മറന്നുപോയ രണ്ടക്ഷരങ്ങൾ | രാജൻ പെണ്ണുക്കര
ഇങ്ങനെയൊക്കെ എഴുതുന്നതുകൊണ്ട് ആരുമെന്നെ തെറ്റിദ്ധരിക്കരുത്, എല്ലാവരെയും അടച്ച് ആക്ഷേപിക്കുയാണെന്ന് കരുതി എന്നോടാർക്കും പരിഭവം തോന്നുകയുമരുത്. കാരണം പലപ്പോഴായി രുചിച്ചറിഞ്ഞ ചില സത്യങ്ങൾ അങ്ങനെയായതു കൊണ്ടും എന്തുകൊണ്ട് മനുഷ്യൻ ഇപ്രകാരമായി തീർന്നു എന്നചോദ്യത്തിന് ഉത്തരം തേടി നടന്നപ്പോൾ കണ്ട ചില നേർ ചിത്രങ്ങൾ വരച്ചു കാട്ടുവാൻ ശ്രമിക്കുന്നു എന്നുമാത്രം. അനുഭവം ആണല്ലോ അദ്ധ്യാപകൻ, ആ പാഠങ്ങൾ തെറ്റാറുമില്ലല്ലോ!.
രണ്ടക്ഷരങ്ങൾ മാത്രമുള്ളതും നിസ്സാരമെന്ന് കരുതി പലപ്പോഴും മനപ്പൂർവം പറയാൻ മറന്നുപോകുന്നതും, പലരുടേയും നിഘണ്ടുവിൽ എഴുതീട്ടേ ഇല്ലെന്ന് തോന്നി പോകുന്നതുമായ വാക്കുകളല്ലേ ‘നന്ദി’, ‘മാപ്പ്’, അല്ലെങ്കിൽ ‘സോറി’ (മലയാളത്തിൽ എഴുതിയാൽ). യഥാർത്ഥത്തിൽ അതു പ്രകടിപ്പിക്കാനും, പറയാനും ചോദിക്കാനും ഈഗോ ഇല്ലാത്ത വിശാലമായ മനസ്സ് വേണം. എന്നാലി വൃത്തികെട്ട ഈഗോയല്ലേ സകല പ്രശ്നത്തിനും കാരണക്കാരൻ. നാം ചെയ്യണം എന്ന് ആഗ്രഹിച്ചാൽ പോലും വേണ്ടാ എന്ന് പറഞ്ഞു നമ്മേ പുറകോട്ട് വലിക്കുന്ന, നിരുത്സാഹപ്പെടുത്തുന്ന ശക്തി എന്നതല്ലേ സത്യം. മാത്രവുമല്ല നമ്മുടെ ഉള്ളിൽ ഒളിച്ചിരിക്കുന്ന ധാർഷ്ട്യവും പുച്ഛവും എനിക്ക് ആരുടെയും മുന്നിൽ താഴാൻ സാധിക്കില്ല എന്ന മനോഭാവവും ആണോ ഇതിനെല്ലാം കാരണം എന്ന് ചിലപ്പോൾ തോന്നിപോകാറുണ്ട്.
പല അനുഭവങ്ങൾ വെച്ചുനോക്കുമ്പോൾ നാം മനുഷത്വം നഷ്ടപ്പെട്ട് മനഃസാക്ഷി മരവിച്ച് തികച്ചും സ്നേഹം പോലും ഇല്ലാത്ത സ്നേഹിക്കാൻ അറിയാത്ത യാന്ത്രിക മനുഷ്യന്റെ രൂപത്തിലും ഭാവത്തിലും ആയി മാറിയോ എന്ന് പലപ്പോഴും തോന്നി പോകുന്നു. യഥാർത്ഥത്തിൽ ദൈവം മനുഷ്യനിൽ നിന്നും പ്രതീക്ഷിക്കുന്നത് നന്ദിയുള്ള ഹൃദയവും, തെറ്റുകൾ സ്വയം അംഗീകരിച്ച് ഏറ്റുപറയുന്ന പശ്ചാത്തപമുള്ള ഹൃദയവും അല്ലേ. ദൈവം ചെയ്യുന്ന നന്മകൾക്ക് പകരം കൊടുക്കുവാൻ നന്ദിയല്ലാതെ വേറെ ഒന്നും ഇല്ല. അത് ഹൃദയത്തിൽ നിന്നും പ്രകടിപ്പിക്കാൻ പലപ്പോഴും കഴിയുന്നുണ്ടോ?. നമ്മുടെ തെറ്റുകൾ, കുറവുകൾ ഏറ്റുപറഞ്ഞ് എന്നോട് ക്ഷമിക്കണമേ, സോറി എന്നൊന്ന് പറഞ്ഞ് പ്രാർത്ഥിക്കാൻ മനുഷ്യന് കഴിയുമോ?. ദൈവം ഇത് ആഗ്രഹിക്കുന്നെങ്കിൽ മനുഷ്യരും പരസ്പ്പരം ഇത് ചെയ്യുവാൻ കടപ്പെട്ടിരിക്കുന്നു എന്നതാണ് സത്യം!.
