കഥ: പൂച്ചയ്ക്ക് ആരു മണികെട്ടും | സൂസി റോയി
“അമ്മ നാലാമതും പ്രസവിച്ചു! അതൊരു ആൺകുട്ടിയാണ്.”
അവൻ വീട്ടിലെ കണ്ണിലുണ്ണിയായി തുടർന്നു. നൈനയുടെ പ്രസ്താവനയിൽ വലിയ സന്തോഷം പ്രകടമായിരുന്നില്ല. പകരം അല്പം രോഷം കലർന്നിരുന്നോ എന്ന് എനിക്കു സംശയമുണ്ട്. ഞങ്ങൾ മൂന്നു പെൺകുട്ടികളാണ്. ഇപ്പോൾ ആദ്യമായാണ് വീട്ടിലൊരു ആൺകുട്ടി ജനിച്ചത്.
അമ്മ പ്രസവാവധി മൂന്നാഴ്ചകൊണ്ട് അവസാനിപ്പിച്ച് വീണ്ടും ജോലിയിൽ പ്രവേശിച്ചു. അവൾ ചന്തയിൽ പോയിത്തുടങ്ങി, അവിടെ അവൾക്കൊരു ചെറിയ മാടക്കടയുണ്ട്–വാടകയ്ക്ക് എടുത്തത്. അവിടെയാണവൾ മീൻകച്ചവടം നടത്തുന്നത്.
മൂന്നു പെൺമക്കളുടെ ഇടയിൽ ജനിച്ച ആ പൊന്നോമനപുത്രൻ എന്തിയേ എന്നല്ലേ നിങ്ങൾ ചോദിക്കാൻ തുടങ്ങുന്നത്. അതേ, പറയാം. നൈനയുടെ സംരക്ഷണത്തിൽ അവൻ സുരക്ഷിതനാണ്. അവൻ ജനിക്കുമ്പോൾ നൈനക്ക് ഒമ്പതു വയസ്സായിരുന്നു. അന്നവൾ അഞ്ചാം ക്‌ളാസിലായിരുന്നു. അവിടെ അവളുടെ പഠനം
അവസാനിപ്പിക്കേണ്ടിവന്നു. നവജാതശിശുവിന്റെ മാത്രമല്ല, തന്റെ ഇളയ രണ്ടു പെൺകുട്ടികളുടെയും ഉത്തരവാദിത്വം നൈനയുടെ കരങ്ങളിലായി.
അവൾക്കിപ്പോൾ പതിമൂന്നു വയസ്സുണ്ട്. അവളുടെ കുഞ്ഞാങ്ങളയ്ക്കു നാലു വയസ്സും. ഇവരുടെ രണ്ടു പേരുടെയും ഇടയിൽ രണ്ടുപെൺകുഞ്ഞുങ്ങൾ. അങ്ങനെ അവർ നാലു പേര്–ആരും സ്കൂളിൽ പോകുന്നില്ല.
അമ്മ രാജകുമാരിയാണ്, പേരാണു കേട്ടോ. അക്ഷരാഭ്യാസമില്ല. പക്ഷേ, ആറ് അംഗങ്ങളുള്ള കുടുംബത്തിന് അപ്പവും വെള്ളവും കണ്ടെത്താനുള്ള അവളുടെ പരിശ്രമത്തിൽ വേണ്ടുന്നത്ര ‘ഉന്നത വിദ്യാഭ്യാസം’ ഇക്കാലയളവിനുള്ളിൽ അവൾ കരസ്ഥമാക്കിയിട്ടുണ്ട്! തന്റെ മക്കളുടെ വിദ്യാഭ്യാസം എന്നത് അവൾക്ക് എന്നും ഒരു വേദനയാണ്. കണ്ണുനീരിൽ കുതിർന്നതാണ് അവളുടെ ജീവിതം. പേമാരിയും കൊടുങ്കാറ്റും അവളുടെ ജീവിതത്തിൽ സാധാരണ സംഭവങ്ങളാണ്.
