ലേഖനം: ഒരു വാക്ക് മതി | രാജൻ പെണ്ണുക്കര
സുവിശേഷത്തിൽ പറയുന്ന ശതാധിപന്റെ വാക്കുകൾ വളരെ ശ്രദ്ധേയമാണ്. കർത്താവേ, എന്റെ ബാല്യക്കാരൻ പക്ഷവാതം പിടിച്ചു കഠിനമായി വേദനപ്പെട്ടു വീട്ടിൽ കിടക്കുന്നു. അതു കേട്ട മാത്രയിൽ യേശു അവനോടു: “ഞാൻ വന്നു അവനെ സൗഖ്യമാക്കും” എന്നു പറഞ്ഞു.അവന്റെ അപ്പോഴത്തെ നിജസ്ഥിതിയും നിസ്സഹായ അവസ്ഥയും മനസ്സിലാക്കി വീട്ടിൽ പോലും പോകുവാൻ സന്നദ്ധത കാണിക്കുന്ന കർത്താവിനെ നാം അവിടെ ദർശിക്കുന്നു. എന്നാൽ യേശുവിന്റെ വാക്ക് കേട്ടമാത്രയിൽ ശതാധിപൻ തന്റെ ജീവിതത്തേയും വീടിന്റെ അവസ്ഥയെയും യോഗ്യതയേയും തുലനം ചെയ്തപ്പോൾ അവന് മനസ്സിലായ സത്യം കർത്താവേ, നീ എന്റെ പുരെക്കകത്തു വരുവാൻ ഞാൻ ഒട്ടും യോഗ്യനല്ല; പക്ഷെ ഞാൻ ഇപ്പോൾ കടന്നുപോകുന്ന സാഹചര്യത്തിൽ നിന്റെ ഒരു വാക്ക് എനിക്ക് വേണം, നീ അതൊന്ന് കല്പിച്ചാൽ എന്റെ ബാല്യക്കാരന്നു സൗഖ്യം വരും.
ഒരുവാക്കിന് ഇത്രയും ശക്തിയോ?.അതേ, ഇല്ലാത്തതിനെ ശൂന്യതയിൽ നിന്നും വിളിച്ചു വരുത്തുവാനും, നമ്മുടെ സകല നീറുന്ന പ്രശ്നങ്ങൾക്കും പരിഹാരവും സൗഖ്യവും നൽകുവാൻ ശക്തിയുള്ളവനും, വെള്ളത്തെ വീഞ്ഞാക്കി സ്ഥിതിപോലും മാറ്റുവാനും, നാറ്റം വെച്ചതിനെ ജീവനോടെ പുറത്തു കൊണ്ടുവരുവാനും ഒരു വാക്ക് മാത്രം മതിയെന്നും, നിലക്കാത്ത കാറ്റും നിലക്കാത്ത തിരയും അടക്കുവാനും ഒരുവാക്കിനാൽ സാധിക്കും എന്നുകൂടി തെളിയിച്ചവനാണ് ഇപ്പോൾ സങ്കീർണ്ണമായ എന്റെ പ്രശ്നത്തിന്റെ മുന്നിൽ നിൽക്കുന്നതെന്ന സത്യം അവൻ വ്യക്തമായി തിരിച്ചറിഞ്ഞിരുന്നു.
യേശുവിന്റെ വായിൽനിന്നു പുറപ്പെട്ട ലാവണ്യ വാക്കുകൾ നിമിത്തം പലരും ആശ്ചര്യപ്പെട്ടു.അവന്റെ വാക്കു കേട്ടവർക്കെല്ലാവർക്കും അവന്റെ വിവേകത്തിലും ഉത്തരങ്ങളിലും വിസ്മയം തോന്നി. അവനെ കണ്ടിട്ടു അവർ അതിശയിച്ചു; (ലൂക്കോ 4:22, 2:47) എന്ന് വായിക്കുന്നു. അപ്പോൾ നമ്മുടെ വാക്കുകൾ എപ്രകാരം എന്ന് കൂടി സ്വയം പരിശോധിക്കാം.
