ഭാവന: അപ്രതീക്ഷിതമായ വിളി | ലിജി കോശി

ശരറാന്തലിന്റെ തിരി മെല്ലെ താഴ്ത്തി ഉമ്മറത്തിണ്ണയിലിരുന്നവൾ വിദൂരതയിലേക്ക് നോക്കി പിറുപിറുത്തു…

“ഇതിയാനിത് എവിടെപ്പോയി… നേരം പുലർന്നേമുന്നേ പോയതാണിവിടുന്ന്. അതോ മേലാകെ വേദനയും ജ്വരവുമായിട്ട് നേരോത്രെം ഇരുണ്ടിട്ടും കാണാനില്ലല്ലോ ദൈവമേ…”

അടുത്തിരിക്കുന്ന മക്കളെ നോക്കി അവൾ പുലമ്പി.
കുഞ്ഞുമകൻ റൂഫസ്സിനെയും അലസാണ്ടറെയും നോക്കിയവൾ ഇങ്ങനെ പറഞ്ഞു:

“നിങ്ങളെ നല്ലോണം നോക്കാനാട്ടോ പുള്ളാരേ… നിങ്ങടെ അപ്പനിത്രേം പണിയെടുക്കണത് നിങ്ങളാണു ദിയാന്റെ പ്രതീക്ഷ. അതുകൊണ്ട് നല്ലോണം പഠിക്കണോട്ടോ…”

അമ്മയുടെ വാക്കുകൾക്ക് സ്നേഹത്തോടെ മക്കൾ തലയാട്ടി.
മൂത്ത മകൻ അലസാണ്ടർ പറഞ്ഞു:

“അമ്മേ, ഞാൻ അപ്പനോട് ഒരു പുസ്തകം മേടിക്കണ കാര്യം പറഞ്ഞിരുന്നു. കാശില്ലാഞ്ഞിട്ട് പകലന്തിയോളം പണിയെടുത്ത് അത് മേടിക്കാനാണാവോ അപ്പനിത്രേം വയ്യ്കുന്നേ…”

അവന്റെ മനസ്സിലും വേവലാതി പടർന്നെന്ന് അമ്മയ്ക്ക് മനസ്സിലായി. അവൾ പറഞ്ഞു:

“നിങ്ങൾ വിഷമിക്കേണ്ടാട്ടോ… അപ്പനിപ്പോ വരുവേ…”

തണുത്ത കാറ്റുപോലെ അവളുടെ ആ ശബ്ദം കുരുന്ന് മനസ്സുകളെ ശാന്തരാക്കി…

പൊടുന്നനെ ഒരു ശബ്ദം പുരമുറ്റത്ത് കേട്ടു. അവർ നോക്കുമ്പോൾ അതാ, ദേഹമാസകലം ചോരപ്പാടുകളും തുണിയെല്ലാം പിന്നികീറി, മുടിയാകെ അലങ്കോലമായി തന്റെ പ്രിയതമൻ കയറി വരുന്നു…

തന്റെ ശബ്ദം കേട്ടവൾ സന്തോഷത്തോടെയും, തന്നെ കണ്ടവൾ അവ്യക്തതയോടെയും അവന്റെ അടുത്തേക്ക് ഓടി. അവൾ പരിഭ്രാന്തിയോടെ ചോദിച്ചു:

“എന്താ പറ്റിയത്? മേലാകെ ചോരയാണല്ലോ… കൈവെള്ള എങ്ങനെ മുറിഞ്ഞേ? തുണിയെന്താ ഇങ്ങനെ ഇരിക്കണേ…?”

അവളുടെ വാക്കുകൾക്ക് കാതോർക്കാതെ ഒരു നെടുവീർപ്പിട്ടുകൊണ്ടവൻ പടിയിലിരുന്ന് വെള്ളം വേണമെന്നവളോട് ആംഗ്യം കാണിച്ചു.

