ഇഷ്ടപ്പെട്ട് ഓർഡർ ചെയ്ത ഷർട്ട് ധരിച്ച് തിങ്കളാഴ്ച സ്റ്റെഫിന് അന്ത്യയാത്

കോട്ടയം: കഴിഞ്ഞ ദിവസം കൊരിയർ വന്ന 2 പാക്കറ്റുകളിലെ ഷർട്ടുകളിൽ ചേർത്തുപിടിച്ച് തിരുവല്ല പ്ലാമൂട്ടിൽ വർഗീസ് പി. ഈപ്പനും (ഷാജി) സഹോദരി മിനിയും മാങ്ങാനം മന്ദിരം ആശുപത്രി മോർച്ചറിയുടെ സമീപം സ്‌റ്റെഫിന്റെ ചേതനയറ്റ ശരീരത്തിനു മുന്നിൽ നിന്നു.

‘സ്റ്റെഫിൻ, നീ ഓർഡർ ചെയ്ത് 2 ഷർട്ടുകൾ നീ എത്തുന്നതിനു മുൻപ് ഞങ്ങളുടെ കയ്യിൽക്കിട്ടി. ഇനി ഇതുമായി കുവൈത്തിലേക്കു വിമാനം കയറേണ്ടല്ലോ’- പതറിയ ശബ്ദ‌ത്തിൽ ഷാജി പറഞ്ഞൊപ്പിച്ചു.

കുവൈത്തിലെ തീപിടിത്തത്തിൽ മരിക്കുന്നതിന് ഒന്നര മണിക്കൂർ മുൻപാണ് പാമ്പാടി ഇടിമാരിയേൽ സ്‌റ്റെഫിൻ ഏബ്രഹാം സാബു (29) രണ്ടു ഷർട്ടുകൾ ഓൺലൈൻ സൈറ്റിലൂടെ ഓർഡർ ചെയ്തത്. സുഹൃത്തായ ഷാജിയുടെ വിലാസമാണു നൽകിയത്. കുവൈത്തിലെ ആശുപത്രിയിൽ റേഡിയോഗ്രഫറായ ഷാജി അവധി കഴിഞ്ഞ് ഇന്നു കുവൈത്തിലേക്കു മടങ്ങാ നിരിക്കുകയാണ് ഈ ദുരന്തം.

‘ഷാജിച്ചായാ, തിരിച്ചുവരുമ്പോൾ ഞാൻ ഓർഡർ ചെയ്ത്‌ ഷർട്ടുകൾ കൂടി വാങ്ങി വരണേ…’ എന്ന് സ്‌റ്റെഫിൻ പറഞ്ഞിരുന്നു. ‘ഒ.കെ’ എന്ന് ഷാജി വാട്‌സാപ്പിൽ അയച്ച മറുപടി ‌സ്റ്റെഫിൻ കണ്ടു. അതു കഴിഞ്ഞാണ് തീപിടിത്തം സ്‌റ്റെഫിൻ അടക്കമുള്ളവരുടെ ജീവനെടുത്തത്.

21 വർഷമായി കുവൈത്തിൽ ജോലി ചെയ്യുകയാണ് ഷാജി. 6 വർഷം മുൻപ് ‌സ്റ്റെഫിൻ അവിടെ എത്തിയതു മുതൽ സൗഹൃദമുണ്ട്. കുവൈത്ത് സിറ്റി അഹദിയിലെ ഐപിസി സഭയുടെ ആത്മീയ പ്രവർത്തനങ്ങളിലും യുവജന പ്രവർത്തനങ്ങളും ഇവർ ഒരുമിച്ചുണ്ടായിരുന്നു.

മന്ദിരം ആശുപ്രതിയിൽനിന്നു സ്‌റ്റെഫിൻ്റെ വീട്ടിലെത്തി ഷാജിയും മിനിയും ഷർട്ടുകൾ കൈമാറി. അന്ത്യയാത്രയിൽ ഈ ഷർട്ടുകളി
ലൊന്ന് അവനെ അണിയിക്കണമെന്നു പറഞ്ഞ് ഷാജി വികാരാധീനനായി.

ഇന്നലെ സ്റ്റെഫിന്റെ മൃതദേഹം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും കോട്ടയം മന്ദിരം ഹോസ്പിറ്റലിൽ എത്തിച്ച് മോർച്ചറിയിലേക്ക് മാറ്റി. സ്റ്റെഫിന്റെ ഇളയ സഹോദരന് നാളെ വൈകിട്ട് മാത്രമേ നാട്ടിലെത്തിച്ചേരുവാൻ സാധ്യതയ്ക്കുകയുള്ളൂ. 2024 ജൂൺ 17-ാം തിയതി തിങ്കളാഴ്‌ച രാവിലെ പാമ്പാടി വിശ്വഭാരതി കോളേജിന് സമീപമുള്ള ഭവനത്തിൽ ഭൗതീക ശരീരം ആദ്യം എത്തിക്കുന്നതും അതിനുശേഷം സ്റ്റെഫിൻ, എംജിഎം ഹൈസ്കൂളിന് സമീപം പുതിയതായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന പുതിയ വീട്ടിൽ കുറച്ച് സമയം വെച്ചതിനുശേഷം രാവിലെ 9 മണി മുതൽ പാമ്പാടിയിലുള്ള മോർ ദേവനാസ്സിയോസ് ആഡിറ്റോറിയം (സിംഹാസന പള്ളി പാരിഷ്ഹാൾ, എം ജി എം സ്‌കൂളിന് സമീപം) പൊതുദർശനം ആരംഭിക്കയും ഉച്ചയ്ക്ക് 2.30-യ്ക്ക് ശേഷം ഒൻപതാം മൈലിൽ ഉള്ള ഐ പി സി ബെഥേൽ സഭയുടെ സെമിത്തേരിയിൽ അടക്കം ചെയ്യുവാനും ക്രമീകരിച്ചിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.