ലേഖനം: മന:പരിവർത്തനം | ജോസ് പ്രകാശ്

ഭാരതത്തിൽ സഭാ വളർച്ച ത്വരിതഗതിയിൽ നടക്കുകയാണ്. ജനങ്ങൾ കൂട്ടമായി യേശുവിനെ തങ്ങളുടെ കർത്താവായി സ്വീകരിക്കുന്നു. ഗ്രാമങ്ങളിലും പട്ടണങ്ങളിലും സുവിശേഷത്തിൻ്റെ പ്രഭ പരക്കുന്നു. ഇത് ഇരുട്ടിൻ്റെ ശക്തികളിൽ അസ്വസ്ഥത ഉളവാക്കുന്നു. ലോകം യേശുവിന്റെ പിന്നാലെ ആകുമെന്ന ഭയം പാതാളഗോപുര ശക്തികൾക്കുണ്ട്. അതിനാൽ സാധാരണ വ്യക്തികളിലൂടെ അവർ പ്രവർത്തിക്കുകയാണ്. രാപ്പകൽ കുറ്റം ചുമത്തുന്നവൻ്റെ അനുയായികൾക്ക് യാതൊരു കുറ്റവും കണ്ടെത്താൻ കഴിയുന്നില്ല. അതുകൊണ്ട് അവർ നടത്തുന്ന കള്ള പ്രചാരണമാണ് ‘നിർബന്ധിത മതപരിവർത്തനം’ എന്ന വാക്ക്.

മറ്റുള്ളവരെ നിർബന്ധിച്ച് സഭയിൽ ആളുകൂട്ടാൻ ക്രൈസ്തവർ മതത്തിന്റെ വക്താക്കളല്ല. ക്രിസ്തുവോ ശിഷ്യരോ അപ്പൊസ്തലന്മാരോ മതപ്രചാരകർ അല്ലായിരുന്നു. അവർ ഒരു മതവും സ്ഥാപിച്ചിട്ടുമില്ല. ആരോടും സ്ഥാപിക്കാൻ പറഞ്ഞിട്ടുമില്ല. അവർ ആരെയും മതം മാറ്റിയിട്ടില്ല, മാറുവാൻ നിർബന്ധിച്ചിട്ടുമില്ല. മറ്റുള്ളവരുടെ മതം മാറ്റുവാൻ പറഞ്ഞിട്ടുമില്ല.

അതുകൊണ്ട് ക്രിസ്തു ഭക്തർ മതം പ്രചരിപ്പിക്കുന്നവരല്ല. ക്രൈസ്തവർ ഇവിടെ ആരെയും നിർബന്ധിക്കാറില്ല. മാറ്റാറുമില്ല അതിനുള്ള തെളിവുകളും ഇല്ല.

 

ക്രൈസ്തവർ പ്രചരിപ്പിക്കുന്നത് നല്ല വർത്തമാനമാണ്. നാം പ്രസിദ്ധമാക്കുന്നത് സുവിശേഷമാണ്. നാം ഒരു മതത്തിലേക്കും ചേർന്നിട്ടില്ല. എന്നാൽ ക്രിസ്തുവിനോട് ചേർന്നിട്ടുണ്ട്. ജനസംഖ്യയിലൂടെ ആളെ കൂട്ടി സമുദായ ശക്തി തെളിയിക്കുന്നവരല്ല ക്രൈസ്തവർ. അണികളെ നിരത്തി ആക്രമിക്കുന്നവരും അല്ല. അവർ ആർക്കും ഭീഷണിയല്ല, ആരെയും ഉപദ്രവിക്കുന്നുമില്ല. വാഗ്ദാനങ്ങൾ നൽകി മറ്റുള്ളവരെ പ്രലോഭിപ്പിക്കാറില്ല. ഈ കാര്യങ്ങൾ എല്ലാം മനുഷ്യരെ മനുഷ്യരായി കാണുന്നവർക്കേ ഗ്രഹിക്കുവാൻ കഴിയുകയുള്ളൂ.

