ഇത് ദൈവീകനിയോഗം: ചർച്ച് ഓഫ് ഗോഡ് വെസ്റ്റ് റീജിയൻ ഓവർസ്സിയർ പാസ്റ്റർ. ഇ.പി സാംകുട്ടി

കഴിഞ്ഞ 8 വർഷക്കാലം ചർച്ച്‌ ഓഫ്‌ ഗോഡ്‌ സെൻട്രൽ വെസ്റ്റ്‌ റീജിയൻ ഇവാഞ്ചലിസം ഡയറക്ടറായി ആയി നിസ്തുല്യ സേവനം ചെയ്ത്‌ ഇപ്പോൾ ചർച്ച്‌ ഓഫ്‌ ഗോഡ്‌ സെൻട്രൽ വെസ്റ്റ് റീജിയൻ ഓവർസ്സിയർ ആയി ചുമതലയേറ്റ പാസ്റ്റർ. ഇ.പി സാംകുട്ടിയുമായി ക്രൈസ്തവ എഴുത്തുപുര പ്രതിനിധി പാസ്റ്റർ. ഷിബു മാത്യൂ നടത്തിയ അഭിമുഖത്തിൽ നിന്ന്

1. പാസ്റ്ററൂടെ കുടുംബം, കുടുംബ പശ്ചാത്തലം, മുൻ കാല ശുശ്രൂഷകൾ ഒന്ന് വിവരിക്കാമോ?
പത്തനംത്തിട്ട ജില്ലയിൽ കൂടൽ അതിരുങ്കൽ ഈട്ടിവിള കുടുംബത്തിൽ ശ്രീമാൻ സി എം പാപ്പിയുടെയും ശ്രീമതി റാഹേലമ്മയുടെയും എട്ടുമക്കളിൽ എട്ടാമത്തെ മകനായി ജനിച്ചു . ഓർത്തഡോക്സ്‌ പാരമ്പര്യം വിട്ട്‌ സത്യ വിശ്വാസിത്തിലേക്ക്‌ വന്ന രക്ഷാനിർണ്ണയം പ്രാപീച്ച ഒരു കുടുംബത്തിലാണ് ഞാൻ ജനിച്ച്‌ വളർന്നത്‌. പത്തനംതിട്ട ജില്ലയിൽ കുളത്തുമൺ എന്ന ഗ്രാമത്തിൽ പാർത്തുകൊണ്ട് അതിരുങ്കൽ ദൈവസഭയിൽ ആരാധനക്കായി കൂടിവന്നു. പതിനൊന്നാമത്തെ വയസ്സിൽ കർത്താവിനെ രക്ഷകനായി സ്വീകരിച്ച് സ്നാനപ്പെട്ട് ദൈവകൃപയിൽ ആകുവാൻ ദൈവം അവസരം നൽകി .കോളേജ് വിദ്യാഭ്യാസത്തിനുശേഷം കോട്ടയം വാകത്താനം ടാബർനാക്കിൽ ബൈബിൾ കോളേജിൽ നിന്നും B Th ബിരുദം കരസ്ഥമാക്കി . നാഗപൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രൈസ്റ്റ് ഫോർ ഇന്ത്യ മൂവ്മെന്റ് എന്ന സംഘടനയുമായി ചേർന്ന് രണ്ടുവർഷം ടീം വർക്ക് ചെയ്തു . അനന്തരം 1990 ൽ ചെമ്പൂർ മഹനീയം ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിൽ ആറുമാസത്തെ ട്രെയിനിങ്ങിനു ശേഷം മധ്യപ്രദേശിലെ ഗോരഡോങ്ഗ്രി എന്ന സ്ഥലത്ത് ദൈവസഭയുടെ ശുശ്രൂഷകനായി പ്രവർത്തനo ആരംഭിച്ചു .തുടർന്ന് സത്ന , ബ്രിജു വിഹാർ ,കല്യാൺ , കഞ്ചൂർമാർഗ്, ഷാർജ, നാഗപൂർ ,മുംബൈ സി എസ് ടി എന്നീ സഭകളിൽ ശുശ്രൂഷിച്ചു .2016 മുതൽ 2024 വരെ ദൈവസഭയുടെ ഇവാഞ്ചലിസം ഡയറക്ടറായി സേവനം ചെയ്യുവാൻ ദൈവം കൃപ തന്നു .

