ഫീച്ചർ: ഫിലിപ്പ് ജെയിംസ് എലിയറ്റ് ( ജിം എലിയറ്റ് ) | ബിജോയ് തുടിയൻ
അമേരിക്കയിലെ പോർട്ട്ലാൻഡ് എന്ന സ്ഥലത്തു 1927 ഒക്ടോബർ 8 ന് റോബർട്ട് ഫ്രെഡറിക് എലിയറ്റിൻറെയും ക്ലാര എലിയറ്റിന്റെയും നാല് മക്കളിൽ മൂന്നാമത്തെ മകനായി ഫിലിപ്പ് ജെയിംസ് എലിയറ്റ് ( ജിം എലിയറ്റ് ) ജനിച്ചു .
തന്റെ പിതാവായ റോബർട്ട് ഫ്രെഡറിക് എലിയറ്റ് ബ്രദറൺ സഭയോടുള്ള ബന്ധത്തിൽ സുവിശേഷകനായിരുന്നു. ദൈവ ഭക്തരായ മാതാപിതാക്കൾ നല്ല അച്ചടക്കത്തിലും സത്യസന്ധതയിലും, വിശ്വസ്ഥതതയിലും ആണ് മക്കളെ വളർത്തിയിരുന്നത്. അവരെ എല്ലാ സഭാ യോഗങ്ങളിൽ കൊണ്ടുപോകുകയും, പതിവായി ബൈബിൾ വായിപ്പിക്കുകയും ചെയ്യുമായിരുന്നു. ആറാമത്തെ വയസ്സിൽ ജിം എലിയറ്റ് കർത്താവിൽ വിശ്വസിക്കുവാൻ ദൈവം കൃപ നൽകി. കുട്ടികളെ സാഹസികമായ കാര്യങ്ങളിൽ പ്രോത്സാഹിപ്പിക്കുകയും “ക്രിസ്തുവിനുവേണ്ടി ജീവിക്കാൻ” അവരെ ഉത്സാഹിപ്പിക്കുകയും ചെയ്തു. ഒരിക്കൽ ജിം തന്റെ മാതാവിനോട് കർത്താവ് വരുവാൻ സമയമായി ഞാൻ രക്ഷിക്കപ്പെട്ടതു കൊണ്ട് നമ്മൾ എല്ലാവരും കർത്താവിനോടു കൂടെ പോകും. എന്നാൽ കുഞ്ഞായിരിക്കുന്ന അനുജൻ രക്ഷിക്കപ്പെട്ടിട്ടില്ലലോ എന്ന വേദന പങ്കുവെച്ചു . ചെറു പ്രായത്തിൽ തന്നെ സുവിശേഷ തല്പരനായിരുന്നു ജിം എലിയറ്റ് .
1941 -ൽ ജിം പോളിടെക്‌നിക് ഹൈസ്‌കൂളിൽ ചേർന്നു. ഒരു ചെറിയ ബൈബിളും അദ്ദേഹം കൂടെ കൊണ്ടു പോകുകയും കൂട്ടുകാരോട് യേശു ക്രിസ്തുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്യുമായിരുന്നു. സ്കൂളിൽ ഗുസ്തി ടീം, നാടകങ്ങൾ, പബ്ലിക് സ്പീക്കിംഗ് തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ പങ്കെടുത്തു. തന്റെ അഭിനയ കഴിവ് സ്കൂളിലെ ചില അധ്യാപകർ അഭിനയം ഒരു കരിയർ ആയി തുടരാൻ നിർദ്ദേശിച്ചു, പ്രസംഗ വൈദഗ്ധ്യവും അതുപോലെ തന്നെ പ്രശംസിക്കപ്പെട്ടു.
ജോർജ് മുള്ളർ, വില്യം കേരി, എമി കാർമൈക്കൾ തുടങ്ങിയവരുടെ ജീവിത സാക്ഷ്യവും അവരിലൂടെ ദൈവം ചെയ്ത അത്ഭുതപ്രവൃത്തികളും ജിം എലിയറ്റിനു സുവിശേഷ പ്രവർത്തനത്തിനുള്ള പ്രചോദനം കൂടുതലായി ഉണ്ടാകുവാൻ ഇടയായി. ഈ പ്രചോദനം ഉൾക്കൊണ്ട് സുവിശേഷീകരണത്തിനു വേണ്ടി തന്റെ ജീവിതം സമർപ്പിക്കാൻ തീരുമാനിച്ചു. ജിം ഭാഷാശാസ്ത്രം പഠിക്കാൻ വീറ്റൺ കോളേജിൽ ചേർന്നു. അവിടെ വെച്ചാണ് അദ്ദേഹം മിസ്സ് എലിസബത്ത് ഹോവാർഡിനെ പരിചയപ്പെടുകയും തുടർന്ന് വിവാഹം കഴിക്കുകയും ചെയ്തു .
വിക്ലിഫ് ബൈബിൾ ട്രാൻസ്‌ലെറ്റേഴ്‌സ് സ്ഥാപകൻ വില്യം കാമറൺ ടൗൺസെൻഡിനോടിൽ നിന്ന് ഒരു ഭാഷ എഴുതുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തൊക്കെയാണ് എന്നുള്ള പരിശീലനം ലഭിച്ചു. അദ്ദേഹം ജിമ്മിനോട് ഇക്വഡോറിൽ താമസിക്കുന്ന അപരിഷ്‌കൃതരും അക്രമികളും ആയ “ഔക്ക” എന്നു വിളിക്കപ്പെടുന്ന ഹുവോറാനി ആളുകളെക്കുറിച്ച് പറഞ്ഞു. അവർക്കു വേണ്ടിയും കൂടിയാണ് യേശു കാൽവരി കുരിശിൽ മരിച്ചത്. അതുകൊണ്ടു സുവിശേഷം അവരെ അറിയിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചു ജിം എലിയെറ്റിനെ ബോധ്യപ്പെടുത്തി .
തന്റെ ഭാഷാ പഠനം പൂർത്തിയാക്കിയ ശേഷം, തന്റെ സുഹൃത്ത് ബിൽ കാതേഴ്‌സുമായി ഇക്വഡോറിലേക്ക് പോകാനുള്ള പദ്ധതികൾ ആലോചിച്ചു. എന്നാൽ കാതേഴ്‌സ് താൻ രണ്ട് മാസത്തിന് ശേഷം വിവാഹം കഴിക്കാൻ പദ്ധതിയിട്ടതായി അറിയിച്ചു, അതുകൊണ്ടു ആ പദ്ധതിക്ക് പകരം, എലിയറ്റ് 1951- -ൽ തന്റെ സുഹൃത്തായ എഡ് മക്കല്ലിയോടൊപ്പം ഇല്ലിനോയിയിലെ ചെസ്റ്ററിൽ ഒരു റേഡിയോ പ്രോഗ്രാം നടത്തുകയും ജയിലുകളിൽ പ്രസംഗിക്കുകയും സുവിശേഷ റാലികൾ നടത്തുകയും സൺഡേ സ്കൂൾ പഠിപ്പിക്കുകയും ചെയ്തു പോന്നു .
ഇക്വഡോറിലേക്ക് പോകുവാൻ മറ്റൊരു സ്നേഹിതനായ പീറ്റെ ഫ്ലെമിംഗുമായി തന്റെ ആഗ്രഹം പങ്കുവെച്ചു. അദ്ദേഹം വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് തത്വശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുള്ള ആളാണ് .
