ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷനായി ഡോ സാമുവേൽ മാർ തിയോഫിലോസ് തിരഞ്ഞെടുക്കപ്പെട്ടു.

പത്തനംതിട്ട: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭാധ്യക്ഷനായി ഡോ സാമുവേൽ മാർ തിയോഫിലോസ് തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ ഡാലസിൽ പ്രഭാത സവാരിക്കിടെ വാഹനാപകടത്തിൽ കാലം ചെയ്ത സഭയുടെ പ്രഥമ മെത്രാപ്പോലീത്തയും സഭാ സ്ഥാപകനുമായ ഡോ.മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പോലീത്തയുടെ പകരക്കാരനായി ഐകകണ്ഠേനയാണ് ഡോ. സാമുവേൽ മാർ തിയോഫിലോസ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ ചെന്നൈ ഭദ്രാസനാധിപനും സഭയിലെ മുതിർന്ന മെത്രാപ്പൊലീത്തയുമാണ് ഡോ സാമുവേൽ മാർ തിയോഫിലോസ്. സഭാ സിനഡ് സെക്രട്ടറിയായി ജോഷ്വാ മാർ ബർണബാസ് എപ്പിസ്കോപ്പ തിരഞ്ഞെടുക്കപ്പെട്ടു. ‌ജൂൺ 22ന് രാവിലെ എട്ടിന് പുതിയ സഭാധ്യക്ഷൻ സ്ഥാനമേറ്റെടുക്കും.

പത്തനംതിട്ട ജില്ലയിലെ ചെറുകോൽ കീക്കൊഴൂർ ഓറേത്തു കൈതപ്പതാലിൽ കുടുംബത്തിൽ 1959 ഓഗസ്റ്റ് 27നാണു സാമുവൽ മാർ തിയൊഫിലോസ് ജനിച്ചത്. 17-ാം വയസ്സിൽ സഭാപ്രവർത്തനം ആരംഭിച്ചു. കർണാടക, ഗുജറാത്ത്, രാജസ്‌ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തരേന്ത്യ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്‌ഡിയും നേടിയിട്ടുണ്ട്.

2004 മുതൽ 2007 വരെ ബിലീവേഴ്സ‌് ചർച്ചിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. 2007 മുതൽ ഒരു വർഷം തിരുവല്ല മേജർ സെമിനാരിയുടെ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ചു. 1987ൽ ഡീക്കൻ ആയ ഇദ്ദേഹം 1997ൽ പുരോഹിതനായും 2006ൽ എപ്പിസ്കോപ്പയായും ഉയർന്നു. മിഷനറി പ്രവർത്തനത്തിൻ്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ സഭയുടെ ചുമതലകൾ നിറവേറ്റി. ആഴമേറിയ ദൈവസാന്നിധ്യം, നേതൃത്വമാതൃക തുടങ്ങിയ മലയാള ഗ്രന്ഥങ്ങൾ കൂടാതെ ഇംഗ്ലിഷ കന്നഡയിലും പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.