2. ഇവാഞ്ചലിസം ഡയറക്ടർ എന്ന ഉത്തരവാദിത്വത്തിൽ നിന്ന് ഓവർസ്സിയർ സ്ഥാനത്തേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട അങ്ങയുടെ ഭാവി സുവിശേഷീകരണ പദ്ധതികൾ എന്തൊക്കെയാണ്.?
വളരെ വെല്ലുവിളികൾ നിറഞ്ഞ ഒരു കാലഘട്ടത്തിൽ ആണ് ദൈവം എന്നെ ഓവർസിയർ സ്ഥാനത്തേക്ക് നിയോഗിച്ചാക്കിയിരിക്കുന്നത്. മുൻകാലങ്ങളിൽ അനുഭവസമ്പന്നരായ ഓവർസിയർമാർ ആയിരുന്നു സെൻട്രൽ വെസ്റ്റ് റീജിയനെ നയിച്ചുകൊണ്ടിരുന്നത് . അനുഭവത്തിലും പ്രായത്തിലും പ്രാപ്തിയിലും എളിയവനായ എന്നെ ദൈവം ഈ സ്ഥാനത്ത് ആക്കിയെങ്കിൽ അതിന്റെ പിന്നിലെ ദൈവീക ഉദ്ദേശത്തെ തിരിച്ചറിഞ്ഞു കൊണ്ട് ഏറിയ പ്രാർത്ഥനയോടും ഭയത്തോടും കൂടെയാണ് ഈ സ്ഥാനത്തെ ഞാൻ സ്വീകരിക്കുന്നത് . സുവിശേഷീകരണത്തിന് ഏറെ വെല്ലുവിളികൾ ഉള്ള ഈ കാലഘട്ടത്തിൽ ദൈവദാസന്മാരെ മാനസികമായും ആത്മീകമായും ധൈര്യപ്പെടുത്തിക്കൊണ്ട് വ്യക്തിഗത സുവിശേഷത്തിന് പ്രാധാന്യം നൽകി ഗ്രാമത്തിലും പട്ടണത്തിലും ഒരുപോലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയാണ് പ്രഥമ ലക്ഷ്യം .

3. സഭാ ശുശ്രൂഷ കാലഘട്ടങ്ങളിൽ നേരിട്ട തീവ്രമായ പ്രതിസന്ധികൾ അതിൽ ദൈവം വഴി നടത്തിയ വിധങ്ങൾ. ഒന്ന് പങ്കുവെക്കാമോ?
ഗ്രാമ സുവിശേഷീകരണത്തിൽ പലപ്പോഴും എതിർപ്പുകളും വിരോധങ്ങളും ഭീഷണികളും നേരിടേണ്ടി വന്നിട്ടുണ്ട് . ഉപദ്രവം ഏൽക്കേണ്ട സാഹചര്യങ്ങളിൽ നിന്ന് ദൈവം അത്ഭുതകരമായി വിടുവിച്ചിട്ടുണ്ട് . ബ്രിജു വിഹാർ ദൈവസഭയുടെ ശുശ്രൂഷകൻ ആയിരിക്കുമ്പോൾ ആരാധനാലയ നിർമ്മാണ തിരക്കുകൾക്കിടയിൽ അപ്രതീക്ഷിതമായി എന്റെ കൂട്ടാളി സൂസൻ ടൈഫോയിഡും ജോണ്ടിസും ഒന്നിച്ച് വന്ന് രോഗം വളരെ മൂർച്ഛിച്ചു അനേക ദിവസങ്ങൾ ആശുപത്രിവാസം അനുഭവിച്ച സന്ദർഭം വളരെ ഭീതിയോടെ ഓർക്കുന്നു . ഒരു വശത്ത് ആരാധനയ്ക്കായി വാങ്ങിയ സ്ഥലം പൊളിച്ച് പണിതു കൊണ്ടിരിക്കുന്നു . പണിക്ക് ആവശ്യമായ ധനം കണ്ടെത്തേണ്ടതിന് ഡൽഹിയിലുള്ള സഭകളെയും വ്യക്തികളെയും സന്ദർശിക്കേണ്ട വലിയ ദൗത്യം മറുവശത്ത് .രണ്ടര വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ സംരക്ഷണം,അങ്ങനെ എല്ലാ നിലയിലും മാനസികമായും ശാരീരികമായും വേദനപ്പെട്ട ആ സമയങ്ങളിൽ ദൈവം തുണയായി നിന്ന് മരണത്തിൽ നിന്നുള്ള നീക്കുപോക്കുകളെ നൽകി ഞങ്ങളെ മാനിച്ചു . കഠിനമായ ആ പ്രതിസന്ധിയിൽ ബ്രിജുവിഹാർ ദൈവ സഭയിലെ ദൈവമക്കൾ കൂടെ നിന്നു .ദൈവത്തിന്റെ നാമം മഹത്വപ്പെടട്ടെ . അതുപോലെ നാഗപൂരിൽ ശുശ്രൂഷിക്കുമ്പോൾ അപകടത്തിൽ കാലിനേറ്റ പരിക്കും ഒപ്പം എന്റെ മാതാവിന്റെയും സൂസന്റെ പിതാവിന്റെയും മാതാവിന്റെയും അടുത്തടുത്ത് ഉണ്ടായ വിയോഗം മാനസികമായി ഞങ്ങളെ തളർത്തി കളഞ്ഞു . എന്നാൽ സൗഖ്യവും ആശ്വാസവും വിടുതലും നൽകി ദൈവം ഓരോ ദിവസവും അതിശയകരമായി വഴി നടത്തുന്നു .സകല മഹത്വവും ദൈവത്തിന് അർപ്പിക്കുന്നു .

4.കോവിഡാനന്തര കാലഘട്ടത്തിൽ സഭാ വളർച്ചയിൽ ഉണ്ടായ വ്യത്യാസങ്ങൾ എന്തോക്കെയാണ്? പ്രത്യേകിച്ച്‌ ഉത്തരഭാരത്തി ൽ, അതിൽ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ എന്തോക്കെയാണ് ?
കോവിഡ് കാലഘട്ടം സഭാ പ്രവർത്തനങ്ങളെ വളരെ ദോഷകരമായി ബാധിച്ചു എന്ന് എടുത്തു പറയേണ്ടതില്ലല്ലോ . സഭകൾക്ക് എല്ലാ നിലയിലും കൈത്താങ്ങൽ നൽകിക്കൊണ്ടിരുന്ന പല പ്രിയപ്പെട്ടവരും ലോകത്തിൽ നിന്നും മാറ്റപ്പെടുകയോ സ്വദേശത്തേക്ക് മടങ്ങി പോവുകയോ ചെയ്തിട്ടുള്ളത് സഭകൾക്ക് വളരെ ക്ഷീണമായി ഭവിച്ചിട്ടുണ്ട് . വിശേഷാൽ മലയാളം സഭകൾ അംഗസംഖ്യയിൽ വളരെ പരിമിതപ്പെട്ടിട്ടുണ്ട് . ആസ്ഥാനത്ത് പുതിയ കുടുംബങ്ങൾ കടന്നുവരേണ്ടത് ആവശ്യമാണ് . ഐക്യതയോടെയുള്ള പ്രാർത്ഥനയും പ്രവർത്തനവും അതിന് ആവശ്യമാണ് .കേവലം മലയാളം ആരാധന എന്നതിനേക്കാൾ തദ്ദേശീയരായ കുടുംബങ്ങളും വ്യക്തികളും സഭകളിൽ കടന്നുവരേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് . ആ ദർശനത്തോടെ സുവിശേഷം അറിയിക്കുവാനും ആത്മാർത്ഥമായി പ്രവർത്തിക്കുവാനും ദൈവം നമുക്ക് കൃപ നൽകട്ടെ .

5. ഉത്തരഭാരത സുവിശേഷീകരണത്തിൽ യവ്വനക്കാരുടെ പ്രാധാന്യം എത്രത്തോളം ഉണ്ട്‌? അവരെ എപ്രകാരം ശക്തരാക്കി സുവിശേഷീകരണത്തിൽ മുൻപിൽ നിർത്തുവാൻ കഴിയും?
ഭാരത സുവിശേഷീകരണത്തിൽ യുവാക്കളുടെ പങ്ക് വിലയേറിയതാണ് . അവർ ഭാവിയുടെ വാഗ്ദാനങ്ങളാണ് .അവരുടെ ജ്ഞാനവും പ്രാപ്തിയും താലന്തുകളും ദൈവസഭയുടെ വിശ്വാസപ്രമാണത്തിനും ഉപദേശത്തിനും കേടു വരാതെ വചനത്തിന്റെ മൂല്യങ്ങളെ കാത്തുസൂക്ഷിച്ചുകൊണ്ട് ഫലപ്രദമായി ഉപയോഗിക്കുവാൻ നമുക്ക് കഴിയണം. ഇന്നത്തെ തലമുറ വളരെ ശക്തരാണ് . ഭാരത സുവിശേഷീകരണത്തിനും സഭാ വളർച്ചയ്ക്കും അവർക്ക് വലിയ പങ്കു വഹിക്കുവാൻ കഴിയും .ദൈവസഭയുടെ കുഞ്ഞുങ്ങളെയും യൗവനക്കാരെയും മുൻനിരയിലേക്ക് കൊണ്ടുവരുവാൻ സഭാശുശ്രൂഷകന്മാരും സഭയിലെ മുതിർന്നവരും ശ്രദ്ധിക്കേണ്ടതുണ്ട് .

