ചെറു ചിന്ത: ദൈവത്തിന്റെ സമയം | ദീന ജെയിംസ്

രോ മനുഷ്യന്റെ ജീവിതത്തിലും ദൈവം അനുവദിച്ചിരിക്കുന്ന ഒരു സമയമുണ്ട്. ജനനം മുതൽ മരണംവരെയും അതിനിടയിലുള്ള ജീവിതകാലചക്രത്തിന്റെ ഓട്ടത്തിനും ദൈവം പ്രത്യേകസമയങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. അതനുസരിച്ചു മാത്രമേ ഒരുവന്റെ ജീവിതം മുന്നോട്ടുപോകുകയുള്ളൂ.

നാം എത്ര കഠിനശ്രമങ്ങൾ നടത്തിയാലും ദൈവത്തിന്റെ സമയത്ത് മാത്രമേ പൂർത്തിവരികയുള്ളു. ദൈവത്തിന്റെ സമയംവരെ കാത്തിരിക്കുക എന്നത് നമ്മെ സംബന്ധിച്ചെടുത്തോളം വിഷമമേറിയതാണ്. പക്ഷേ, കാത്തിരുന്നേ പറ്റൂ… നാം ആഗ്രഹിക്കുന്ന സമയത്ത് സാധിച്ചെടുക്കുന്ന പലതും പരാജയമായി മാറുമ്പോൾ ദൈവം സകലവും അതാതിന്റെ സമയത്ത് ഭംഗിയായി ചെയ്യും. (സഭാ പ്രസംഗി 3:11)അതുകൊണ്ട് അവൻ തക്കസമയത്ത് നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴെ താണിരിപ്പിൻ. (1പത്രോസ് 5:6)
ദർശനം ലഭിച്ചയോസേഫിനു അത് പൂർത്തിയായി കാണുവാൻ വർഷങ്ങൾ പിന്നിടേണ്ടി വന്നു. പിന്നിട്ട വർഷങ്ങൾ ഒറ്റപ്പെടലും വേദനയും അപമാനവും നിറഞ്ഞ തുമായിരുന്നു.സഹായിക്കാമെന്ന് വാക്ക്കൊടുത്ത പാനപാത്രവാഹകന്മാരുടെ പ്രമാണി യോസെഫിനെ ഓർക്കാതെ മറന്നു. കാരണം ദൈവത്തിന്റെ സമയമായിട്ടില്ലായിരുന്നു. എന്നാൽ ദൈവത്തിന്റെ സമയം എത്തിയപ്പോൾ സാഹചര്യം അനുകൂലമല്ലാതിരുന്ന കാരാഗ്രഹത്തിൽ നിന്നും ദൈവം അവനെ പുറത്തുകൊണ്ടുവന്നു അവനു നൽകിയിരുന്ന ദർശനം പൂർത്തീകരിച്ചു.

നമ്മുടെ അറിവും കാര്യപ്രാപ്‌തിയും ധനവുംകൊണ്ടൊക്കെ നാം നിശ്ചയിക്കുന്ന സമയത്ത് പലതും നേടിയെടുക്കാൻ കഴിഞ്ഞേക്കാം. അതൊക്കെ പോരായ്മകളുള്ളവയും പലതും പരാജയകാരണവുമാകാറുണ്ട്. നമ്മുടെ സമയത്ത് നേടിയ പലതും പിന്നീട് *”വേണ്ടിയിരുന്നില്ല*” എന്ന് നമ്മെക്കൊണ്ട് ചിന്തിപ്പിക്കുവാൻ കാരണ മാകാറുണ്ട്. ദൈവീക വാഗ്ദത്തതിന് വേണ്ടി കാത്തിരുന്ന അബ്രഹാം ഭാര്യയുടെ വാക്ക് അനുസരിച്ചു ഹാഗാറിലൂടെ മകന് ജന്മം നൽകി.(ഉല്പത്തി 16:3,4)ദൈവം തന്റെ സമയമായപ്പോൾ അബ്രഹാമിന്കൊടുത്തിരുന്ന വാക്കുപോലെ ഒരു മകനെ നൽകി.(ഉല്പത്തി 21:1) പക്ഷേ, പിന്നീട് സാറാ ഹാഗാറിലൂടെ ജനിച്ച മകൻ പരിഹാസി എന്ന് കണ്ട് അവനെ പുറത്താക്കുവാനും ഈ കാര്യം അബ്രഹാമിന് അനിഷ്ടമാകുവാനും ഇടയാകുന്നു.(ഉല്പത്തി 21:10,11) കാത്തിരിപ്പിന്റെ ദൈർഘ്യം കൂടിയാലും ദൈവത്തിന്റെ സമയത്ത് ദൈവം നമുക്ക് വേണ്ടി ചെയ്യുന്നതാണ് ഉത്തമം. ദൈവം പ്രവർത്തിക്കുന്നതൊക്കെ ശാശ്വതമാണ്!

ജീവിതയാത്ര ദുഷ്‌കരമാണെന്ന് തോന്നിയാലും നമ്മുടെ സാഹചര്യങ്ങൾ ഒന്നും അനുകൂലമല്ലെങ്കിലും നിരാശപ്പെടാതെ ദീർഘക്ഷമയോടെ ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാം…. പ്രത്യാശയ്ക്ക് ഭംഗം വരികയില്ല!!

– ദീന ജെയിംസ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply