ഭാവന-കാണുന്നവൻ | ദീന ജെയിംസ്

പകലന്തിയോളമുള്ള അധ്വാനക്ഷീണമുണ്ടെങ്കിലും ഉറങ്ങാൻ കിടന്നിട്ട് ഉറക്കം വന്നില്ല അവൾക്ക്. മനസ്സിൽ ഒരായിരം ചോദ്യങ്ങൾ ഉയരുകയാണ്. കാരണം മറ്റൊന്നുമല്ല, ഉച്ചയ്ക്ക് കൊച്ചമ്മ വിളിച്ചിട്ട് പറഞ്ഞു എനിക്ക് നിന്നോടല്പം സംസാരിക്കാനുണ്ട്. നാളെ വൈകിട്ട് നമുക്ക് രണ്ടുപേർക്കും ആ പാർക്കിൽ പോകാം.

എന്തായിരിക്കും കൊച്ചമ്മയ്ക്ക് തന്നോട് പറയാനുള്ളത്, ജോലിയിൽ നിന്ന് പറഞ്ഞുവിടുകയാണോ ഇനി….

അങ്ങനെയായാൽ തന്റെ കുടുംബത്തെ എങ്ങനെ പോറ്റും?

രാത്രി ഒരുവിധം തള്ളി നീക്കി. രാവിലെ മുതൽ വീർപ്പുമുട്ടുന്ന മനസ്സുമായി ജോലികളിൽ വ്യാപൃതയായി വൈകുന്നേരമാകുന്നതും കാത്തുകൊണ്ട്.

 

അവളുടെ കൊച്ചമ്മയും സാറും അവൾക്ക് ദൈവത്തെപ്പോലെയാണ്. അവരില്ലായിരുന്നെങ്കിൽ ഒരു പക്ഷേ അവളുടെയും സഹോദരങ്ങളുടെയും ജീവിതം ഏതെങ്കിലും അനാഥശാലയിൽ ആയിരുന്നേനെ. അപ്പന്റെ മരണം തളർത്തിയ തന്റെ കുടുംബത്തിന്റെ രക്ഷകരാണ് അവർ. ധനാഡ്യനായ സാറിന്റെ വീട്ടിലെ വേലക്കാരിയായി ജോലിക്ക് നിർത്തി. കുടുംബത്തിലെ ഒരംഗത്തെപ്പോലെയാണ് സാറും കൊച്ചമ്മയും തന്നെ കരുതുന്നത്. കൊച്ചമ്മ ഇടയ്ക്ക് പറയാറുണ്ട് എനിക്ക് സഹോദരിയെപ്പോലെയാണ് നീ. ഇവിടുന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് തന്റെ അമ്മയും സഹോദരങ്ങളും സുഖമായി കഴിയുന്നത്.

 

ഇതിപ്പോ കൊച്ചമ്മയ്ക്ക് എന്താണ് പറയാനുള്ളത്? ഇനി തന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും വീഴ്ച്ച സംഭവിച്ചോ? ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടിയില്ല. മക്കളില്ലാത്ത വിഷമം ഇടയ്ക്ക് പറയാറുണ്ട് കൊച്ചമ്മ. ചികിത്സകൾ ചെയ്യാൻ കൊച്ചമ്മയ്ക്ക് ആഗ്രഹമുണ്ടെങ്കിലും സാർ ഒരു തികഞ്ഞ ദൈവഭക്തനാണ്. തനിക്കൊരു കുഞ്ഞിനെ തരാൻ ദൈവത്തിനു കഴിയും എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.

സാറിൽ നിന്നാണ് അവളും ഈ ദൈവത്തെക്കുറിച്ച് അറിഞ്ഞത്. ഓരോരോ ചിന്തകളിൽ മുഴുകി സമയംപോയതറിഞ്ഞില്ല.

 

നീ ഇതുവരെ ഒരുങ്ങിയില്ലേ.. കൊച്ചമ്മയുടെ വിളി വന്നു.

 

ദേ, വരുന്നു കൊച്ചമ്മേ, ഒരഞ്ചു മിനിറ്റ്…

 

പാർക്കിലെത്തിയപ്പോഴേക്കും അവളുടെ നെഞ്ചിടിപ്പ് കൂടി. ഇനിയിപ്പോ എന്തായാലും നേരിട്ടല്ലേ പറ്റൂ… അവളോർത്തു.

 

നീ ഇരിക്ക്.. അടുത്തുള്ള ബെഞ്ചിലേക്ക് ഇരുന്നുകൊണ്ട് കൊച്ചമ്മ പറഞ്ഞു. മടിച്ചു നിന്ന അവളെ അടുത്ത് പിടിച്ചിരുത്തി ഓരോ കാര്യങ്ങളൊക്കെ സംസാരിച്ചു.