നിൽക്ക്, നിങ്ങൾ ചോദിക്കാൻ പോകുന്ന ചോദ്യത്തിന് ഉത്തരം പറയാം. അവൻ അവിടെത്തന്നെയുണ്ട്, അവളുടെ ഭർത്താവ്, പിള്ളാരുടെ അച്ഛൻ. ഭർത്താവെന്ന അദ്ദേഹം വീഴ്ച്ചവരുത്താതെ പുറത്തുപോകുകയും വിശ്വസ്തമായി അകത്തുവരികയും ചെയ്യും. ഒഴിഞ്ഞ ടാങ്കുമായി പോയി ഫുൾടാങ്ക് അടിച്ചുനിറച്ചാണ് തിരികെ വരുന്നത്. എന്നിട്ടോ സമാധാനത്തോടെ കിടന്നുറങ്ങും. യാതൊരു തടസ്സവും കൂടാതെ രാവും പകലും കിടന്നുറങ്ങും. ശ്ശേ! പുള്ളിയെ കുറ്റം പറയരുത്–ഉറങ്ങിക്കോട്ടെ! കൂർക്കം വലിക്കുന്നില്ലല്ലോ! പിന്നെ ഒരു കാര്യം, ഉറക്കത്തിനു വല്ല തടസ്സവും വന്നാലുണ്ടല്ലോ ഇടിയും മിന്നലും രാജകുമാരിയുടെ മുഖത്ത് തുരുതുരാ വന്നു പതിക്കും! (എന്നാ പിന്നെ അവിടെ കിടന്ന് ഉറങ്ങിക്കോട്ടെ, അല്ലേ?) ഇടയ്ക്ക് ഒന്ന് എഴുന്നേറ്റുവരും തിന്നാൻ വേണ്ടി മാത്രം. ഭാര്യ അധ്വാനിച്ചുകൊണ്ടുവന്ന്, കൊച്ചുപിള്ളാര് പാചകം ചെയ്തു കൊടുക്കുന്ന ഭക്ഷണം കഴിക്കാൻ! എന്നാണാവോ ഈ ശങ്കരൻ ഈ തെങ്ങിൽനിന്ന് ഒന്ന് ഇറങ്ങിവരിക?
അവൻ പോട്ടേ!
എന്നെ ആഴത്തിൽ വേദനിപ്പിച്ചത് എന്താണ് എന്നു പറഞ്ഞില്ലല്ലോ.
നൈനയുടെ വാക്കുകൾ: “അമ്മ നാലാമതും പ്രസവിച്ചു, എന്റെ പഠനം മുടങ്ങി, ഇളയ സഹോദരനു നാലു വയസ്സായി, എന്നാൽ ഞങ്ങളാരും പഠിക്കാൻപോകുന്നില്ല, പിതാവ് ഒരിക്കൽപോലും ഒന്നും ചെയ്തിട്ടില്ല, അമ്മ അതിരാവിലെ പോയാൽ മടങ്ങിവരുന്നത് രാത്രിയിലാണ്.” അവൾ എന്നോട് സംസാരിച്ചുകൊണ്ടു നിൽക്കവേ “എനിക്ക് അത്താഴം തയ്യാറാക്കാൻ സമയമായി” എന്നു പറഞ്ഞ് വേഗത്തിൽ ഓടിപ്പോയി.
അവൾ പോയിക്കഴിഞ്ഞപ്പോൾ നാല് വലിയ ചോദ്യചിന്ഹം എന്റെ മുമ്പിൽ നിന്നു–രാക്ഷസന്മാരെപോലെ–ഈ നാലു കുഞ്ഞുങ്ങളുടെ പഠനവും ഭാവിയും എന്ന ചോദ്യചിന്ഹമാണത്. എനിക്ക് ഇതിനു മുമ്പിൽ എന്റെ കണ്ണ് അടച്ചുകളയാൻ തോന്നുന്നില്ല.
ഒഴിഞ്ഞപാത്രങ്ങൾ കൊണ്ടുവരുവാൻ പ്രവാചകശിഷ്യന്റെ ഭാര്യയോട് ഏലീശ ആവശ്യപ്പെട്ടത് ഓർമയിൽ വന്നതുകൊണ്ട് അതീവ വേദനയോടെ ഞാൻ ഈ ചോദ്യം നിങ്ങളുടെ മുമ്പിലേക്കു കൊണ്ടുവരട്ടെ. ഈ നാലു ചോദ്യങ്ങൾക്ക്, അല്ല ഒരു ചോദ്യത്തിന് എങ്കിലും ഉത്തരം നൽകാൻ നിങ്ങൾക്കു കഴിയുമോ?
(ഇവിടെ പറഞ്ഞിരിക്കുന്ന കഥ ബീഹാറിലെ ഒരു കുടുംബത്തിന്റെ യഥാർത്ഥ കഥയാണ്.
Comments are closed, but trackbacks and pingbacks are open.