അനുസ്മരണം | ജനഹൃദയങ്ങളിൽ ഇടം നേടിയ മഹാ സുവിശേഷകൻ | പാസ്റ്റർ വർഗീസ് മത്തായി
ഭാരത സുവിശേഷീകരണത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോക്ടർ കെ പി യോഹന്നാന്റെ വിയോഗ വാർത്ത വളരെ ദുഃഖത്തോടെയാണ് ശ്രവിച്ചത്.
ഏഷ്യൻ സുവിശേഷീകരണത്തിന്, പ്രത്യേകിച്ച് ഭാരത സുവിശേഷീകരണത്തിന് ഇത്രയധികം സംഭാവനകൾ നൽകിയ മറ്റൊരാൾ ഉണ്ടാകുമോ എന്നത് സംശയമാണ്.
സഭയുടെയോ സമൂഹത്തിന്റെയോ ലേബൽ നോക്കാതെ ആയിരക്കണക്കിന് സുവിശേഷകൻമാർക്ക് സാമ്പത്തിക സഹായം നൽകി. അത് അനേകരുടെ കണ്ണീരൊപ്പാനും പട്ടിണി മാറ്റാനും കാരണമായി. സുവിശേഷീകരണത്തിന് സൈക്കിളുകളും മോട്ടോർ ഘടിപ്പിച്ച ഇരുചക്ര വാഹനങ്ങളും തുടങ്ങി വാനുകളും ബസുകളും വരെ പല സഭകൾക്കും സംഘടനകൾക്കും നൽകി.
നന്നായി വായിച്ചിരുന്ന ഡോക്ടർ കെ പി യോഹന്നാൻ 200 ൽ അധികം പുസ്തകങ്ങൾ രചിക്കുകയും, മറ്റുള്ളവരെ വായിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് കോപ്പികൾ വിറ്റഴിഞ്ഞ “റവല്യൂഷൻ ഇൻ വേൾഡ് മിഷൻ” എന്ന അദ്ദേഹത്തിൻറെ ഗ്രന്ഥം അമേരിക്കയിലെ ക്രൈസ്തവ സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്തി. തദ്ദേശ മിഷനറിമാർക്കെ ഫലകരമായി പ്രവർത്തിക്കാൻ കഴിയൂ എന്നു തെളിയിക്കുന്നതായിരുന്നു ആ ഗ്രന്ഥം. സുവിശേഷ സാഹിത്യ ലോകത്ത് അദ്ദേഹം നൽകിയ സംഭാവനകൾ ഏറ്റവും ശ്രദ്ധേയമാണ്.
മികച്ച രീതിയിൽ നടത്തിവരുന്ന ആതുരാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വേദ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവയെല്ലാം അദ്ദേഹം സാമൂഹിക നന്മയ്ക്കു വേണ്ടി നൽകിയ വിലപ്പെട്ട സംഭാവനകൾ ആണ്.
ജി എഫ് എ എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന കാലത്ത് എറണാകുളം ടൗൺ ഹാളിൽ നടന്ന ജി എഫ് എ യുടെ ഒരു കോൺഫറൻസിൽ വെച്ചാണ് ഞാൻ സുവിശേഷകൻ കെ പി യോഹന്നാനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും.
പിന്നീട് 1986 ൽ എൻ്റെ ഒരു സ്നേഹിതനോടൊപ്പം അദ്ദേഹത്തിൻറെ മഞ്ഞാടിയിലുള്ള ഓഫീസ്
സന്ദർശിച്ചു. അന്ന് അദ്ദേഹം വളരെ ഹൃദ്യമായി ഇടപെട്ടു.
