ഫീച്ചർ:സഫറേഴ്സ് വോയ്സ് ഓഫ് ഇന്ത്യ ദൈവിക വിശ്വസ്തതയുടെ 19 വർഷങ്ങൾ…
ആരോഗ്യവും സന്തോഷവും നിറഞ്ഞ ജീവിതത്തിന് പകരമാകില്ല ഇന്നിഹത്തിൽ മറ്റൊന്നും. എന്നാൽ വിപരീതജീവിത സാഹചര്യങ്ങളാൽ കഷ്ട – നഷ്ടങ്ങൾക്കടിപ്പെട്ട ഒട്ടനവധി ജീവിതങ്ങൾ നമുക്കു ചുറ്റുമുണ്ട്. ഉടുമുണ്ടു മുറുക്കിക്കുത്തി വിശപ്പിനെ തോല്പിക്കാൻ ശ്രമിക്കുന്നവർ, കാൻസറും ഡയാലിസിസും ഹൃദ്രോഗവുമൊക്കെ ജീവിതത്തിൽ പിടിമുറുക്കുമ്പോൾ പഠനം പോലും പാതിവഴിയിലെത്താത്ത കുരുന്നുകളെയും കുടുംബത്തെയും ഓർത്ത് നെടുവീർപ്പെടുന്നവർ…
നിർദ്ദനരും നിസ്സഹായരുമായ ഇത്തരം സഹജരെ കണ്ടിട്ടും കാണാതെ കടന്നു പോകാം. മറിച്ചായാൽ, കഴിയുംവിധം ഒരു കൈത്താങ്ങ് നല്കി അവരെയും ജീവിത വഴികളിൽ തിരിച്ചെത്തിക്കാം.കരുണയില്ലാത്ത ഹൃദയവും കരുതലില്ലാത്ത പ്രവൃത്തിയുമായി ജിവിതയാത്ര പൂർത്തീകരിച്ചിട്ടും കാര്യമില്ല.
എളിയവനും നിരാശനുമായ ഒരുവനെ ചേർത്തു പിടിക്കുന്നതിലൂടെ അറിഞ്ഞോ അറിയാതെയോ നാം ചേർത്തണയ്ക്കുന്നത് പ്രാണപ്രിയനായ ക്രിസ്തുവിനെ ത്തന്നെയാണ്. അത്തരത്തിൽ ഒരുവൻ്റെ ശാരീരിക, മാനസിക മുറിവുകൾ വച്ചുകെട്ടുന്നതിലൂടെ നാം പൊറുപ്പിക്കുന്നത് ക്രൂശിതൻ്റെ തിരുമുറിവുകൾ തന്നെയാണ്. ഈ തിരിച്ചറിവും ദർശനവുമാണ് അശരണരായ സഹജർക്കിടയിലെ സഫറേഴ്സ് വോയ്സ് ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് ആധാരം.
പട്ടിണിയും പരിവട്ടങ്ങളുമൊക്കെയായി ജീവിതം തള്ളിനീക്കുന്നവർ, മാറാരോഗങ്ങളുടെ ബലിഷ്ട കരങ്ങളിൽ തളർന്നു വീഴുന്നവർ, തകർന്നു പോകുന്നവർ, ജരാനര യും അവഗണയും നിറംകെടുത്തുന്ന വാർദ്ധക്യങ്ങൾ, അപ്രതീക്ഷിത അപകടങ്ങളും ആകസ്മികമായി വന്നണയുന്ന വൈധവ്യവുമൊക്കെ ശിഥിലമാക്കുന്ന കുടുംബങ്ങൾ…, ഇത്തരത്തിൽ സമാനതകളില്ലാത്ത ദു:ഖ – ദുരിത ഭരിതമായ ജീവിത വഴികളിലൂടെ കടന്നുപോകുന്ന അനേകർക്ക് ദൈവിക ആശ്വാസത്തിൻ്റെ പ്രത്യാശയുടെ തിരിനാളമാണ് സഫറേഴ്സ് വോയ്സ് ഓഫ് ഇന്ത്യ.
പ്രവർത്തനങ്ങൾ
പ്രത്യാശ, സൗജന്യ ഡയാലിസിസ് സെൻ്റർ
വിവിധ കാരണങ്ങളാൽ വൃക്കരോഗ ബാധിതരായിത്തീരുന്നവരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന ഒരു കാലയളവാണിത്.സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ഭവനങ്ങളെ സംബന്ധിച്ചിടത്തോളം ഡയാലിസിസ് താങ്ങുവാനാകാത്ത ഒരു ബാധ്യതയാണ്. അത്തരം കുടുംബങ്ങൾക്കും വ്യക്തികൾക്കും വിലമതിക്കുവാനാകാത്ത ആശ്വാസമാണ് കഴിഞ്ഞ രണ്ടുവർഷമായി കുണ്ടറ LMS BB ആശുപത്രിയുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന സഫറേഴ്സ് വോയ്സ് ഓഫ് ഇന്ത്യയുടെ സൗജന്യ ഡയാലിസിസ് സെൻ്റർ – പ്രത്യാശ. അർഹരായ രോഗികൾ മാത്രം പരിഗണിക്കപ്പെടുന്ന ഇവിടെ ഡയാലിസിസിന് ഒരു രൂപപോലും നല്കേണ്ടതില്ല. കിടപ്പു രോഗികൾക്ക് യാത്രാ സൗകര്യവും സൗജന്യമാണ്.