മനുഷ്യൻ വാക്കുകൾ കൊണ്ട് പരസ്പരം നന്ദി പ്രകടിപ്പിക്കുമ്പോൾ മൃഗങ്ങൾ ശരീരഭാഷയിൽ പ്രകടിപ്പിക്കുന്നു എന്നതാണ് വ്യത്യാസം. എന്നാൽ മനുഷ്യൻ ഒരുനിമിഷമെങ്കിലും അത് പ്രകടിപ്പിക്കുവാൻ പലപ്പോഴും മനപ്പൂർവം മറക്കുമ്പോൾ എത്രകാലം കഴിഞ്ഞാലും മൃഗങ്ങൾ മറക്കുന്നില്ല എന്നതാണ് അത്ഭുതം. അപ്പോൾ ആരാണ് ഇവരിൽ ശ്രേഷ്ഠർ എന്ന് നിങ്ങൾ ചിന്തിച്ചു നോക്കുക.
‘I am really sorry’, ‘Thank you so much’ എന്നൊന്ന് ഒരു ശ്വാസം കൊണ്ട് പറയുവാൻ മനുഷ്യൻ പ്രേത്യേകിച്ചു നമ്മൾ മറന്നു. നാല് പതിറ്റാണ്ടുകൾക്ക് ശേഷമുള്ള നാട്ടിലെ എന്റെ ചെറിയ കാലയളവിലെ ജീവിതത്തിൽ ഞാൻ വിരളമായേ ഈ വാക്കുകൾ കേട്ടിട്ടുള്ളൂ എന്നതാണ് ദുഃഖം. എന്നാൽ വടക്കേ ഇന്ത്യയിൽ ഒരു അന്തിചന്തയിൽ പോയാലും പലപ്പോഴും കേൾക്കുവാൻ കഴിയും “बहुत बहुत शुक्रिया” ഒത്തിരി ഒത്തിരി നന്ദി, “मुझे माफ़ कर दीजिए” എന്നോട് ക്ഷമിക്കണം എന്നൊക്കെ. എന്നാൽ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്നു എന്ന് ക്രഡിറ്റ് പറയുന്ന നമ്മുടെ സമൂഹത്തിന്റെ അവസ്ഥ എപ്രകാരമെന്ന ചോദ്യം പിന്നെയും അവശേഷിക്കുന്നു.