6 . ജോലിയോടോപ്പം കർത്താവിന്റെ വേലയിൽ മുന്നിൽ നിൽക്കാൻ പ്രേരിപ്പിക്കുന്നതിനോടുള്ള ബന്ധത്തിൽ അങ്ങയുടെ നിലപാടും, കാഴ്ചപ്പാടും എന്താണ്?
ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയനിൽ സെൽഫ് സപ്പോർട്ടിംഗ് ചർച്ചുകൾ വളരെ പരിമിതമാണ്. അധിക പങ്കും സുവിശേഷകന്മാർ ഗ്രാമങ്ങളിൽ കർത്താവിന്റെ വേല ചെയ്യുന്നവരാണ് . അവരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുവാൻ റീജിനൽ ഓഫീസിന് പരിമിതികളുണ്ട്‌. കുട്ടികളുടെ വിദ്യാഭ്യാസം ,മാതാപിതാക്കളുടെ ചികിത്സകൾ, ജീവിതചിലവുകൾ എന്നിവ വർദ്ധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ ശുശ്രൂഷയോടൊപ്പം ഉപദേശത്തിനും വിശ്വാസ പ്രമാണത്തിനും കേടുവരുത്താത്ത ഏതു ജോലിയും ചെയ്തു ദൈവം തങ്ങളെ ഏൽപിച്ച ശുശ്രൂഷ ചെയ്യുന്നതിനോട്‌ ഞാൻ വ്യക്തി പരമായി യോജിക്കുന്നു.

7. സുവിശേഷ വിരോധികളിൽ നിന്ന് ഭാരത സഭ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളിൽ ദൈവദാസന്മാരും, വിശ്വാസികളും പാലിക്കേണ്ട മുൻകരുതലുകളും, ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഒന്ന് വിശദീകരിക്കാമോ?.
ഉത്തരേന്ത്യൻ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സുവിശേഷത്തിന് എതിർപ്പ് വർദ്ധിച്ചുവരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. വളരെ ബുദ്ധിയോടും പരിജ്ഞാനത്തോടും കർതൃവേല ചെയ്യേണ്ട സമയമാണിത്.സോഷ്യൽ മീഡിയ പോലെയുള്ള മാധ്യമങ്ങളിലൂടെ അനാവശ്യമായ പരസ്യ പ്രചരണങ്ങളും ആരാധനാലയത്തിലും മറ്റു കൂടിവരവുകളിലും ആവശ്യത്തിലധികമായ ശബ്ദകോലാഹലങ്ങളും നാം നിയന്ത്രിക്കേണ്ടതുണ്ട് . ഒപ്പം ദൈവദാസന്മാരും ദൈവമക്കളും അയൽവാസികളുമായും ചുറ്റുപാടുകളുമായും നല്ല ബന്ധം കാത്തുസൂക്ഷിക്കുവാൻ ശ്രദ്ധിക്കേണ്ടതുണ്ട് .നാം ദൈവസ്നേഹത്തിന്റെ വക്താക്കളാണ് . അത് പ്രവർത്തിയിലൂടെ കാട്ടിക്കൊടുക്കുവാൻ നമുക്ക് കഴിയണം .സ്നേഹത്തോടും വിനയത്തോടും ഉള്ള സമീപനം മറ്റുള്ളവരിൽ വ്യതിയാനങ്ങൾ വരുത്തുവാൻ പര്യാപ്തമാണ് . നാം വിശ്വസിക്കുന്നത് പ്രവർത്തിയിലൂടെ കാട്ടിക്കൊടുക്കുവാൻ നമുക്ക് ശ്രദ്ധിക്കാം .
പിന്നിട്ട വർഷങ്ങളിൽ ദൈവസഭയും കർതൃദാസന്മാരും, ദൈവ മക്കളും എന്നോട് കാണിച്ചിട്ടുള്ള എല്ലാ കൂട്ടായ്മക്കും, പ്രാർത്ഥനക്കും, സ്നേഹത്തിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു. തുടർന്നും നിങ്ങളുടെ വിലയേറിയ പ്രാർത്ഥനയും സഹകരണവും കൂട്ടായ്മയും പ്രതീക്ഷിക്കുന്നു . ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ…

-ADVERTISEMENT-

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.