ഏകാന്തതകളെ പരാജയപ്പെടുത്തുന്ന ദൈവാശ്രയം
“ഏകാന്തത” മനുഷ്യനെ പലപ്പോഴും നിരാശരാക്കാറുണ്ട്. കുടുംബത്തിൻ്റെയും പ്രിയപ്പെട്ടവരുടെയും സുഹൃത്തുക്കളുടെയുമൊക്കെ സന്തോഷവും സാമീപ്യവും എപ്പോഴും എല്ലാവരും ആഗ്രഹിക്കാറുണ്ടെങ്കിലും പലപ്പോഴും ആ ആഗ്രഹങ്ങൾ സഫലമാകണമെന്നില്ല.ആയുസ്സിൻ്റെ അവസാനം വരെ കൂടെയുണ്ടാക്കുമെന്നും കടന്നു പോകുന്ന ജീവിതത്തിൻ്റെ ഓരോ നിമിഷങ്ങളിലും കൂട്ടായും കരുതലായും ചേർത്തു നിർത്തുമെന്നും വിശ്വസിക്കുകയും ഉറപ്പിക്കുകയും ചെയ്ത അനേക ജീവിതങ്ങൾ ഇന്നും ഒറ്റപ്പെടലിൻ്റെ നിരാശകൾ അനുഭവിക്കുന്നുണ്ട്.ഉന്നത വിദ്യഭ്യാസത്തിനായിട്ടും ഉപജീവനത്തിനായിട്ടും ഭവനത്തിൽ നിന്നും വേറിട്ടുനിൽക്കുന്നവർ, തലമുറകൾ ഉപേക്ഷിച്ച മാതാപിതാക്കൾ, കുടുംബ ജീവിതത്തിൽ വിള്ളലുകൾ ഉണ്ടായി ബന്ധം വേർപ്പെടുത്തി ജീവിക്കുന്നവർ, പ്രായാധിക്യം കൊണ്ടും ശാരീരിക ബലഹീനതകൾകൊണ്ടും ആശ്രയ കേന്ദ്രങ്ങളിൽ അഭയം പ്രാപിക്കുന്നവർ……ഇങ്ങനെ ഏകാന്തതയുടെ വ്യത്യസ്ത തലങ്ങളിൽ അനേകരാണ് നിരാശയോടെ നമ്മുടെ സമൂഹത്തിൽ ജീവിക്കുന്നത്.എന്നാൽ ഒറ്റപ്പെടലിൽ തളർന്നു പോയ മനുഷ്യനെ താങ്ങി നിർത്തി ദൈവീക നിയോഗത്തോടെ ഉന്നതങ്ങളിൽ എത്തിച്ച അനേക സദ്ധർഭങ്ങൾ വിശുദ്ധ വേദപുസ്തകത്തിൽ നമ്മുക്കു കാണുവാൻ കഴിയും.
യിസ്ഹാക്കിൻ്റെ ഭവനത്തിൽ നിന്നും ഹാരാനിലേക്കുള്ള യാത്രയിലാണ് യാക്കോബിനു സ്വർഗ്ഗീയ ദർശനം ഉണ്ടാക്കുന്നത് (ഉല്പത്തി 28:10). ആ ദർശനം യാക്കോബിൽ വെളിപ്പെടുമ്പോൾ യാക്കോബ് ഏകനായിരുന്നു. അപ്പോൾ താൻ ഏകനാണെങ്കിലും ആ രാത്രിയിൽ താൻ എടുത്ത സമർപ്പണങ്ങളും തീരുമാനങ്ങളുമാണ് പിന്നത്തേതിൽ യാക്കോബിൻ്റെ ജീവിതത്തെപ്പോലും മാറ്റിമറിച്ചത് (ഉല്പത്തി 28:20-22).യാബ്ബോക്കിൻ്റെ കടവിൽ ഒരു രാത്രി മുഴുവനും ദൈവത്തോടു മല്ലുപിടിച്ചപ്പോഴും യാക്കോബ് ഏകനായിരുന്നു. ഏകനായി മല്ലുപിടിച്ചു പരാജയപ്പെട്ട യാക്കോബിനെ അല്ല,മറിച്ച് ആ സമയത്തും ദൈവത്തോടു ജയിച്ച് യിസ്രായേലായ യാക്കോബിനെയാണ് വചനത്തിൽ നമ്മുക്കു കാണുവാൻ സാധിക്കുക(ഉല്പത്തി 32:22-30). പിതാവായ യാക്കോബിൻ്റെ വാത്സല്യവും സഹോദരന്മാരുടെ സ്നേഹവും നഷ്ടപ്പെട്ടു പൊട്ടകിണറ്റിലും മരുഭൂമിയിലും കാരാഗ്യഹത്തിലും കഷ്ടതയിലും ജീവിച്ച യോസേഫ് അനേക വർഷങ്ങൾ ഏകനായിരുന്നു.
