ഭാവന: മരിച്ചവന്റെ രോദനം | ദീന ജെയിംസ്
വല്ലാത്തൊരു തണുപ്പ് ശരീരത്തെ അസ്വസ്ഥതപ്പെടുത്തുന്നത് നിദ്രാഭംഗം വരുത്തി എന്ന് മനസ്സിൽ പിറുപിറുത്തു അയാൾ. ശരീരമാകെ വലിഞ്ഞുമുറുകുന്നപോലെ.. കൈകാലുകൾ ചലിപ്പിക്കാനുകുന്നില്ല… തനിക്കെന്തുപറ്റി എന്നോർത്തയാൾ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു. മുറിയിലെ അരണ്ടവെളിച്ചത്തിൽ വെള്ളയിൽ പൊതിഞ്ഞ ശവശരീരങ്ങളോടോപ്പമാണ് താനെന്നു തിരിച്ചറിഞ്ഞ അയാൾ ഉറക്കെ അലറാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തേക്കുവന്നില്ല.താൻ മരിച്ചവനാണെന്ന സത്യം അയാൾ ഓർത്തെടുത്തു. ഇന്നലെ വൈകിട്ട് ഉണ്ടായ ആക്‌സിഡന്റ്, ആരൊക്കെയോ ചേർന്നു ഹോസ്പിറ്റലിൽ എത്തിച്ചതും ഭാര്യയുടെയും മക്കളുടെയും നിലവിളിയും ഒക്കെ മനസ്സിൽ ഓടി എത്തി. താൻ ഇന്ന് വെറുമൊരു ശവശരീരമാണെന്ന അറിവ് അയാളെ ഭീതിപ്പെടുത്തി.
ഭാര്യയേയും മക്കളെയും തന്റെ സുഹൃത്തു ക്കളെയുമൊക്കെ കാണാൻ വെമ്പൽകൊണ്ടു അയാളുടെ ഹൃദയം. അരണ്ടവെളിച്ചവും മോർച്ചറിക്കുള്ളിലെ നേർത്ത തണുപ്പും നിശബ്ദതയും പിന്നെ അപ്പുറത്തും ഇപ്പുറത്തുമുള്ള വെള്ളപുതച്ചവരും അയാളുടെ ഭയം ഇരട്ടിപ്പിച്ചു. എങ്ങനെയെങ്കിലും പുറത്തിറങ്ങിയെങ്കിൽ….
നിരാശയായിരുന്നു. ദിവസം രണ്ടു കഴിഞ്ഞു തന്നെതേടി ഉറ്റവർ എത്തിയപ്പോൾ. കടുത്ത അമർഷം ഉണ്ടെങ്കിലും പ്രകടിപ്പിക്കാൻ കഴിയില്ലല്ലോ… താൻ വെറും ശവമല്ലേ….വലിയൊരു ജനാവലിയുണ്ട് മോർച്ചറിക്ക് ചുറ്റും. ഭാര്യയുടെ ഏങ്ങലടി കേട്ടപ്പോ പൊട്ടിക്കരയാൻ തോന്നി… സാധിച്ചില്ല. എത്രയോ പേരെ കൊണ്ടുപോകാൻ താനും വന്നിട്ടുണ്ട് ഇവിടെ. ഇന്ന് ഈ അവസ്ഥയിലൂടെ തനിക്കും പോകേണ്ടി വന്നല്ലോ… ഇത്ര പെട്ടന്ന് വേണ്ടായിരുന്നു കർത്താവേ… മനസ്സിൽ ഓർത്തു അയാൾ.
അപ്പോഴാണ് ഈ ലോകവാസം പൂർത്തിയാക്കി നമ്മുടെ പ്രിയസഹോദരൻ എന്ന് ആരോ പറയുന്നു. ശ്രദ്ധിച്ചപ്പോഴല്ലേ, സഭയിലെ പാസ്റ്റർ ആണ്.അവർക്കൊക്കെ അത് പറയാം… ജീവിച്ചു കൊതിതീർന്നില്ല… അയാൾ പിറുപിറുത്തു.
തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്ന സുഹൃത്തുക്കൾ, സഭക്കാർ, നാട്ടുകാർ, ബന്ധുക്കൾ… എല്ലാവരെയും കണ്ടപ്പോൾ ചാടി എഴുന്നേൽക്കാൻ തോന്നി അയാൾക്ക്… പിന്നെ ഓർത്തു താൻ വെറും ശവമല്ലേ….
