എഡിറ്റോറിയൽ: നേതൃത്വത്തിന്റെ പരസ്പരം പോര്: മനം മടുത്ത ഐ.പി.സി സഭകൾ സ്വതന്ത്ര രജിസ്ട്രേഷനിലേക്കോ?

ന്നത്തെ ഐപിസി സഭകൾ നേരിടുന്ന വലിയ വെല്ലുവിളികളിൽ ഒന്നാണ് നേതൃത്വത്തിലെ പരസ്പര പോരാട്ടങ്ങളും സംഘർഷങ്ങളും. ഒരിക്കൽ ദൈവഭക്തിയുടെയും ഐക്യത്തിന്റെയും പ്രതീകമായിരുന്ന സഭ, ചില സ്ഥലങ്ങളിൽ, വ്യക്തിപരമായ ആഗ്രഹങ്ങളും അധികാരത്തിനായുള്ള പിടിച്ചുപറിക്കലും കാരണം തളർച്ചയിലൂടെയാണ് കടന്നുപോകുന്നത്. സേവനത്തിന് വിളിച്ചവരെക്കാൾ സ്ഥാനത്തിനായി ഓടുന്നവരാണ് ചിലരെന്ന തരത്തിലുള്ള ധാരണ വിശ്വാസികളുടെ മനസ്സിൽ വളരുന്നത് സഭയുടെ ആത്മീയ അന്തരീക്ഷത്തെയും സാക്ഷ്യത്തെയും തന്നെ ബാധിക്കുന്ന അവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. സെക്കുലർ മാധ്യമങ്ങൾ പോലും പരിഹാസരൂപേണ വാർത്തകൾ ബ്രേക്ക് ചെയ്യുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ സഭകളെ അതിക്ഷേപിക്കുന്ന കമന്റുകൾക്കൊണ്ട് നിറയുന്നു.

വിദേശത്തും സ്വദേശത്തും സഭാ ജനങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കുന്ന പണം സ്തോത്ര കാഴ്ചയും ദശാംശവും സംഭാവനകളുമായി ലഭിക്കുമ്പോൾ അതൊക്കെ സുഖത്തിനും ലോലുപതയ്ക്കും ഉപയോഗിച്ച് പരസ്പരം പോരടിക്കുന്നത് ആത്മീയവും ധാർമ്മികവുമല്ല. ഓരോ മേഖലയിലും, ഓരോ സഭാപ്രശ്നത്തിലും, നേതാക്കൾ തമ്മിലുള്ള ശക്തിപ്രയോഗവും, സ്വാധീനമുണ്ടാക്കാനുള്ള നീക്കങ്ങളും, ഗൂഢചർച്ചകളും , അനാവശ്യമായ തെറ്റിദ്ധാരണകളും ഉയർന്നുവരുന്നതാണ് കണ്ടുവരുന്നത്. ഇത് സാധാരണ വിശ്വാസികളെ ആശയക്കുഴപ്പത്തിലാക്കി മനംമടുപ്പിക്കുന്ന അവസ്ഥയിലാക്കുന്നു. “ആരാണ് ശരി?” എന്ന ചോദ്യമല്ലാതെയും “ഇതെന്തിന്?” എന്ന നിരാശയുമാണ് കൂടുതലായി ഉയരുന്നത്. സഭയുടെ ജീവിതത്തിൽ ദൈവീകതയല്ല, രാഷ്ട്രീയമാണ് അധികം പ്രകടമാകുന്നതെന്ന വേദനയോടെയാണ് അനേകം വിശ്വാസികൾ ഇന്ന് ജീവിക്കുന്നത്.