ഹോരെബിൻ്റെ മുൾപടർപ്പിൽ മോശെയുടെ മുൻപിൽ സർവ്വശക്തനായ ദൈവം വെളിപ്പെടുമ്പോൾ മൊശെ ഏകനായിരുന്നു(പുറപ്പാട് 3:1). ജനത്തിൻ്റെ വിടുതലിനായി മൊശെയുടെമേൽ ദൈവം ഏല്പിച്ച ശുശ്രൂഷയുടെ പ്രാരംഭ സമയങ്ങൾ ആ യിരുന്നു ആ ദിനങ്ങൾ. യിസ്രായേൽ ജനം പലപ്പോഴും തനിക്കു വിരോധമായി പിറുപിറുത്തപ്പോഴും മൊശെ ദൈവത്തിൽ ആശ്രയിച്ച് ഏകനായി ആ സാഹചര്യങ്ങളെ നേരിടുകയും ജയം പ്രാപിച്ചു ജനത്തെ മുന്നോട്ടു നയിക്കുകയും ചെയ്തു(പുറപ്പാട് 17:4, സംഖ്യ പുസ്തകം 11:2, സംഖ്യ പുസ്തകം 12:13).ശമൂവേൽ പ്രവാചകൻ ബേത്ലഹേമ്യനായ യിശ്ശായിയുടെ ഭവനത്തിൽ കടന്നു ചെന്നു യിസ്രായേലിൻ്റെ രാജാവായി അഭിഷേകം ചെയ്യുവാൻ തൻ്റെ മക്കളിൽ ഒരുവനെ അന്വേക്ഷിക്കുമ്പോഴും ദൈവം തെരഞ്ഞെടുത്തത് വനാന്തരങ്ങളിൽ ഏകനായി ആടുകളെ മേയിക്കുന്ന ദാവീദിനെയാണ്(1ശമൂവേൽ 16:1-13).
കർമ്മേൽ പർവ്വതത്തിൽ യിസ്രായേലിൻ്റെ സത്യദൈവമായ യഹോവയെ വെളിപ്പെടുത്താൻ തയ്യാറാക്കുമ്പോഴും താൻ നേരിട്ട വെല്ലുവിളികളെയും പരീക്ഷയെയും അതിജീവിച്ചു വിജയം കൈവരിച്ചപ്പോഴും ഏലീയാവ് പ്രവാചകൻ ഏകനായിരുന്നു(1 രാജാക്കന്മാർ 18:19-40).യെരുശലോം പട്ടണത്തിൻ്റെ തകർച്ചയും ശൂന്യതകളും നഷ്ടങ്ങളും കണ്ടു അതു പണിതെടുക്കുവാനായി പുറപ്പെടുമ്പോൾ നെഹമ്യാവ് എന്ന ഭക്തനും ഏകനായിരുന്നു(നെഹമ്യാവ് 2:4-8)….ദാര്യാവേശ് രാജാവിൻ്റെ രേഖകൾക്ക് വിരോധമായി ദൈവത്തിൻ്റെ സന്നിധിയിൽ മുട്ടുകുത്തി പ്രാർത്ഥിച്ചു എന്നുള്ള കാരണത്താൽ ദൈവപുരുഷനായ ദാനീയേൽ അഭിമുഖീകരിക്കേണ്ടിവന്ന കഠിനമായ ശിക്ഷയിലും (സിംഹത്തിൻ്റെ ഗുഹ) വേദനകളിലും ആ ഭക്തൻ ഏകനായിരുന്നു(ദാനീയേൽ 6:1-24)….
ജീവിതത്തിൽ ഒറ്റപ്പെട്ടപ്പോഴും ഒറ്റപ്പെടുത്തിയപ്പോഴും ദൈവത്തിൽ ആശ്രയിച്ചു ജീവിത വിജയം കൈവരിച്ച ചില ഭക്തന്മാരെയാണ് നാം ഇവിടെ കണ്ടത്. ആത്മീക തലങ്ങളിൽ ഏകാന്തത അനേകർക്കും ഒരു ശാപമായിരുന്നില്ല, മറിച്ച് പിന്നത്തേതിൽ അനുഗ്രഹമായിരുന്നു. ദൈവനിയോഗത്താൽ പ്രയോജനപ്പെട്ട ഭകതന്മാർ പലരും അല്പകാലത്തേ ക്കെങ്കിലും ഏകാന്തത അനുഭവിച്ചവരാണ്.ദൈവസന്നിധിയിൽ യഥാർത്ഥമായി പണിയപ്പെടാനും പ്രയോജനപ്പെടാനും ഒറ്റപ്പെടൽ അനേക ജീവിതങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്നു. ദൈവവചനം ഇങ്ങനെ പറയുന്നു” അല്പ നേരത്തേക്കു മാത്രം ഞാൻ നിന്നെ ഉപേക്ഷിച്ചു;എങ്കിലും മഹാകരുണയോടെ ഞാൻ നിന്നെ ചേർത്തു കൊള്ളും” (യെശയ്യാവ് 54:7). “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല, ഉപേക്ഷിക്കുകയും ഇല്ല (എബ്രായർ 13:5). ജീവിതത്തിൽ ഇപ്പോഴും ഒറ്റപ്പെടലിൻ്റെ നിരാശകൾ നമ്മെ ഭരിക്കുന്നുണ്ടെങ്കിൽ വിശ്വാസത്തോടെ പറയാൻ കഴിയട്ടെ…….” ഞാൻ അനുഭവിക്കുന്ന ഏകാന്തതകൾ ഒന്നും തന്നെ എൻ്റെ തകർച്ചയ്ക്കല്ല , അതെല്ലാം ദൈവസന്നിധിയിൽ പണിയപ്പെടാനുള്ള ദൈവപദ്ധതിയുടെ ഭാഗമത്രേ “.യേശു പറഞ്ഞു ” ഞാനോ ലോകവസാനത്തോളം എല്ലാ നാളും നിങ്ങളോടുകൂടെ ഉണ്ട് (മത്തായി 28:20). ദൈവം വിശ്വസ്തൻ ….. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ

- Advertisement -



Comments are closed, but trackbacks and pingbacks are open.