അറിഞ്ഞോ അറിയാതെയോ നാം മുഖാന്തിരം മറ്റൊരാൾക്ക് ഒരു ചെറിയ പ്രയാസമോ ബുദ്ധിമുട്ടോ വന്നുവെന്ന് തോന്നിയാൽ പോലും ഒരു വക്കിൽ ‘സോറി’ എന്ന് പറയാൻ മുതിരാതെ ദഹിപ്പിക്കുന്ന കണ്ണുകളോടെ നമ്മേ നോക്കി ഭസ്മം ആക്കുന്ന മനുഷ്യൻ എന്ന പേരുള്ളവരെ കാണുമ്പോൾ ഭയം തോന്നിപോയിട്ടുണ്ട്. പലവിഷയങ്ങളും, പ്രശ്നങ്ങളും ഈ നിസാരമെന്ന് കരുതുന്ന ‘സോറി’ എന്ന രണ്ട് അക്ഷരം കൊണ്ട് തീരാവുന്നതേ ഉള്ളു. എന്നാൽ അതിന് പോലും വഴങ്ങാതെയും, തയ്യാറാകാതെയും വരുമ്പോൾ ഒരു വലിയ ബന്ധം ആണ് ഒരു നിമിഷം കൊണ്ട് തകർന്ന് പോകുന്നതെന്ന സത്യം നാം മറന്നുപോകുന്നു. അത് ഒരു വലിയ വിപത്തിനെ വിളിച്ചു വരുത്തുന്നു എന്നതാണ് സത്യം. പലപ്പോഴും സോറി എന്ന ഒരുവാക്കിൽ തീരേണ്ട വിഷയങ്ങൾ കൊലപാതകത്തിൽ വരെ കൊണ്ടെത്തിക്കുന്ന പ്രവണതയും, സാഹചര്യവും, അവസ്ഥയും നാം ദൈനം ദിനം പത്രങ്ങളിൽ വായിക്കാറുണ്ട്. ഒരു വിട്ടുവിഴ്ച്ചക്ക്, ഒന്ന് താണുകൊടുക്കാൻ മനസ്സില്ലാത്ത മനോഭാവവും അസഹിഷ്ണതയും അല്ലേ പലപ്പോഴും മനുഷ്യരേ ഭരിക്കുന്നത്. ഫലിതരൂപേണ ആണെങ്കിലും എത്രയോ സത്യമാണ് ഈ വാക്കുകൾ ‘ഡോക്ടർ രോഗിയോട് സോറി പറഞ്ഞാൽ പിന്നെ ആശക്ക് വകയില്ല ജീവിതം അവസാനിക്കും എന്നാൽ മനുഷ്യൻ പരസ്പരം സോറി പറഞ്ഞാൽ വഴക്ക് അവസാനിക്കും’ (അതൊരു പുതിയ ബന്ധനത്തിന് തുടക്കം കുറിക്കും).
വചനം പഠിക്കുമ്പോൾ നിങ്ങൾ നന്ദികെട്ടവർ ആകാതെ നന്ദിയുള്ളവരായും ഇരിപ്പിൻ, നന്ദി പറയുന്നവരായിരിപ്പീൻ എന്നും കാൽക്കൽ കവിണ്ണു വീണു അവന്നു നന്ദി പറഞ്ഞു എന്നൊക്കെ വായിക്കുവാൻ കഴിയും. അപ്പോൾ മനുഷ്യൻ നന്ദികെട്ടവർ ആകാൻ സാധ്യതയുണ്ടെന്ന് വചനവും സംശയിക്കുന്നു, സാക്ഷ്യപ്പെടുത്തുന്നു. ആരുടെയും കാൽക്കൽ ഒന്നും വീഴണ്ട, പക്ഷെ ഒരു വാക്കിൽ എങ്കിലും “നന്ദി” ഉണ്ട്, എന്നോട് ക്ഷമിക്കണേ അഥവാ “സോറി” എന്നൊന്ന് പറയുവാൻ നാം ഇനിയും പഠിക്കുമോ. ഈ വാക്കുകൾ പറയാതെ പോയാൽ ജീവിതത്തിൽ അതൊരു തീരാകടം ആയി നമ്മേ നിരന്തരം വേട്ടയാടുമെന്ന സത്യം മറക്കരുത്. എപ്പോഴും കടത്തിന് പലിശയും കൂട്ടുപലിശയും ഉണ്ടെന്നും കടങ്ങൾ എഴുതി തള്ളുന്നതു വരെ അവകൾ തീരാബാധ്യത ആണെന്ന കാര്യം കൂടി ഓർത്തുകൊൾക.
