മാര്‍പ്പാപ്പയെ ഇന്ത്യയിലെത്തിക്കുമെന്ന് സഭാധ്യക്ഷന്‍മാര്‍ക്ക് ഉറപ്പ് നല്‍കി മോദി; മണിപ്പൂരിനെക്കുറിച്ച് പരാമര്‍ശിച്ചില്ല

ഡൽഹി: ഫ്രാൻസിസ് മാർപ്പാപ്പ 2024 പകുതിയോടെയോ 2025 ആദ്യമോ ഇന്ത്യയിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചതായി ക്രിസ്മസ് വിരുന്നിൽ പങ്കെടുത്ത സഭാ മേലധ്യക്ഷന്മാർ. രാഷ്ട്രീയപരമായ കാര്യങ്ങളോ, മണിപ്പൂർ വിഷയമോ വിരുന്നിൽ ചർച്ചയായില്ലെന്നും സഭാധ്യക്ഷൻമാർ അറിയിച്ചു.വിരുന്നിൽ വികസനത്തിന് ക്രിസ്ത്യൻ നേതൃത്വത്തിന്റെ പിന്തുണ വേണമെന്ന് മോദി ആവശ്യപ്പെട്ടു. 60 അതിഥികളാണ് ആകെ പങ്കെടുത്തത്. മാർപാപ്പയെ കാണാൻ കഴിഞ്ഞത് ജീവിതത്തിലെ അസുലഭ നിമിഷം എന്നും മോദി വിരുന്നിൽ വെച്ച് പറഞ്ഞു.

സഭാ പ്രതിനിധികളും, വ്യവസായ പ്രമുഖരും ഉൾപ്പടെ 60 പേരാണ് പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ദില്ലിയിൽ പങ്കെടുത്തത്. ഔദ്യോഗിക വസതിയിലാണ് വിരുന്ന് നടത്തിയത്. ഇതാദ്യമായാണ് ലോക് കല്യാൺ മാർഗിലെ മോദിയുടെ വസതിയിൽ ക്രിസ്മസ് വിരുന്നൊരുങ്ങുന്നത്. കേരളം, ദില്ലി, ഗോവ, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ സഭാധ്യക്ഷന്മാർക്കായിരുന്നു ക്ഷണം. ക്രൈസ്തവ സമുദായത്തിലെ വ്യവസായ പ്രമുഖരും വിരുന്നിൽ പങ്കെടുത്തു.

രാജ്യമെമ്പാടും ക്രിസ്മസ് ദിന ആശംസകൾ കൈമാറണമെന്ന് പ്രവർത്തകർക്ക് ബിജെപി നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി വിരുന്നൊരുക്കുന്നത്. തെക്കേ ഇന്ത്യയിലടക്കം ലോക്സഭ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ സമുദായത്തോടടുക്കാൻ ബിജെപി വലിയ ശ്രമം നടത്തുകയാണ്. കഴിഞ്ഞ കേരള സന്ദർശനത്തിൽ കൊച്ചിയിൽ ക്രൈസ്തവ സഭാധ്യക്ഷന്മാരെ മോദി കണ്ടിരുന്നു. മണിപ്പൂർ കലാപത്തിലൂടെ ക്രൈസ്‌തവ സമുദായത്തിനുണ്ടായ മുറിവ് ഉണക്കാൻ കൂടിയാണ് മോദിയുടെ ശ്രമം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply