എഡിറ്റോറിയൽ: ഉയരുക – പക്ഷേ താഴെയുള്ള ഭൂമിയെ മറക്കരുത് | ഫിന്നി കാഞ്ഞങ്ങാട്
കേരളത്തിലെ അറിയപ്പെടുന്ന നേതാവിന്റെ രാഷ്ട്രീയ പതനത്തെ കുറിച്ചുള്ള വാർത്തകൾ മീഡിയകളിൽ വളരെ സജീവമാണ്. ചെറിയ പദവികളിൽ നിന്നും എംഎൽഎ സ്ഥാനത്തേക്ക് ഉയർന്നുവന്നുവെങ്കിലും അധികാരവും പണവും സോഷ്യൽ മീഡിയ സെലിബ്രറ്റി സ്റ്റാറ്റസും ആ വ്യക്തിയെ തന്റെ നിലവാരം വിട്ട് പെരുമാറുവാൻ ഇടയായി. ഉയർത്തിക്കൊണ്ട് വന്ന പ്രസ്ഥാനവും ഉയർത്തിക്കൊണ്ട് വന്നവരും കഴിവുള്ള, ആർജ്ജവമുള്ള, ആ വ്യക്തിയെ കുറിച്ച് വേദനിക്കുന്ന എത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തപ്പെട്ടു. അധികാരം, പണം, സ്ത്രീ എന്നീ മൂന്ന് വിഷയങ്ങളിലാണ് നേതൃത്വത്തിൽ ഒരു വ്യക്തി വീണു പോകുവാൻ ഈ കാലത്ത് പൊതുവെ സാധ്യതയുള്ളത്.
മറ്റുള്ളവരുടെ പിൻബലത്തിലും പോത്സാഹനത്തിലുമാണ് നമ്മിൽ പലരും ഒരോ സ്ഥാനങ്ങളിലേക്ക് ഉയർന്നു വരുന്നത്. ചിലരുടെ പ്രാർത്ഥനകൾ, പരിത്യാഗങ്ങൾ,ഉപദേശങ്ങൾ, കൈത്താങ്ങലുകൾ … ഉയരത്തിൽ എത്തുമ്പോൾ അവരുടെ മുഖങ്ങൾ മങ്ങിയാൽ, ഹൃദയം വേദനിച്ചാൽ അതിനെക്കാൾ വലിയ അനാഥത്വം നമുക്കില്ല. മനുഷ്യൻ ഉയരങ്ങളിൽ നിന്ന് വീഴുന്നത് ഭൗതികമായൊരു തകർച്ച മാത്രമല്ല — ബന്ധങ്ങളുടെയും വിശ്വാസത്തിന്റെയും നഷ്ടമാണ് അതിൽ ഏറ്റവും വേദനാജനകം.
ജീവിതത്തിൽ ഉയരുമ്പോൾ “പേടിക്കണം” എന്നത് ഭയത്തിന്റെ പേരിൽ അല്ല,
നമ്മുടെ പരിമിതികളെ ഓർക്കാനുള്ള ജാഗ്രതയുടെ പേരിലാണ്.
ഉയരങ്ങളിൽ ഉള്ളവർക്ക് ഭയം ഉണ്ടാകണം —വീഴ്ച. നിലത്ത് നിൽക്കുന്നവൻ വീണാലും വലിയൊരു പ്രശ്നമാകില്ല. പക്ഷേ ഉയരത്തിലുള്ളവൻ വീണാൽ അതിന്റെ ആഘാതം കൂടുതലായിരിക്കും. അതുകൊണ്ടാണ് വിനയം എന്നത് ഒരു സുരക്ഷയാണ് എന്ന് പറയുന്നത്.
ജീവിതം നമ്മോട് പറയുന്ന വലിയ പാഠം ഇതാണ്: മനുഷ്യനെ ഉയർത്തുന്നത് അവന്റെ പെരുമാറ്റമാണ്, പണം അല്ല; അവനെ ബഹുമാനിക്കുന്നത് അവന്റെ വിനയമാണ്,താഴ്മയാണ് പദവി അല്ല; അവനെ ഓർക്കുന്നത് അവന്റെ മനുഷ്യത്വമാണ്, സോഷ്യൽ മീഡിയ സ്റ്റാറ്റസ് അല്ല.
ഉയരുന്നതൊന്നും തെറ്റില്ല. പണം വരട്ടെ, പദവി ലഭിക്കട്ടെ, ജനകീയത കൂടട്ടെ—അവയെല്ലാം നല്ലതാണ്. പക്ഷേ അവ നമ്മെ അഹങ്കാരത്തിലേക്ക് നയിച്ചാൽ, അത് അനുഗ്രഹമല്ല, ഒരു പരീക്ഷയാണ്. വിനയം നഷ്‌ടപ്പെട്ടാൽ എല്ലാത്തിനും വിലപോകും.
വിനയമുള്ളവൻ എവിടെ ചെന്നാലും ആളുകൾ സ്‌നേഹിക്കും; അഹങ്കാരിയാകുമ്പോൾ ആളുകൾ കൂടെയുണ്ടെങ്കിലും മനസിലാകും ആ ഒറ്റപ്പെടൽ…
ധാർമ്മികതയാണ് നേതാവിന്റെ ജീവിതത്തിലെ അടിത്തറ. ശരിയും തെറ്റും തിരിച്ചറിഞ്ഞ് നീതിയോടെയാണ് ഒരു നേതാവ് പ്രവർത്തിക്കേണ്ടത്. ജീവിതം തന്നെ ഒരു മാതൃകയാകണം. വാക്കുകളേക്കാൾ പ്രവൃത്തികൾക്ക് ശക്തിയുണ്ട്. വാഗ്ദാനങ്ങൾ പാലിക്കുകയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്നവനാണ് നല്ല നേതാവ്. അഹങ്കാരം ജീവിതത്തെ തകർക്കും. അഹങ്കാരത്തിൽ വീഴാതെ താഴ്മയുള്ള ജീവിതം നയിക്കണം. വിശ്വസ്തനായ നേതാവ് പ്രതിസന്ധിക്കാലത്ത് പോലും പിന്നോട്ട് പോകുന്നില്ല. ശരിയായ കാര്യത്തിൽ വേണ്ടി മാത്രം ഉറച്ച് നിൽക്കും. ധാർമ്മികത, വിശ്വസ്തത, കടപ്പാട് — ഇവ ഒരുമിച്ച് വന്നാൽ നേതൃത്വം പദവിയല്ല, അത് ഒരു സേവനമായി മാറുന്നു.
അവസാനം, ഓർക്കേണ്ടതൊരു സത്യം —
ജീവിതം നമ്മെ ഉയരങ്ങളിൽ എത്തിക്കാം, പക്ഷേ ആ ഉയരങ്ങളിൽ നിലനിർത്തുന്നത് നമ്മുടെ വിനയവും താഴ്മയുമാണ്.
ജീവിതത്തിലെ ഓരോ ഉയർച്ചയും ഒരു നിർണായക ഓർമ്മപ്പെടുത്തലാണ്:
“നീ ആരാണെന്ന് മറക്കരുത്.”
ഫിന്നി കാഞ്ഞങ്ങാട്

- Advertisement -



Comments are closed, but trackbacks and pingbacks are open.