ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ തെലങ്കാനയ്ക്ക് പുതിയ തുടക്കം
ഹൈദരാബാദ്: അന്തർദേശീയ ദൈവസഭയുടെ നിർദ്ദേശം അനുസരിച്ച് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ദൈവസഭയുടെ പ്രവർത്തനം വ്യാപിക്കണമെന്ന ആശയം ഉൾക്കൊണ്ട് ഒരു പുതിയ ചുവടു വയ്പ്പ് എന്നവണ്ണം തെലങ്കാനയിലും ദൈവസഭയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
സെപ്റ്റംബർ 15 തിങ്കളാഴ്ച്ച ഹൈദരാബാദിലുള്ള റിലയബിൾ ചർച്ചിൽ ക്രമീകരിച്ച മീറ്റിംഗിൽ ദൈവസഭയുടെ സൗത്ത് ഏഷ്യൻ സൂപ്രണ്ടും, നാഷണൽ ഗവേണിങ് ബോഡി ചെയർമാനുമായ റവ. സി. സി. തോമസ് ദൈവസഭയുടെ തെലങ്കാനയിലെ പ്രവർത്തനങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും പുതിയ നേതൃത്വത്തെ പ്രാർത്ഥിച്ചു സമർപ്പിക്കുകയും ചെയ്തു.
നിറഞ്ഞു കവിയുന്ന ദൈവസ്നേഹമാണ് പ്രേഷിത പ്രവർത്തനത്തിന്റെ പ്രേരക ശക്തിയെന്നും ദൈവദാസന്മാർ താഴ്മയും വിനയമുള്ളവരായി ദൈവവേലയിൽ മുന്നേറണമെന്നും അദ്ദേഹം ഓർപ്പിച്ചു. പ്രേഷിത പ്രവർത്തനം കർത്താവിന്റെ ഹൃദയത്തിന്റെ സ്പന്ദനമാണെന്നും ആ സ്പന്ദനം നിങ്ങളുടെ ശുശ്രൂഷയിലൂടെ വെളിപ്പെട്ടു വരണമെന്നും എടുത്തു പറഞ്ഞു.
ദൈവസഭയുടെ സെൻട്രൽ വെസ്റ്റ് റീജിയനിൽ കഴിഞ്ഞ 20 ലധികം വർഷം ശുശ്രൂഷയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പാസ്റ്റർ പി. ജെ. ജോണിനെ തെലങ്കാനയുടെ പ്രഥമ റെപ്രെസെന്ററ്റീവായി നിയമിച്ചു. അദ്ദേഹം കൗൺസിൽ മെമ്പറായും, ഡിസ്ട്രിക് പാസ്റ്ററായും യൂത്ത് പ്രസിഡണ്ടായും സേവനമനുഷ്ഠിച്ചിരുന്നു. തെലങ്കാനയുടെ പുതിയ ഉത്തരവാദിത്വം തന്നിൽ ഭരമേല്പിക്കുമ്പോൾ, സെൻട്രൽ വെസ്റ്റ് റീജിയൻ ഡൽഹി സ്‌റ്റേറ്റിന്റെ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റായിരുന്നു.
ചുമതല ഏറ്റെടുത്തു കൊണ്ട് സംസാരിക്കവെ ഇതിനായി തന്നെ നിയോഗിച്ച ദൈവത്തോടും വേൾഡ് മിഷനോടും വിശേഷാൽ റവ. സി.സി. തോമസിനോടുമുള്ള നന്ദി പ്രകാശിപ്പിച്ചു. ഈ നിയോഗം മാറി മാറി വരുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യത്തിൽ ഒരു പുതിയ വെല്ലുവിളിയാണെന്നും അതിനെ മറികടക്കുവാൻ ദൈവജനത്തിന്റെ നിസ്വാർത്ഥമായ പ്രാർത്ഥനയും സഹകരണവും ആവശ്യമാണെന്ന് അദ്ദേഹം ഓർപ്പിച്ചു. അനേക ദൈവദാസന്മാരും അവരുടെ സഭകളും അന്നേദിവസം ദൈവസഭയോട് ചേർന്നു. പാസ്റ്റർ ജോൺസൻ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇന്ത്യയിലെ ദൈവസഭയുടെ നേതൃത്വ നിരയിൽ നിന്നും അനേക ദൈവദാസന്മാർ പങ്കെടുത്തു. പാസ്റ്റർ പ്രഭുദേവ് സ്വാഗതവും പാസ്റ്റർ കൃഷ്ണപ്രസാദ് നന്ദിയും രേഖപ്പെടുത്തി. മഹനീയം ബൈബിൾ കോളേജ് ഡീൻ പാസ്റ്റർ ബിജു എം. ജി. (മുംബൈ), സദ്വാർത്ത ചീഫ് എഡിറ്റർ പാസ്റ്റർ മനു ചാക്കോ (ഗോവ), റീജണൽ സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റ് സെക്രട്ടറി പാസ്റ്റർ ഷാജി ചിറയിൽ (ഡൽഹി), കേരളാ സ്റ്റേറ്റ് യൂത്ത് കോർഡിനേറ്റർ- തിരുവല്ല സോൺ- പാസ്റ്റർ അജി വർഗീസ് (മാവേലിക്കര), മാറാത്തവാഡ കോർഡിനേറ്റർ ബ്രദർ കെ. കെ. കോശി, പൂനെ, പാസ്റ്റർ സജി (IPC), പാസ്റ്റർ ലൂയിസ് ഹൈദരാബാദ് എന്നിവരും ആശംസകൾ അറിയിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.