റെജി ജോർജിനെ (53) യു.കെയിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
ലണ്ടൻ: പത്തനംതിട്ട കോന്നി കിഴവല്ലൂര്‍ വലിയപറമ്പില്‍ കുടുംബാംഗം റെജി ജോണിനെയാണ് (53 വയസ്സ്) ഇംഗ്ലണ്ടിലെ ഹേവാർഡ്സ് ഹീത്തിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലിക്ക് പുറപ്പെട്ടയാള്‍ ജോലി സ്ഥലത്ത് എത്തിയില്ല, തിരികെ വീട്ടിലും വന്നില്ല. ജോലിക്ക് എത്താത്തതാകാമെന്ന് ആശുപത്രി അധികൃതരും നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടില്‍ എത്തിക്കാണുമെന്ന് രാവിലെ ജോലിക്ക് പുറപ്പെട്ട ഭാര്യയും കരുതി. ജോലിക്ക് ശേഷം പകല്‍ സമയം ഡെലിവറി ജോലി കൂടി ചെയ്യാറുള്ളതിനാല്‍ അങ്ങനെ ജോലിയിലായിരിക്കുമെന്ന് കരുതി ഫോണും ചെയ്യാനായില്ല. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞ് നഴ്സയായ ഭാര്യ ബിന്‍സിമോള്‍ കുര്യാക്കോസ് വീട്ടില്‍ എത്തുമ്പോഴാണ് റെജി ജോണ്‍ വീട്ടില്‍ എത്തിയിട്ടില്ലെന്നും മനസിലാക്കുന്നത്.
തുടര്‍ന്ന് പരിചയക്കാരുടെ ഒക്കെ ഫോണുകളില്‍ അന്വേഷണം നടത്തിയതോടെ പലരും റെജിയെ തിരക്കി ഇറങ്ങുക ആയിരുന്നു. ഒടുവില്‍ അന്വേഷിച്ചു ചെല്ലുമ്പോള്‍ അദ്ദേഹത്തിന്റെ കാര്‍ പാര്‍ക്കിംഗ് സ്പേസില്‍ കണ്ടെത്താനായി, കാറിനുള്ളില്‍ മരിച്ച നിലയില്‍ റെജിയെയും. ഗൾഫിൽ ആയിരുന്ന റെജിയും കുടുംബവും ഒന്നര വര്‍ഷം മുൻപാണ് യുകെയിൽ എത്തുന്നത്. മകള്‍ അന്യ മേരി റെജി യുകെയില്‍ വിദ്യാര്‍ത്ഥിനിയാണ്. മകന്‍ ആബേല്‍ റെജി നാട്ടിലാണ് പഠിക്കുന്നത്. സംസ്കാരം പിന്നീട് നാട്ടിൽ നടത്തും. റെജിയുടെ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനും തുടർനടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിനും വിവിധ മലയാളി സംഘടനകൾ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുണ്ട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർത്താലും.