ഛത്തിസ്‌ഗഡിൽ ആരാധനാലയങ്ങൾ പ്രവർത്തിക്കുവാൻ കളക്ടറുടെ അനുമതി വേണം
റായ്പൂർ: ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണങ്ങൾ പതിവായ ഛത്തിസ്‌ഗഡിൽ ക്രിസ്ത്യാനികളെ ലക്ഷ്യംവച്ച് പുതിയ നീക്കവുമായി സംസ്ഥാനത്തെ ബി.ജെ.പി സർക്കാർ. കലക്ടറുടെ അനുമതിയോടെ മാത്രമെ എല്ലാ ഹൗസ് ചർച്ചുകളും പ്രവർത്തിക്കാവൂവെന്നാണ് പൊലിസിന്റെ പുതിയ നിർദേശം. അടുത്തിടെ റായ്‌പൂരിലെ പെന്തക്കോസ്‌ത് പള്ളികളിലെ നൂറോളം പാസ്റ്റർമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പൊലിസ് ഈ നിർദേശം അവരെ അറിയിച്ചത്. രേഖാമൂലം ഉത്തരവ് ഇറക്കാതെ പ്രാർഥനാലയങ്ങൾക്കുള്ള അനൗപചാരിക വിലക്കിന് തെളിവാണിതെന്ന് ഛത്തിസ്‌ഗഡിലെ ക്രിസ്‌ത്യൻ നേതാക്കൾ ചൂണ്ടിക്കാട്ടി.
ഈ വർഷം ജനുവരിക്കും ജൂലൈയ്ക്കും ഇടയിൽ ഛത്തിസ്‌ഗഡിൽ ക്രിസ്‌ത്യാനികളെ ലക്ഷ്യമിട്ട് 86 അക്രമസംഭവങ്ങൾ നടന്നതായി ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയുടെ റിലീജിയസ് ലിബർട്ടി കമ്മിഷൻ റിപ്പോർട്ട് ചെയ്‌തു. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ക്രിസ്‌ത്യൻ വിരുദ്ധ ആക്രമണങ്ങൾ റിപ്പോർട്ട്ചെയ്യുന്ന സംസ്ഥാനമാണ് ഛത്തിസ്‌ഗഡ്. ഞായറാഴ്‌ചത്തെ പ്രാർത്ഥനാ യോഗങ്ങൾക്കിടയിലോ അതിനുശേഷമോ ആണ് ഈ അക്രമസംഭവങ്ങളിൽ കൂടുതലും റിപ്പോർട്ട്ചെയ്യപ്പെട്ടത്.
സംഘപരിവാർ വി.എച്ച്.പിയും ബജ്റംഗ് ദളും അടക്കമുള്ള ഹിന്ദുത്വസംഘടനകൾ പ്രാർഥനാ യോഗങ്ങൾ നടക്കുന്നിടത്തെല്ലാം പോകുകയും ബഹളമുണ്ടാക്കുകയും ചെയ്യുകയാണെന്ന് ഛത്തിസ്‌ഗഡ് ക്രിസ്‌ത്യൻ ഫോറം ജനറൽ സെക്രട്ടറി അങ്കുഷ് ബാര്യേക്കർ പറഞ്ഞു. പൊലിസ് പലപ്പോഴും അക്രമികൾക്കെതിരെ നടപടിയെടുക്കുന്നതിൽ വൈമനസ്യം കാണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -


Comments are closed, but trackbacks and pingbacks are open.