ഗ്രഹാം സ്റ്റെയിന്‍സിനെ ചുട്ടുകൊന്ന കേസിലെ പ്രതി ‍ഇപ്പോൾ ക്രിസ്ത്യാനി

ഒഡീഷ: ഒഡീഷയില്‍ ഓസ്‌ട്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനേയും രണ്ട് മക്കളേയും ചുട്ടുകൊന്ന കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയായ ചെഞ്ചു ഹാന്‍സ്ദ (Chengu Hansdah) മാനസാന്തരപ്പെട്ട് ക്രിസ്തു മാർഗ്ഗം സ്വീകരിച്ചതായി റിപ്പോർട്ടുകൾ പുറത്ത്. ഒഡീഷയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനായ ദയാശങ്കര്‍ മിശ്രയ്ക്ക് (Dayashankar Mishra) നല്‍കിയ വീഡിയോ അഭിമുഖത്തിലാണ് ചെഞ്ചു ഹാന്‍സ്ദ ഇക്കാര്യം വെളിപ്പെടുത്തിയത്. ആരുടെ എങ്കിലും പ്രേരണയിലോ സ്വാധീനത്തിലോ അല്ല താന്‍ ക്രിസ്തുമതം സ്വീകരിച്ചത്.

മറിച്ച് തന്റെ മനസാക്ഷിയുടെ തീരുമാനപ്രകാരമാണ് ക്രിസ്ത്യാനിയായതെന്ന ചെഞ്ചു വ്യക്തമാക്കി. കുറ്റബോധത്താല്‍ നീറിക്കഴിഞ്ഞിരുന്ന താനിന്ന് മന:സമാധാനവും സന്തോഷവും അനുഭവിക്കുന്നുണ്ടെന്നും അയാള്‍ പറഞ്ഞു. 1999 ജനുവരി 22ന് അര്‍ദ്ധരാത്രിയില്‍ വാഹനത്തില്‍ കിടന്നുറങ്ങിയ 58കാരനായ ഗ്രഹാം സ്റ്റെയിന്‍സിനേയും മക്കളായ 10 വയസുള്ള ഫിലിപ്പിനേയും ആറ് വയസുകാരനായ തിമോത്തിയേയും കിയോഞ്ച്ഹാര്‍ ജില്ലയിലെ മനോഹര്‍പുര്‍ ഗ്രാമത്തില്‍ വെച്ചാണ് ഹിന്ദുത്വ തീവ്രവാദികളായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ ചുട്ടെരിച്ചത്. ദാരസിംഗ് എന്ന കുപ്രസിദ്ധ ഗുണ്ടയുടെ നേതൃത്വത്തില്‍ നടന്ന ഹീനകൃത്യം ഇന്ത്യയെ നടുക്കി. ദാരാ സിംഗിനൊപ്പം കുറ്റകൃത്യത്തില്‍ പങ്കെടുത്ത പ്രതികളിലൊ ഒരാളായിരുന്നു അന്ന് പതിനാലുകാരനായ ചെഞ്ചു ഹാന്‍സ്ദ. ഒമ്പത് വര്‍ഷം ദുര്‍ഗുണ പരിഹാര പാoശാലയില്‍ തടവ് ശിക്ഷ അനുഭവിച്ചു.

ഗോത്രവര്‍ഗ വിഭാഗത്തില്‍ പെട്ട ഇയാള്‍ ഗോ സംരക്ഷക സേനാ തലവനും ഗുണ്ട നേതാവുമായിരുന്ന ദാരാ സിംഗിന്റെ അടുത്ത അനുയായി ആയിരുന്നു. ‘അറിവില്ലാത്ത കാലത്ത് സംഭവിച്ചു പോയതാണ്. നിര്‍ദ്ദോഷിയായ ആ വിദേശിയചേയും മക്കളേയും കൊന്നതിന്റെ പശ്ചാത്താപത്താല്‍ ഇക്കാലമത്രയും ഞാന്‍ വെന്തുരുകുകയായിരുന്നു. എന്റെ ഏറ്റവും അടുത്ത ബന്ധുക്കളെല്ലാം നഷ്ടപ്പെട്ടു. ആദ്യ ഭാര്യ ഏതാനും വര്‍ഷം മുമ്പ് മരിച്ചു. രണ്ട് സഹോദരിമാരും അടുത്ത ബന്ധുക്കളില്‍ ചിലരും പെട്ടെന്ന് ലോകത്തോട് വിട പറഞ്ഞു പോയി. ഈ മരണങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. ഞാന്‍ മനസുഖം തേടി പോയ സ്ഥലങ്ങള്‍ നിരവധിയാണ്. എനിക്ക് എങ്ങു നിന്നും സമാധാനം കിട്ടിയില്ല.

ഒടുവിൽ ഞാന്‍ ക്രിസ്തുവില്‍ രക്ഷതേടി അഭയം പ്രാപിച്ചു. ആരും എന്നെ നിര്‍ബന്ധിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്തിട്ടില്ല. ഏതെങ്കിലും വൈദികന്റേയോ പാസ്റ്ററുടേയോ ഉപദേശത്താലോ വാക്കുകളിലോ ആകൃഷ്ടനായിട്ടല്ല ചെഞ്ചു ഹാന്‍സ്ദ ക്രിസ്ത്യാനിയായി മാറിയതെന്ന് ഒഡീഷയിലെ വികാരിയായ ഫാദര്‍ അജയകുമാര്‍ സിംഗ് കാത്തലിക് കണക്ട് (Catholic connect) എന്ന ഓണ്‍ലൈന്‍ മാധ്യമത്തോട് പറഞ്ഞു. ചെങ്കുവിന്റെ ഗ്രാമത്തില്‍ നിരവധി പേര്‍ ക്രൈസ്തവ സഭകളില്‍ ചേര്‍ന്നിട്ടുണ്ട്. വലിയ തോതില്‍ ഒഡീഷയിലെ ദലിത്- ഗോത്രവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട ക്രിസ്ത്യാനികള്‍ പീഡനം അനുഭവിക്കുന്നുണ്ട്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.