“ജാഗ്രത” ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി കോഴിക്കോട് സ്പെഷ്യൽ സബ് ജയിൽ നടന്നു
കോഴിക്കോട്: പ്രിസൺ ഫെല്ലോഷിപ്പ് കേരളയുടെ “ജാഗ്രത” ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ 25/11/23 ശനിയാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് സ്പെഷ്യൽ സബ് ജയിലിൽ നടത്തി. ജയിൽ സൂപ്രണ്ട് യൂനുസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഈ ബോധവൽക്കരണ പരിപാടി നിമിത്തം ജീവിതം തിരിഞ്ഞു ചിന്തി ക്കുവാനും അരുതാത്ത പ്രവർത്തികളിൽ നിന്നും പിൻതിരിഞ്ഞ് സമൂഹത്തിൽ നല്ല ജീവിതം നയിക്കുവാൻ ആവശ്യമായ നല്ല തീരുമാനങ്ങൾ എടുക്കുവാനും ഇടയാകട്ടെ എന്ന് ജയിൽ സൂപ്രണ്ട് അന്തേവാസികളോട് പറഞ്ഞു.
ഡോ. ബാബു കെ മാത്യു (സ്ഥാപക ഡയറക്ടർ, പ്രിസൺ ഫെല്ലോഷിപ്പ് കേരള, “ജാഗ്രത”) തന്റെ ആമുഖ പ്രഭാഷണത്തിൽ മദ്യപാനവും മയക്കുമരുന്ന് ഉപയോഗവും ജീവിതത്തിൽ ശാശ്വതമായ സമാധാനം നൽകുകയില്ല എന്നും, ഈ സന്തോഷം ദുഃഖത്തിൽ ചെന്ന് അവസാനിക്കും എന്നും ഇതിൽ നിന്നും രക്ഷപ്പെടാൻ ചില നല്ല തീരുമാനങ്ങൾ എടുക്കാൻ പറ്റിയ ഒരു സുവർണ്ണാവസരമാണ് ഇന്ന് നിങ്ങൾക്ക് ലഭിച്ചിരിക്കുന്നത് എന്നും അന്തേവാസികളോടായി പറഞ്ഞു.
ബാബു രാജൻ ജോർജ് (സ്ഥാപക ഡയറക്ടർ, കാമ്പസ് ഫെല്ലോഷിപ്പ് ഇന്ത്യാ) ബോധവൽക്കരണ ക്ലാസ് എടുത്തു. മദ്യപാനത്തിന്റെയും ലഹരി ഉപയോഗങ്ങളുടേയും അനന്തര ഫലം ദോഷം, നാശം, ദുഃഖം, ആത്മഹത്യ മുതലായവയാണ് എന്നും, ഈ ദുഷ്പ്രവർത്തികളിൽ നിന്നും പിൻതിരിഞ്ഞ് നമ്മെ സൃഷ്ടിച്ച സർവ്വ ശക്തനായ ദൈവത്തിങ്കലേക്ക് മടങ്ങി വന്ന് ജീവിതത്തിൽ സന്തോഷവും, സമാധാനവും, അനുഗ്രഹവും പ്രാപിക്കുവാൻ ഇടയാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ദേഹം ദേഹി ആത്മാവിനെ നശിപ്പിക്കുന്ന മദ്യപാനവും ലഹരിഉപയോഗവും പൂർണ്ണമായി ഉപേക്ഷിക്കുവാൻ ബ്രദർ. ബാബു രാജൻ അന്തേവാസികളോട് ആഹ്വാനം ചെയ്തു.
തുടർന്ന് എല്ലാവരും ചേർന്ന് ഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. ശേഷം ജോർജ് കെ. ബോധവൽക്കരണ ലഘുലേഖ വിതരണം ചെയ്തു. ഒടുവിൽ നാപ്സൺ വർഗ്ഗീസ് (അസിസ്റ്റന്റ് പ്രിസൺ ഓഫീസർ) നന്ദി പറഞ്ഞു.