 

ദൈവത്തെ കണ്ടെത്തുവാൻ മനുഷ്യൻ കണ്ടെത്തിയ ഉപാധിയാണ് മതം. മതം മനുഷ്യനെ തമ്മിലകറ്റുന്നു. മനുഷ്യരെ ശത്രുക്കൾ ആക്കുന്നു. അസമാധാനം സൃഷ്ടിക്കുന്നു. മതം ഒന്നിനും പരിഹാരം അല്ല. മതത്തിന് മനുഷ്യരെ രൂപാന്തരപ്പെടുത്തുവാൻ കഴിയില്ല. ക്രിസ്തു മാർഗത്തിന് മനുഷ്യ മനസ്സുകളെ സമൂല പരിവർത്തനം ചെയ്യാനുള്ള ശക്തിയുണ്ട്. ക്രിസ്തുവിന്റെ വാക്കുകളാണ് (വചനം) ഹൃദയത്തെ രൂപാന്തരപ്പെടുത്തുന്നത്. ജീവനില്ലാത്ത കൈപ്പണികളിൽ നിന്നും ജീവനുള്ള ദൈവത്തിങ്കലേക്ക് മാറുവാൻ മനുഷ്യരെ സഹായിക്കുന്നത് വചനമാണ്.

 

മനുഷ്യരെ രക്ഷിക്കുവാൻ വേണ്ടി ദൈവം ഒരുക്കിയ മാർഗമാണ് യേശുക്രിസ്തു. ഭൂമിയിൽ നിന്ന് സ്വർഗ്ഗത്തിലേക്കുള്ള ഏക വഴി യേശുവിൽ കൂടിയാണ്. ക്രിസ്തുവിനെ കൂടാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല. അതിനാൽ സുവിശേഷം അറിയിക്കുക എന്നത് ഞങ്ങൾക്ക് നിർബന്ധമാണ്. എന്നാൽ ഞങ്ങൾ ആരെയും നിർബന്ധിക്കാറില്ല. പ്രലോഭനവും ചതിയും ഞങ്ങളുടെ നയമല്ല. മതസൗഹാർദ്ദം ക്രൈസ്തവരുടെ മുഖമുദ്രയാണ്.

 

ചില മതവിഭാഗങ്ങളിൽ ഉള്ളവർ ജീവനുള്ള (ഇഷ്ടമുള്ള) ദൈവത്തെ ആരാധിക്കുന്നവരെ ഭീഷണിപ്പെടുത്തി വിഗ്രഹങ്ങളെ നമസ്കരിപ്പിക്കുന്നു. നിർബന്ധിച്ച് പഴയ മതാചാരങ്ങൾ അനുഷ്ഠിപ്പിക്കുന്നു. മതസൗഹാർദ്ദം, പ്രണയ വിവാഹം തുടങ്ങിയവയുടെ മറവിൽ പെൺകുട്ടികളെ ചതിയിലൂടെ ഭീകരർക്ക് കൈമാറുന്നു. ഇതൊക്കെ അല്ലേ യഥാർത്ഥത്തിൽ നടന്നു കൊണ്ടിരിക്കുന്ന നിർബന്ധിത മതപരിവർത്തനം. ഇത് സമൂഹത്തിൻ്റെ നിലനിൽപ്പിന് ഭീഷണിയല്ലേ ?

 

എല്ലാ മതസ്ഥരേയും ബഹുമാനിക്കുക. അവർ മനുഷ്യരാണ് അവരെ അംഗീകരിക്കുക. മതതീവ്രവാദത്തെയും, ഘർവാപസി പോലുള്ള നിർബന്ധിത മനുഷ്യത്വ രഹിത പ്രവർത്തനങ്ങളെയും ചെറുക്കുക. ഞങ്ങളും അതിനെ ശക്തമായി അപലപിക്കുന്നു. ഇന്നിൻ്റെ ആവശ്യം മതപരിവർത്തനം അല്ല. അത്യാവശ്യം വേണ്ടത് മനുഷ്യ മനസ്സിൻ്റെ പരിവർത്തനം ആണ്. മനസ്സ് മാറിയാൽ മനുഷ്യനും മാറും. മനുഷ്യൻ്റെ മാറ്റം മറ്റുള്ളവരിലും മാറ്റം ഉണ്ടാക്കും. അതു കണ്ട് കലി പൂണ്ട് മതപരിവർത്തനം എന്ന് പറയുന്നത് ശരിയല്ല. അങ്ങനെ പറയുന്നവർ മതതീവ്രവാദം പ്രചരിപ്പിക്കുന്നവരും രാജ്യത്തിന് ഭീഷണിയും ആണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.