 

അല്ല, കൊച്ചമ്മയ്ക്ക് എന്തോ പറയാനുണ്ട്…വെപ്രാളം കൊണ്ട് വാക്ക് മുഴുപ്പിക്കാൻ ആയില്ല അവൾക്ക്.

 

അതേ, കൊച്ചേ നീ ശ്രദ്ധിച്ചു കേൾക്കണം

പറ്റില്ല എന്ന് മാത്രം പറയരുത്.. നീ എനിക്കെന്റെ കൂടപ്പിറപ്പ് പോലെയാ…

 

അവളുടെ കൈകാലുകൾ വിറയ്ക്കാൻ തുടങ്ങി..

 

കൊച്ചമ്മ തുടർന്നു… നിനക്കറിയാമല്ലോ മക്കളില്ലാതെ ഞങ്ങൾ അനുഭവിക്കുന്ന വേദന. ഇനിയിപ്പോ നിന്റെ സാറ് പറയുന്ന പോലെ ദൈവം തരും എന്നൊന്നും കാത്തിരിക്കാൻ എനിക്ക് വയ്യ… ഇതിന് പരിഹാരം തരാൻ നിനക്കേ കഴിയൂ..

 

എനിക്കോ… ഞാൻ…

അവൾക്കൊന്നും മനസ്സിലായില്ല.

 

ഹാ..നിന്നെ ഞാൻ ഭാര്യയായി സാറിന് കൊടുക്കും. നിന്നാൽ ഒരു കുഞ്ഞു ഞങ്ങൾക്ക് ലഭിക്കും.

 

അയ്യോ.. കൊച്ചമ്മേ…

അവൾക്ക് തൊണ്ടയിടറി.

 

നീ ആലോചിച്ചു പറഞ്ഞാ മതി. പിന്നെ ഈ കാര്യം മറ്റൊരു ചെവി അറിയരുത്.

 

വീട്ടിലേക്കു തിരിച്ചു നടക്കുമ്പോൾ അവൾ വല്ലാതെ അസ്വസ്ഥയായിരുന്നു.

കൊച്ചമ്മയുടെ ആവശ്യം താൻ എങ്ങനെ സാധിക്കും. വീട്ടുകാർ അറിഞ്ഞാൽ…

ദൈവത്തെപ്പോലെ കാണുന്ന സാർ…

അവൾക്കാകെ ഭ്രാന്തു പിടിക്കുന്ന പോലെ….

ഇവിടം വിട്ട് ഓടിപ്പോയാലോ…

അമ്മയുടെയും സഹോദരങ്ങളുടെയും മുഖം ഓർക്കുമ്പോൾ അതിനും കഴിയുന്നില്ല.

 

ഒരാഴ്ച പിന്നിട്ടു. എന്ത് ചെയ്യണമെന്ന് അറിയാതെ അവളും…

 

എന്താ നിന്റെ തീരുമാനം? കൊച്ചമ്മ ചോദ്യവുമായി വന്നു. നോക്ക്, നീ പേടിക്കണ്ട. ഒരു കുഞ്ഞിനെ പ്രസവിക്കേണ്ട ചുമതല മാത്രമാണ്. നിന്റെ കുടുംബത്തെ ഞാൻ നോക്കിക്കോളാം…

എനിക്ക് വേണ്ടി നീ ഇത് സാധിച്ചു തരണം.

 

ദൈവതുല്യരായ സാറിനും കൊച്ചമ്മയ്ക്കും വേണ്ടി ആ വലിയ ത്യാഗം ചെയ്യാൻ അവൾ തയ്യാറായി. തന്റെ ഭാവിയും കുടുംബവുമൊക്കെ അവൾ മറന്നു. സാറിന്റെ ഭാര്യയായി…

താമസിയാതെ കൊച്ചമ്മയുടെ ആഗ്രഹം പോലെ അവളുടെ ഉദരത്തിൽ കുഞ്ഞു ജീവൻ ഉരുവായി.

 

അതോടെ സ്ഥിതി ഗതികൾ മാറാൻ തുടങ്ങി. ജീവന് തുല്യം തന്നെ സ്നേഹിച്ച കൊച്ചമ്മ വെറുക്കാൻ തുടങ്ങി. അതോ, സാറിന്റെ ഭാര്യ എന്ന അഹംഭാവം തന്നിൽ വന്നോ?