“വാക്ക് ” അതാണ് ചിലസമയത്ത് മരുന്നാകുന്നതും മുറിവാകുന്നതും. ഉടഞ്ഞത് കൂട്ടിയോജിപ്പിക്കാനും, തകർന്നത് വീണ്ടും പണിയുവാനും, വളഞ്ഞത് നേരെയാക്കാനും, അകന്നത് അടുപ്പിക്കാനും കൂട്ടിവിളക്കാനും, അതുപോലെ തന്നേ മറുവശം കൂടി ചിന്തിച്ചാൽ സകലതും മാറ്റിമറിക്കാനും, സകലതും ഉടച്ചുകളയുവാനും, തട്ടിമറിക്കാനും, തരിപ്പണം ആക്കാനും, ഇടർച്ച വരുത്താനും ഒരു “വാക്ക്” മതി എന്നസത്യം കൂടി എപ്പോഴും ഓർമ്മയിൽ വെക്കണം. എന്നാൽ വാക്കിന്റെ ശക്തിയും അധികാരവും പ്രസക്തിയും വിലയും പലപ്പോഴും മനുഷ്യൻ ഗൗരവമായി എടുക്കാറില്ല, തിരിച്ചറിയുന്നില്ല എന്നതാണ് സത്യം.
സമയോചിതം എന്നോണം ഈയവസരത്തിൽ എന്റെ സുഹൃത്ത് എനിക്ക് അയച്ചുതന്ന ചില നല്ല വാക്കുകൾ കൂടി ഓർത്തു പോകുന്നു. നമ്മുടെ ജീവിതത്തില്‍ സന്ദര്‍ഭോചിതമായ വാക്കുകള്‍ക്ക് വലിയ പ്രസക്തിയുണ്ട്. വാക്കെന്നത്, വിശ്വാസത്തിന്റെ ഉറപ്പാണ്, വാക്ക് സ്‌നേഹത്തിന്റെ ഭാഷയാണ്! അതുപോലെതന്നെ വെറുപ്പിന്റേയും. വാക്ക് ഒരു കരുതലാണ്, അകന്നുപോയവരെ അടുപ്പിക്കാനും ചേര്‍ത്തുപിടിയ്ക്കാനുമുള്ള കരുതല്‍. ചേർന്നിരുന്നവർ അകന്നു മാറാനും ഒരു വാക്ക് മതി. നമ്മള്‍ തകര്‍ന്നു തരിപ്പണമായിരിയ്ക്കുമ്പോള്‍ ഇച്ഛാശക്തിയുളള വാക്കുകള്‍ മതി, നമ്മേ പുനഃരുജ്ജീവിപ്പിയ്ക്കാന്‍. ഉപയോഗിക്കുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഇവിടെ ഒരുപോലെ പ്രാധാന്യമുണ്ട്. വേണ്ടത്, വേണ്ടപ്പോള്‍ മാത്രം പറയുന്നവരാണ് വാക്കുകളെ മനോഹരമാക്കുന്നത്!. അതേ, വാക്ക് സത്യമാണ്. എത്ര മനോഹരമാണീ വാക്കുകൾ. വാക്ക് മാറ്റുവാന്നുള്ളതല്ല മറിച്ച് പാലിക്കാൻ ഉള്ളതാണ്. നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു (മത്താ 5:37).
വചനം മുന്നറിയിപ്പ് തരുന്നു: ശാന്തമനസ്സു ദേഹത്തിന്നു ജീവനായി മാറുമ്പോൾ: നിന്റെ വായ് നിന്റെ ദേഹത്തിന്നു പാപകാരണമാകരുതു; അബദ്ധവശാൽ വന്നുപോയി (പറഞ്ഞുപോയി) എന്നു നീ ദൂതന്റെ സന്നിധിയിൽ പറകയും അരുതു; ദൈവം നിന്റെ വാക്കുനിമിത്തം കോപിച്ചു നിന്റെ കൈകളുടെ പ്രവൃത്തിയെ നശിപ്പിക്കുന്നതു എന്തിനു?, നാം എല്ലാവരും പലതിലും തെറ്റിപ്പോകുന്നു; ഒരുത്തൻ വാക്കിൽ തെറ്റാതിരുന്നാൽ അവൻ ശരീരത്തെ മുഴുവനും കടിഞ്ഞാണിട്ടു നടത്തുവാൻ ശക്തനായി സൽഗുണപൂർത്തിയുള്ള പുരുഷൻ ആകുന്നു (സദൃ 14:30, സഭാ 5:6, യാക്കോ 3:2).
മനുഷ്യന്റെ വായിലെ വാക്കു ആഴമുള്ള വെള്ളവും ജ്ഞാനത്തിന്റെ ഉറവു ഒഴുക്കുള്ള തോടും ആകുന്നു; മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു; അതുകൊണ്ടാണ് പറയുന്നത് നിന്റെ വായ് നിന്റെ ദേഹത്തിന്നു പാപകാരണമാകരുതെന്ന് (സദൃ 18:4, 21). ദ്വയാർഥ വാക്കുകളും, അധൈര്യപ്പെടുത്തുന്നതും, നിഷേധാത്മകമായതും ദുർബലപ്പെടുത്തുന്നതും നേരല്ലെന്നു വരുത്തി തീർക്കുന്നതുമായ നെഗറ്റീവ് വാക്കുകൾ മനഃപൂർവം എല്ലാവരും ഒഴിവാക്കുന്നത് നന്നായിരിക്കും.
നിന്റെ കൂട്ടുസഹോദരന്റെ, സഹോദരിയുടെ കഷ്ടതയിൽ ഒന്നും കൊടുത്ത് സഹായിക്കാൻ കഴിഞ്ഞില്ലായെങ്കിൽ പോലും, അവരുടെ വിലാപത്തിൽ നിന്റെ സകല വേലകളും, ബദ്ധപ്പാടുകളും ഓട്ടവും ഒരുനിമിഷത്തേക്ക് മാറ്റിവെച്ച് ആ ഭവനത്തിൽ പോയൊ, ഒരു ഹലോ വിളിയിലൊ ഒരുമിനിറ്റിൽ ഒരുവാക്കിൽ ക്ഷേമം അന്വേഷിക്കാനോ, ആ ദുഖത്തിൽ പങ്കുചേരാനോ, ഒരുവാക്ക് കൊണ്ട് അശ്വസിപ്പിക്കാനോ നിനക്ക് സമയമോ മനസ്സോ ഉണ്ടാകുന്നില്ലായെങ്കിൽ, കഴിയുന്നില്ലായെങ്കിൽ നമ്മുടെ സൂം പ്രയറും ആത്മീക പ്രദർശനവും, ജീവിതവും, ആരാധനയും മറ്റും വെറും വട്ടപ്പൂജ്യവും നിരർത്ഥവും അല്ലേ!. കാരണം, ഇമ്പമുള്ള വാക്കു തേൻ കട്ടയാകുന്നു; മനസ്സിന്നു മധുരവും അസ്ഥികൾക്കു ഔഷധവും തന്നേ; മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു: കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു. മൃദുവായുള്ള നാവു അസ്ഥിയെ നുറുക്കുന്നു അതായത് എത്ര കഠിമായതും കട്ടിയുള്ളതും നുറുക്കുവാൻ മൃദുവാക്കുള്ള നാവിന് കഴിയുമെന്ന് ചുരുക്കം. (സദൃ 16:24, 15:1, 15:30, 25:15).
വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നേ: നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു (സദൃ 17:27, 15:28). അതുകൊണ്ടാണ് യാക്കോബ് അപ്പോസ്തോലൻ (1:19) ഇങ്ങനെ വിളിച്ചു പറഞ്ഞത് “പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ, എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.” കാരണം കോപം വന്നാൽ എന്തും വിളിച്ചു പറയും, അത് പാപം ആയി കണക്കിടും.
നമ്മിൽ പലരും കൂട്ടായ്മയിലും ആരാധനയിലും മറ്റും ഇരുന്ന് എന്തിനും ഏതിനും അവസരത്തിലും അനവസരത്തിലും (വെറും തമാശയെന്ന് കരുതി) ഉപ്പിനാൽ രുചി വരുത്താത്തതുമായ കമന്റുകളും, മറ്റുള്ളവരെ താഴ്ത്തികെട്ടുന്നതും, മുറിവേൽപ്പിക്കുന്നതും, നിരുത്സാഹപ്പെടുത്തുന്നതും കൃപയില്ലാത്തതും അധിക്ഷേപിക്കുന്നതുമായ പാഴ്‌വാക്കുകളും കുത്തുവാക്കുകളും പറയുന്നത് കേട്ടിട്ടില്ലേ. എന്നാൽ തന്റെ നാവിന്നു കടിഞ്ഞാണിടാതെ (ഇങ്ങനെയൊക്കെ പറഞ്ഞിട്ട്) ഒരുവൻ തന്റെ ഹൃദയത്തെ വഞ്ചിച്ചുകൊണ്ടു താൻ ഭക്തൻ എന്നു സ്വയം നിരൂപിച്ചാൽ അവന്റെ ഭക്തി വ്യർത്ഥം അത്രേയെന്ന് യാക്കോബ് 1:26-ൽ മുന്നറിയിപ്പ് തരുന്നു.
പലരും പറയുന്നത് കേട്ടില്ലേ തല്ലുകൊള്ളുന്ന സംസാരമേ അവന്റെ / അവളുടെ വായിൽ നിന്നു വരുള്ളു, വചനവും പറയുന്നു “അവന്റെ വായ് തല്ലു വിളിച്ചുവരുത്തുന്നു”; വാക്കു പെരുകിയാൽ ലംഘനം ഇല്ലാതിരിക്കയില്ല; അധരങ്ങളെ അടക്കുന്നവനോ ബുദ്ധിമാൻ; അവന്റെ വായിലെ വാക്കുകളുടെ ആരംഭം ഭോഷത്വവും അവന്റെ സംസാരത്തിന്റെ അവസാനം വല്ലാത്ത ഭ്രാന്തും തന്നേ. (സദൃ 18:6, 10:19, സഭാ 10:13).
വാക്കുകൾ നമ്മുടെ ഉള്ളിൽ ഉള്ളിടത്തോളം കാലം അവ നമ്മുടെ നിയന്ത്രണത്തിലാണ്. അവ നമ്മുടെ വായിൽ നിന്ന് പുറത്ത് വന്നുകഴിഞ്ഞാൽ നമ്മൾ അവയുടെ അടിമകളായി മാറുന്നു, അവയിൽ പലപ്പോഴും കുടുങ്ങി പോകുന്നു!. അതുകൊണ്ട് വ്യർത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നു.
പറഞ്ഞു കൂടാത്തതുമായ വാക്കുകളെ, ബലഹീനവും നിന്ദ്യവുമായ വാക്ക്, ഭീഷണി വാക്കു ഒഴിക്കയും ചെയ്‍വിൻ. കൌശലവാക്ക്, വശീകരണവാക്കുകൾ കൊണ്ട് ആരും നിങ്ങളെ ചതിക്കാതിരിപ്പാൻ ഞാൻ ഇതു പറയുന്നു. നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ (ഇവിടെ പഞ്ചസാര വാക്കുകൾക്ക് ഒരു പ്രസക്തിയും ഇല്ലെന്ന കാര്യം ഓർക്കുക, അത് അപകടകാരിയാകുന്നു). നാം ഇരുവാക്കുകാരും ദുർവ്വാക്കുകാരും, ചക്കരവാക്കുകാരും, ദുർല്ലാഭമോഹികളും ആകരുത്, അവരുടെ വാക്കു അർബ്ബുദവ്യാധിപോലെ തിന്നുകൊണ്ടിരിക്കും. ജ്ഞാനിയുടെ വായിലെ വാക്കു ലാവണ്യമുള്ളതു; മൂഢന്റെ അധരമോ അവനെത്തന്നേ നശിപ്പിക്കും” (സഭാ 10:12).
എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയിൽ എന്നെ സന്ദർശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്താതിരിക്കാൻ “ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ വായ്ക്കു ഒരു കാവൽ നിർത്തി, എന്റെ അധരദ്വാരം കാത്ത് എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാൻ ഉറെച്ചിരിക്കുന്നു” (സങ്കീ 34:13, 141:3, 17:3) എന്ന തീരുമാനമായിരിക്കട്ടെ നമ്മുടെ പുതുവർഷത്തെ പ്രതിജ്ഞ.
അവസാനമായി ഒന്നു കൂടി. നിങ്ങളുടെ ശരീരവും വാക്കുകളും മനോഹരമായി തന്നെ സൂക്ഷിക്കണം, ആളുകൾ ഒരു പക്ഷേ നിങ്ങളുടെ മുഖം മറന്നേക്കാം, എന്നാൽ നിങ്ങളുടെ വാക്കുകൾ അവർ മറക്കില്ല!. ഒരാളുടെ കണ്ണ് നിറയാനും മനസ്സ് നിറയാനും നമ്മുടെ ഒരു വാക്ക് മതി. വാക്കിന്റെ അർത്ഥത്തിലോ സാഹിത്യത്തിലോ അല്ല അത് ഉപയോഗിക്കുന്ന രീതിയിൽ ആണ് അതിന്റ മായാജാലം. അക്ഷരങ്ങളും വാക്കുകളും നിർദോഷികളും നിരപരാധികളും ആകുന്നു, പക്ഷേ അസ്ഥാനത്തും അസമയത്തും അനുയോജ്യമല്ലാത്തയിടത്തും അനവസരങ്ങളിലും, ശ്രുതി/സ്വരസംക്രമങ്ങളിലും (Modulation) വരുന്ന ഉപയോഗവും മാറ്റങ്ങളും ആണ് അതിന്റെ അർത്ഥവ്യാപ്തിയും ഘനവും ഗുണവും ദോഷവും നിർണ്ണയിക്കുന്നത്. എന്റെ പ്രിയസഹോദരന്മാരേ, വഞ്ചിക്കപ്പെടരുതു (യാക്കോ 1:16).
(രാജൻ പെണ്ണുക്കര
Comments are closed, but trackbacks and pingbacks are open.