കുസാറ്റിൽ ഗാനമേളക്കിടെ മഴ, തിരക്കിൽപ്പെട്ട് 4 പേർ മരിച്ചു, 64 പേർക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഗാനമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ചു. താമരശേരി കോരങ്ങാട് സ്വദേശി സാറാ തോമസ്, കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ സ്വദേശി ആൻ റുഫ്ത എന്നിവരും തിരിച്ചറിയാത്ത മറ്റൊരാളുമാണ് മരിച്ചത്. നാല് പേരുടെ നില ഗുരുതരമാണ്. ഇവരിൽ മൂന്ന് പേരെ ആസ്റ്റർ ആശുപത്രിയിലേക്ക് മാറ്റി. 64 പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്.
കുസാറ്റിലെ സ്കൂൾ ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികളുടെ വാർഷിക പരിപാടിയായ ധിഷ്ണ ടെക് ഫെസ്റ്റിലാണ് സംഭവം. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേളയിലേക്ക് വിദ്യാർത്ഥികൾ പ്രവേശിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. വിദ്യാർത്ഥികൾക്ക് പ്രത്യേക ടീ ഷർട്ട് വിതരണം ചെയ്തിരുന്നു. ഇവർക്ക് മാത്രമായി പ്രവേശനം നിജപ്പെടുത്തിയിരുന്നു. വൈകിട്ട് ഏഴ് മണിയോടെ പ്രവേശനം നടക്കുന്നതിനിടെ പുറത്ത് പെട്ടെന്ന് മഴ പെയ്തു. ഈ സമയത്ത് വിദ്യാർത്ഥികൾ തിക്കിത്തിരക്കി അകത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്.
പുറകിൽ നിന്നുള്ള തള്ളലിൽ മുന്നിലെ പടികളിൽ നിന്നിരുന്ന കുട്ടികൾ താഴേക്ക് വീഴുകയായിരുന്നു. ഇവർക്ക് മേലേക്ക് വേറെയും കുട്ടികൾ വീണു. ഇവരെ ചവിട്ടിയാണ് കുട്ടികൾ പോയത്. പരിക്കേറ്റ് ആശുപത്രിയിലെത്തും മുൻപ് തന്നെ നാല് പേരും മരിച്ചിരുന്നു. അത്യാസന്ന നിലയിലുള്ള കുട്ടികളെ ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റി. ഇവരിൽ രണ്ട് പേർ വെന്റിലേറ്ററിലാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപകടത്തിന്റെ പശ്ചാത്തലത്തിൽ നവകേരള സദസ്സ് റദ്ദാക്കി മന്ത്രിമാരായ രാജീവും ബിന്ദുവും കുസാറ്റിലേക്ക് തിരിച്ചു. നവ കേരള സദസ്സിൽ നാളെ നടത്താനിരുന്ന ആഘോഷ പരിപാടികൾ റദ്ദാക്കി. അടിയന്തിര മന്ത്രിസഭാ യോഗം ചേർന്ന് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അനുശോചിച്ചും. പ്രതിപക്ഷ നേതാവ് വിഡി സതീശനും ഹൈബി ഈഡൻ എംപിയുമടക്കം നേതാക്കൾ അപകട സ്ഥലങ്ങളും ആശുപത്രികളും സന്ദർശിച്ചു.




- Advertisement -