വീട്ടിൽ കയറിയ കള്ളന് 25000 രൂപ സമ്മാനം വാഗ്‌ദാനം ചെയ്‌ത്‌ ഫിലിപ്പോസ് ഉപദേശി

മല്ലപ്പള്ളി: കള്ളന് 25000 രൂപ പ്രതിഫലം പ്രഖ്യാപിച്ചുകൊണ്ട് സി വി ഫിലിപ്പോസുപദേശി വീണ്ടും ജനഹൃദയങ്ങളിൽ സ്ഥാനം പിടിക്കുന്നു. മല്ലപ്പള്ളി പുതുശേരിയിലുള്ള ഉപദേശിയുടെ വീട്ടിൽ കഴിഞ്ഞ വെള്ളിയാഴ്ച കയറിയ കള്ളനാണ് സാമൂഹ്യമാധ്യമത്തിലൂടെയുള്ള ഉപദേശിയുടെ തുറന്ന കത്ത്:

“എന്റെ വീട്ടിൽ മോഷണം നടത്തിയ, താഴു പൊട്ടിച്ച ആൾ എന്റെ അടുക്കൽ വന്ന് തെറ്റ് സമ്മതിച്ചാൽ അദ്ദേഹത്തിന് (അവർക്ക്) 25000/- രൂപാ സമ്മാനം കൊടുക്കും. കൂടെ ഒരു ബൈബിളും. കേസോ വഴക്കോ ശകാരമോ ഒന്നും ഉണ്ടാവില്ല.” എഴുപതുകാരനായ ഉപദേശിയും രോഗിയായ മകൻ ഹാനോക്കും മാത്രമാണ് ഇപ്പോൾ വീട്ടിൽ താമസം. ഭാര്യ മേരി ചില വർഷങ്ങൾക്ക് മുമ്പ് മരണമടഞ്ഞിരുന്നു. മകനെ ചികത്സിക്കാൻ എല്ലാ മാസവും നല്ലൊരു തുക വളരെയധികം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഉപദേശിക്ക് കണ്ടെത്തേണ്ടതുണ്ട്.

കള്ളൻ കയറിയ ദിവസം തന്നെ ഉപദേശി ഒരു കത്തെഴുതി വീടിന് മുമ്പിൽ തൂക്കിയിരുന്നത് കേരളത്തിലെ പ്രധാന പത്രങ്ങളെല്ലാം വാർത്തയാക്കിയിരുന്നു: ”കള്ള സഹോദരന്മാരുടെ ശ്രദ്ധയ്ക്ക് – താഴു പൊട്ടിക്കരുത്; ഞാൻ വീട് തുറന്നു തരും; എല്ലാ മാസവും മകനെ ഡോക്ടറെ കാണിക്കാൻ 4500 രൂപ സ്വരൂപിക്കാറുണ്ട്. അതെടുക്കരുത്; ബാക്കി എന്തു വേണമെങ്കിലും എടുക്കാം. വിരോധമില്ല; പോലീസിൽ പരാതി കൊടുക്കില്ല. മാനസാന്തരപ്പെട്ടാൽ ദൈവം നിനക്ക് ഇതിലും മാന്യമായ ജോലി തരും. യോഹ.3:16 ദൈവം സ്നേഹിക്കുന്നു”

രാത്രിയിൽ വീട്ടിൽ കള്ളൻ കയറിയത് അറിഞ്ഞിട്ടും നഷ്ടപ്പെടാൻ ഒന്നുമില്ലാത്തതുകൊണ്ടും
അപകടത്തിന് കാരണമായേക്കമെന്നതു കൊണ്ടുമാണ് എഴുന്നേൽക്കാതിരുന്നതെന്ന് ഫിലിപ്പോസുപദേശി പറയുന്നു. കള്ളനാകട്ടെ ആകെ കിട്ടിയത് വെളിയിൽ വെച്ചിരുന്ന രണ്ട് തേപ്പുപെട്ടികൾ മാത്രവും!

മൂന്നര വർഷം കൊണ്ട് സൈക്കിളിൽ ഇന്ത്യയും നേപ്പാളും ഭൂട്ടാനും ബംഗ്ലാദേശും സഞ്ചരിച്ച് സുവിശേഷം അറിയിച്ച ഫിലിപ്പോസുപദേശിയുടെ ജീവിതകഥ ലോക ചരിത്രത്തിലാദ്യം എന്ന പേരിൽ വർഷങ്ങളായി വിവിധ ഭാഷകളിൽ ലഭ്യമാണ്. കള്ളന്മാരിലും നല്ലവരുണ്ടെന്നും അവരും മനുഷ്യരാണെന്നുമാണ് ഉപദേശിയുടെ അഭിപ്രായം. ഉപദേശിയുടെ ഫോൺ: +91 96051 02251

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply