ആരോഗ്യം: അറിയാം, അകറ്റാം – സ്ക്രീൻ ഡിപെൻഡൻസി ഡിസോർഡർ | ഡോ. അന്ന വിനു വർഗ്ഗീസ്, കാനഡ.

നമ്മളിൽ ഭൂരിഭാഗം ആൾക്കാരും മുൻപ് കേട്ടിട്ടില്ലാത്ത ഒരു പദം ആയിരിക്കാം സ്ക്രീൻ ഡിപെൻഡൻസി ഡിസോർഡർ ( Screen Dependency Disorder or SDD). എന്നാൽ ഈ വാക്ക് ആരോഗ്യമേഖലയിൽ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. ഇൻറ്റർനാഷണൽ ചൈൽഡ് ന്യൂറോളജി അസ്സോസിയേഷനിൽ (UK) പ്രസിദ്ധീകരിച്ച ഡോ. സിഗ്മാൻ എന്ന മനഃശാസ്ത്രജ്ഞന്റെ ഗവേഷണ പ്രബന്ധം ആണ് വിഷയം. ഈ വിഷയത്തിലെ പ്രഥമ ഗവേഷകനും അഗ്രഗണ്യനുമാണ് ഡോ. സിഗ്മാൻ.

എന്താണ് സ്ക്രീൻ ഡിപെൻഡൻസി ഡിസോർഡർ (SDD )?
എല്ലാ വീടുകളിലും ഇന്ന് മാതാപിതാക്കൾ രണ്ടു പേരും ജോലിക്കാരാണ്. ജോലി കഴിഞ്ഞു വന്നിട്ട് വീട്ടുകാര്യങ്ങൾ നോക്കാനുണ്ട്. ഈ സാഹചര്യത്തിൽ കുഞ്ഞുങ്ങളെ ഒന്ന് എൻഗേജ്ഡ് (മറ്റൊരു തരത്തിൽ പറഞ്ഞാൽ “encaged”) ആക്കി ഇരുത്താൻ ഏറ്റവും എളുപ്പമാർഗം സ്മാർട്ഫോൺ അല്ലെങ്കിൽ ഐപാഡ് ആണ്.
“ഐപാഡിൽ എന്തെങ്കിലും കണ്ടുകൊണ്ടിരുന്നാലേ മോൻ എന്തെങ്കിലും കഴിക്കുകയുള്ളു.”
“മോളുടെ കരച്ചിൽ നിർത്താനുള്ള ഏക മാർഗം മൊബൈൽ ഫോൺ ആണ്. ”
“മൊബൈൽ കൊടുത്താൽ പിന്നെ ഒരു ശല്യവുമില്ല. എത്ര നേരം വേണമെങ്കിലും ഇരുന്നോളും.”
“അവൻ ഉറങ്ങണമെങ്കിൽ കാർട്ടൂൺ ഇല്ലാതെ പറ്റില്ല ”

നമ്മളിൽ പലരും മറ്റുള്ളവരോട് കുഞ്ഞുങ്ങളെ പറ്റി പറയുന്ന വാക്കുകളാണ് ഇത്. എന്നാൽ എത്രത്തോളം അപകടകരമായ ഒരു വസ്തുതയാണ് നാം ഇത്ര ലാഘവത്തോടെ കാണുന്നത് എന്ന് മനസിലാക്കുക. കുട്ടികളുടെ ഈ ശീലം ഇങ്ങനെ തന്നെ തുടരാൻ അനുവദിച്ചാൽ നാളെ അവർക്ക് SDD വന്നുകൂടായ്കയില്ല.
ആപത്കരമാംവിധം സ്ക്രീനിനു അടിമയാകുന്ന അവസ്ഥയെ ആണ് SDD അഥവാ സ്ക്രീൻ ഡിപെൻഡൻസി ഡിസോർഡർ എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. ടീവി, കമ്പ്യൂട്ടർ മൊബൈൽ, ഐപാഡ് തുടങ്ങി സ്ക്രീൻ ഏതുമാകാം. മുതിർന്നവരിലും SDD യുടെ അവസ്ഥകൾ കാണപ്പെടാം എങ്കിലും മസ്തിഷ്ക വികാസത്തിൻ്റെ പ്രായം കഴിഞ്ഞതിനാൽ വലിയ രീതിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ല. എന്നാൽ കുട്ടികളിൽ ഇത് ഒരു രോഗമായി തന്നെ കണക്കാക്കുന്നു. കാരണം, ഇത് തലച്ചോറിനെ ബാധിക്കാം എന്നത് കൊണ്ട് തന്നെ. 5 വയസ്സ് വരെ സ്ഫോടനാത്മകമായ രീതിയിൽ മസ്തിഷ്ക വളർച്ച നടക്കുന്ന സമയമാണ്. സ്പോഞ്ചിൽ വെള്ളം കയറുന്നത് പോലെ കാണുന്നതും കേൾക്കുന്നതുമെല്ലാം തലച്ചോറിൽ രജിസ്റ്റർ ആകുന്ന പ്രായം. പുതിയ നാഡീകോശങ്ങൾ ഉണ്ടാവുകയും വേഗത്തിൽ അവ വളരുകയും ചെയുന്ന വളരെ പ്രാധാന്യമേറിയ ഒരു കാലഘട്ടമാണ് ഇത്. ഈ സമയത്തു മസ്തിഷ്കത്തിന്റെ വികാസപ്രവർത്തനങ്ങൾക്ക് ഉതകുന്ന കാര്യങ്ങൾ ആകണം കുഞ്ഞുങ്ങളുടെ ദൈനംദിന ജീവിതത്തിൽ നടക്കേണ്ടത്. അതിനു പകരം രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ സ്ക്രീനിൽ കണ്ണ് നട്ടവരായി ഇരിക്കുകയാണെങ്കിൽ മസ്തിഷ്ക വികാസം വേണ്ടവിധത്തിൽ നടക്കാതെ ഇരിക്കുകയും അങ്ങനെ ഇത് ചികിത്സ ആവശ്യമുള്ള ഒരു രോഗമായി മാറുകയും ചെയ്യും.
SDD എങ്ങനെ അപകടകാരി ആകുന്നു ?
ഉറക്കമില്ലായ്മ, ശരീരവേദന, കാരണമില്ലാതെ ശരീരഭാരം കൂടുക/കുറയുക കാഴ്ചക്കുറവ്, തലവേദന, ഏകാന്തത, ഉത്കണ്ഠ, വിഷാദം എന്നിവ അമിതമായ സ്ക്രീൻ ഉപയോഗത്തിന്റെ പ്രത്യക്ഷമായി അനുഭവപ്പെടുന്ന ദോഷഫലങ്ങളാണ്.
ഒരേ പ്രായത്തിലുള്ള SDD ബാധിച്ച കുട്ടികളുടെയും അല്ലാത്തവരുടെയും തലച്ചോറുകൾ പഠനവിധേയമാക്കിയപ്പോൾ SDD ഉള്ള കുട്ടികളുടെ തലച്ചോർ ചുരുങ്ങിയതായും (shrink) തലച്ചോറിന്റെ പ്രധാനപ്പെട്ട ചില ഭാഗങ്ങളിൽ (frontal lobe, striatum, insula ) കോശകലകളുടെ കുറവും കണ്ടെത്തി. ആലോചന, കണക്കുകൂട്ടൽ, തീരുമാനങ്ങളെടുക്കൽ, ദയ, സഹാനുഭൂതി എന്നീ കഴിവുകൾ ഉണ്ടാകുന്നതിനു ആവശ്യമായ ഭാഗങ്ങൾ ആണ് ഇവ.
വിരലുകൾ കൊണ്ട് പെൻസിൽ പിടിച്ചു എഴുതുവാനുള്ള ദൃഢതയും തഴക്കവും ഇപ്പോഴത്തെ നഴ്സറി കുട്ടികൾക്ക് കുറവാണെന്നും അതിന്റെ കാരണം ഈ കാലഘട്ടത്തിലെ അമിതമായ മീഡിയ ഉപയോഗമാണെന്നും പഠനങ്ങൾ തെളിയിക്കുന്നു. കഴിഞ്ഞ തലമുറ സ്കൂളിൽ പോകുന്നതിനു മുൻപ് പല തരം കളികളിലും മറ്റും ഏർപ്പെട്ടിരുന്നു. അവയെല്ലാം തന്നെ പഠനമേഖലയിൽ നൈപുണ്യത്തോടെ പ്രവർത്തിക്കാൻ സഹായകമായിരുന്നു. ഈ തലമുറ കൂടുതൽ സമയവും സ്ക്രീനിൽ ചിലവഴിക്കുന്നതിനാൽ സ്കൂൾ പഠനത്തിന് ആവശ്യമായ സന്നദ്ധത ( school readiness ) കുറവുള്ളതായി കണ്ടു വരുന്നു. ഇതേ കാരണത്താൽ തന്നെ പ്രായത്തിനനുസരിച്ചുള്ള സംസാരഭാഷാവികാസവും ബാധിക്കപ്പെടുന്നതായി കാണുന്നു.

SDD യുടെ ലക്ഷണങ്ങൾ
താഴെ പറയുന്ന ലക്ഷണങ്ങൾ കുട്ടി പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ SDD എന്ന അവസ്ഥ ആയിരിക്കാം.
1. ചുറ്റും എന്ത് സംഭവിച്ചാലും അറിയാത്ത വിധത്തിൽ സ്ക്രീനിൽ മുഴുകി ഇരിക്കൽ
2. മണിക്കൂറുകൾ ഒരേ ഇരിപ്പിൽ സ്ക്രീനിൽ നോക്കി ഇരിക്കാനുള്ള സഹിഷ്ണുത.
3. സ്ക്രീൻ നിഷേധിച്ചാൽ ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ പ്രകടിപ്പിക്കുക.
4. ദൂഷ്യമായ പരിണിതഫലങ്ങൾ ഉണ്ടായിട്ടും സ്ക്രീൻ സമയം കുറയ്ക്കാനോ നിർത്താനോ കഴിയാത്ത അവസ്ഥ
5. മറ്റു കാര്യങ്ങളിലെ (ഭക്ഷണം, ഉറക്കം, കളികൾ ) താല്പര്യമില്ലായ്മ
6. മറ്റു വികാരങ്ങളിൽ (വിഷമം, വേദന )നിന്നും രക്ഷപെടാനുള്ള ഒരു വഴിയായി സ്ക്രീനിനെ ഉപയോഗിക്കുക.
കുട്ടികളിലെ മീഡിയ ഉപയോഗത്തിനുള്ള ചില മാർഗനിർദേശങ്ങൾ

1. പ്രായത്തിനനുസരിച്ചു സ്ക്രീൻ സമയം നിജപ്പെടുത്തുക
പ്രായം ഉപയോഗം
18 മാസത്തിനു താഴെ അകലെയുള്ള കുടുംബാംഗങ്ങളോടുള്ള വീഡിയോ ചാറ്റിങ് മാത്രം.
18 – 24 മാസം ഗുണനിലവാരമുള്ള വീഡിയോകൾ (നേഴ്സറി ഗാനങ്ങൾ, കഥകൾ ). രക്ഷിതാവും ഒപ്പം ഇരുന്നു, കാണുന്നത് പറഞ്ഞു മനസിലാക്കി കൊടുക്കുക.
2 -5 വയസ്സ് ദിവസത്തിൽ പരമാവധി ഒരു മണിക്കൂർ. രക്ഷിതാവും ഒപ്പം ഇരുന്നു, കാണുന്നത് പുറം ലോകവുമായി ബന്ധപ്പെടുത്തി പറഞ്ഞു മനസിലാക്കി കൊടുക്കുക
6 വയസ്സിനു മുകളിൽ എത്ര സമയം സ്ക്രീൻ ഉപയോഗിക്കുന്നു, എന്തൊക്കെ കാണുന്നു എന്നിവയിൽ ആവശ്യമായ നിയന്ത്രണങ്ങൾ വെക്കുക. സമയാസമയങ്ങളിൽ ലഭിക്കേണ്ട ഉറക്കം, കളികൾ, ഭക്ഷണം കഴിക്കൽ എന്നിവയെ ബാധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.

