പഴയ ആരാധനാലയങ്ങളുടെ ജീർണോദ്ധാരണത്തിന് ഫണ്ട് അനുവദിക്കണമെന്ന് ജെ.ബി കോശി കമ്മീഷൻ ശിപാർശ
നിലവിൽ സെമിത്തേരിയായി ഉപയോഗിക്കുന്നവയ്ക്ക് സർക്കാർ അടിയന്തരമായി ലൈസൻസ് നൽകണമെന്നു ജെ.ബി. കോശി കമ്മീഷൻ ശിപാർശ. അര നൂറ്റാണ്ടിലേറെ പഴക്കമുള്ളതും പുതിയ കെട്ടിടങ്ങൾ പണിയാൻ കഴിവില്ലാത്തതുമായ ക്രൈസ്‌തവ ആരാധനാലയങ്ങളുടെ ജീർണോദ്ധാരണത്തിന് ഫണ്ട് അനുവദിക്കണം. പട്ടയ വ്യവസ്ഥകൾ ലഘൂകരിക്കണം.
അഞ്ഞൂറു ചതുരശ്രയടിയിൽ താഴെയുള്ള ആരാധനാലയങ്ങൾ, കുരിശിൻതൊട്ടി തുടങ്ങിയവയുടെ നിർമാണ നടപടിക്രമങ്ങൾ ലഘൂകരിക്കണം. വിവാഹം പരികർമം ചെയ്യുന്ന വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ പുരോഹിതന്മാർക്ക്
മൂന്നു വർഷം വരെ തടവും പതിനായിരം രൂപ പിഴയും ചുമത്താവുന്നതാണെന്ന വ്യവസ്ഥ ഉൾക്കൊള്ളുന്ന കേരള മാര്യേജ് രജിസ്ട്രേഷൻ ബിൽ, 2020 നടപ്പിലാക്കരുത്. കന്യാസ്ത്രീമഠങ്ങൾക്കുള്ള റേഷൻ കാർഡ് ലഭ്യമാക്കുന്നതിനുള്ള തടസങ്ങൾ നീക്കണം.
വാർധക്യകാല പെൻഷന് പൊതുമാനദണ്ഡങ്ങൾ വച്ച്
അർഹരാണെങ്കിൽ നിശ്ചിതപ്രായമുള്ള എല്ലാ ക്രൈസ്തവ സന്യസ്തർക്കും മറ്റുള്ളവർക്കു ലഭിക്കുന്ന നിരക്കിൽ വാർധക്യ പെൻഷൻ നൽകണം.
ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ വിശേഷദിവസങ്ങളായ ഞായറാഴ്ചകൾ, ക്രിസ്മസ്, പെസഹാവ്യാഴം, ദുഖവെള്ളി, ഈസ്റ്റർ മുതലായ ദിവസങ്ങൾ കൃത്യമായും അവധി ദിവസങ്ങളായി സംരക്ഷിക്കണം
വനത്തിനു വെളിയിൽ വനസംരക്ഷണത്തിന്റെ പേരിൽ ഭൂമിയുടെ കൃഷിസംബന്ധമായ ഉപയോഗം കുറയ്ക്കുന്നതും വനനിയമ സമാന നിയന്ത്രണങ്ങൾ കൊണ്ടു വരുന്നതും പുനരവലോകനം ചെയ്യണം.
കൃഷിയിടത്തിൽ കൃഷി നശിപ്പിക്കുന്ന പന്നികളെയോ
എലികളെയോ വംശനാശ ഭീഷണി നേരിടാത്ത മറ്റു വന്യമൃഗങ്ങളെയോ ഓടിച്ചുവിടാനും ഭയപ്പെടുത്താനും അവ ആക്രമിച്ചാൽ ആത്മരക്ഷയ്ക്കു കൃഷിഭൂമിയിലോ വീട്ടിലോ വച്ച് അവയെ കൊല്ലാനുമുള്ള അവകാശം കർഷകനുണ്ടെന്നു നിയമപ്രകാരം ഉറപ്പാക്കണം.