നെഗറ്റീവ് വാർത്തകൾക്ക് പ്രാധാന്യം ലഭിക്കുന്ന കാലഘട്ടത്തിൽ മാധ്യമങ്ങൾ തങ്ങളുടെ കടമകൾ മറക്കരുത്; ജോണി ലൂക്കോസ്
കോട്ടയം : പോസിറ്റീവ് വാർത്തയാണ് എല്ലാവർക്കും വേണ്ടെതെന്നു പറയുമ്പോഴും നെഗറ്റീവ് വാർത്തകൾ വായിക്കാനും കേൾക്കുവാനുമാണ് എല്ലാവർക്കും ഇഷ്ടമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകനും മനോരമ ചാനൽ ന്യൂസ് ഡയറക്ടറുമായ ജോണി ലൂക്കോസ് പറഞ്ഞു. പുറമേ ആദർശവാദം പ്രകടിപ്പിക്കുമെങ്കിലും വ്യക്തിപരമായി നെഗറ്റീവുകളാണ് വായനക്കാർ ഇഷ്ടപ്പെടുന്നത്. മീഡിയ എന്നത് റൂൾ ഓഫ് നോയ്സ് എന്നായി. ചാനൽ ചർച്ചകളിൽ വെളിച്ചമല്ല പുക മാത്രമാണ് കാണുന്നത്. നിഷ്പക്ഷതയ്ക്ക് ഒരു വിലയും ഇല്ലെന്നും ജാതി, മത വിഭാഗീയ ചിന്തകൾ വർധിച്ചു വരുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു. ലോകമെങ്ങുമുള്ള മലയാളി പെന്തെക്കോസ്ത് മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും കൂട്ടായ്മയായ ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മീഡിയ അസോസിയേഷന്റെ മീഡിയ കോൺഫറൻസിൽ ആദ്യ ദിനം മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ശാരോൻ ഫെലോഷിപ്പ് ചർച്ച് അന്തർ ദേശീയ പ്രസിഡന്റ് പാസ്റ്റർ ജോൺ തോമസ് (യു എസ് എ) ഉദ്ഘാടനം ചെയ്‌തു. മീഡിയ അസോസിയേഷൻ ചെയർമാൻ പാസ്റ്റർ പി ജി മാത്യൂസ് അധ്യക്ഷത വഹിച്ചു. ഡോ. ആനി ജോർജ് ആത്മീയ ലോകത്തെ എഴുത്തിന്റെ സ്വാധീനത്തെക്കുറിച്ച് പ്രഭാഷണം നടത്തി. മാധ്യമ പ്രവർത്തകരായ ടോണി ഡി. ചെവ്വൂക്കാരൻ, പാസ്റ്റർ സി. പി. മോനായി എന്നിവർ പ്രാർത്ഥനയ്ക്ക് നേതൃത്വം നല്കി. ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ യോഗ നടപടികൾ നിയന്ത്രിച്ചു.
ക്രൈസ്തവ പീഢനത്തിനെതിരെ ആത്മീയലോകവും മാധ്യമങ്ങളും ജാഗ്രത പുലർത്തണമെന്ന് പാസ്റ്റർ ജെ.ജോസഫ് അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡൻ്റ് പാസ്റ്റർ എബിൻ അലക്സ് കാനഡ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി.
ഇന്ന് വൈകിട്ട് 8 ന് നടക്കുന്ന കോൺഫറൻസിൽ ജയ്ഹിന്ദ് ടി വി മുൻ ചീഫ് എഡിറ്റർ സണ്ണിക്കുട്ടി ഏബ്രഹാം, സുവി.പി ജി വർഗീസ് എന്നിവർ പ്രസംഗിക്കും. കുട്ടിയച്ചൻ ഗാനങ്ങൾ ആലപിക്കും. ഇന്ത്യ, ഗൾഫ്, യു എസ് എ, കാനഡ, യൂറോപ്പ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ക്രൈസ്തവ എഴുത്തുകാരും മാധ്യമ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും പങ്കെടുക്കും. നവംബർ 25 ന് മീഡിയ കോൺഫറൻസ് സമാപിക്കും.
ത്രിദിന കോൺഫറൻസിൽ ആനുകാലിക വിഷയങ്ങൾ, പ്രമേയങ്ങൾ, ഭാവി പ്രവർത്തങ്ങൾ എന്നിവ ചർച്ച ചെയ്യുമെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ, മീഡിയ കൺവീനർ സജി മത്തായി കാതേട്ട് എന്നിവർ അറിയിച്ചു.