തൊടുന്നതും പിടിക്കുന്നതും എല്ലാം കുറ്റം. കൊച്ചമ്മയുടെ കുത്തുവാക്കുകൾ അസഹനീയമായി. സാറിലൂടെ താനറിഞ്ഞ ദൈവത്തോട് കൂടുതലായി അവളടുത്തു. പലപ്രാവശ്യം ആ ദൈവത്തോട് ചോദിച്ചു… ഇങ്ങനെ പരീക്ഷിക്കാമോ ദൈവമേ…

 

കാഠിന്യം സഹിക്കവയ്യാതെ അവിടം വിട്ടിറങ്ങി. പോകാനൊരിടമില്ലാത്ത അവൾ പോയത് മരുഭൂമിയിലേക്ക്… അവിടാകുമ്പോ ആരും കാണില്ലല്ലോ തന്നെ…

പക്ഷെ, അവിടെയും കാണുന്ന ഒരുവൻ ഉണ്ടെന്ന് അവൾ തിരിച്ചറിഞ്ഞു. സാറിന്റെ ദൈവം!! ആ ദൈവത്തിന് ദൈവമേ, നീ എന്നെ കാണുന്നു എന്ന് പേര് വിളിച്ചു. ആ ദൈവം പറഞ്ഞതനുസരിച്ചു വീണ്ടും കൊച്ചമ്മയുടെ അടുക്കലേക്ക് മടങ്ങിപ്പോയി.

 

മാസങ്ങൾ അതിവേഗം പാഞ്ഞു. കൊച്ചമ്മയ്ക്ക് അവളെ സ്നേഹിക്കാതിരിക്കാൻ കഴിഞ്ഞില്ല സാറിന്റെയും കൊച്ചമ്മയുടെയും കുഞ്ഞിന് അവൾ ജന്മം നൽകി.

 

വീണ്ടും പഴയ വേലക്കാരിയുടെ പദവി ഏറ്റെടുത്തു. നൊന്തു പ്രസവിച്ച മകൻ സാറിന്റെയും കൊച്ചമ്മയുടെയും മകനായി. പരിഹാസങ്ങൾ നാലുപാടും നിന്നുമുയർന്നു, അമ്മയും സഹോദരങ്ങളും തള്ളിപ്പറഞ്ഞു. എല്ലാം സഹിക്കാൻ മാത്രമേ കഴിയുമായിരുന്നൂള്ളൂ…

കുഞ്ഞിനെ കാണുമ്പോൾ ഹൃദയം പിടയ്ക്കുമായിരുന്നു, സംയമനം പാലിച്ചു അവൾ…

 

വർഷങ്ങൾ കടന്നുപോയി, പെട്ടെന്നൊരു ദിവസം അത് സംഭവിച്ചു. സാറിന്റെ ദൈവം… അസാധ്യങ്ങളെ സാധ്യമാകുന്നവൻ… അത്ഭുതം ചെയ്തു… കൊച്ചമ്മ ഗർഭം ധരിച്ചു!!!

സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു. ഒരു മകനെ ദൈവം നൽകി. അവിടെ തുടങ്ങി അവളുടെയും കുഞ്ഞിന്റെയും ദുരിതം. മകനെപ്പോലെ സ്നേഹിച്ചവർ വെറുക്കാൻ തുടങ്ങി.അവൾക്കതി നാവില്ലല്ലോ… ജന്മം നൽകിയത് അവളല്ലേ…

പ്രതീക്ഷിച്ചപോലെ അവിടെ നിന്നും പുറത്താക്കപ്പെട്ടു.

 

കുഞ്ഞുമായി മരുഭൂമിയിലേക്ക്….സാറ് തന്നയച്ച അപ്പവും വെള്ളവും തീർന്നു. കുഞ്ഞിന്റെ മരണം കാണാനുള്ള ത്രാണി യില്ലാതെ നിലവിളിക്കാനേ അവൾക്കായുള്ളൂ…

അവിടെയും അവളെ കാണുന്നവൻ അവൾക്കായി നീരുറവ തുറന്നു!!! സാറിൽ നിന്ന് അറിഞ്ഞ ദൈവം… ആ ദൈവം തന്നോടും മകനോടും കൂടെയുണ്ടെന്ന് അവൾ അനുഭവിച്ചറിഞ്ഞു.

മരുഭൂമിയിൽ വളർന്നെങ്കിലും ദൈവം അവനോട് കൂടെയുണ്ടായിരുന്നു!!!

അവനൊരു വില്ലാളിയായി മാറി….

ഇന്നവൾക്ക് നിരാശയില്ല…

ഏത് മരുഭൂമിയിലും കാണുന്നവൻ അവളോട് കൂടെയുണ്ട്, അവൻ കരുതും…. മുന്നോട്ട് നയിക്കുമെന്ന അചഞ്ചലവിശ്വാസം അവൾക്കുണ്ട്….

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.