മറുപടി കിട്ടാത്തതിന്റെ പരിഭവത്തിൽ അവൾ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അകത്തേക്ക് ഓടി ഒരു മൊന്ത വെള്ളവുമായി അവന്റെ അടുത്തേക്ക് ചാരിയിരുന്നു…

വെള്ളം കൈയിലെത്തിയതോടെ, ഒരു ശ്വാസത്തിൽ തന്നെ അത് മുഴുവൻ അവൻ കുടിച്ചു തീർത്തു. ഒരു നീണ്ട നെടുവീർപ്പോടെ അവൻ മക്കളുടെ അടുത്തിരുന്നു.

മക്കൾ പേടിയോടെ അവനോട് ചോദിച്ചു:
“എന്താ പറ്റിയതാപ്പാ?”

അവരെ മാറോട് ചേർത്തവൻ കാര്യം പറഞ്ഞു തുടങ്ങി…

“വയലിൽ പണി ചെയ്തുകൊണ്ടിരുന്ന എന്റെ മേലാകെ വിറയ്ക്കുന്നതുപോലെ, ബലമെല്ലാം ക്ഷയിക്കുന്നതുപോലെ എനിക്ക് തോന്നി. കൂടെ നിന്നവരെല്ലാം വീട്ടിലേക്ക് പോയിക്കോളിനെന്ന് പലവട്ടം എന്നോട് പറഞ്ഞു. പക്ഷേ വീടിന്റെ അവസ്ഥ ഓർത്തപ്പോൾ എനിക്ക് നിർത്തിവരാനേ തോന്നിയില്ല.

അങ്ങനെ ഇരുന്നപ്പോഴാണ് അവിടാരോ പറയുന്നത് കേട്ടത് – ഗ്രാമത്തിൽ എന്തോ ബഹളം കേൾക്കുന്നെന്ന്. എല്ലാവരും അങ്ങോട്ടോടാനുള്ള തിരക്കിലായിരുന്നു.

ഗ്രാമത്തിലേക്ക് നടക്കുന്നതിനിടയിൽ എന്റെ മേൽ വേദനയും പനിയുമെല്ലാം കൂടി വന്നു. ഗ്രാമത്തിലേക്ക് ഓടുന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞിരിക്കുന്നു. ഒരു നിശ്ചലമായ ഭയം അവിടെ നിറഞ്ഞുനിൽക്കുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു…

എന്താണെന്ന് അറിയാൻ എന്റെ ഹൃദയം ആഗ്രഹത്താൽ നിറഞ്ഞു. ഞാൻ മുന്നോട്ട് നീങ്ങുന്ന സമയത്ത് ചിലരുടെ കൂവലിന്റെയും പരിഹാസത്തിന്റെയും ശബ്ദങ്ങൾ എന്റെ കാതുകളിൽ മുഴങ്ങി കേട്ടു.

അങ്ങനെ ഞാൻ എത്തി നോക്കിയപ്പോൾ, പടയാളികളിലൊരുവൻ എന്നെ കൈകാട്ടി വിളിച്ചു. ഞാൻ പനിയാണ്, എനിക്ക് മേലാന്നൊക്കെ പറഞ്ഞു നോക്കി, പക്ഷേ അയാൾ അതൊന്നും കൂട്ടാക്കാതെ എന്റെ കൈക്ക് പിടിച്ചു വലിച്ച് നിർബന്ധിച്ചു.

മനസ്സില്ലാ മനസ്സോടെ ഞാൻ, ക്രൂശുമായി വീണുകിടക്കുന്നവനെ നോക്കി ‘ഞാൻ എന്തിനീ കള്ളനെ സഹായിക്കണം’ എന്നു പലവട്ടം പിറുപിറുത്തു പറഞ്ഞു. അപ്പോഴും അവന്റെ മഹിമ ഞാൻ തിരിച്ചറിഞ്ഞില്ലായിരുന്നു.

ഞാൻ അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ നടപ്പ് തളർന്നിരുന്നു, തോളുകളുടെ ശക്തി ക്ഷയിച്ചിരുന്നു. പക്ഷേ മുഖത്തോ – മനസ്സിനെ തൊട്ടുനർത്തുന്ന ആഴത്തിലുള്ള ശാന്തി. അവന്റെ കണ്ണുകളിലേക്ക് നോക്കിയപ്പോൾ, ക്ഷീണത്താൽ കുഴിഞ്ഞിരുന്നെങ്കിലും കരുണയുടെ കടൽ അവിടെ തിരയടിക്കുന്നതുപോലെ ഞാൻ കണ്ടു.

