ക്യാമ്പസുകളിലെ റാഗിങ്ങിന് എതിരെ നിയമ നടപടി ശക്തമാക്കണം: പിസിഐ, കേരളാ സ്റ്റേറ്റ്.
കോട്ടയം: കേരളത്തിലെ കോളേജുകളിൽ നടക്കുന്ന കിരാതമായ റാഗിങ്ങിന് എതിരെ മുഖംനോക്കാതെയുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്ന് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ, കേരളാ സ്റ്റേറ്റ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. കോട്ടയം ഗവ.നേഴ്സിംഗ് കോളേജ് ഹോസ്റ്റലിൽ ആറ് വിദ്യാർത്ഥികൾ മൂന്ന് മാസം അതിക്രൂരമായ റാഗിംങ്ങിന് ഇരയായ സംഭവം മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമാണ്. സംഭവത്തിൽ കോളേജ് അധികൃതർക്ക് വലിയ വീഴ്ചപറ്റിയെന്നാണ് നിഗമനം. കലാലയങ്ങളിൽ അരങ്ങേറുന്ന റാഗിംഗ് രീതികൾ ക്രൂരവും ഹിംസാത്മകവുമാണ്. സഹപാഠികളുടെ വേദനയോടുള്ള നിലവിളികളും അപമാനിതമായ അവസ്ഥകളും ആനന്ദത്തോടെ ആഘോഷിക്കപ്പെടുന്നത് എത്രമാത്രം ഭീകരമാണ്. രോഗിപരിചരണവും ആതുര സേവനവും സമർപ്പണത്തോടെ ജീവിതോപാധിയായി തീരുമാനിച്ചുറപ്പിച്ചവർ വേദനയിൽ പുളയുന്നത് ആഹ്ലാദത്തോടെ ആസ്വദിക്കാൻ എങ്ങനെയാണ് സാധിക്കുക.
ഇത്തരക്കാരുടെ മനോഘടന പൈശാചികമാണ്. പുതുതലമുറയ്ക്ക് ലഹരിയോടും ഹിംസയോടും ആസക്തി വർദ്ധിക്കുന്നു എന്ന നിഗമനത്തെ സാധൂകരിക്കുന്നതാണ് പുറത്തുവരുന്ന ഇത്തരം സംഭവങ്ങൾ. ഹോസ്റ്റലുകളിലെ ഇടിമുറികളിലെ നിലവിളികൾ പലതും പുറത്തു വരുന്നില്ല. റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭൂരിപക്ഷം കേസുകളും പ്രതികളുടെ രാഷ്ട്രീയ ബന്ധങ്ങൾ കാരണം പാതിവഴിയിൽ ഉപേക്ഷിക്കപ്പെടുകയോ രാഷ്ട്രീയ സമ്മർദ്ദങ്ങൾ മൂലം ഒത്തുതീർപ്പിൽ എത്തുകയോ ചെയ്യുകയാണ്. റാഗിംഗ് മൂലം ശാരീരികവും മാനസികവുമായ പീഡനങ്ങൾ സഹിക്കാനാവാതെ ആത്മഹത്യ ചെയ്തവരും മാനസീക രോഗികളായവരും ഏറെയുണ്ട്. റാഗിംഗ് ഭീകരതയ്കും ആൾകൂട്ട വിചാരണക്കും ഇരയായി വിദ്യാർഥികൾ ജീവെനെടുക്കുന്ന ഇടങ്ങളായി കലാലയങ്ങൾ മാറിക്കൂടാ.
കോളേജ് അധികൃതരുടെയും സർക്കാരിൻ്റെയും സമൂഹത്തിൻ്റെയും നിതാന്ത ജാഗ്രത ഉണ്ടാകണം. കുറ്റവാളികൾ നിർദാക്ഷിണ്യം ശിക്ഷിക്കപ്പെടണം. ഇത്തരക്കാരെ സംരക്ഷിക്കുകയില്ലെന്ന് വിദ്യാർഥി സംഘടനകൾ തീരുമാനിക്കണം.
മാതാപിതാക്കളുടെ ആശങ്കകൾ അകറ്റണം.
പാസ്റ്റർന്മാരായ നോബിൾ പി തോമസ്, തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, ജെയ്സ് പാണ്ടനാട് , രാജീവ് ജോൺ പൂഴനാട്, പാസ്റ്റർ ജിജി ചാക്കോ തേക്കൂതോട്, സതീഷ് നെൽസൻ, ജോമോൻ ജോസഫ്, അനീഷ് എം ഐപ്പ്, അനീഷ് കൊല്ലങ്കോട്,ബിനോയ് ചാക്കോ, പി ടി തോമസ്, പി കെ യേശുദാസ്, ആർ സി കുഞ്ഞുമോൻ, ടി വൈ ജോൺസൺ,ഏബ്രഹാം ഉമ്മൻ,ഷിബു മന്ന, ബിജു ജോസഫ്, രതീഷ് ഏലപ്പാറ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
റാഗിങ്ങിനിരയായ വിദ്യാർത്ഥിയുടെ വീട് പിസിഐ സ്റ്റേറ്റ് കമ്മിറ്റി അംഗം പാസ്റ്റർ രതീഷ് ഏലപ്പാറ സന്ദർശിച്ചു.
Comments are closed, but trackbacks and pingbacks are open.