(മുകളിൽ പറയുന്ന നിർദേശങ്ങൾ അമേരിക്കൻ അക്കാഡെമി ഓഫ് പീഡിയാട്രിക്സ് നിർദ്ദേശിച്ചിരിക്കുന്നതാണ്)

2. തീരെ ചെറിയ പ്രായത്തിൽ തന്നെ മീഡിയ ഉപയോഗത്തിൽ പരിധികൾ വെക്കുക. അവ അനുസരിക്കാൻ ശീലിപ്പിക്കുക.
ഉദാ : ഭക്ഷണസമയത്തും കിടക്കയിലും ഫോൺ ഉപയോഗിക്കാൻ പാടില്ല.
3. തനിയെ യൂട്യൂബും മറ്റും ഓപ്പൺ ചെയ്യാനും സെലക്ട് ചെയ്യാനും പഠിപ്പിക്കാതിരിക്കുക. മാതാപിതാക്കൾ തിരഞ്ഞെടുക്കുന്ന പരിപാടികൾ മാത്രം കാണാൻ അനുവദിക്കുക.
4. കുട്ടികളുടെ കൈയിൽ ഫോൺ/ ടാബ് കൊടുക്കാതെ മാതാപിതാക്കളുടെ കൈയിൽ വെച്ച് കാണിച്ചു കൊടുക്കുക.
5. മാതാപിതാക്കളും സ്ക്രീൻ സമയം കുറയ്ക്കുക. അല്ലെങ്കിൽ കുട്ടികളുടെ മുൻപിൽ അമിതമായി ഫോൺ/ടാബ് ഉപയോഗിക്കാതെ ഇരിക്കുക.
6. സംസാരിക്കാനും, പഠിക്കാനും, ഫോട്ടോ എടുക്കാനും മറ്റുമുള്ള ഉപകരണം മാത്രമാണ് ഇവ എന്ന ബോധം കുട്ടികളിൽ ഉണ്ടാക്കുക.
7. ചിന്താശേഷിയും ക്രിയാത്മകതയും വർധിപ്പിക്കുന്ന ടോയ്സ്/ ബുക്ക്സ് വാങ്ങി നൽകുക. ( Building Blocks, shape sorter, play doh, Board books, busy books etc )
8. പുറത്തിറങ്ങി കളിയ്ക്കാൻ പ്രോത്സാഹിപ്പിക്കുക. മാതാപിതാക്കൾ കുട്ടികളുടെ കൂടെ കളികളിൽ ഏർപ്പെടുക.
9. കുട്ടികളോടൊപ്പം ആയിരിക്കുമ്പോൾ കഴിവതും അവരോട് സംസാരിച്ചു കൊണ്ടിരിക്കുക.
10. സ്ക്രീനിലെ ഭാവനാലോകത്തേക്കാൾ കുട്ടികളെ രസിപ്പിക്കാനും, പിടിച്ചിരുത്താനും കഴിയുന്ന ആകർഷകവും ക്രിയാത്മകവുമായ ആക്ടിവിറ്റീസ് കുട്ടികൾക്ക് കൊടുക്കുക.
ഉദാ : ( Tent House, Coloring, Paper Crafts etc)

സാങ്കേതിക വിദ്യ മോശമാണെന്നല്ല പറഞ്ഞു വരുന്നത്. ആശയവിനിമയം, പഠനം, നേരമ്പോക്ക്, വിനോദം എന്നിവയ്ക്കെല്ലാം തന്നെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഡിജിറ്റൽ സംവിധാനങ്ങൾ വേണം. കുട്ടികൾ ഇതെല്ലം ഉപയോഗിച്ച് പഠിക്കുകയും വേണം. എന്നാൽ അവ ദോഷകരമാകുന്ന രീതിയിൽ കുട്ടികളെ ബാധിക്കാതെവണ്ണം ആവശ്യത്തിനും അനാവശ്യത്തിനും ഇടയ്ക്കുള്ള അതിർവരമ്പ് മാതാപിതാക്കൾ നിശ്ചയിക്കണം.

ഡോ. അന്ന വിനു വർഗ്ഗീസ്,
(പ്രൊഫസർ, കോൺസ്റ്റോഗ കോളേജ്, ഒൻ്റാറിയോ, കാനഡ)

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply