ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 103-ാ മത് ജനറല്‍ കണ്‍വന്‍ഷന്‍ ജനുവരി 19 മുതൽ 25 വരെ തിരുവല്ലായില്‍

വാര്‍ത്ത: ചര്‍ച്ച് ഓഫ് ഗോഡ് മീഡിയാ ഡിപ്പാര്‍ട്ട്‌മെന്റ്

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റ് നൂറ്റിമൂന്നാമത് ജനറല്‍ കണ്‍വന്‍ഷന്‍ 2026 ജനുവരി 19 മുതല്‍ 25 വരെ തിരുവല്ലായിലെ ചര്‍ച്ച് ഓഫ് ഗോഡ് കണ്‍വന്‍ഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കും. 19-ാം തീയതി തിങ്കളാഴ്ച വൈകിട്ട് 5.30 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്‌റ്റേറ്റ് ഓവര്‍സീയര്‍ പാസ്റ്റര്‍ വൈ. റെജി കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്യും, അസിസ്റ്റന്റ് ഓവര്‍സിയര്‍ ഡോക്ടര്‍ ഷിബു കെ മാത്യു അദ്ധ്യക്ഷത വഹിക്കും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്വദേശത്തും വിദേശത്തുമുള്ള ദൈവദാസന്മാര്‍ രാത്രി പകല്‍ യോഗങ്ങളില്‍ ദൈവവചനം ശുശ്രൂഷിക്കും.’ കര്‍ത്താവിന്റെ മടങ്ങി വരവും സഭയുടെ ഒരുക്കവും’ എന്നതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്‍ ചിന്താ വിഷയം. തിങ്കള്‍ മുതല്‍ ശനി വരെ വൈകുന്നേരം 5.30 മുതല്‍ 8.45 വരെയാണ് പൊതുയോഗങ്ങള്‍ നടക്കുന്നത്. ജനുവരി 20 ചൊവ്വാഴ്ച രാവിലെ 10 മണിമുതല്‍ ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്‌റ്റേറ്റില്‍ ദീര്‍ഘ വര്‍ഷങ്ങള്‍ സഭാ ശുശ്രൂഷ ചെയ്ത് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന സീനിയര്‍ ശുശ്രൂഷകന്മാരുടെ സമ്മേളനം നടക്കും. ഉച്ചകഴിഞ്ഞ് 2 മുതല്‍ പവര്‍ കോണ്‍ഫ്രന്‍സ്, 21 ബുധന്‍ പകല്‍ പവര്‍ കോണ്‍ഫറന്‍സും, 22 വ്യാഴം രാവിലെ 9.30 മുതല്‍ എല്‍.എം. വാര്‍ഷിക സമ്മേളനവും, ഉച്ചകഴിഞ്ഞ് 2 മുതല്‍ മിഷനറി സമ്മേളനവും ഉണ്ടായിരിക്കും. 23 വെള്ളി രാവിലെ 9.30 മുതല്‍ ദൈവസഭയുടെ സെമിനാരികളുടെ ബിരുദദാന ശുശ്രൂഷയും, ഉച്ചകഴിഞ്ഞു 2 മുതല്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സംയുക്ത സമ്മേളനവും നടക്കും. 24 ശനി രാവിലെ 8 മുതല്‍ സ്‌നാനശുശ്രൂഷയും, 9.30 മുതല്‍ ഉണര്‍വ്വ് യോഗവും, ഉച്ചകഴിഞ്ഞ് 2 മുതല്‍ വൈ.പി.ഇ. & സണ്ടേസ്‌കൂള്‍ വാര്‍ഷിക സമ്മേളനവും ഉണ്ടായിരിക്കും. 25ാം തീയതി ഞായറാഴ്ച രാവിലെ 8 മണി മുതല്‍ നടക്കുന്ന സംയുക്ത സഭാ യോഗത്തോടും കര്‍ത്യമേശയോടും കൂടെ ഈ വര്‍ഷത്തെ ജനറല്‍ കണ്‍വന്‍ഷന് സമാപനമാകും.

