ഭാവന: മുടിയനായ പുത്രൻ ജിജി പ്രമോദ്

പുലരിയുടെ കുളിരിൽ ഒന്നുകൂടി ചുരുണ്ടു കൂടി കിടക്കുമ്പോഴാണ് കാൽപാദത്തിൽ ഒരു നനവ് അവൻ അറിയുന്നത്.ഉറക്കം മുറിഞ്ഞ ഈർഷ്യത്തോടെ കണ്ണുകൾ പതിയെ വലിച്ചു തുറന്നു നോക്കി. കാൽക്കൽ ഒരു നായ കിടക്കുന്നു.അത് സ്നേഹപൂർവ്വം തന്റെ കാൽപാദങ്ങൾ നക്കിത്തുടച്ചുകൊണ്ട് സ്നേഹം പ്രകടിപ്പിക്കുകയാണ്.

ഈ നായ എങ്ങനെ ഇവിടെ.ഞാനിതെവിടെയാ?അവൻ പെട്ടന്ന് ചാടി എഴുന്നേറ്റു.

സ്ഥലകാല ബോധം വീണ്ടെടുത്തു ചുറ്റും നോക്കിയപ്പോൾ തന്റെ ഇന്നലെകൾ ഓർമ്മയിൽ തെളിഞ്ഞു വന്നു.

വിശപ്പിന്റെ ചൂളം വിളി വയറ്റിൽ നിന്നും നന്നായി ഉയരുന്നുണ്ട്. ഇന്നലെ രാത്രി ഒരു പാക്കറ്റ് ബിസ്കറ്റ് ആയിരുന്നു ഭക്ഷണം. അതിലൊരു ബിസ്കറ്റ് കൊടുത്തതിന്റെ നന്ദി പ്രകടനമാണ് ഈ നായ്ക്കുട്ടി കാണിക്കുന്നത്.തനിക്ക് ആരോടാണ് നന്ദിയുള്ളത്. ആരോടും നന്ദി കാണിച്ചിട്ടില്ല. ദൈവത്തിനോടോ, എല്ലാ സമൃദ്ധിയും തന്നു പോറ്റിയ മാതാപിതാക്കളോടോ, ആത്മാർത്ഥ സ്നേഹം കാണിച്ച സുഹൃത്തുക്കളോടോ ആരോടും തനിക്ക് ഒരു മമതയും ഇല്ലായിരുന്നു. എല്ലാവരോടും ഒരുതരം പുശ്ചമായിരുന്നു. സ്വന്തം ആഗ്രഹങ്ങൾ സാധിച്ചെടുക്കാൻ വേണ്ടിയുള്ള അടുപ്പം മാത്രം എല്ലാവരോടും കാണിച്ചു.

 

അവൻ ചുറ്റും നോക്കി. ഏതോ ഒരു റെയിൽവേ സ്റ്റേഷനിലാണ്.ഇന്നലെ രാത്രി ബാംഗ്ലൂറിൽ നിന്ന് കിട്ടിയ ട്രെയിനിൽ ലോക്കൽ കമ്പാർട്ട് മെന്റിൽ ചാടിക്കയറി ടിക്കറ്റ് ഇല്ലാതെ ഇവിടെ വന്നിറങ്ങി പോക്കറ്റിൽ ഉണ്ടായിരുന്ന 50രൂപ യിൽ നിന്ന് പത്തു രൂപ കൊടുത്ത് ഒരു ബിസ്കറ്റ് വാങ്ങി കഴിച്ചു ക്ഷീണം കാരണം ഇവിടെ കിടന്ന് മയങ്ങിപ്പോയി. മൂന്ന് ദിവസം കൊണ്ടുള്ള ഓട്ടമാണ്. മടുത്തു. വീട്ടിലേക്ക് മടങ്ങിപ്പോകാനും വയ്യ.

