സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ജനറൽ കണ്‍വന്‍ഷന് തിരുവല്ലയിൽ അനുഗ്രഹീത തുടക്കം

തിരുവല്ല: സെന്റ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ 64-ാമത് ജനറൽ കൺവൻഷന് തിരുവല്ല മഞ്ഞാടിയിലെ സഭാ ആസ്ഥാനത്ത് അനുഗ്രഹീത തുടക്കം.


പ്രിസൈഡിംഗ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം കൺവൻഷൻ ഉദ്ഘാടനം ചെയ്തു. ദൈവീക അനുഗ്രഹങ്ങൾ ലഭിക്കാൻ അനുതാപ ഹൃദയത്തോടെ ദൈവസന്നിധിയിലേക്കും വിശുദ്ധജീവിതത്തിലേക്കും ഉണർവിന്റെ അനുഭവത്തിലേക്കും മടങ്ങി വരണമെന്നും ദൈവവചനത്തിലെ വ്യവസ്ഥകൾ പാലിക്കാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ദൈവകൃപയിലുള്ള സംസർഗ്ഗത്തിനും ശുദ്ധീകരണത്തിനും ദൈവ വചനം നമ്മെ സഹായിക്കുന്നുവെന്നും
ദൈവം ഭൂമിയിലേക്ക് ഇറങ്ങി മനുഷ്യനെ ഉന്നതങ്ങളിലേക്ക് ഉയർത്തുന്ന നടപടിയാണ് ക്രിസ്തുവിന്റെ മനുഷ്യാവതാര ലക്ഷ്യം.
ആകുല ചിന്തകൾ അകറ്റി അവനവന്റെ കർത്തവ്യങ്ങൾ പ്രാർത്ഥന ആയുധമാക്കി വിശ്വസ്തതയോടെ നിറവേറ്റി ദൈവ വരവിനായി കാത്തിരിക്കുക. ആയതു പിതാവ് മാത്രം അറിയുന്ന കാര്യം ആയതിനാൽ എപ്പോളും വിശ്വസ്തരായിരിക്കുക. ദൈവം തന്ന ആത്മാവിനെ നശിപ്പിക്കാതെ രണ്ടാം വരവിൽ ദൈവത്തോട് കൂടെ ചേർക്കപ്പെടുവാൻ ഒരുക്കത്തോടെയിരിപ്പാൻ അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.
പ്രതിനിധി സഭാ അദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിച്ചു. ദൈവം കൽപ്പിച്ച വഴികളിലൂടെയുള്ള യാത്രയാണ് പുതുക്കപ്പെട്ട ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്നതെന്നും, വചന ധ്യാനങ്ങൾ ശ്രദ്ധിക്കുന്നതും, കേട്ടനുസരിക്കുന്നതും ജീവിതയാത്രയിൽ
നമ്മെ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ബിഷപ്പ് ഡോ. ടി.സി ചെറിയാൻ, സഭാ സെക്രട്ടറി റവ.ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു, സുവിശേഷ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. മോൻസി വർഗീസ്, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ. സജി ഏബ്രഹാം, ഡി.എം.സി ഡയറക്ടർ റവ. അനിഷ് തോമസ് ജോൺ, അസി. ഡയറക്ടർ റവ. ഷൈൻ ബേബി സാം, ഇട്ടി ജോസ്കുട്ടി,
എന്നിവർ പ്രസംഗിച്ചു. വികാരി ജനറാൾ വെരി. റവ. ടി.കെ തോമസ് പ്രാർത്ഥനക്ക് നേതൃത്വം നൽകി.
ഉദ്ഘാടന സമ്മേളനത്തിന് മുമ്പായി ബിഷപ്പ് ഏബ്രഹാം നഗറിൽ കൺവൻഷൻ പന്തലിന്റെയും സ്ഥിരം വേദിയുടെയും പ്രതിഷ്ഠാ ശുശ്രുഷ സഭയിലെ ബിഷപ്പന്മാരുടെ നേതൃത്വത്തിൽ നടന്നു.
റവ. ഡോ.രാജാസിംങ്ങ് ബാംഗ്ലൂർ,ബ്രദർ.സാജു ജോൺ മാത്യു ടാൻസാനിയ, ഡോ.കെ. മുരളീധർ, ബ്രദർ.മനു റസ്സൽ എന്നിവരാണ് വരും ദിവസങ്ങളിൽ നടക്കുന്ന കൺവെൻഷൻ യോഗങ്ങളിലെ മുഖ്യ പ്രസംഗകർ.