എത്രയോ വട്ടം ഒപ്പിടാൻ വേണ്ടി മാത്രം മറ്റുള്ളവരിൽ നിന്നും പേന ചോദിച്ചു വാങ്ങിയ സന്ദർഭങ്ങൾ ഓർമ്മയുണ്ടാകുമല്ലോ. ധൃതിക്കിടയിൽ പേനയുടെ ഉടമസ്ഥനത് തിരിച്ചു വാങ്ങാനും, വാങ്ങി ഉപയോഗിച്ച നമ്മൾ തിരിച്ചു കൊടുക്കാനും മറന്നിട്ടുണ്ട്. യഥാർത്ഥത്തിൽ തന്നയാളിനോട് സർ ‘നന്ദി’ എന്നു പറയാനുള്ള നല്ല ശീലം നാം പരിശീലിച്ചിരുന്നെങ്കിൽ തീർച്ചയായും നന്ദി പറയാൻ പോകുന്നയവസരത്തിലെങ്കിലും ആ പേനയും മടക്കി കൊടുക്കുമായിരുന്നു. എന്നാൽ അങ്ങനെയുള്ള നല്ല ശീലങ്ങളും ഗുണങ്ങളും നാം പഠിക്കാത്തതുകൊണ്ട്, നമ്മിൽ ലേശം പോലും ഇല്ലാത്തതുകൊണ്ട് ഓർമ്മവന്നില്ല അതിന്റെ പ്രയോജനം ആർക്കുണ്ടായി എന്നതല്ലേ സത്യം.
ഇഗ്ലീഷ്കാർ “Please excuse me” എന്ന് ആദ്യം പറഞ്ഞിട്ടല്ലേ വഴി പോലും ചോദിക്കുന്നത്, അത് ബാല്യകാലം മുതൽ പഠിച്ച അവരുടെ ശീലങ്ങളും സംസ്കാരവും, അതവരുടെ ഭാഷയോടുള്ള സ്നേഹവും മറ്റുള്ളവരെ ബഹുമാനിക്കാനുള്ള തുറന്ന മനസ്സും. എന്നാൽ നാം മലയാളത്തിൽ ഇത്രയും ഘനമുള്ള, എടുത്താൽ പൊങ്ങാത്ത ‘എന്നോട് ക്ഷമിക്കണമേ’ എന്ന് പറഞ്ഞിട്ടാണോ വഴി ചോദിക്കുന്നത്. വഴി പറഞ്ഞുതന്നാൽ പോലും നന്ദിയുണ്ട് എന്ന് പറയാൻ തോന്നിയിട്ടുണ്ടോ. എന്താ നമുക്കും നല്ല ശീലങ്ങൾ പഠിക്കണ്ടേ, ശീലിക്കേണ്ടേ?.
നാം ആർക്കെങ്കിലും ഉപകാരം ചെയ്താൽ ഒന്ന് സഹായിച്ചാൽ അവരുടെ ധാരണ ഞാൻ എന്തിന് തിരിച്ച് നന്ദി പറയണം ഇത് അവന്റെ കടമയല്ലേ, അവന് ധാരാളം ഉള്ളതുകൊണ്ടല്ലേ അവനെന്നെ സഹായിച്ചതെന്ന മനോഭാവമായിരിക്കാം ചിലപ്പോൾ അവർ നന്ദി പറയാൻ വൈമനസ്യം കാണിക്കുന്നതെന്ന് തോന്നിപോകുന്നു. പലരും ഇപ്രകാരം പറയുന്നത് കേട്ടു അതൊന്നും ആരിൽ നിന്നും ഇവിടെ പ്രതീക്ഷിക്കണ്ട ചെയ്യാനുള്ളത് ചെയ്തുകൊണ്ടിരിക്കണം. ഈ പ്രസ്താവന കേട്ടപ്പോൾ ലജ്ജയും ചിരിയും തോന്നിപോയാൽ സ്വാഭാവികം. അതുകൊണ്ട് സഹായിക്കുന്ന നമ്മുടെ കൈപോലും പുറകോട്ട് വലിക്കാൻ നിർബന്ധിതരാകുന്നു പിന്നെ സഹായിക്കാൻ പത്തുവട്ടം കൂടി ചിന്തിക്കേണ്ടി വരുന്നു എന്നതാണ് സത്യം. രണ്ട് കയ്യും നീട്ടി വാങ്ങിയിട്ട് തന്ന കൈയിൽ കടിക്കുന്ന മനുഷ്യർ. ഇവിടെ ഒരു കാര്യം സത്യമാണ്, എന്നും മറ്റുള്ളവരുടെ ഔദാര്യം പറ്റിയും പലരിൽ നിന്നും അമിതമായും അനർഹമായും അനവസരവും സഹായം വാങ്ങി ജീവിക്കുന്നവർക്ക് മറുപടിയായി പറയാൻ നന്ദി എന്നവാക്ക് കാണില്ല, എന്നാൽ അനർഹമായ സ്ഥാനത്തും ഇല്ലായ്മയിലും ലഭിക്കുന്ന അല്പത്തിന്റെ വില അമൂല്യമാണ്, അതറിഞ്ഞാൽ നാം അറിയാതെ നാവിൽ നിന്നും നന്ദി എന്ന വാക്ക് തനിയെ വന്നുപോകും. മുങ്ങി ചവാൻ പോകുന്നവനറിയാം കച്ചിതുരുമ്പിന്റെ മഹത്വവും വിലയും.
