ചെറു ചിന്ത: തേടിവരുന്ന ഇടയൻ | ഇവാ. ജോൺസി കടമ്മനിട്ട അലൈൻ

 

ബൈബിളിൽ ഇപ്രകാരം യേശു പറഞ്ഞ ഒരു കഥ കാണുവാൻ സാധിക്കും, ഒരു മനുഷ്യന് നൂറാട് ഉണ്ടായിരുന്നു എന്നാൽ അതിൽ ഒന്നിനെ കാണാതായി, ആ ആടുകളുടെ നല്ല ഇടയൻ 99 ആടിനെയും വിട്ടേച്ചു കാണാതെപോയ ഒരു ആടിനെ അന്വേഷിച്ച് കണ്ടുപിടിക്കുന്നതായി ആ കഥയിൽ കാണുവാൻ സാധിക്കും. അതിനുശേഷം യേശു പറഞ്ഞു ഞാൻ നല്ല ഇടയനാകുന്നു നല്ല ഇടയൻ ആടുകൾക്ക് വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു. സ്നേഹിതരെ ഒന്ന് ചിന്തിച്ചു നോക്കൂ ഇടയന്റെ കൂടെ നിന്ന, ഇടയൻ പറയുന്നത് കേട്ട അനുസരിച്ച നല്ലവരായ 99 ആടുകൾ.. എന്നാൽ ഈ ഒരു ആടോ, ഇടയൻ പറയുന്നത് കേൾക്കാതെ, ഇടയൻ പറഞ്ഞ വഴിയിലൂടെ സഞ്ചരിക്കാതെ, തനിക്ക് ഇഷ്ടമുള്ള പാതയിൽ നടന്ന് കൂട്ടം തെറ്റി തനിക്ക് ബോധിച്ചത് പോലെ പോയി. ഇപ്പോൾ താൻ തിരിഞ്ഞു നോക്കുമ്പോൾ തന്റെ കൂടെ നടന്ന, ഒന്നിച്ച് ഒരേ സ്ഥലത്ത് കിടന്ന, ഒന്നിച്ചു ഒരിടത്തുനിന്നും ഭക്ഷണം കഴിച്ച ആരും തന്റെ കൂടെയില്ല എല്ലാവരിൽ നിന്നും അകന്ന് ഇനിയും ഒരു ആശ്രയവും തന്റെ മുമ്പിൽ ഇല്ല, ഒരുപക്ഷേ അടുത്ത നിമിഷം തന്റെ ജീവൻ പോലും നഷ്ടപ്പെടാം. കൂരിരുൾ പടരാൻ തുടങ്ങുമ്പോൾ കാട്ടുമൃഗങ്ങൾ സഞ്ചരിക്കുവാൻ തുടങ്ങുമ്പോൾ ഇടയനിൽ നിന്നും മാറി കൂട്ടം തെറ്റിപ്പോയ തനിക്കറിയാം തന്റെ ജീവിതം ഇവിടെ കൊണ്ട് അവസാനിക്കുമെന്ന്. ഇടയന്റെ കൂടെ നടന്ന 99 ആടുകളുടെ നാം പോയി ചോദിച്ചാൽ അവരെല്ലാം ഒന്നിച്ചു നിന്നു കൊണ്ട് ഒരേ സ്വരത്തിൽ ഇപ്രകാരം പറയും ഞാൻ അവനോട് പറഞ്ഞതാണ് നീ അങ്ങനെ പോകരുത്, നീയത് ചെയ്യരുത്, നിനക്ക് ഞങ്ങളുടെ കൂടെ നടന്നാൽ എന്താണ് കുഴപ്പം, നമ്മളെല്ലാം കൂടെ ഒന്നിച്ചു നിന്നാൽ ആരും നമ്മളെ ഒന്നും ചെയ്യുകയില്ല.. നീ തന്നിഷ്ടത്തിന് പോയതല്ലേ അനുഭവിക്ക്.. തങ്ങളാൽ ആകുന്ന വിധം ഏതെല്ലാം വിധത്തിൽ ഈ ആടിനെ കുറ്റപ്പെടുത്താമോ അത്രമാത്രം കുറ്റപ്പെടുത്തും. എന്നാൽ ഈ നല്ല ഇടയൻ തന്റെ കൂടെ നിന്ന 99 ആടിനെയും ഇട്ടേച്ച് കാണാതെ പോയ ഒരു ആടിനെ തിരഞ്ഞു വന്നു. കാരണം ആ ഇടയന് അറിയാം തന്റെ ആ ഒരുആട് ഇപ്പോൾ എവിടെയോ ആപ്ത്ഘട്ടത്തിൽ ആയിരിക്കുകയാണ്. അതിനെ കണ്ടെത്തി രക്ഷിക്കേണ്ട കടമ എന്റേതാണ്.. അതേ! നല്ല ഇടയൻ തേടി വരുന്ന ഇടയനാണ്, നമ്മളെ സ്നേഹിക്കുന്ന ഇടയനാണ്. പ്രിയപ്പെട്ട സ്നേഹിതരെ ഒരുപക്ഷേ നിങ്ങളെ പലരും കുറ്റം പറഞ്ഞേക്കാം, പലരും നിങ്ങളെ ഒറ്റപ്പെടുത്തിയേക്കാം, ഒരുപക്ഷേ അടുത്ത നിമിഷത്തിൽ ജീവൻ തന്നെ ഇല്ലാതാകുന്ന സാഹചര്യം കടന്നു വന്നേക്കാം നിങ്ങൾ അതിൽ വിഷമിക്കുന്ന വ്യക്തിയാണോ? ഭാരപ്പെടുന്ന വ്യക്തിയാണോ? എന്നാൽ നിങ്ങൾ ഭയപ്പെടേണ്ട ആ നല്ല ഇടയനായ കർത്താവ് നിങ്ങളെ സ്നേഹിക്കുന്നു നിങ്ങളെ തന്റെ മാർവിൽ ചേർത്തണയ്ക്കുവാൻ അവൻ ആഗ്രഹിക്കുന്നു.. നിങ്ങളിന്നായിരിക്കുന്ന സാഹചര്യങ്ങളിലേക്ക് നിങ്ങളെ തേടിവന്നു വിടുവിക്കുവാൻ അവൻ ആഗ്രഹിക്കുന്നു. നിങ്ങളെപ്പറ്റി കുറ്റം പറയുന്നവർ കുറ്റം പറയട്ടെ പഴി ചാരുന്നവർ പഴിചാരട്ടെ എന്നാൽ ആ ഇടയന്റെ കരങ്ങളിലേക്ക് ഒന്ന് സമർപ്പിക്കാമോ? അവൻ നിങ്ങളുടെ ഇന്നുള്ള അവസ്ഥയെ മാറ്റുവാൻ ആഗ്രഹിക്കുന്നു. ഈ ഇടയൻ നിങ്ങൾക്കായി അത്ഭുതങ്ങൾ ചെയ്യും. കൂടെ നിന്ന 99 ആടുകളെക്കാളും നീയാണ് അവന് പ്രിയപ്പെട്ടവൻ.. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

-ADVERTISEMENT-

-Advertisement-

You might also like

Comments are closed.