ആരൊക്കെയോ ചേർന്ന് ആംബുലൻസിൽ കയറ്റി. ഭാര്യയുടെ കരച്ചിൽ… സഹിക്കാൻ കഴിയുന്നില്ല. എന്തൊക്കെയോ അവളോട് പറയണമെന്നുണ്ട്… സാധ്യമല്ല. ഓരോന്നോർത്തു സമയം ഒത്തിരി ആയി. വലിയ ബഹളംകേട്ട് നോക്കുമ്പോൾ തന്റെ വീട്ടുമുറ്റത്തു എത്തിയിരിക്കുന്നു. വല്ലാത്തൊരു വെപ്രാളം… തന്റെ കുഞ്ഞുമക്കൾ, അമ്മ.. എല്ലാരും അലമുറയിട്ട് കരയുന്നു. ഉറക്കെകരയാൻ തോന്നി… സാധിച്ചില്ല. ഒരു കാഴ്ചവസ്തുപോലെ താൻ… ആളുകൾ വരുന്നു. ചിലർ കരയുന്നു. നോക്കി നില്കുന്നു.. പ്രാർത്ഥനയുടെയും പാട്ടിന്റെയും ശബ്ദം…. എല്ലാവരോടും സംസാരിക്കാനു കൂടെ പാടാനും ഒക്കെ അതിയായ മോഹം… പിന്നെയാ ഓർത്തേ… താൻ വെറും ശവമല്ലേ.
അനുശോചനങ്ങളുടെ പ്രവാഹമാണ്. തന്നെ പുകഴ്ത്തിയുള്ള വാക്കുകൾ കേട്ട് ശവമെങ്കിലും ചിരിക്കാൻ തോന്നി. കുറെ വർഷം മുൻപ് സഭയിലിരുന്ന പാസ്റ്റർ, കമ്മറ്റിയിലുണ്ടായ അല്പം തർക്കങ്ങൾ പിണക്കത്തിൽ എത്തിച്ചു. സ്വർഗ്ഗം തരിശുകിടന്നാൽ നീ സ്വർഗ്ഗത്തിൽ എത്തില്ല എന്ന് അദ്ദേഹം അന്ന് പറഞ്ഞത് ഓർമ്മ വന്നു. ഇന്ന് പറയുവാ, സഹോദരനെ വീണ്ടും നിത്യതയിൽ കാണാമെന്ന്. ഇനിയിപ്പോ എന്തും പറയാമല്ലോ… താൻ വെറും ശവമല്ലേ..
തന്നെപറ്റിയുള്ള പുകഴ്ത്തലും തന്റെ നന്മപ്രവർത്തികളും മാത്രം വാ തോരാതെ പറയാൻ തുടങ്ങിയിട്ട് മൂന്നു നാല് മണിക്കൂറുകൾ പിന്നിട്ടിരിക്കുന്നു. ജീവിച്ചിരുന്നപ്പോ വെറുത്തിരുന്നവർപോലും സ്നേഹിക്കുന്ന സമയമാണ് മരിച്ചുകഴിഞ്ഞാൽ പിന്നെ… ഒത്തിരി അടക്കങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ടെങ്കിലും സ്വന്തം ജീവിതത്തിൽ വന്നപ്പോഴാണ് തിരിച്ചറിവുണ്ടായത്.
അന്ത്യചുംബനം നൽകാനുള്ളവരുടെ നീണ്ട നിരയായിരുന്നു. വല്ലാത്ത മടുപ്പ്… മരിച്ചുകഴിഞ്ഞാൽ പിന്നെ ഉടനെ അടക്കിയേക്കണം… അതെങ്ങനാ ജീവിച്ചിരിക്കുന്നവർക്ക് ഒരാഘോഷം പോലെയല്ലേ… അയാളോർത്തു.
പെട്ടെന്നാണ് കൂട്ടനിലവിളി ഉയർന്നത്. വീടുവിട്ടും പോകാനുള്ള സമയമായി… ഭാര്യയോടും മക്കളോടും എന്തൊക്കെയോ പറയാൻ ബാക്കിയുള്ളത് പോലെ…. അവർക്കുവേണ്ടി തന്റെ കടമകളൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. കുറെക്കാലം കൂടി തന്നെ സ്നേഹിക്കുന്നവരോടൊപ്പം ജീവിക്കാൻ വെറുതെ മോഹിച്ചു അയാൾ….
ചാടി എഴുന്നേറ്റ് തനിക്ക് ചുറ്റും നിൽക്കുന്നവരോട് ഉറക്കെ പറയണമെന്ന് തോന്നി ” ജീവിതം ചെറുതാണ്. ലഭിക്കുന്ന നിമിഷങ്ങൾ മറ്റുള്ളവരോടൊപ്പം സ്നേഹത്തോടും സന്തോഷത്തോടും കഴിയുക… മരിച്ചുകഴിഞ്ഞു ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്ന നിരാശയുണ്ടാകരുത്..” “സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഈ ഒരായുസ്സുമാത്രം” സാധിച്ചില്ല…. താൻ വെറും ശവം മാത്രമല്ലേ….
ദീന ജെയിംസ്