പലപ്പോഴും കാടടച്ച് വെടിവെക്കുന്ന രീതിയിൽ ഒറ്റവാക്കിൽ പഴിതീർക്കാനെന്നോണം ‘സഹായിച്ച എല്ലാവർക്കും നന്ദി’ എന്ന കൃത്രിമ നന്ദി പ്രകടനം നടത്തുന്നവരെ കണ്ടിട്ടില്ലേ. അത് ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും വരുന്ന ആത്മാർഥമായ നന്ദി പ്രകടനം അല്ല. യഥാർത്ഥത്തിൽ ഓടിയതും സഹായിച്ചതും ഉപകാരം ചെയ്തതും ഒന്നോ രണ്ടോ വ്യക്തികൾ മാത്രമാകും, എന്നാൽ നന്ദി വീതം വെക്കുമ്പോൾ ചെയ്തവനും ഒന്നും ചെയ്യാത്തവനും ഒരുപോലെ പങ്ക്. ഒരുപക്ഷെ പേരെടുത്ത് പറയുവാനുള്ള ആർജ്ജവവും, ധൈര്യവും, സൽമനസ്സും ഇല്ലാത്തതു കൊണ്ടാണോ അതോ മറ്റുള്ളവർ എന്തു വിചാരിക്കും എന്ന സങ്കുചിത മനോഭാവമാണോ അങ്ങനെ ചെയ്യിക്കുന്നതെന്നറിയില്ല. കുറഞ്ഞ പക്ഷം അത്രയുമെങ്കിലും പറഞ്ഞല്ലോ എന്ന് ആശ്വസിക്കാം (Something is better than nothing). അതിനുപോലും മനസ്സില്ലാത്ത എത്രയോ വ്യക്തികൾ!.
മുംബൈയെന്ന മായനഗരത്തിന്റെ വഴിയോരങ്ങളിൽ രണ്ടു കാലുകളിലേയും കൈകളിലേയും ഇരുപത് വിരലുകളും കുഷ്ഠമെന്ന മഹാവ്യാധിയാൽ മുറിഞ്ഞു പോയിട്ട് ചോരയും ചലവും ഉണങ്ങിയ തുണികൊണ്ട് കെട്ടിവെച്ച പത്തിമാത്രം ശേഷിക്കുന്ന പാവം മനുഷ്യകൊലങ്ങൾക്ക് ഭിക്ഷകൊടുക്കുമ്പോൾ നന്ദിസൂചകമായി വിരലുകൾ ഇല്ലാത്ത കൈപ്പത്തി കൊണ്ട് കൈകൾക്കൂപ്പി ആ ജനസമുദ്രത്തിൽ നാം അലിഞ്ഞുചേർന്ന് അങ്ങുദൂരെ മറയും വരെയും നമ്മേ നോക്കി ആ കൈകൾ അങ്ങനെ തന്നേ ചേർത്ത് പിടിച്ചിരിക്കുന്ന ചങ്ക് തകർക്കുന്ന കാഴ്ചയാണോ യഥാർത്ഥ നന്ദി പ്രകടനം എന്ന് തോന്നിപോകുന്നു.
