അടൂർ-പറന്തൽ:
വേദപുസ്തകത്തിൽ ദൈവത്തിന്റെ
അത്ഭുതങ്ങളും അടയാളങ്ങളും വീര്യപ്രവർത്തികളും അടയാളപ്പെടുത്തിയിരിക്കുന്നു. ആ അനുഭവങ്ങളിലേക്ക് മടക്കി വരുത്തെണമെന്ന ഹബക്കുക്കിന്റെ പ്രാർത്ഥന ദൈവസഭ ഏറ്റെടുക്കണമെന്നും ദൈവജനം വേദപുസ്തകാനുഭവങ്ങളിലേക്കു മടങ്ങി വരണമെന്നും സൗത്ത് ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ്
ജനറൽ സൂപ്രണ്ട് പാസ്റ്റർ എബ്രഹാം തോമസ് പറഞ്ഞു. അന്ധകാരത്തിലും ബന്ധനത്തിലും ആയിരിക്കുന്നവരെ പുറത്തു കൊണ്ടുവരുന്ന ദൈവശക്തി ദൈവത്തിന്റെ വാഗ്ദത്തമാണ്. ദൈവം യാഥാർത്ഥമെന്നും ജീവിക്കുന്നുവെന്നും വെളിപ്പെടുത്തുന്നതുമാണ് അത്ഭുതങ്ങളും അടയാളങ്ങളും. അവ പുതിയനിയമ സഭയ്ക്ക് നൽകിയ അധികാരമാണെന്നും അദ്ദേഹം പറഞ്ഞു. അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ ജനറൽ കൺവൻഷനിൽ വ്യാഴാഴ്ച പകൽ നടന്ന ശുശ്രുഷക സമ്മേളനത്തിൽ പ്രധാന സന്ദേശം നല്കുകയായിരുന്നു പാസ്റ്റർ ഏബ്രഹാം തോമസ്. ചെങ്ങന്നൂർ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ വി.ജെ. സാമുവേൽകുട്ടി അദ്ധ്യക്ഷത വഹിച്ചു. രാവിലെ ഒമ്പതിനു നടന്ന സുവിശേഷസമ്മേളനത്തിൽ കട്ടപ്പന സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ ഷിബു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. സഭാ സംസ്ഥാന കൗൺസിലംഗം പാസ്റ്റർ പി.ബേബി പാസ്റ്റർമാരായ മനോജ് തോമസ്, മാനുവേൽ ജോൺസൻ എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്ക് മൂന്നിന് നടന്ന ബിസിനസ് സമ്മേളനത്തിൽ അഞ്ചൽ സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി.ജി.ഡാനിയേൽ അദ്ധ്യക്ഷനായിരുന്നു. ഡോ.ഐസക് വി.മാത്യൂ, ഡോ.കെ നന്നു, സിസ്റ്റർ മേരിക്കുട്ടി ജോസ്, സിസ്റ്റർ ആഷാ എബ്രഹാം എന്നിവർ സന്ദേശം നല്കി.
വൈകിട്ട് ആറിന് പൊതുയോഗത്തിൽ സഭാ കൗൺസിൽ മുൻഅംഗം പാസ്റ്റർ രാജൻ എബ്രഹാം അദ്ധ്യക്ഷനായിരുന്നു.പാസ്റ്റർ ഏബ്രഹാം തോമസ് പ്രസംഗിച്ചു ഡോ.ജോൺസൻ ജി.സാമുവേൽ പരിഭാഷ നിർവ്വഹിച്ചു.. ബൈബിൾ സൊസൈറ്റി കേരള ഓക്സിലിയറി സെക്രട്ടറി റവ.ജേക്കബ് ആൻ്റണി കൂടത്തിങ്ങൽ, വി.ജെ. മാത്തുക്കുട്ടി എന്നിവർ ആശംസാപ്രഭാഷണം നടത്തി.
വെള്ളി രാവിലെ ഒമ്പത് മുതൽ കേരളാ മിഷൻ, ഇവാഞ്ചലിസം, ചാരിറ്റി, മിനിസ്റ്റേഴ്സ് ചിൽഡ്രൻസ് ഫെലോഷിപ്പ്, പ്രയർ, ഏജ്ഡ് മിനിസ്റ്റേഴ്സ്, വിമൺസ് മിഷണറി കൗൺസിൽ തുടങ്ങിയ വിഭാഗങ്ങളുടെ സംയുക്ത സമ്മേളനം നടക്കും. പതിനൊന്നിന് ഉത്തരേന്ത്യാ മിനിസ്ട്രി വിഭാഗത്തിൻ്റെ പ്രാർത്ഥനായോഗം നടക്കും.
ഉച്ചയ്ക്ക് മൂന്നിന് പ്രാദേശികസഭാ കമ്മിറ്റിയുടെ വിശേഷാൽ യോഗം നടക്കും. കൊല്ലം സെക്ഷൻ പ്രസ്ബിക്ടർ പാസ്റ്റർ അജി.കെ.ജോൺ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് ആറിന് പൊതുയോഗത്തിൽ പാസ്റ്റർമാരായ ജോർജ് പി. ചാക്കോ, തോമസ് എബ്രഹാം എന്നിവർ പ്രസംഗിക്കും. മദ്ധ്യമേഖല മുൻ ഡയറക്ടർ പാസ്റ്റർ എ.ബനാൻസോസ് അദ്ധ്യക്ഷത വഹിക്കും.