ഇന്ന് (തിങ്കൾ) മുതൽ ബുധനാഴ്ച്ച വരെ രാവിലെ 10-നും ഉച്ചക്ക് ശേഷം 2നും വർക്കേഴ്സ് -മിഷനറി കോൺഫറൻസ്,
ബുധനാഴ്ച്ച രാവിലെ 10-ന് സഭയിലെ സജീവ സേവനത്തിൽ നിന്ന് വിരമിക്കുന്ന വൈദീകർ, സുവിശേഷകർ, സേവിനിമാർ എന്നിവർക്കുള്ള ആദരവ്, ദിവസവും രാവിലെ 9.30 മുതൽ 10 വരെ മധ്യസ്ഥ പ്രാർത്ഥന എന്നിവ നടക്കും. എല്ലാ ദിവസവും വൈകിട്ട് 6.30ന് നടക്കുന്ന പൊതുയോഗങ്ങൾ കൂടാതെ വ്യാഴം മുതൽ രാവിലെ 10നും ഉച്ചക്ക് ശേഷം 2നും
പൊതുയോഗങ്ങൾ ,22-ന് വൈകിട്ട് 6.30ന് സുവിശേഷ പ്രകാശിനി, 23ന് വൈകിട്ട് 6.30-ന് വെല്ലൂർ ശാലോം ഭവൻ, പ്രകാശപുരം ആശ്രമം,
24 -ന് രാവിലെ10-ന് സേവിനി സമാജം, വൈകിട്ട് 6.30-ന് ഹിന്ദി ബെൽറ്റ് മിഷൻ, ചെന്നൈ ജൂബിലി മെമ്മോറിയൽ ബൈബിൾ കോളജ് , 25-ന് രാവിലെ10ന് യുവജന പ്രവർത്തന ബോർഡ്, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ്, ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസ്, 2-ന് വിദ്യാഭ്യാസ ബോർഡ്, ദുബായ് ഇവാൻജലിക്കൽ ബിലിവേഴ്സ് സ്കോളർഷിപ്പ്, വൈകിട്ട് 6.30-ന് ബൈബിൾ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലുള്ള പ്രത്യേക യോഗങ്ങൾ എന്നിവ നടക്കും. ഡിപ്പാർട്ട്മെൻറ് ഓഫ് മ്യൂസിക്ക് ആൻഡ് കമ്യൂണിക്കേഷൻസിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച 55 അംഗ ഗായകസംഘം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നു. യുവജന – സണ്ടേസ്കൂൾ പ്രവർത്തന ബോർഡുകളുടെ
നേതൃത്വത്തിൽ 25 ന് നടക്കുന്ന മിഷനറി സമ്മേളനത്തിൽ 80 സണ്ടേസ്കൂൾ വിദ്യാർത്ഥികൾ അടങ്ങിയ ജൂനിയർ ക്വയർ ഗാനങ്ങൾ ആലപിക്കും. ബൈബിൾ ക്വിസ്, സണ്ടേസ്കൂൾ വാർഷിക പരീക്ഷ, മിസ്‌മോർ എന്നിവയുടെ സമ്മാനദാനവും നടക്കും.
സമാപന ദിവസമായ 26-ന് ഞായറാഴ്ച്ച രാവിലെ 7.30-ന് സഭയിലെ ബിഷപ്പന്മാരുടെ നേതൃത്വത്തിൽ തിരുവത്താഴ ശുശ്രൂഷ നടത്തപ്പെടും. 9 മണിക്ക്
റിപ്പബ്ലിക്ക് ദിന പതാക ഉയർത്തലും,രാഷ്ട്രത്തെ ഓർത്തുകൊണ്ടുള്ള പ്രത്യേക സ്തോത്ര പ്രാർത്ഥനയും നടത്തപ്പെടുന്നതാണ്. 9.30-ന് 65-ാമത് സഭാ ദിന സ്തോത്ര ശുശ്രൂഷയും പൂര്‍ണ്ണസമയം സുവിശേഷവേലയ്ക്കു സമര്‍പ്പിക്കുന്ന കുട്ടികളുടെ പ്രതിഷ്ഠാ ശുശ്രൂഷയും
രാവിലെ 10ന് സുവിശേഷ പ്രവർത്തന ബോർഡിന്റെ മിഷനറി യോഗവും നടക്കും. തുടർന്ന് സഭാ സമ്മേളനവും ആത്മീയ സംഗമവും നടത്തപ്പെടും.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.