സ്‌റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങളും, ബിലിവേഴ്‌സ് ബോര്‍ഡ് അംഗങ്ങളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം വഹിക്കും. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ക്വയര്‍ ഗാനങ്ങളാലപിക്കും എന്ന് സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റര്‍ സംകുട്ടി മാത്യു, ബിലീവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി ബ്രദര്‍ ജോസഫ് മാറ്റത്തുകാല എന്നിവര്‍ അറിയിച്ചു.
ഭാരത ക്രൈസ്തവ സഭകളുടെ കണ്‍വന്‍ഷനുകളില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ കഴിഞ്ഞാല്‍ ഏറ്റവും അധികം വര്‍ഷം പിന്നിടുന്ന ജനറല്‍ കണ്‍വന്‍ഷനാണ് ചര്‍ച്ച് ഓഫ് ഗോഡിന്റേത്. ഇന്ത്യയിലെ പെന്തെക്കോസ്തു വാര്‍ഷിക കണ്‍വന്‍ഷനുകളുടെ മുത്തശ്ശിയെന്ന് അറിയപ്പെടുന്ന ചര്‍ച്ച് ഓഫ് ഗോഡ് ജനറല്‍ കണ്‍വന്‍ഷന്‍ 1923-ല്‍ പമ്പാ നദിയുടെ മണല്‍പ്പുറത്ത് ആറാട്ടുപുഴയില്‍ യശശ്ശീരനായ അമേരിക്കന്‍ മിഷണറി റവ. റോബര്‍ട്ട് ഫെലിക്‌സ് കുക്ക് ആരംഭം കുറിച്ചതാണ്.

1923 മുതല്‍ 1990 വരെ കേരളത്തിലെ വിവിധ ഇടങ്ങളിലാണ് ജനറല്‍ കണ്‍വന്‍ഷന്‍ നടന്നു വന്നിരുന്നത്. 1991 മുതല്‍ സഭയുടെ ജനറല്‍ കണ്‍വന്‍ഷന്‍ എല്ലാ വര്‍ഷവും ജനുവരിയില്‍ തിരുവല്ലായില്‍ സഭയുടെ സ്‌റ്റേഡിയത്തില്‍ നടന്നു വരുന്നു. കനല്‍വഴികള്‍ താണ്ടിയ പോരാട്ടവീഥിയില്‍ ഒട്ടനവധി പേരൂടെ ത്യാഗോജ്ജലമായ പ്രവര്‍ത്തനങ്ങളുടെ പരിണിത ഫലമായി ദൈവസഭയുടെ ജൈത്രയാത്ര അനസ്യൂതം ഇന്നും മുന്നേറുന്നു. തീഷ്ണമായ സഹനപാതയിലൂടെ വിശ്വാസ വീര്യം ഒട്ടും ചോരാതെ, പിതാക്കന്മാര്‍ തെളിച്ച അഗ്‌നി പാതയിലൂടെ മുന്നേറി സഭ ഇന്നും അതിന്റെ ജൈത്രയാത്ര തുടരുകയാണ്.

കേരളത്തില്‍ 1300-ല്‍ അധികം സഭകളും പതിനായിരക്കണക്കിന് വരുന്ന വിശ്വാസ സമൂഹവും ചര്‍ച്ച് ഓഫ് ഗോഡിന് സ്വന്തമാണ്. കണ്‍വന്‍ഷന് വിശ്വാസ സമൂഹത്തിന്റെ ബാഹുല്യമായ വരവിന് അനുസൃതമായ പാര്‍ക്കിംഗ്, ഭക്ഷണ ക്രമീകരണവുമാണ് ചെയ്തിരിക്കുന്നത്. സയണ്‍ മീഡിയ ഗ്ലോബല്‍, ഫെയ്‌സ് ബുക്ക്, യൂടൂബ് എന്നിവയില്‍ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.