അപ്പോൾ പടയാളികൾ തമ്മിൽ പറയുന്നത് ഞാൻ ശ്രദ്ധിച്ചു – ‘ഇനിവനു നടക്കുവാനുള്ള ആവതില്ല.’ ഇതു പറഞ്ഞശേഷം അവരുടെ നോട്ടം എന്നിലേക്ക് പതിച്ചു.

‘ക്രൂശെടുക്കൂ…’ എന്നവർ എന്നെ നോക്കി ക്രോധിച്ചു.

ഉടനെ ഞാൻ അവന്റെ കൈയ്ക്ക് താങ്ങുപിടിച്ചു. പെട്ടെന്ന് എന്തോ ഒരു ശക്തി എന്നിലേക്ക് ചുറ്റുന്നത് പോലെ എനിക്ക് അനുഭവപ്പെട്ടു. എന്റെ മേൽ വേദനയും പനിയുമെല്ലാം തൽക്ഷണം മാറിപ്പോയി. എന്തോ ഒരു പുതിയ ശക്തി എന്നിലേക്ക് നിഴലിട്ടതായി ഞാൻ എന്റെ ശരീരത്തിലനുഭവിച്ചു.

അവന്റെ മൃദുവായ കണ്ണുകൾ നന്ദിയോടെ നിറഞ്ഞിരുന്നു. അവന്റെ ക്ഷീണിച്ച മുഖം എന്നെ കൂടുതൽ സങ്കടത്തിൽ ആക്കി. ഞാൻ ആ ക്രൂശ് താങ്ങി അവന്റെ കൂടെ നടന്നുനീങ്ങി…

ആ മരക്കുരിശിന്റെ ഭാരം എന്റെ ശരീരത്തിൽ വേദന പടർത്തിയെങ്കിലും, അത് വെറുമൊരു ക്രൂശ് അല്ല; മറിച്ച് ഞാൻ ചുമക്കുന്നത് ഒരു യാഗത്തിന് ഭാഗമാണെന്നാരോ എന്റെ കാതിൽ മന്ത്രിക്കുന്നതുപോലെ എനിക്ക് തോന്നി.

പടയാളികളുടെ പരിഹാസം കേട്ടിട്ടും മറുപടി പറയാതെ നിന്ന അവന്റെ സമാധാനമുള്ള മനസ്സിനെ ഞാൻ ഓർത്തു. അതേയവൻ ‘സർവ്വകൃപാലുവായ ദൈവം’ ആണെന്നെനിക്ക് അപ്പോൾ ബോധ്യമായി.

കുറച്ച് ദൂരം നടന്നപ്പോഴേക്കും അവനെ ക്രൂശിക്കേണ്ട സ്ഥലം എത്തിയിരുന്നു. ഏകദേശം മൂന്നാം മണി നേരമായപ്പോൾ അവനെ ക്രൂശിച്ചു.

ക്രൂശീകരണാനന്തരം പരിസ്ഥിതിയിൽ വന്ന മാറ്റം കണ്ടപ്പോൾ ഞാൻ ഉറപ്പിച്ചു – ഇവന്റെ കീഴിൽ സർവ്വവും, സർവ്വസൃഷ്ടിയും അവന്റെ അധീനതയിൽ ആയിരുന്നെന്ന്. ‘അവൻ ദൈവപുത്രനാണ്’ – സത്യമെന്ന് പറഞ്ഞുകൊണ്ട് ഞാൻ ആ ക്രൂശിന് മുകളിലേക്ക് നോക്കി. അപ്പോൾ അതിന്മുകളിൽ “യഹൂദന്മാരുടെ രാജാവ്” എന്ന ഒരു കുറ്റം എഴുതിവച്ചിരിക്കുന്നതായി ഞാൻ കണ്ടു.

