വിശ്വാസികളിൽ പാപവും ശാപവും തുടരുന്നു എന്ന പഠിപ്പിക്കൽ ബൈബിൾ വിരുദ്ധം – പി സി ഐ കേരളാ സ്റ്റേറ്റ്
അടുത്ത കാലത്ത് പെന്തെക്കോസ്ത് സഭയിലേക്ക് നുഴഞ്ഞു കയറിയ പല വിരുദ്ധോപദേശങ്ങളിൽ ഒന്നാണ് ശാപം മുറിയ്ക്കൽ. അപ്പോളജിസ്റ്റുകളുടെ ശക്തമായ ഇടപെടലിനെത്തുടർന്ന് ഒരു ട്രെൻഡ് മാത്രമായി അത് അവസാനിച്ചു.
എന്നാൽ ഇപ്പോൾ വീണ്ടും പ്രസ്തുത ഉപദേശത്തെ പൊടി തട്ടിയെടുത്ത് തത്പര കക്ഷികൾ രംഗ പ്രവേശം ചെയ്തിരിക്കുകയാണ്. പാരമ്പര്യമായി ശാപം നിലനിൽക്കുന്നു എന്നും അതു മൂലമാണ് കടബാധ്യതയും രോഗവും അപകടങ്ങളും മരണവും മറ്റും ഉണ്ടാകുന്നതെന്ന് വിശ്വാസികളെ പറഞ്ഞു ഭയപ്പെടുത്തി പണം തട്ടിയെടുക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ഉദ്ദേശ്യം. ഒരു സമയത്ത് കേരളത്തിൽ ഇതിന് ചുക്കാൻ പിടിച്ച അതേ ഉറവിടത്തിൽ നിന്ന് തന്നെയാണ് ഇതിന്റെ രണ്ടാം രംഗ പ്രവേശവും ഉണ്ടായിരിക്കുന്നത്.
അന്നത്തെ അടവു നയങ്ങൾ ചോദ്യം ചെയ്യപ്പെട്ടെങ്കിൽ ഇന്ന് വളരെ യുക്തിയും തന്ത്രവും പ്രയോഗിച്ചുകൊണ്ടാണ് പ്രസ്തുത ഉപദേശവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. വിശ്വാസികളിൽ ശാപം മാത്രമല്ല, പാപവും നിലനിൽക്കുന്നു എന്നതാണ് പുതിയ തന്ത്രം. ഇതിലൂടെ യേശു ക്രിസ്തുവിന്റെ മഹാ പാപപരിഹാര യാഗത്തെയാണ് ഇവർ ചോദ്യം ചെയ്യുന്നത്. യേശു ക്രിസ്തുവിന്റെ ക്രൂശുമരണം മൂലം പാപവും ശാപവും നീങ്ങിപ്പോകുന്നില്ലെന്നും ഇവരുടെ ശാപമുക്തി ശുശ്രൂഷയിലൂടെ മാത്രമേ അത്തരം ശാപങ്ങൾ മാറുകയുള്ളൂ എന്നുമുള്ള പഠിപ്പിക്കലിലൂടെ ഇവർ ക്രിസ്തുവിന്റെ ക്രൂശു മരണത്തെ അപമാനിക്കുകയാണ്.
അവിശ്വാസികളെയും സാധാരണക്കാരായ വിശ്വസികളെയും തെറ്റിച്ചു കളയാൻ സാധ്യതയുള്ള
പുതിയ തന്ത്രവുമായുള്ള രംഗപ്രവേശത്തെ എന്തു വിലകൊടുത്തും ചെറുക്കുവാനും സത്യോപദേശത്തെ പ്രതിരോധിക്കാനും വിശ്വാസ സമൂഹത്തിന് സാധിക്കണം. ഒപ്പം ബന്ധപ്പെട്ട സഭാ നേതൃത്വവും അക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി സഭാ ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാൻ തയ്യാറാകണം.
രക്ഷിക്കപ്പെട്ടവരിൽ ശാപം തുടരുന്നു എന്ന പഠിപ്പിക്കൽ ഇതര മത വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ചുവടു പിടിച്ചു കൊണ്ടുള്ളതും സാധാരണ വിശ്വാസികളെ ചൂഷണം ചെയ്യുന്നതും സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടുകൊണ്ടുള്ളതും ആണെന്ന വസ്തുത പകൽ പോലെ വ്യക്തമാണ്. യേശു ക്രിസ്തുവിന്റെ യാഗമരണത്തിന്റെ പ്രസക്തിയെ ചോദ്യം ചെയ്യുകയും അവഹേളിക്കുകയും ചെയ്ത് വിശ്വാസ സമൂഹത്തെ വഴി തെറ്റിക്കുന്ന ഈ പ്രവർത്തിയെ പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് ശക്തമായി അപലപിക്കുന്നു.
ഈ വിഷയത്തിൽ ബന്ധപ്പെട്ട സഭാ നേതൃത്വം ഉൾപ്പടെ എല്ലാ സഭാ നേതാക്കളുടെയും ഒറ്റക്കെട്ടായ തീരുമാനം ഉണ്ടാകണമെന്ന് പി.സി ഐ കേരളാ സ്റ്റേറ്റ് അഭ്യർത്ഥിക്കുന്നു.

- Advertisement -



Comments are closed, but trackbacks and pingbacks are open.