ചില നിസ്സാര ഉദാഹരണങ്ങൾ കൂടി പറഞ്ഞാൽ, ബസിൽ കയറി പത്തുരൂപ കൊടുത്ത് ടിക്കറ്റ് വാങ്ങിയാൽ താങ്ക്സ്, നന്ദിയുണ്ട് കണ്ടക്ടർ എന്ന് പറയാൻ പലർക്കും തോന്നാറില്ല, കാരണം അവർ പറയുന്നത് പത്തുരൂപാ കൊടുത്തിട്ടല്ലേ ടിക്കറ്റ് തന്നത് അല്ലാതെ വെറുതെ അല്ലല്ലോ (मेहरबानी) പിന്നെ എന്തിന് നന്ദി പറയണം എന്ന സങ്കുചിത മനോഭാവം പലപ്പോഴും കണ്ടിട്ടുണ്ട്. അറിയാതെയോ അറിഞ്ഞോ കാലിൽ ചെരിപ്പിട്ട് ചവുട്ടിയരച്ചിട്ട് പോയാൽ പോലും സോറി എന്ന് പറയാൻ പലരും തയ്യാറാകുന്നില്ല എന്നതാണ് അതിലും സങ്കടം. അതിനുള്ള വിശാലഹൃദയം നമ്മിൽ ഇല്ലായെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നമ്മുടെ സങ്കുചിത മനോഭാവം പൂർണമായും മാറണം. ഒരുപക്ഷെ നമ്മൾ പ്രതികരിച്ചാൽ നമ്മേ കുറ്റക്കാർ ആക്കി ഉപദ്രവിക്കുന്ന സമൂഹം.
പൊതുസ്ഥലത്തെ ശൗചാലയത്തിന്റെ (Lavatory) വെളിയിൽ സകലതും സഹിച്ചു കാവലിരിക്കുന്ന സാധു മനുഷ്യന് രണ്ടുരൂപാ കൊടുത്ത് ഉപയോഗം കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോൾ നന്ദി എന്നു പറയാൻ മറക്കുന്ന ലോകം. രണ്ടുരൂപാ കൊടുത്തിട്ടല്ലേ ഞാൻ അത് ഉപയോഗിച്ചത് അല്ലാതെ വെറുതെ അല്ലല്ലോ എന്ന് ചിന്തിക്കുന്നവരും ഉണ്ട്. നാം എത്ര വലിയവരും മാന്യന്മാരും , കെങ്കേമന്മാരും ആയിക്കൊള്ളട്ടെ എന്നാൽ തക്കസമയത്ത് അങ്ങനെയുള്ള സൗകര്യം കിട്ടിയില്ലായിരുന്നു എങ്കിലുള്ള മനുഷ്യന്റെ അവസ്ഥ ഊഹിക്കാൻ പോലും കഴിയുമോ. അപ്പോൾ എത്ര വട്ടം നന്ദി പറയണമെന്ന് നമുക്ക് കണക്കുക്കൂട്ടി തീരുമാനിക്കാം. ആ ദുർഗന്ധം സഹിച്ച് കാവലിരിക്കുന്ന പരമസാധുവിന്റെ ആയുസ്സ് നമുക്കുവേണ്ടി ഓരോ സെക്കന്റ് കുറയുന്നു എന്ന സത്യം വിസ്മരിക്കുന്ന ലോകം. മറ്റുള്ളവർക്കുവേണ്ടി മെഴുകുതിരി പോലെ എരിഞ്ഞു തീരുന്ന ജീവിതങ്ങളോടെ എത്ര നന്ദി പറയണം. അവരും വികാരവും വിചാരവും ഉള്ള മനുഷ്യൻ അല്ലേ.