രണ്ടാഴ്ച കഴിഞ്ഞപ്പോൾ ബൈബിൾ കോളേജിലെ എൻ്റെ സഹപാഠിയും ഡോക്ടർ കെ പി യോഹന്നാന്റെ അയൽവാസിയുമായ എം എ ലാലച്ചനെ അദ്ദേഹം എൻ്റെ അടുക്കൽ അയച്ച് അദ്ദേഹത്തിൻ്റെ വീട്ടിൽ നടക്കുന്ന ഒരു കൂട്ടായ്മ യോഗത്തിൽ പങ്കെടുക്കുവാൻ ക്ഷണിച്ചു. ഇന്ത്യൻ പെന്തക്കോസ്ത് ദൈവസഭയുടെ അന്നത്തെ കേരള സ്റ്റേറ്റ് പ്രസിഡൻറ് പാസ്റ്റർ പി കെ ചാക്കോ അവർകളെയും ആ യോഗത്തിലേക്ക് പ്രത്യേക അതിഥിയായി ക്ഷണിച്ചിരുന്നു. പാസ്റ്റർ പി കെ ചാക്കോയുടെ കാറിൽ ബ്രദർ ലാലച്ചനും ഞാനും നിരണത്തുള്ള ഡോക്ടർ കെ പി യോഹന്നാന്റെ ഭവനത്തിൽ എത്തി. മുൻകൂട്ടി ആവശ്യപ്പെട്ടിരുന്നത് അനുസരിച്ച് യോഗാനന്തരം ഞാൻ അദ്ദേഹത്തോടൊപ്പം അന്ന് രാപാർത്തു. ആ രാത്രിയിൽ വെളുപ്പിന് 2.45 വരെ ഞങ്ങൾ ഒരുമിച്ച് സംസാരിച്ചു. അദ്ദേഹത്തിൻറെ അനുഭവങ്ങളെല്ലാം അദ്ദേഹം പങ്കുവെച്ചു. ആ സമയത്ത് ഗോസ്പൽ ഫോർ ഏഷ്യയുടെ പ്രവർത്തനങ്ങളെക്കുറിച്ചും സാമ്പത്തികത്തെകുറിച്ചും പറഞ്ഞു. ജി എഫ് ഏ യുടെ മിഷൻ പ്രവർത്തനങ്ങളുടെ ചുമതലക്കാരനായി അദ്ദേഹം എന്നെ ക്ഷണിച്ചു. പ്രാർത്ഥിച്ചു മറുപടി പറയാം എന്ന് ഞാൻ പറഞ്ഞു.
അടുത്ത പ്രഭാതത്തിൽ അദ്ദേഹം അന്ന് ഉപയോഗിച്ചിരുന്ന premier NE 118 FIAT കാറിൽ അദ്ദേഹം തന്നെ ഡ്രൈവ് ചെയ്തു എന്നെ വീട്ടിൽ നിന്നും കടപ്ര ജംഗ്ഷനിൽ എത്തിച്ചു.
ഡോക്ടർ കെ പി യോഹന്നാന്റെ ജി എഫ് എയിൽ ചേരാനുള്ള പ്രത്യേക ക്ഷണം അന്ന് ഞാൻ സ്വീകരിച്ചില്ലെങ്കിലും അദ്ദേഹത്തിന് എന്നോടുള്ള സ്നേഹത്തിനും അടുപ്പത്തിനും ഒട്ടും കുറവു വന്നില്ല. പിന്നീട് പല സന്ദർഭങ്ങളിൽ ഞങ്ങൾ കണ്ടിട്ടുണ്ട്.
1997 ൽ ഞാൻ അമേരിക്ക സന്ദർശിച്ചപ്പോൾ ഞാൻ ഡാളസിൽ ഉണ്ടെന്ന് മറ്റൊരു സ്നേഹിതൻ വഴിയറിഞ്ഞ ഡോ. കെ പി യോഹന്നാൻ ഞാൻ താമസിച്ച വീട്ടിലേക്ക് എന്നെ ഫോണിൽ വിളിക്കുകയും, അദ്ദേഹത്തിന് അന്ന് വന്നു സ്വീകരിക്കാൻ അസൗകര്യം ഉള്ളതുകൊണ്ട് അദ്ദേഹത്തിൻ്റെയും എൻ്റെയും സ്നേഹിതനായ പാസ്റ്റർ സാം ജോർജിനെ എന്നെ ഓഫീസിലേക്ക് കൂട്ടിക്കൊണ്ട് ചെല്ലാൻ ചുമതലപ്പെടുത്തുകയും ചെയ്തു. ഞങ്ങൾ ഓഫീസിൽ എത്തിയപ്പോൾ അദ്ദേഹം ഞങ്ങളെ കാത്ത് നിൽപ്പുണ്ടായിരുന്നു അദ്ദേഹത്തിൻറെ വിപുലമായ ഓഫീസും സംവിധാനങ്ങളും എന്നെ അത്ഭുതപ്പെടുത്തി. 56 അമേരിക്കക്കാർ അന്ന് ആ ഓഫീസിൽ വോളണ്ടിയർ ആയി ജോലി ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തിൻറെ വീട്ടിലും ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. അദ്ദേഹത്തിൻ്റെ അന്നത്തെ ആതിഥ്യം ഒരിക്കലും മറക്കാൻ കഴിയില്ല.