സൗജന്യ ആംബുലൻസ് സർവീസ്
അപ്രതീക്ഷിതമായഅപകടങ്ങളും രോഗങ്ങളുമൊക്കെ മൂലം പെടുന്നനെ വീണുപോകുന്നവർ വളരെയാണ്. നമ്മുടെ ഗവൺമെൻ്റും ഗവൺമെൻ്റാശുപത്രികളും അത്തരക്കാർക്കും മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. എന്നാൽ അവിടംവരെ എത്താൻ വേണ്ട യാത്രാചെലവു പോലുമില്ലാതെ ക്ലേശിക്കുന്നവർ അനേകരാണ്. അത്തരം രോഗികളുടെ യാത്രയ്ക്കാണ് സഫറേഴ്സ് വോയ്സ് ഇന്ത്യയുടെ സൗജന്യ ആംബുലൻസ് സർവ്വീസ് ആശ്വാസകരമായിത്തീരുന്നത്. സ്ഥല, സമയ ഭേദമേതും കൂടാതെ അർഹമായ ആർക്കും ഈ സേവനം ലഭ്യമാണ്.
റാഫാ സാന്ത്വന പരിചരണം
വിവിധ കാരണങ്ങളാൽ ശയ്യാവലംബികളായ വലിയൊരു കൂട്ടം നമുക്കു ചുറ്റുമുണ്ട്. പലവിധ ചികിത്സകൾക്കും മരുന്നു പരീക്ഷണങ്ങൾക്കുമൊക്കെശേഷം സകലരാലും ഉപേക്ഷിക്കപ്പെട്ട് കിടക്ക ആശ്രയമാക്കിയവരാണ് അവരിൽ ഏറെയും. മാരക രോഗങ്ങളോ, പൊടുന്നനെയുണ്ടാകുന്ന അപകടങ്ങളോ പ്രായാധിക്യമോ ഒക്കെമൂലം ഒരുവൻ തളർന്നുവീഴുമ്പോൾ തകർന്നു പോകുന്നത് ഒരു കുടുംബം മുഴുവനാണ്. ആയതിനാൽത്തന്നെ രോഗിക്കു മാത്രമല്ല ഒരോ കുടുംബാംഗങ്ങൾക്കും ആവശ്യമാണ് സാന്ത്വനം പകരുന്ന ഒരു നല്ല ശമര്യൻ്റെ സാമിപ്യവും ഗിലെയാദിലെ നല്ല വൈദ്യൻ്റെ പരിചരണവും.
പ്രത്യേകതകൾ:
സുസജ്ജമായ മെഡിക്കൽ ടീം.
സൗജന്യ ആംബുലൻസ് സേവനം 24×7
പ്രായ-രോഗ ഭേദമെന്യേ ഭവനങ്ങളിലെത്തി പരിചരണം.
തുല്യ പങ്കാളിത്തം
ആഴി പോലെ അനന്തമാണ് ആശയറ്റവരുടെ ഭൂമിക. ചെല്ലുന്തോറും ഏറുന്നതാണതിൻ്റെ ആഴവും പരപ്പും. ആയതിനാൽത്തന്നെ ഇനിയും അനേകരുടെ പ്രാർത്ഥനയും കൈത്താങ്ങുമുണ്ടായാലെ ഈ മേഖലയിൽ ഫലകമായൊരു മുന്നേറ്റം സാധ്യമാകൂ. കഴിയുന്ന ഒരു കൈത്താങ്ങ് നല്കി, വിപരീത ജീവിത സാഹചര്യങ്ങളാൽ വീണുപോയ സഹജനെ വീണ്ടും ജീവിതത്തിൻ്റെ നിത്യജീവിതത്തിൻ്റെ കരയണയ്ക്കുന്ന ഈ ശുശ്രൂഷയിൽ നിങ്ങളും പങ്കാളിയാകുമോ?
വിലാസം:
സഫറേഴ്സ് വോയ്സ് ഓഫ് ഇന്ത്യ,
മീയണ്ണൂർ P. O.
കൊല്ലം – 691 537
ഫോൺ: 94475 02870
7012183271
ഇ-മെയിൽ: Sufferersvoice@yahoo.co.in
Account details:
Name: *Sufferers’ Voice of India*
Ac. No.: *1225143414*
Bank: *Central bank of India*
Branch: *Kollam*
IFSC Code: *CBIN0280941*
Comments are closed, but trackbacks and pingbacks are open.