1956 ജനുവരി 8- ന്, ജിം എലിയറ്റും, എഡ് മക്കല്ലി, റോജർ യൂഡെറിയൻ, പീറ്റെ ഫ്ലെമിംഗ്, അവരുടെ പൈലറ്റ് നേറ്റ് സെയിന്റും അവരുടെ പൈപ്പർ പിഎ-14 എന്ന ചെറിയ വിമാനത്തിൽ നിന്നും പുറപ്പെട്ടു. ഇക്കഡോറിലെ മനോഹരമായ പച്ച പുതച്ച കൊടുംവനത്തിനു മുകളിലൂടെ ഔക്ക ഗോത്രത്തിലെ ആളുകളുമായി ബന്ധപ്പെടാൻ ശ്രമിച്ചു . അവർ താമസിക്കുന്ന സ്ഥലത്തിന് മുകളിൽ നിന്ന് അവരുമായി സ്നേഹ ബന്ധം സ്ഥാപിക്കുവാൻ വേണ്ടി ആകാശത്തു നിന്ന് ഒരു കുട്ടയിൽ സമ്മാനങ്ങൾ അവർക്കു നൽകി . എന്നാൽ അത് അവർക്ക് ആശ്ചര്യവും ഭയപ്പെടുത്തുന്നതും ആയിരുന്നു . അങ്ങനെ പല പ്രാവിശ്യം അവരുമായി പരിചയം സ്ഥാപിക്കുകയും ചെയ്തു. അതിനുശേഷം അവർ താമസിക്കുന്ന സ്ഥലത്തിനടുത്തുള്ള പുഴയോരത്തു ജിമ്മും കൂട്ടുകാരും അവരുടെ കൊച്ചു വിമാനവും ഇറക്കി .
ഈ വിമാനം എന്താണെന്നു കാണുവാൻ ഹുവോറാനികൾ വരുകയും ആശയവിനിമയം നടത്തുവാൻ ശ്രമിക്കുകയും ചെയ്തു. അവരിൽ അടുത്തു വന്ന ചിലരോട് സംസാരിക്കുവാനും അവരുമായി സൗഹൃദം സ്ഥാപിക്കുവാൻ ശ്രമിക്കുകയും ചെയ്തു . അതിൽ ഒരാളെ വിമാനത്തിൽ കയറ്റി അവരുടെ ഗ്രാമത്തിന്റെ മുകളിലൂടെ പറക്കുകയും ചെയ്തു. 1956 ജനുവരി 8 നു ഇവരിൽ പത്തോളം വരുന്ന അക്രമികളായ ഹുവോറാനി ആളുകൾ ജിം എലിയറ്റിനേയും നാല് സഹപ്രവർത്തകരെയും കുന്തം കൊണ്ട് നിഷ്‌കാരുണ്യം കൊന്നുകളഞ്ഞു.
രണ്ടു വർഷത്തിനു ശേഷം മിസ്സിസ് എലിയറ്റും സഹ മിഷനറി റേച്ചൽ സെയിന്റും ക്വിചുവ എന്ന സ്ഥലത്തു വെച്ച് ദയൂമ എന്ന ഹുവോറാനി യുവതിയെ പരിചയപ്പെട്ടു. അവളോട് സുവിശേഷം അറിയിക്കുകയും ദയൂമ എന്ന യുവതി ക്രിസ്തുവിനെ അറിയുകയും ചെയ്തു . അവൾ അവരെ ഹുവാവോ ഭാഷ പഠിപ്പിച്ചു. 1958 ഒക്‌ടോബറിൽ ദയൂമ ഹുവാറാനിയിലേക്ക് മിസ്സിസ് എലിയറ്റ് തന്റെ മൂന്ന് വയസ്സുള്ള മകൾ വലേരിയോടും റേച്ചൽ സെയ്ന്റിനോടും ഒപ്പം തന്റെ ഭർത്താവായ ജിം എലിയറ്റിനെയും കൂട്ടു മിഷനറിമാരെയും അരും കൊല ചെയ്ത കിരാതന്മാർ താമസിക്കുന്ന ഗ്രാമത്തിലേക്ക് സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സുവിശേഷവുമായി പോകുവാൻ കഴിഞ്ഞു. ഈ മിഷനറി വനിതകളുടെ പ്രവർത്തനം മൂലം ആ ഗ്രാമത്തിലുള്ള അനേകർ ക്രിസ്തുവിനെ അറിയുവാൻ ദൈവം കൃപ ചെയ്തു . അതു മൂലം ജീവനുള്ള ദൈവമായ കർത്താവിനെ ആരാധിക്കുന്ന ഒരു വലിയ സമൂഹം ഇന്നും അവിടെ നിലനിൽക്കുന്നു . ക്രിസ്തീയ മിഷനറിമാരുടെ ഓരോ തുള്ളി രക്തത്തിൽ നിന്നും ആയിരക്കണക്കിന് ക്രിസ്തു വിശ്വാസികൾ ആണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് . “…..കർത്താവ് തന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല…..”