അനുസ്മരണം : എൻ്റെ ഹൃദയത്തെ സ്പർശിച്ച ബേബിച്ചായൻ | ഷാജൻ ജോൺ ഇടയ്ക്കാട്
കടമ്പനാടിൻ്റെ അയല്പക്ക ഗ്രാമമാണ് ഇടയ്ക്കാട്. അതു കൊണ്ട് തന്നെ എൻ്റെ ചെറിയ പ്രായം മുതൽ ബേബിച്ചായനെ കാണുവാനും മനസിലാക്കുവാനും കഴിഞ്ഞിട്ടുണ്ട്.
കടമ്പനാടും പരിസര പ്രദേശങ്ങളിലുമുള്ള വേർപെട്ട ദൈവമക്കളെ ഏകോപിപ്പിച്ചു നിർത്തുന്നതിൽ നിസ്തുലമായ സംഭാവനകൾ ബേബിച്ചായൻ നല്കിയിട്ടുണ്ട്.
അടുത്തിടെ ‘ഹൃദയസ്പർശം’ സാക്ഷ്യപരമ്പര നടത്തി വരവെ മിക്കപ്പോഴും ഫോൺ ചെയ്യുമായിരുന്നു. ഞാനെഴുതുന്ന കുറിപ്പുകൾ വായിച്ച് അഭിപ്രായം പറയും.സാക്ഷ്യം പറയാൻ എത്തുന്നവരെ ബേബിച്ചായൻ നേതൃത്വം നല്കുന്ന പ്രോഗ്രാമുകളിലും വിളിക്കും.
അവർക്കൊക്കെ നല്ല സമയവും സമ്മാനവും കൊടുക്കും.സമ്മാനം കൊടുക്കുന്നതൊന്നും എന്നോടു പറയില്ല. എന്നാൽ സാക്ഷ്യം കേട്ടിട്ട് നല്ല അഭിപ്രായങ്ങൾ പറയും.എത്ര നല്ലൊരു മനുഷ്യനായിരുന്നു ബേബിച്ചായൻ എന്നെനിക്കു അതുൾപ്പെടെ പല സന്ദർഭത്തിലും മനസിലായിട്ടുണ്ട്.
ചില മാസങ്ങൾക്കു മുൻപ് ഞാൻ എൻ്റെ മാതൃസഭയിൽ ശുശ്രുഷയുമായി ബന്ധപ്പെട്ടായിരുന്നപ്പോൾ ബേബിച്ചായൻ അവിടെ ശുശ്രുഷക്കെത്തിയിരുന്നു. എത്ര അനുഗ്രഹീതമായിരുന്നു ആ ദിനം. ഓരോരുത്തരുടെയും മനസിൽ നിറഞ്ഞു നില്ക്കുന്ന ധന്യമായ ശുശ്രുഷ നിർവ്വഹിച്ചാണ് അന്ന് മടങ്ങിയത്.
മണിപ്പൂർ പ്രശ്നസങ്കീർണമായ സമയത്ത് തുവയൂർ എ.ജി.യിൽ കടമ്പനാട് പാസ്റ്റേഴ്സ് ഫെലോഷിപ്പ് ബേബിച്ചായൻ്റെ നേതൃത്വത്തിൽ പ്രാർത്ഥനാസംഗമം നടത്തിയപ്പോൾ എന്നെയാണ് വിഷയാവതരണത്തിനു ചുമതലപ്പെടുത്തിയത്. പിന്നീട് സമാനമായ പ്രോഗ്രാമുകൾ നടന്നിടങ്ങളിൽ എന്നെ അവതരിപ്പിക്കുവാൻ തക്ക നല്ല മനസിൻ്റെ ഉടമയായിരുന്നു ബേബിച്ചായൻ. വലുപ്പ ചെറുപ്പങ്ങളില്ല, പരമാവധി പ്രവർത്തിക്കുക, ഓരോ പ്രവർത്തനത്തിനും കഴിവുള്ളവരെ ഉപയോഗിക്കുക എന്നതൊക്കെ ബേബിച്ചായൻ്റെ ശീലമായിരുന്നു.
കടമ്പനാടിൻ്റെ പരിസരങ്ങളിൽ എൻ്റെ നാടായ ഇടയ്ക്കാട് ഉൾപ്പെടെയുള്ള ഗ്രാമങ്ങളിലെ കൺവൻഷനുകളിൽ സംബന്ധിക്കുന്ന പതിവും ബേബിച്ചായനുണ്ടായിരുന്നു.