ഈ പശ്ചാത്തലത്തിലാണ് സ്വതന്ത്ര സഭ രജിസ്ട്രേഷൻ എന്ന ചിന്ത പല ഇടങ്ങളിലും ഉയർന്ന് വരുന്നത്. ചില സഭകൾക്ക് ഇതൊരു രക്ഷാമാർഗ്ഗം പോലെ തോന്നുന്നു. “മുകളിൽ നടക്കുന്ന പോരാട്ടങ്ങളിൽ നിന്ന് വിശ്വാസികളെ രക്ഷിക്കണം”, “പ്രാദേശിക സഭയെ സ്വതന്ത്രമായി നയിക്കണം”, “ലൗകീകതയിൽ നിന്ന് അകന്നിരിക്കണം” എന്നീ വാദങ്ങളാണ് ഈ പ്രവണതയെ ന്യായീകരിക്കാൻ വലയുന്നത്. വർഷങ്ങളായി ഐ.പി.സിയിൽ വളർന്ന വിശ്വാസികളും മുതിർന്ന ശുശ്രൂഷകരും മാനസികമായി ക്ഷീണിതരാകുകയും “ഈ കലഹങ്ങൾ എന്ന് അവസാനിക്കും?” എന്ന ആശങ്കയിൽ കഴിയുകയും ചെയ്യുന്നു.
വിശുദ്ധിയും വേർപാടും അവകാശപ്പെടുന്ന പെന്തക്കോസ്തിൽ നിന്നും മാതൃകയില്ലാത്ത പ്രവർത്തികൾ വിശ്വാസികളെ കുറച്ചൊന്നുമല്ല വേദനിപ്പിക്കുന്നത്.

നേതൃത്വത്തിൽ നടക്കുന്ന സംഘർഷങ്ങൾ പലപ്പോഴും വ്യക്തിപരമായ അഹങ്കാരങ്ങളും ഉണ്ടാക്കുന്നത്. ആത്മീയ നയതന്ത്രത, ദൈവഭക്തി, സ്വയംനിഷേധം ഇവയാണ് ശുശ്രൂഷയുടെ അടിസ്ഥാനം, അധികാരം അല്ല. “അധികാരിയായി” നിൽക്കാൻ ശ്രമിക്കുന്ന സമീപനമാണ് ഇന്ന് കണ്ടുവരുന്ന പ്രശ്നങ്ങളുടെ മൂലകാരണം. ഇതിന് പരിഹാരം സ്വതന്ത്രമാകലല്ല; മറിച്ച് പശ്ചാത്താപവും ആത്മപരിശോധനയും മാതൃകാപരമായ ദൈവിക നേതൃത്വം പുനഃസ്ഥാപിക്കലാണ്.
യേശുവിന്റെ ഐഹിക ജീവകാലത്ത് ശിഷ്യൻമാരുടെ ഇടയിലും തങ്ങളിൽ ആരാണ് വലിയവൻ എന്ന ചിന്തയുണ്ടായിരുന്നു. അതിനു മറുപടിയായി ദാസ്യത്വ നേതൃത്വം (servant leadership) ആണ് ആവശ്യമെന്നു കർത്താവു മാതൃക കാണിച്ചു കൊടുത്തു. ശീതീകരണ മുറിയിൽ കറങ്ങുന്ന കസേരയിലിരുന്നു അണികളെ താഴ്മ പഠിപ്പിക്കുന്ന നേതാക്കൾ ഇതൊന്നും കണ്ടില്ലെന്നു നടിക്കുന്നു. മാത്രമല്ല തങ്ങളുടെ സ്വാർത്ഥ ലാഭത്തിനായി തങ്ങളുടെ അധികാരം ദുർവിനിയോഗം ചെയുന്നു എന്നതും ഒരു ദുഖസത്യമാണ്.

അവസാനം ചിന്തിക്കേണ്ട കാര്യം ഇതാണ്: ഈ പോരാട്ടങ്ങളിലൂടെ ആരാണ് ജയിക്കുന്നത്? യഥാർത്ഥത്തിൽ ആരും ജയിക്കുന്നില്ല. സഭയുടെ സ്വാധീനവും സാക്ഷ്യവും മാത്രമാണ് മങ്ങിക്കൊണ്ടിരിക്കുന്നത്. വിശ്വാസികളുടെ മനസ്സിൽ പിളർന്നുപോയ വിശ്വാസവും നിരാശയും മാത്രമേ അവശേഷിക്കുന്നുള്ളു. സഭയുടെ ഭാവി നേതൃത്വങ്ങൾ ഈ പാഠം ഗൗരവത്തോടെയും ആത്മീയ ഭാരത്തോടെയും മനസ്സിലാക്കണം. ദൈവസഭയുടെ ദർശനമാണ് മുൻ‌ഗണനയായി വരേണ്ടത് വ്യക്തികളുടെ ആഗ്രഹങ്ങളല്ല.