ഇനി അങ്ങോട്ട്‌ ഒരു യാത്രയില്ല എന്നോർത്ത് കൈയ്യിൽ കിട്ടിയ പൈസ മൊത്തം എടുത്തു കൊണ്ട് വീട് വിട്ടിറങ്ങിയതാണ്.

പുതുതായി കിട്ടിയ സുഹൃത്തുക്കളെ അത് പോലെ വിശ്വാസമായിരുന്നു. ഒന്നിനും വിലക്കില്ലാത്ത സർവ്വ സ്വാതന്ത്ര്യം അനുഭവിക്കുന്ന അവരോട് തനിക്ക് ആരാധനതോന്നി എന്നതാണ് സത്യം.

ക്രൈസ്തവ വിശ്വാസകുടുംബത്തിൽ ജനിച്ച തനിക്ക് എല്ലാം വിലക്ക് ആയിരുന്നു.

അത് താൻ വഴി തെറ്റി പോകാതിരിക്കാൻ സ്നേഹം കൊണ്ട് നിർമ്മിച്ച ഒരു മതിൽ മാത്രമാണെന്ന് മനസ്സിലാക്കാൻ അന്ന് കഴിയാതെ പോയി. സർവ്വ സമ്പത്തുക്കളും ആവശ്യത്തിലേറെ ഉള്ള തന്റെ പിതാവ് നല്ലൊരു ഭക്തനും വചന പ്രകാരം ജീവിതം നയിക്കുന്ന വ്യക്തിയുമായിരുന്നു.

കൂട്ടുകാർ തന്റെ സമ്പത്തിലാണ് നോട്ടം വെച്ചത് എന്നും, അവർ വലിയ ഒരു മാഫിയ യുടെ ചെറിയ പരൽമീനുകൾ ആണെന്നും

താൻ മനസ്സിലാക്കിയത് അവരിൽ ഒരുവന്റെ ഫോൺ സംഭാഷണം രഹസ്യമായി കേട്ടപ്പോൾ മാത്രമാണ്. തന്റെ പൈസ മുഴുവനും അവർ സൂത്രത്തിൽ വാങ്ങിച്ചെടുത്തു. അവരുടെ സ്നേഹത്തിന് മുൻപിൽ തനിക്ക് അതൊന്നും ഒരു വിഷയമല്ലായിരുന്നു.

അവന്റെ കൈയ്യിൽ ഇനി ഒന്നുമില്ല ബോസ്. വീട്ടിൽ നിന്നും ഒന്നും കിട്ടില്ല. അങ്ങോട്ട് പോയി മുട്ടുന്നതും അപകടമാണ്. അവനെ കാണാനില്ല എന്ന് അപ്പൻ പരാതി കൊടുത്തിട്ടുണ്ട്. നമ്മൾ പിടിക്കപ്പെടും.

അവന്റെ ബ്ലഡ് ഗ്രൂപ്പ്‌ അന്ന് നമ്മൾ പറഞ്ഞ കിഡ്നി മാറ്റേണ്ട ആളുമായ് മാച്ച് ചെയ്യുന്നതാണ്. ഇന്ന് രാത്രി അവനെ അങ്ങോട്ട്‌ കൊണ്ടു വരാം. നാളെ എടുക്കാൻ ഉള്ളതെല്ലാം അവന്റെ ബോഡി യിൽ നിന്ന് എടുത്തു മാറ്റിയ ശേഷം നമ്മൾ എപ്പോഴും ചെയ്യുന്നത് പോലെ കത്തിച്ചു കളയാം.

Ok ബോസ്. അവൻ പറഞ്ഞത് അത്രയും

ശ്വാസം അടക്കിപ്പിടിച്ചു നിന്ന് കേട്ടു. കൂട്ടത്തിൽ ഏറ്റവും ആത്മാർത്ഥ കാണിച്ച കൂട്ടുകാരൻ അവനാണ്. അവന്റെ വായിൽ നിന്ന് കേട്ടത് വിശ്വസിക്കാൻ വയ്യ. പക്ഷേ ഇവിടെ അറിഞ്ഞ ഭാവം നടിക്കാതെ നിന്നാൽ ഒരു പക്ഷേ രക്ഷപ്പെട്ടു പോകാൻ കഴിഞ്ഞേക്കും. ആ മേശപ്പുറത്തു കിടന്ന ആരുടെയോ പേഴ്സിൽ നിന്നും ആകെ ഉണ്ടായിരുന്ന 200 രൂപ എടുത്തു പോക്കറ്റിൽ തിരുകി.പതുക്കെ പുറത്തേയ്ക്ക് നടന്നു.

കുറച്ചു ദൂരം നടന്നപ്പോൾ അവന്റെ കോൾ വന്നു എവിടെയാണ് എന്ന് അന്വഷിച്ചുകൊണ്ട്. ഈ അടുത്തുള്ള മാർക്കറ്റിൽ വെറുതെ ഒന്ന് കറങ്ങാൻ ഇറങ്ങി എന്ന് പറഞ്ഞൊഴിഞ്ഞു.

വേഗം മടങ്ങി വരാൻ പറഞ്ഞവൻ കോൾ കട്ട്‌ ചെയ്തപ്പോൾ, അത് വഴി വന്ന ഒരു ബൈക്കുയാത്രക്കാരനോട് ഒരു ലിഫ്റ്റ് ചോദിച്ചു അയാൾക്കൊപ്പം ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻഡിൽ എത്തി. അവിടെ നിന്ന് റെയിൽവേ സ്റ്റേഷനിൽ എത്തി. ഒരു ചെറിയ സ്റ്റേഷനായിരുന്നു. അവിടെ കണ്ട ഒരു ട്രെയിനിൽ കയറി.നേരിട്ട് നാട്ടിലേക്ക് പോകുന്നത് ഉചിതമല്ല എന്ന് തോന്നി.. ഓരോ ട്രെയിനിൽ മാറി മാറി യാത്ര ചെയ്തു ഇവിടെ വന്നു..ഇടയ്ക്ക് എപ്പോഴോ ഫോൺ സ്വിച്ച് ഓഫ് ചെയ്തു.

ഇത് എറണാകുളം ആണെന്ന് തോന്നുന്നു. അറിയില്ല..

ഇനി എന്തു ചെയ്യും. അവരുടെ കൈയ്യിൽ കിട്ടിയാൽ പിന്നെ താൻ ബാക്കി കാണില്ല.

കാൽ മുട്ടിൽ മുഖം അമർത്തി കരയുമ്പോൾ അവൻ ഓർത്തു, പണ്ട് സൺ‌ഡേ സ്കൂളിൽ പഠിച്ചത് ഏത് പ്രതി സന്ധിയിലും പപ്പയും അമ്മയും ഒന്നും നമ്മളെ ഹെല്പ് ചെയ്യാൻ ഇല്ലാതെയുള്ള സമയത്തും യേശു അപ്പച്ചനെ വിളിച്ചു കരഞ്ഞാൽ നമ്മുടെ കാര്യങ്ങൾ പറഞ്ഞാൽ യേശു അപ്പച്ചൻ എല്ലാം നേരെ യാക്കി തരുമെന്നാണ്.

കൂട്ടത്തിൽ മുടിയനായ പുത്രന്റെ കഥ കൂടി പറഞ്ഞു തന്നു.

താനും ഇപ്പോൾ മുടിയനായ പുത്രൻ ആയി. അപ്പനെ മാനം കെടുത്തി.

ഓർത്തപ്പോൾ സങ്കടം കൊണ്ടാവൻ പൊട്ടി ക്കരഞ്ഞു. മൗനമായി യേശുവിനോട് കരഞ്ഞു പറഞ്ഞു കൊണ്ടേയിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ പ്രായമുള്ള ഒരു മനുഷ്യൻ അവന്റെ അരികിൽ വന്നിരുന്നു.

മോൻ എന്തെങ്കിലും കഴിച്ചോ?

ഇല്ല..

എന്നാൽ വാ ഇത് കഴിക്കാം..

വേണ്ട..

വാടോ.. ഇത് എന്റെ വീട്ടിൽ നിന്ന് കൊണ്ടുവന്ന ആഹാരമാണ്. പേടിക്കാതെ കഴിക്കാം.

സ്നേഹപൂർവ്വമുള്ള വിളിയും വിശപ്പിന്റെ വിളിയും കൂടി ആയപ്പോൾ അവൻ വേഗം ആഹാരം കഴിച്ചു തുടങ്ങി.

ആ കൂട്ടത്തിൽ അദ്ദേഹം അവനോട് കാര്യങ്ങൾ എല്ലാം ചോദിച്ചറിഞ്ഞു ശേഷം

വീട്ടിൽ പോകണം എന്നും, പപ്പയും അമ്മയും നിന്നെ കാത്തിരിക്കുന്നുണ്ടാവും എന്ന് പറഞ്ഞു. അദ്ദേഹം വീട്ടിലെ നമ്പർ വാങ്ങി പപ്പയോട് റെയിൽവേ സ്റ്റേഷനിലേക്ക് വന്ന് മകനെ കൂട്ടി കൊണ്ട് പോകുവാനും പറഞ്ഞു.

അദ്ദേഹത്തോട് താൻ കോണ്ടാക്ട് നമ്പർ ചോദിച്ചപ്പോൾ ഒരു വിസിറ്റിംഗ് കാർഡ് നൽകി. ശേഷം ഒരു പാട് കാര്യങ്ങൾ പറഞ്ഞു തന്നെ ബലപ്പെടുത്തി.

കുറച്ചു കഴിഞ്ഞ് സ്റ്റേഷൻ പ്ലാറ്റ് ഫോമിലേക്ക് ഓടി പാഞ്ഞു വരുന്ന എന്റെ പപ്പയുടെ രൂപം കണ്ട് കണ്ണുകൾ നിറഞ്ഞു പോയി. ഈ കുറഞ്ഞ ദിവസം കൊണ്ട് പ്രാകൃതരൂപമായിരിക്കുന്നു. ഓടിച്ചെന്നു കെട്ടിപ്പിടിക്കുമ്പോൾ നഷ്ടപ്പെട്ടജീവൻ തിരിച്ചു പിടിച്ചപോലെ സന്തോഷമായിരുന്നു പപ്പയ്ക്ക്.

ഈ അങ്കിൾ ആണ് പപ്പയെ വിളിച്ചത്..

ഏത് അങ്കിൾ?

ഇവിടെ ഉണ്ടായിരുന്നു. എന്റെ കൂടെ.

അവിടെ എങ്ങും അദ്ദേഹത്തെ കാണാതെ അവൻ വിഷമിച്ചു.

പപ്പയുടെ ഫോണിൽ വിളിച്ച നമ്പർ നോക്ക്.

മോനേ.. നീയാണ്, നിന്റെ ഫോണിൽ നിന്ന് എന്നെ വിളിച്ചത്.

അല്ല പപ്പാ.. അങ്കിൾ എന്റെ കൂടെ ഉണ്ടായിരുന്നു.എനിക്ക് ഫുഡ്‌ തന്നു. കുറേ കാര്യങ്ങൾ പറഞ്ഞു തന്നു.

ദേ നോക്ക്,ഈ വിസിറ്റിംഗ് കാർഡ് അദ്ദേഹം തന്നതാണ്.ആവശ്യം ഉള്ളപ്പോൾ വിളിക്കാൻ.

എവിടെ നോക്കട്ടെ.

“ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ.. മനസ്സു തകർന്നവരെ അവൻ രക്ഷിക്കുന്നു”

“Jesus is alive”

ഇതേ ഉള്ളൂ..

അതിൽ നോക്കി അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു…..

അവനിലേക്ക് ആ പുഞ്ചിരി പടർന്നു..

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.