ചർച്ച് ഓഫ് ഗോഡ് അംഗം ജസ്റ്റീനാ ജോസഫ് ദേശീയ സ്കൂൾ ഗെയിംസ് ബാസ്ക്‌കറ്റ് ബോളിൽ സബ് ജൂനിയര്‍ വിഭാഗത്തിൽ സ്വർണം നേടി
കേരള കായികചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ച് സബ് ജൂനിയര്‍ വിഭാഗത്തില്‍ കേരളാ ടീം സ്വര്‍ണ മെഡല്‍ സ്വന്തമാക്കി. മധ്യപ്രദേശിലെ ഷാഹ്ഡോളിൽ നടന്ന 69- മത് ദേശീയ സ്കൂൾ ഗെയിംസ് ബാസ്ക്‌കറ്റ് ബോളിൽ അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ മഹാരാഷ്ട്ര ടീമിനെ 46–25 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് കേരളം കിരീടം നേടിയത്.
സെമിഫൈനലില്‍ ശക്തരായ തമിഴ്‌നാട് ടീമിനെ 67–52 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് കേരളം ഫൈനലില്‍ പ്രവേശിച്ചത്. ഈ ഇനത്തില്‍ കേരളം ആദ്യമായാണ് സ്വര്‍ണ നേട്ടം കൈവരിക്കുന്നത്.
ചാമ്പ്യന്‍ ടീമിലെ അംഗമായ ജസ്റ്റീനാ ജോസഫ് മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയയായി. കോട്ടയം കഞ്ഞിക്കുഴിയിലെ മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ജസ്റ്റീനാ. തിരുവഞ്ചൂര്‍ ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ജസ്റ്റീന, ജെയിമോന്‍–അനു ദമ്പതികളുടെ മകളാണ്. പത്താം ക്ലാസ് വിദ്യാര്‍ഥിയായ ജോയാഷ് ജോസഫ് സഹോദരനാണ്.
ജസ്റ്റീനയുടെയും കേരളാ ടീമിന്റെയും ഈ നേട്ടം കായിക പ്രേമികള്‍ക്ക് അഭിമാന നിമിഷമായി മാറിയിരിക്കുകയാണ്.

- Advertisement -



Comments are closed, but trackbacks and pingbacks are open.