനും, കുറ്റമറ്റ രീതിയിൽപരീക്ഷാ ക്രമീകരണങ്ങൾ ചെയ്യുന്നതിനും, അധ്യാപകർക്കുള്ള പരിശീലന ക്യാമ്പുകൾ നടത്തുന്നതിനും കോശി സാർ വളരെ ശ്രദ്ധയോടുകൂടി നേതൃത്വം നൽകിയിട്ടുണ്ട്. കുട്ടികളിൽ സാമൂഹിക പ്രതിബദ്ധതയും ധാർമിക ഉത്തരവാദിത്വങ്ങളും കാരുണ്യവും വളർത്തിയെടുക്കുന്നതിനുള്ള നിരവധി കർമ്മപരിപാടികൾ വിദ്യാർത്ഥികളെ പങ്കാളികളാക്കിക്കൊണ്ട് അദ്ദേഹം ഡയറക്ടറായി പ്രവർത്തിച്ച കാലത്ത് സൺഡേ സ്കൂളിൽ നടത്തിയിട്ടുണ്ട്.

12,13 ക്ലാസുകളിലെ പാഠപുസ്തകവും നാലും മുതൽ 10 വരെ ക്ലാസുകളിലെ ഇംഗ്ലീഷ് പാഠപുസ്തകവും, അധ്യാപകർക്കുള്ള ടീച്ചിംഗ് ഗൈഡ് ആയി അധ്യാപക സഹായിയും പ്രസിദ്ധീകരിച്ചു. മുൻകാലങ്ങളിൽ ചെയ്തു വന്നതുപോലെ അധ്യാപകർക്ക് വേണ്ടി എല്ലാ വർഷവും തുടർച്ചയായി അധ്യാപക പരിശീലന ക്യാമ്പുകൾ നടത്തി. ഈ ക്യാമ്പുകൾ തങ്ങളുടെ അധ്യാപക ശുശ്രൂഷയിൽവരുത്തിയ ഗുണകരമായ മാറ്റത്തെക്കുറിച്ച് നിരവധി അധ്യാപകർ ഇന്നും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആ കാലയളവിൽ ക്രമീകൃതമായ രീതിയിൽ താലന്ത് പരിശോധനയും വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ക്യാമ്പുകളും നടന്നിട്ടുണ്ട്. വിദേശ സഭകളുടെ സഹായത്തോടെ അർഹരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസ സഹായവും അവാർഡുകളും നൽകാൻ കഴിഞ്ഞു. ഈ കാലഘട്ടത്തിൽ സൺഡേസ്കൂൾ അസോസിയേഷന് പുതിയ ഓഫീസും സ്വന്തമായി പാഠപുസ്തകം സംഭരണ വിതരണശാലയും ഉണ്ടായി.

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കുട്ടികളെ പങ്കാളികളാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികൾക്ക് രൂപം നൽകി. ലോകത്തെ മുഴുവൻ ദുഃഖത്തിലാഴ്ത്തിയ സുനാമി ദുരന്ത കാലത്ത് സൺഡേ സ്കൂൾ വിദ്യാർഥികളിൽ നിന്ന് ശേഖരിച്ച സ്തോത്രകാഴ്ച പണം കൊണ്ട് സുനാമി ബാധിത പ്രദേശത്ത് 6 കുടുംബങ്ങൾക്ക് തൊഴിൽ ഉപാധിയായി വള്ളവും വലയും വാങ്ങി നൽകി. ഇത് കൂടാതെ വിദേശ സഭകളുടെ സഹായത്തോടെ കുമ്പനാട് കൺവെൻഷനിൽ പങ്കെടുത്ത 8000ത്തിലധികം വിശ്വാസികൾക്ക് സൗജന്യമായി ഭക്ഷണം നൽകി. ഇത് ചില വർഷങ്ങൾ തുടർന്നു. കോശി സാറിൻ്റെ നേതൃത്വവും മാർഗ്ഗനിർദ്ദേശങ്ങളും ഈ
പ്രവർത്തനങ്ങൾക്ക് ഏറെ ഗുണകരമായിരുന്നു.

ചേർത്തല സെൻറ് മൈക്കിൾസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് വിഭാഗം മേധാവിയായി റിട്ടയർ ചെയ്ത കോശി സാറിൻ്റെ പ്രധാന പ്രവർത്തന മേഖല സൺഡേ സ്കൂൾ ആയിരുന്നു. ഐപിസി ഹെബ്രോൺ ബൈബിൾ കോളേജിൻ്റെ ഡീൻ ആയും നിരവധി വർഷങ്ങൾ കോശി സാർ പ്രവർത്തിച്ചു.