പക്ഷേ എനിക്കത് കുറ്റമായിട്ടല്ല, മറിച്ച് മികവുറ്റ യാഥാർത്ഥ്യമായിട്ടാണ് തോന്നിയത്…

അവന്റെ ക്രൂശ് താങ്ങി തെന്നിവീണപ്പോൾ എന്റെ കൈവെള്ള കല്ലിന്മേൽ തട്ടി മുറിഞ്ഞു. ആ വേദന എനിക്ക് സഹിക്കാവുന്നതല്ലായിരുന്നു. അപ്പോൾ തന്നെ മൂന്നാണിമേൽ തൂങ്ങുന്നവൻ – എന്റെ പാപത്തിന്റെ ഫലമായി തൂങ്ങുന്ന ആ ദൃശ്യമാണ് എന്നെ ചിന്തിപ്പിച്ചത്. പലതും പഠിപ്പിച്ചു…

ഇവനെ നേരത്തെ അറിയാത്തത് ഓർത്ത് ഞാൻ വിലപിച്ചു. പക്ഷേ ഇനി ഒട്ടും സമയം പാഴാക്കാതെ, എന്റെ മനസ്സിൽ അവനു സ്ഥാനം നൽകും എന്ന് ഞാൻ തീരുമാനിച്ചു.

ഇത്രയൊക്കെ പറഞ്ഞു തീർന്നപ്പോഴേക്കും കേൾവിക്കാരായ മൂവരുടെയും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അവർ മൂവരും ഒരുപോലെ പറഞ്ഞു:

“ഞങ്ങളും അവനെ സ്നേഹിക്കും.”

അപ്പോൾ അവൻ പറഞ്ഞു:

“മൂന്നു ദിവസങ്ങൾക്കപ്പുറം അവൻ ഉയിർത്തെഴുന്നേൽക്കും എന്ന് അവൻ പറഞ്ഞതായി അവിടെ നിന്നവർ പറയുന്നത് ഞാൻ കേട്ടു. നമുക്ക് കാത്തിരിക്കാം. തീർച്ചയായും അവൻ കല്ലറകളെ ഭേദിച്ച് ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യും.”

എന്നിട്ട് അവൻ തന്റെ പ്രിയതമയോട് പറഞ്ഞു:

“എടി, ഞാൻ ചുമന്നത് കേവലം ഒരു സാധാരണ മനുഷ്യന്റെ വേദനയല്ല. അതുകൊണ്ടുതന്നെ നമ്മുടെ കുടുംബം രക്ഷിക്കപ്പെടും. കാരണം ദൈവപുത്രനെ സഹായിച്ചവർ ആരും തോറ്റുപോയിട്ടില്ലല്ലോ… നമ്മുടെ മക്കൾ നല്ല പദവിയിൽ എത്തും, അതെനിക്കുറപ്പുണ്ട്…”

ആ രാത്രിയുടെ അവസാനം അവൻ ദൈവത്തിന് ഒത്തിരി നന്ദി പറഞ്ഞു – ആ യാഗത്തിലൊരു ഭാഗമാക്കിയതിന്, ആ നീതിമാന്റെ കരം പിടിക്കാൻ, ആ ഭാരം ചുമക്കാൻ തന്നെ തിരഞ്ഞെടുത്തതിന്.

ആ പടയാളി എന്നെ വിളിച്ചില്ലായിരുന്നെങ്കിൽ, ആ ‘അപ്രത്യക്ഷമായ വിളി’ എന്നെ തേടി എത്തിയില്ലായിരുന്നുവെങ്കിൽ എനിക്ക് ഈ രക്ഷയെ കരസ്ഥമാക്കാൻ കഴിഞ്ഞിരിക്കില്ലായിരുന്നു എന്നോർത്തവൻ നന്ദിയോടെ ദൈവത്തെ സ്മരിച്ചു…

നന്ദിനിറഞ്ഞ ഹൃദയത്തോടെ അവൻ ആ രാത്രി ഉറങ്ങി…

മൂന്നാം നാൾ സർവ്വശക്തന്റെ ഉയിർത്തെഴുന്നേൽപ്പിനായുള്ള കാത്തിരിപ്പോടെ…..

 

ലിജി കോശി

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.