തൻ്റെ ജീവിതത്തിൽ മരണകരമായ രോഗാവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്. ദൈവത്തിൻ്റെ അത്ഭുതകരം പ്രവർത്തിച്ചതു കൊണ്ട് ആയുസ്സ് നീട്ടിക്കിട്ടിയ ഭക്തൻ്റെ സാക്ഷ്യം പങ്കുവയ്ക്കുവാൻ ഹൃദയസ്പർശത്തിലേക്കു ക്ഷണിച്ചിരുന്നു.
ഇപ്പോൾ യു.കെ.യിലേക്കു പോവുകയാണ്. വന്നിട്ടാകട്ടെ എന്നു പറഞ്ഞു. യു.കെ.യിലെത്തിയും ഫോണിൽ ബന്ധപ്പെടുമായിരുന്നു.
‘ഷാജനെ, ആ രാജസ്ഥാനിലെ ദൈവദാസൻ്റെ നമ്പർ ഉടൻ അയക്കണേ… ബീഹാറിൽ നിന്നും വന്ന ദൈവദാസൻ്റേതും തരണമേ’ മിഷനു വേണ്ടി ജ്വലിക്കുന്ന ആ മനസിൽ നിന്നും കേൾക്കുന്ന വാക്കുകൾ ആവേശം പകരുമായിരുന്നു.
യു.കെ.സന്ദർശനത്തിനിടയിൽ തൻ്റെ പിതാവ് യു.എസിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടിരുന്നു. ഹോസ്പിറ്റലിൽ ആവുന്നതിനു ഒരാഴ്ച മുമ്പും മിഷണറിമാരുടെ കോൺടാക്റ്റിനായി വിളിച്ചപ്പോഴും നവംബറിലെ സാക്ഷ്യത്തെക്കുറിച്ച് ഓർമ്മിപ്പിച്ചിരുന്നു.
നിലയ്ക്കാത്ത പ്രാർത്ഥനയിൽ ഓരോ സ്ളോട്ടിലും ബേബിച്ചായൻ ആരോഗ്യത്തോടെ നാട്ടിൽ തിരിച്ചു വരുമെന്നു തന്നെ ആഗ്രഹിച്ചും വിശ്വസിച്ചും പ്രാർത്ഥിച്ചിരുന്നു.എന്നാൽ ദൈവത്തിൻ്റെ നിശ്ചയം മറ്റൊന്നായിരുന്നു. ആ വാർത്ത കേട്ടപ്പോൾ മനസിൽ വല്ലാത്തൊരു നൊമ്പരം തന്നെയുണ്ടായി, അത് ഇപ്പോഴും തുടരുന്നുമുണ്ട്. ‘ഷാജനേ…’ എന്ന വിളി കാതിൽ മുഴങ്ങിക്കൊണ്ടേയിരിക്കുന്നു.
അതിനിടയിൽ ബേബിച്ചായൻ തനിക്കേറെ പ്രീയപ്പെട്ട പിതാവിങ്കലേക്കു കയറിപ്പോയി. എങ്കിലും എൻ്റെ ഹൃദയത്തിൽ ആ നല്ല ഓർമ്മകൾ സ്പർശിച്ചു കൊണ്ടേയിരിക്കുന്നു.
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ പ്രാദേശിക സഭാശുശ്രൂഷകൻ മുതൽ ജനറൽ കൗൺസിൽ അംഗം വരെയുള്ള വിവിധ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ നിരവധി ഐക്യ പ്രവർത്തനങ്ങളിലും നേതൃനിരയിൽ പ്രവർത്തിച്ചിട്ടുണ്ട്. കടമ്പനാട്ടും പരിസരങ്ങളിലുമുള്ള എല്ലാ ഐക്യ പ്രവർത്തനങ്ങളിലും മുൻനിര പ്രവർത്തകനുമായിരുന്നു ബേബിച്ചായൻ.ശാരീരിക പ്രയാസങ്ങൾ കഠിനമായിരുന്നപ്പോൾ പോലും ദൈവകാര്യങ്ങളിൽ കർമ്മ നിരതനായിരുന്നു ബേബിച്ചായൻ. ആ നല്ല ഓർമ്മകൾക്കു മുമ്പിൽ ശിരസ് നമിക്കുന്നു. ആദരവ് അർപ്പിക്കുന്നു.
ദു:ഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങൾ, സ്നേഹിതർ, പ്രീയപ്പെട്ടവർ എല്ലാവരെയും ദൈവം ആശ്വസിപ്പിക്കട്ടെ.
ഷാജൻ ജോൺ ഇടയ്ക്കാട്
Comments are closed, but trackbacks and pingbacks are open.