മേജർ ആർച്ച് ബിഷപ്പായി മാർ റാഫേൽ തട്ടിൽ ഇന്നു ചുമതലയേൽക്കും
കൊച്ചി: സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് ആയി സിനഡ് തിരഞ്ഞെടുത്ത ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ (67) ഇന്ന് സ്ഥാനമേൽക്കും. സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്നുച്ചയ്ക്ക് 2.30 ന് നടക്കുന്ന ലളിതമായ ചടങ്ങിലാണ് മാർ റാഫേൽ തട്ടിൽ ചുമതലയേൽക്കുക. മെത്രാൻമാരും രൂപതാ പ്രതിനിധികളും സന്യാസ സഭാ സുപ്പീരിയർമാരും ഉൾപ്പെടെ ചെറിയൊരു സദസ്സിനു മാത്രമായിരിക്കും ഇന്നു നടക്കുന്ന സ്ഥാനാരോഹണച്ചടങ്ങിൽ പ്രവേശനമെന്നു മേജർ ആർക്ക് എപ്പിസ്കോപ്പൽ ചാൻസലർ അറിയിച്ചു. ചടങ്ങിന്റെ തത്സമയ സംപ്രേഷണം ഉണ്ടാവും.
മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഡിസംബർ 7നു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നാണ് സിനഡ് ചേർന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി മാർ റാഫേൽ തട്ടിലിനെ തിരഞ്ഞെടുത്തത്. മാർപാപ്പയുടെ അംഗീകാരത്തോടെ തീരുമാനം വത്തിക്കാനിലും സഭാ ആസ്ഥാനത്തും ഒരേസമയം പ്രഖ്യാപിക്കുകയായിരുന്നു.
സിറോ മലബാർ സഭയുടെ നാലാമതു മേജർ ആർച്ച്ബിഷപ്പാണ് മാർ തട്ടിൽ. മാർ ആലഞ്ചേരിക്കു ശേഷം സഭാ സിനഡ് തിരഞ്ഞെടുക്കുന്ന രണ്ടാമത്തെ മേജർ ആർച്ച് ബഷപ്പും. കർദിനാൾ മാർ ആന്റണി പടിയറയെയും കർദിനാൾ മാർ വർക്കി വിതയത്തിലിനെയും മാർപാപ്പ നേരിട്ടു നിയമിക്കുകയായിരുന്നു. തൃശൂർ അതിരൂപതയിൽ വ്യാകുലമാതാവിന്റെ ബസിലിക്കയിൽ (പുത്തൻപള്ളി) തട്ടിൽ ഔസേഫ്– ത്രേസ്യാ ദമ്പതികളുടെ 10 മക്കളിൽ ഇളയവനായി 1956 ഏപ്രിൽ 21നാണു മാർ തട്ടിലിന്റെ ജനനം. 1980 ഡിസംബർ 21 നു പുരോഹിതനായി. തൃശൂർ അതിരൂപതയിൽ വൈസ് ചാൻസലർ, ചാൻസലർ, ജുഡീഷ്യൽ വികാരി, ജഡ്ജി, പ്രോട്ടോ സിഞ്ചെല്ലൂസ്, മേരിമാതാ സെമിനാരി റെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
2010 ഏപ്രിൽ 10 നു തൃശൂർ അതിരൂപതയിൽ സഹായ മെത്രാനായി. 2014 ൽ സിറോ മലബാർ സഭയുടെ അധികാര പരിധിക്കു പുറത്തുള്ള സിറോ മലബാർ വിശ്വാസികളുടെ അപ്പോസ്തലിക് വിസിറ്റേറ്ററായി. 2017 ഒക്ടോബർ 10 ന് തെലങ്കാനയിലെ ഷംഷാബാദ് ആസ്ഥാനമായുള്ള രൂപതയുടെ പ്രഥമ മെത്രാനായി.