മാതൃകയില്ലാത്ത അധികാര വടംവലിയിൽ പ്രസ്ഥാനത്തെ ഇനി നേർവഴിയിൽ കൊണ്ടുവരുവാൻ സാധിക്കുകയില്ല എന്ന് ശുശ്രൂഷകരും ചിന്തിച്ച് തുടങ്ങി എന്ന് കേൾക്കുന്നത് അത്ഭുതമല്ല, എന്നാൽ യുവതലമുറ ദൈവരാജ്യത്തിന്റെ അവകാശികളാകാതെ ഇരിക്കുവാൻ അവരെ പിന്നോട്ട് മാറ്റുന്ന രീതിയിലുള്ള സത്താന്യ സഭാരാഷ്ട്രീയം അവസാനം എത്തിക്കുക അഗ്നി നാവുള്ള, കയ്യിൽ വീശുമുറം ഉള്ള, ഒരിക്കൽ ആലയത്തെ ശുദ്ധീകരിക്കാൻ ചാട്ടവാർ എടുത്ത കർത്താവിന്റെ അടുക്കൽ തന്നെ ആകുമെന്നതിൽ ശങ്ക ഇല്ല.

തൊഴിലുറപ്പിനും, കൂലിവേലക്കും, പാറമടയിലും ദിവസക്കൂലികൾക്ക് ജോലിചെയ്യുന്ന സാധുക്കളായ ദൈവമക്കളുടെ സമ്പാദ്യത്തിന്റെ ഒരുഭാഗം തട്ടി ഇങ്ങനെയുള്ള നാണംകെട്ട രാഷ്ട്രീയം കളിച്ച് പണം സാമ്പാദിക്കുന്നതിന്റെ ഉദാഹരണമാണ് ഈ തമ്മിൽ തല്ലുകൾ. അധികാര മോഹികളെ മാറ്റി നിറുത്തുവാൻ ദൈവജനം ഉത്സാഹിക്കുന്നു എന്ന് കേൾക്കുന്നത് ഉചിതമായി തോന്നുന്നു.

കൺവൻഷനുകൾ നടത്തുന്നത് ദൈവനാമം ഉയർത്തപ്പെടേണ്ടതിനും പാപികൾ ദൈവത്തെ അറിയാനും ആണെന്നുള്ള ആത്മവീക്ഷണം മാറി സ്വന്തം പേര് വലുതാക്കാനും സഭയെ കീറിമുറിക്കാനും ഉപയോഗിക്കുകായണിന്ന്.
പ്രസംഗവും പ്രവർത്തികളും തമ്മിൽ പൊരുത്തപ്പെടാത്ത ജീവിതമാണ് ഇന്നത്തെ നേതൃത്വത്തിന്റെ എന്ന് പറയുന്നതിൽ ലജ്ജ ഉളവാക്കുന്നു. ശത്രുക്കളെ സ്നേഹിക്കണം എന്ന് വെള്ള ഷർട്ടും ക്ലീൻ ഷേവും ചെയ്ത് വിശുദ്ധരെന്ന് സ്വയം പ്രശംസിക്കുന്നവർ പരസ്പരം കടിച്ചു കീറുന്നത് സമൂഹത്തിൽ എത്ര മാതൃകാപരമാണെന്ന് നേതൃത്വം സ്വയം ചിന്തിക്കണം. എണ്ണിയാലൊടുങ്ങാത്ത കോടതി വ്യവഹാരങ്ങൾ, കയ്യാങ്കളികൾ ഇതിന്റെ എല്ലാം അവസാനം സ്വർഗീയ കോടതി തന്നെ എന്നത് ഭയത്തോടെ പ്രബോധിപ്പിക്കട്ടെ!

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.