സഹപ്രവർത്തകരെ ആത്മാർത്ഥമായി സ്നേഹിക്കുകയും അവരോട് ഹൃദ്യമായി ഇടപെടുകയും ചെയ്യുന്ന കോശി സാർ അവരുടെ അഭിപ്രായങ്ങൾക്ക് വില നൽകുകയും പ്രായോഗികമാക്കാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. വളരെ പക്വതയോടെ സൗമ്യമായി എല്ലാവരോടും ഇടപഴകുന്ന പ്രൊഫസർ ടി സി കോശി എന്ന പാസ്റ്റർ സഹപ്രവർത്തകരുടെയും കുട്ടികളുടെയും ഹൃദയം കവർന്ന ദൈവദാസനാണ്. അടുത്ത തലമുറയ്ക്ക് അനുകരണീയമായ അനുഗ്രഹീത ആത്മീയ പൈതൃകം കൈമാറിയിട്ടാണ് മുൻ സൺഡേ സ്കൂൾ ജനറൽ കൺവീനർ വിടവാങ്ങിയത്. ആരോഗ്യമുള്ള കാലത്തൊക്കെയും അദ്ദേഹം തിരക്കുകൾക്കിടയിലും തന്റെ പ്രാദേശിക സഭയായ കല്ലിശ്ശേരി ഐപിസി സഭയിൽ സൺഡേ സ്കൂൾ അധ്യാപകനായിരുന്നു.

നിരവധി ഗ്രന്ഥങ്ങളുടെ കർത്താവായ അദ്ദേഹം ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി പരിഭാഷ സമിതിയിലും അംഗമായിരുന്നു. എച്ച് എം ഐ യിലും, വേൾഡ് വിഷനിലും പ്രധാന ചുമതലക്കാരനായി അദ്ദേഹം നൽകിയ നേതൃത്വം സമൂഹത്തിനും ദൈവസഭയ്ക്കും വളരെയധികം നേട്ടം ഉണ്ടാക്കാൻ ഇടയായി.

1997 മുതൽ 2006 വരെ പ്രിയ കോശി സാർ സൺഡേ സ്കൂൾ ജനറൽ ഡയറക്ടർ ആയിരിക്കുമ്പോൾ അദ്ദേഹത്തോടൊപ്പം ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. തുടർന്നാണ് ജനറൽ ഡയറക്ടറായി ഞാൻ ചുമതലയേറ്റത്. കൂടാതെ
പല പതിറ്റാണ്ടുകൾ സൺഡേ സ്കൂളിൻ്റെ വിവിധ ചുമതലകളിലും സഭയുടെ ജനറൽ കൗൺസിലിലും സ്റ്റേറ്റ് കൗൺസിലിലും, കൗൺസിലുകളുടെ പല ഉപസമിതികളിലും, ഹെബ്രോൺ ബൈബിൾ കോളേജിലും സാറിനോടൊപ്പം പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഈ അവസരങ്ങൾ എല്ലാം എനിക്ക് ഊഷ്മളമായ അനുഭവങ്ങളും പ്രവർത്തനങ്ങളിൽ പ്രോത്സാഹനവും നൽകുന്നതായിരുന്നു. സാറിൻ്റെ കുടുംബവുമായി അടുത്ത സ്നേഹവും ആത്മീയ സഹോദര ബന്ധവും എനിക്കുണ്ട്.

2025 ജൂൺ മാസം സാറിന്റെ ഇളയ മകൻ പാസ്റ്റർ സിസിൽ കോശിയുടെ ചിക്കാഗോയിൽ ഉള്ള ഭവനത്തിൽ പ്രിയ കോശി സാറിനെയും ആന്റിയെയും സന്ദർശിച്ചത് ഒരു നല്ല അനുഭവമായിരുന്നു.

കർട്ടന് പിന്നിൽ നിന്നുകൊണ്ട് സാറിൻ്റെ പ്രവർത്തനങ്ങളുടെ വിജയത്തിനു വേണ്ടി പ്രാർത്ഥിക്കുകയും അധ്വാനിക്കുകയും ചെയ്ത പ്രിയ ചിന്നമ്മ ആൻറിയെയും കൈത്താങ്ങലും പ്രോത്സാഹനവും നൽകിയ മക്കളെയും മറക്കാൻ കഴിയില്ല.

സാറിൽ നിന്ന് ലഭിച്ച മഹത്തായ സേവനങ്ങളെ ഇന്ത്യൻ പെന്തകോസ്ത് ദൈവസഭയ്ക്ക് പ്രത്യേകിച്ച് ഐപിസി സൺഡേ സ്കൂൾ പ്രസ്ഥാനത്തിനു ഒരിക്കലും മറക്കാൻ കഴിയില്ല. പ്രിയ പാസ്റ്റർ പ്രൊഫസർ ടി സി കോശി സാറിൻ്റെ വേർപാടിൽ ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളോട് ചേർന്ന് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച എല്ലാ സൺഡേ സ്കൂൾ പ്രവർത്തകരും ഇന്ന് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വരും പങ്കുചേരുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.