2000 ത്തിൽ ഞാൻ നിരണം ടാബർനാക്കിൾ ഐപിസി സഭയുടെ ശുശ്രൂഷകനായി. അതിന് മുൻപ് ഡോക്ടർ കെ പി യോഹന്നാൻ ആ സഭയുടെ അംഗമായിരുന്നു . ആ സഭ ആരാധിച്ചുവരുന്ന സഭാഹോളും അത് നിൽക്കുന്ന ഭൂമിയും അദ്ദേഹം സഭയ്ക്ക് ദാനമായി നൽകിയതാണ്. ഞാൻ അവിടെ ശുശ്രൂഷിക്കുന്ന കാലയളവിൽ ഡോക്ടർ കെ പി യോഹന്നാന്റെ സഹോദരന്മാരായ കടപ്പിലാരില്‍ ബേബിച്ചായൻ, മാത്തുക്കുട്ടിച്ചായൻ പാപ്പച്ചായൻ ജോർജ് കുട്ടിച്ചായൻ എന്നിവരുമായി അടുത്ത സ്നേഹബന്ധം പുലർത്തുവാൻ കഴിഞ്ഞിട്ടുണ്ട്. ഈ സഹോദരന്മാരും അവരുടെ കുടുംബാംഗങ്ങളും സഭക്കൊന്നും ഒരു അനുഗ്രഹമായിരുന്നു.
ഏറ്റവും ഒടുവിലായി ഞാൻ അദ്ദേഹത്തെ കാണുന്നത് അദ്ദേഹത്തിന്റെ മകളുടെ വിവാഹ ദിവസമാണ്. എൻ്റെ അധ്യാപകനായ ഡോക്ടർ സാമുവൽ മാത്യുവിനോടും (ബിഷപ്പ് സാമുവൽ മാർ തിയോഫിലോസ്) സഹപാഠിയായ പാസ്റ്റർ എം എ ലാലച്ചനോടും (അന്ന് ബിഷപ്പ് എബ്രഹാം) ഭക്ഷണശാലയിൽ വച്ച് സൗഹൃദം പങ്കിടുമ്പോൾ ബിഷപ്പ് ഡോക്ടർ കെ പി യോഹന്നാൻ (മാർ അത്തനാസിയോസ് യോഹാൻ മെത്രാപ്പോലീത്ത) ഞങ്ങളുടെ അടുക്കലേക്ക് വന്ന് അവിടെനിന്ന് എന്നെ ഭക്ഷണശാലയ്ക്ക് പുറത്തേക്കു കൊണ്ടുപോയി, അദ്ദേഹത്തിന് വളരെ തിരക്കുണ്ടായിരുന്ന ആ സമയം അഞ്ചു മിനിറ്റ് എന്നോട് സൗഹൃദം പങ്കിട്ടു വിശേഷങ്ങൾ തിരക്കി. അതായിരുന്നു ഞങ്ങളുടെ അവസാനത്തെ കൂടിക്കാഴ്ച.
ഡോക്ടർ കെ പി യോഹന്നാന്റെ ആത്മീയ യാത്ര സമ്മേളനങ്ങളും റേഡിയോ പ്രഭാഷണങ്ങളും പുസ്തകങ്ങളും പതിനായിരങ്ങളെ സ്വാധീനിച്ചിട്ടുണ്ട്. മാത്രമല്ല ആയിരക്കണക്കിന് ആളുകളെ ക്രിസ്തുവിങ്കിലേക്ക് നയിക്കുവാനും സുവിശേഷവേലക്കു ഒരുക്കി അയക്കുവാനും അത് മുഖാന്തരമായി.
ചരിത്രമുള്ളിടത്തോളം കാലം ആധുനിക മിഷണറി പ്രസ്ഥാനത്തിൻറെ പിതാവായ ഡോക്ടർ വില്യം കേറിക്കും മറ്റു മഹാരഥന്മാർക്കും ഒപ്പം ഭാരത സുവിശേഷീകരണത്തിന് വിസ്മരിക്കാനാകാത്ത സംഭാവനകൾ നൽകിയ ഡോക്ടർ കെ പി യോഹന്നാന്റെ പേരും ഉണ്ടാകും.