എന്നാലിന്ന് എത്ര വലിയ മാറ്റമാണ് നമ്മുടെ സമൂഹത്തിൽ വന്നിരിക്കുന്നത്, പലപ്പോഴും നാം മനുഷ്യരാണോ എന്നുപോലും സ്വയം മറന്നു പോകുന്നു. ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും ഒരു നന്ദി പറഞ്ഞാൽ നമുക്കെന്തു ചേതം, നാം പറയാൻ പഠിക്കണം. നമ്മുടെ കണ്മുൻപിലെ മനുഷ്യരോട് നന്ദി പറയാൻ മടിക്കുന്ന നീ എങ്ങനെ കണ്ടിട്ടില്ലാത്ത ദൈവത്തോട് നന്ദി പറയും. എന്താ നമുക്കും ഒരു നല്ല മനുഷ്യനായി മാറണ്ടേ, സ്വയം തീരുമാനിക്കാം. പൊതു മര്യാദ, സമൂഹിക പെരുമാറ്റരീതി, നാട്ടുമര്യാദ (Common etiquette) എല്ലാം മറന്നുകൊണ്ടുള്ള മനുഷ്യന്റെ ജീവിതം കൊണ്ടെന്തർത്ഥം.
പൊങ്ങച്ചമെന്ന് ചിന്തിക്കരുത്, പലപ്പോഴും അറിയാതെ നാവിൽ നിന്നും സഹോദര ‘നന്ദി’ എന്ന വാക്ക് വരുമ്പോൾ ഒരിക്കലും കെട്ടിട്ടില്ലാത്ത ഏതോവാക്ക് കേട്ടതുപോലെ പലരും മിഴിച്ചു നോക്കുന്നതും ആശ്ചര്യത്താൽ അവരുടെ മുഖഭാവം മാറുന്നതും കണ്ടിട്ടുണ്ട്, പലരും തിരിച്ചു പറയുന്നത് കേട്ടു സർ ഇങ്ങനെയോന്നും ആരും ഞങ്ങളോടെ പറയാറില്ല. ഞങ്ങൾ പാവങ്ങൾ അല്ലേ. ഈ സത്യങ്ങൾ സ്വയപ്രശംസക്ക് പറയുന്നതല്ല, നാം പഠിക്കുന്ന, നാം പ്രാക്ടീസ് ചെയ്യുന്ന ചില നല്ല ശീലങ്ങൾ മാത്രം ആകുന്നു. ‘ചൊട്ടയിലെ ശീലം ചുടലവരെ’ എന്ന പഴഞ്ചൊല്ല് പോലെ നമ്മുടെ നല്ല ശീലങ്ങൾ ജീവിതത്തിന്റെ അവസാന ശ്വാസം വരെ തുടരുക തന്നേ ചെയ്യും എന്നാണ് അർത്ഥമാക്കുന്നത്. സത്യം പറഞ്ഞാൽ, പണ്ടെന്നോ നന്ദികേട്ട വർഗ്ഗം എന്നർത്ഥവത്തായ പേരിട്ട മഹാനെയൊന്നു കാണാൻ എനിക്കും ആഗ്രഹം ഉണ്ട്.
ക്ഷമിച്ചു ജീവിക്കുന്നവരെ കാണുമ്പോൾ അവർ ഭീരുക്കളാണെന്ന് കരുതരുത്. ക്ഷമിക്കുക എന്നത് ജീവിതത്തിലെ ഏറ്റവും നല്ല ശീലങ്ങളിൽ ഒന്നാണ്. ഏതൊരു ഹൃദയത്തിനാണോ ആ മഹത്തായ കഴിവുള്ളത് ആ ഹുദയത്തിനുടമ ഒരിക്കലും പരജയപ്പെടില്ല എന്നതാണ് തത്വം. സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല’ (1 കൊരി 13:4). അപ്പോൾ ക്ഷമയുടെ ആധാരം സ്നേഹം ആണെന്ന് കൂടി പറയേണ്ടി വരുന്നു. സ്നേഹം കുറഞ്ഞു പോകുന്നതാണ് ക്ഷമ ചോദിക്കാൻ തടസ്സമായി നിൽക്കുന്നത്. പ്രിയപ്പെട്ട സഹോദരങ്ങളെ എന്താ നമുക്കും ആത്മാർത്ഥമായ നന്ദി, ആത്മാർത്ഥതയുള്ള സോറി എന്നു പറയാൻ മനസ്സുള്ള മനുഷ്യനായി, താഴ്മ ധരിച്ച സ്നേഹമുള്ള യഥാർത്ഥ മനുഷ്യരായി മാറാൻ ശ്രമിക്കാം.🙏മാറാനാഥ🙏