130-മത് മാരാമണ്‍ കണ്‍വന്‍ഷന് പമ്പയുടെ മണ്ണിൽ അനുഗ്രഹീത തുടക്കം
മാരാമണ്‍: ലോക പ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ 130-മത് മഹായോഗത്തിന് തുടക്കം കുറിച്ചു. മാരാമണ്‍ മണല്‍പ്പുറത്ത് തയ്യാറാക്കിയ പന്തലില്‍ മലങ്കരയുടെ 22-ാം മാര്‍ത്തോമ്മായും മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനുമായ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാര്‍ ഫിലക്സിനോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ചു. സഭയിലെ അഭിവന്ദ്യ തിരുമേനിമാരെ കൂടാതെ വിവിധ സഭകളുടെ മേല്‍പ്പട്ടക്കാരും ഉത്ഘാടന യോഗത്തില്‍ സംബന്ധിച്ചു. അഖില ലോക സഭാ കൗണ്‍സില്‍ (ണഇഇ) ജനറല്‍ സെക്രട്ടറി റവ.പ്രൊഫ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്സര്‍ലാന്‍ഡ്) മുഖ്യ സന്ദേശം നല്‍കും. ഫെബ്രുവരി 16 തീയതി വരെ നടക്കുന്ന വിവിധ യോഗങ്ങളില്‍ റവ.പ്രൊഫ. ഡോ. ജെറി പിള്ളൈ (സ്വിറ്റ്സര്‍ലാന്‍ഡ്), കൊളംബിയ തിയോളജിക്കല്‍ സെമിനാരി പ്രസിഡന്റ് റവ.ഡോ. വിക്ടര്‍ അലോയോ, ഡോ. രാജ്കുമാര്‍ രാംചന്ദ്രന്‍ (ന്യുഡല്‍ഹി) എന്നിവരും, സഭയിലെ തിരുമേനിമാരും മുഖ്യ പ്രസംഗകര്‍ ആയിരിക്കും .
തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ രാവിലെ 7.30 നുള്ള ബൈബിള്‍ ക്ലാസ്സുകള്‍ക്ക് റവ.പ്രൊഫ. ഡോ. ജെറി പിള്ളൈയും ബുധന്‍ മുതല്‍ ശനി വരെ ബൈബിള്‍ ക്ലാസ്സുകള്‍ക്ക് റവ.ഏ.റ്റി.സഖറിയായും നേതൃത്വം നല്‍കും. രാവിലെ 7.30 മുതല്‍ 8.30 വരെ കുട്ടികള്‍ക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തില്‍ കുട്ടിപ്പന്തലില്‍ നടക്കും. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിക്കും.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കണ്‍വന്‍ഷന്‍ ക്രമീകരണങ്ങളില്‍ സഹകരിക്കുന്നു. പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമായിട്ടാണ് മാരാമണ്‍ കണ്‍വന്‍ഷന്‍ ക്രമീകരണം ചെയ്യുന്നത്. ഒരു ലക്ഷം പേര്‍ക്കിരിക്കാവുന്ന പന്തലില്‍ ആണ് കണ്‍വന്‍ഷന്‍ നടക്കുന്നത്. സഭയിലെ വിവിധ ഇടവകകള്‍ ആണ് കണ്‍വന്‍ഷന്റെയും കുട്ടിപ്പന്തലിന്റെയും ഓലമേയലിനും നേതൃത്വം വഹിച്ചത്.
സഭയുടേയും സുവിശേഷസംഘത്തിന്റേയും സഭയിലെ അനുഗ്രഹീത സംഘടനകളുടേയും നേതൃത്വത്തിലുള്ള വിവിധ സ്റ്റാളുകളും മണല്‍പ്പുറത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
സംഘത്തിന്റെ മിഷന്‍ ഫീല്‍ഡുകളുടെ പ്രവര്‍ത്തനങ്ങളെ വിശദീകരിക്കുന്ന എക്സിബിഷനും ക്രമീകരിക്കുന്നുണ്ട്. 101 ഗാനങ്ങള്‍ അടങ്ങിയ പാട്ടുപുസ്തകം തയ്യാറായിട്ടുണ്ട്. ഡി എസ്സ് എം സി യുടെ നേതൃത്വത്തിലുള്ള കണ്‍വന്‍ഷന്‍ ഗായകമാണ് ഗാനശുശ്രൂഷയ്ക്ക് ഗാനങ്ങള്‍ ആലപിക്കുന്നത്.
മാരാമണ്‍ കണ്‍വന്‍ഷന്റെ ആവശ്യത്തിലേക്ക് യാത്രക്കാരുടെ സൗകര്യത്തിനായി കെ.എസ്.ആര്‍.ടി.സി പ്രത്യേകം ബസുകള്‍ സ്പെഷ്യല്‍ സര്‍വീസായി നടത്തുന്നതാണ്.
മാര്‍ത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് മാരാമണ്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കുന്നത്. ജനറല്‍ സെക്രട്ടറി റവ.എബി കെ. ജോഷ്വാ (ജനറല്‍ കണ്‍വീനര്‍), ട്രഷറാര്‍ ഡോ.എബി തോമസ് വാരിക്കാട്, ലേഖക സെക്രട്ടറി പ്രൊഫ.എബ്രഹാം പി. മാത്യു, റവ.ജിജി വര്‍ഗീസ്, സുവിശേഷ പ്രസംഗ സംഘം മാനേജ്മന്റ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ കണ്‍വന്‍ഷന്റെ സുഗമമായ നടത്തിപ്പിനായി പ്രവര്‍ത്തിച്ചു വരുന്നു.
Comments are closed, but trackbacks and pingbacks are open.